ADVERTISEMENT

ഏറ്റവും കുറച്ചു വാക്കുകളില്‍ ഏറ്റവും ശക്തമായി ജീവിതം ആവിഷ്കരിച്ച എഴുത്തുകാരില്‍ ഒരാളാണ് നൊബേല്‍ ജേതാവ് ഏണസ്റ്റ് ഹെമിങ്‍വേ. ലോക പുരസ്കാരം നേടിയ അദ്ദേഹത്തിന്റെ കിഴവനും കടലും എന്ന നോവലിന്റെ പ്രമേയം പോലും വിശ്വപ്രസിദ്ധമാണ്; ഒരൊറ്റവരിയില്‍. വലിയ നോവലുകള്‍ പോലെ രണ്ടും മൂന്നും വരികളിലും കഥയെഴുതിയിട്ടുണ്ട് അദ്ദേഹം. വാക്കുകളെ അദ്ദേഹം പിശുക്കി മാത്രം ഉപയോഗിച്ചു; അതു തന്റെ ശൈലിയുടെ മുഖമുദ്രയുമാക്കി ഹെമിങ്‍വേ. ഒരു പുറത്തില്‍ അവസാനിക്കുന്ന മിനിക്കഥകളും മിന്നല്‍ കഥകളും മലയാളത്തിലും എഴുതപ്പെട്ടിട്ടുണ്ട്. ആരാധകരുണ്ടെങ്കിലും ഇനിയും ഒരു സാഹഹിത്യ രൂപമായി വികസിച്ചിട്ടില്ലാത്ത ചുരുക്കെഴുത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ് ടി.പി. വേണുഗോപാലന്‍, ദൈവം തിരിച്ചയച്ച പ്രാര്‍ഥനകള്‍ എന്ന കഥാസമാഹാരത്തിലൂടെ. ഇതാദ്യമായി ഒരു സമാഹാരം മുഴുവന്‍ ഒറ്റവരിക്കഥകള്‍ മാത്രമാണ്. ഒട്ടാകെ 251 കഥകള്‍ 100 പേജില്‍ താഴെയുള്ള പുസ്തകത്തില്‍. 

 

ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാകുന്ന സിനിമ പോലെയാണ് ഒറ്റവരിക്കഥ. വിവിധ ലൊക്കേഷനുകളും ആളും ബഹളവുമില്ലെങ്കിലും പൂര്‍ണതയ്ക്ക് കുറവില്ലാത്ത ദൃശ്യവിസ്മയം. ഒരു വരിയെന്നത് പരിമതിയല്ല, അനന്ത ശക്തിയെന്നു തെളിയിക്കുന്ന മാന്ത്രികത. 

 

ഞാനുറങ്ങുമ്പോള്‍ എന്റെ പൂക്കള്‍ 

പറിച്ചുകൊണ്ടുപോകാറുള്ള നീ അറിയുന്നില്ല, 

നീ ഉറങ്ങുമ്പോള്‍ നിന്റെ ചെടികള്‍ക്കു ഞാന്‍ 

വെള്ളമൊഴിക്കാറുണ്ടെന്ന്. 

‘അന്തരം’ എന്ന കഥ കവിതയല്ലെന്ന് ആരും തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. 

ഭാവത്തിലും ഭാവുകത്വത്തിലും, ശൈലിയിലും സാന്ദ്രതയിലും ഈ കഥ കവിത തന്നെയാണ്. പുതിയ കാലത്ത് ധാരാളമായി പുറത്തുവരുന്ന ഗദ്യകവിതകളേക്കാള്‍ ധ്വനിസാന്ദ്രമായ കവിത. 

 

ഞാനും നീയും എന്ന പാരസ്പര്യത്തിലൂന്നി പ്രണയത്തെയും അടുപ്പത്തെയും ആവിഷ്കരിക്കുന്ന വേണുഗോപാലന്റെ കഥകളെല്ലാം കവിതകള്‍ തന്നെയാണ്. 

