ADVERTISEMENT

തീയായും പേമാരിയായും കവിത മാറാറുണ്ട്. കാറ്റായി വീശുകയും കടലായി ശയിക്കുകയും ചെയ്യാറുണ്ട്. അമീന ബഷീറിന്റെ കവിതകള്‍ ഈ ഗണത്തില്‍നിന്നെല്ലാം വേറിട്ട് നേര്‍ത്ത മഞ്ഞുകണങ്ങളായി പെയ്തിറങ്ങുകയാണ്. സാധാരണക്കാരിയായ ഒരു സ്ത്രീയുടെ പ്രണയവും വിരഹവും വ്യഥകളും ആശങ്കകളും നഷ്ടവും കുടുംബവുമെല്ലാം ‘നീഹാരം’ എന്ന കവിതാ സമാഹാരത്തില്‍ വായിക്കാം. മുഖ്യധാരകളുടെ അരിക് പറ്റിക്കഴിയുന്ന, നാഡീഞരമ്പുകളായ, എവിടെയും രേഖപ്പെടുത്താതെ പോകുന്ന കുറേയേറെ സ്ത്രീകള്‍ സമൂഹത്തില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ വ്യഥകളില്‍നിന്ന് വ്യഥകളിലേക്ക് സഞ്ചരിച്ച് ഒരു ദിവസം ഇല്ലാതാകുന്ന ജന്‍മങ്ങള്‍. അങ്ങനെയുള്ള ജന്‍മങ്ങളിലൂടെയുള്ള സഞ്ചാരമാണ് നീഹാരം.

 

പുരുഷന്റെ വിരസതയുടെ 

ചതുപ്പു നിലങ്ങളില്‍ 

വേരൂന്നി വളരുന്ന 

കണ്ടല്‍ വനങ്ങളാണ് 

ഓരോ സ്ത്രീയും 

സുനാമിയെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള കണ്ടല്‍വനങ്ങളാണ് സ്ത്രീകള്‍. ജീവിതത്തിലെ തീരാ ദുരിതങ്ങളുടെയും വേദനകളുടെയും സുനാമികള്‍ അടിച്ചു കയറുമ്പോള്‍ തടഞ്ഞുനിര്‍ത്തുന്നത് സ്ത്രീകളാകുന്ന കണ്ടല്‍വനങ്ങളാണ്. മുകളില്‍ പച്ചപ്പിന്റെ ചാരുത വിരിച്ച് നില്‍ക്കുന്ന ഈ കണ്ടല്‍ വനങ്ങളുടെ അടിയിലത്രയും ചെളിയാണ്. ചെളിയില്‍ ആഴത്തില്‍ വേരുന്നി വളരുന്നതുതന്നെയാണ് അവയുടെ ശക്തിയും. പുരുഷാധിപത്യത്തിന്റെ ചേറില്‍നിന്നു പ്രതീക്ഷകളുടെ നീലവിഹായസിനെ നോക്കി ഉയര്‍ന്നുപൊന്തുന്നവരാണ് സ്ത്രീകളെന്നു കവയിത്രി പറഞ്ഞുവയ്ക്കുന്നു. 

 

പെണ്‍ജീവിതങ്ങളെ പെണ്‍കാഴ്ചപ്പാടിലൂടെയാണ് അമീന നോക്കിക്കാണുന്നത്. പുരുഷന്‍മാര്‍ കണ്ടിരുന്ന, വിവരിച്ചിരുന്ന സ്ത്രീബിബംബങ്ങളെയൊന്നും ഇതില്‍ കാണാന്‍ സാധിച്ചേക്കില്ല. മറിച്ച് മറ്റുള്ളവരുടെ ജീവിതങ്ങള്‍ക്കു പോഷണമാകാന്‍ ചോരയും നീരും നല്‍കുന്ന സ്ത്രീകളെയായിരിക്കും കാണുക. 

‘നീയില്ലായ്മ തീര്‍ക്കുന്ന ശൂന്യതയുടെ’ കാടും പേറി ജീവിക്കുന്നവരാണ് നമുക്ക് ചുറ്റും. അവര്‍ വഹിക്കുന്ന കാടിന്റെ നിഗൂഢതകളെക്കുറിച്ച് മറ്റൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കില്ല.

ഇഷ്ടങ്ങളുടെ ലോകത്തെ തുറന്നു പറച്ചിലുകളില്‍ ഞാനെന്നുമൊരു പരാജയമായിരുന്നുവെന്ന് കവയിത്രി പറയുന്നത് സ്ത്രീകളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ്. പൊതുസമൂഹം സ്ത്രീകളുടെ തുറന്നു പറച്ചിലുകള്‍ക്ക് ചെവികൊടുക്കുകയോ വിലകൽപിക്കുകയോ ചെയ്യാറില്ല. പല സ്ത്രീകളും തങ്ങളുടെ ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞത് വലിയ കോലാഹലങ്ങള്‍ക്കും വഴിതുറന്നു. അതിനാലായിരിക്കും സാധാരണക്കാരായ സ്ത്രീകള്‍ പറയാന്‍നീക്കിവച്ച വാക്കുകളെല്ലാം കണ്ഠത്തില്‍വച്ചുതന്നെ ഇല്ലാതായിപ്പോയത്. അല്ലെങ്കില്‍തന്നെ സ്ത്രീകളുടെ ഇഷ്ടങ്ങള്‍ക്കൊക്കെ എന്തു വിലയാണ് കല്‍പിച്ചു നല്‍കാറുള്ളത്. ഓരോരുത്തരുടേയും ഇഷ്ടങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു എന്ന് ‘സദാചാരം’ എന്ന കവിതയിലൂടെ വ്യക്തമാക്കുന്നുമുണ്ട്. 

 

മറ്റൊരാളുടെ കണ്ണുകളിലൂടെ 

ഞാനെന്നെ നോക്കി വളര്‍ന്നു

മറ്റൊരാളുടെ ഇഷ്ടങ്ങളില്‍

ഞാനെന്റെയിഷ്ടങ്ങളെ 

കുടിയിരുത്തി

മറ്റൊരാളുടെ വെറുപ്പിന്റെയഗ്നിയില്‍

ഞാനെന്നില്‍ചിതയൊരുക്കി.

മറ്റാളുകളുടെ ഇഷ്ടത്തിനനുസരിച്ച് വളരുന്നവരാണ് നാം. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു കരുതി ജീവിതത്തെ പരുവപ്പെടുത്തുന്നവര്‍. അതുകൊണ്ടാണ് മറ്റുള്ളവരുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളാക്കി മാറ്റേണ്ടി വരുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ ഇത് അല്‍പം കൂടുതലാണ്. ഒരു സ്ത്രീയുടെ ജീവിതത്തില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് വലിയ സ്ഥാനം കാണില്ല. 

 

‘നീഹാരം’ എന്ന കൊച്ചു കവിതാ സമാഹാരത്തിലെ കവിതകള്‍ കൊച്ചുകൊച്ചു ജീവിതങ്ങളുടെ തുടിപ്പുകളാണ് പങ്കുവയ്ക്കുന്നത്. അതിലെ കേന്ദ്രകഥാപാത്രങ്ങള്‍ സ്ത്രീകളാണ്. കര്‍ഷകനും പ്രകൃതിയും ദൈവവുമെല്ലാം കവിതകളിലെത്തുന്നു. സ്‌നേഹത്തിന്റെ ഭാഷയിലാണ് അമീന ബഷീറിന്റെ മഞ്ഞുകണങ്