നിന്റെ ഉള്ളില്‍ നിന്ന് എനിക്കു പുറത്തു 

കടക്കാനാവാത്തതുകൊണ്ടാണ് എന്നെ

നിനക്കു കാണാനാവാത്തത് 

എന്നു പറയുന്നു കാഴ്ച എന്ന കഥ. 

 

എത്ര ലക്ഷണമൊത്ത പേമാരിയാണു നീ എന്ന മറ്റൊന്ന്. ( നീ ). 

 

നീയും ഞാനുമായുള്ള ബന്ധം മുറുകുമ്പോള്‍ 

ഞാനും നീയുമായുള്ള ബന്ധം അയയുന്നു എന്നു പറയുന്നു ബന്ധം. 

 

നീ തുറന്നു നോക്കില്ലെന്ന് 

ഉറപ്പുള്ളതുകൊണ്ടാണ്, ഉള്ളു തുറന്ന 

മെസേജുകള്‍ ഞാനയ്ക്കുന്നത് എന്നു പറയുന്നു ഉറപ്പ്. 

 

നീ തിരിയാകുമെങ്കില്‍ ഞാന്‍ തീയാകാം എന്ന കഥയിലെത്തുമ്പോള്‍ പ്രണയം ഉടലോടെ കത്തുന്നു ഒറ്റവരിയില്‍. അക്ഷരങ്ങളില്‍ പുനര്‍ജനിക്കുന്നു. വാക്കുകളുടെ ധാരാളിത്തം തിന്‍മയാണെന്നു തിരിച്ചറിയുന്നു. 

 

ജീവിതത്തിന്റെ ഒന്നല്ല, ഒട്ടേറെ ഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്നുണ്ട് ദൈവം തിരിച്ചയച്ച പ്രാര്‍ഥനകള്‍. വൈയക്തികവും സാമൂഹികവുമായ വിഷയങ്ങള്‍. സങ്കടങ്ങളും സന്തോഷങ്ങളും. വിമര്‍ശനങ്ങളും തിരിച്ചറിവുകളും. സ്വയം സമ്പൂര്‍ണമായ ലോകത്തിന്റെ നിഴലുകളില്ലാത്ത പ്രതിഫലനം. 

 

എന്താണു പുഴ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ കഴിഞ്ഞെന്നു വരില്ല മത്സ്യത്തിന്. അടുത്തിരുന്ന മലയണ്ണാന്റെ ഉത്തരപേപ്പറിലേക്ക് അതുകൊണ്ടാണു മീന്‍ ഏന്തിവലിഞ്ഞു നോക്കിയത്. ഇതേ ചിന്താലോകത്തു നിന്നുമാണ് കടലിനെക്കുറിച്ചും കഥയുണ്ടാകുന്നത്. കാത്തിരിക്കാന്‍ പറയൂ, കടലിനോട് എന്നാണ് ആ കഥ. കടല്‍ എന്ന കഥ കവിതയും കടന്ന് മഹാ കാവ്യമാകുന്നു. ഇതിഹാസമാകുന്നു. നാം എഴുതാന്‍ കൊതിച്ച കഥയും കവിതയുമാകുന്നു. 

 

കഥ എന്താണെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടിയേക്കും നീണ്ടകഥ. ചെറുകഥ. എന്നാല്‍, ഈ ഒറ്റവരിക്കഥകള്‍ ഒട്ടും മടിക്കാതെ പറയും; അവ ദൈവം തിരിച്ചയച്ച പ്രാര്‍ഥനകളാണെന്ന്. അതേ, തകര്‍ന്ന പാലത്തിന്റെ നടുക്കുവച്ച് നമുക്ക് സ്നേഹം പങ്കുവയ്ക്കാം. 

 

Content Summary: Daivam Thirichayacha Prarthanakal book by T P Venugopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com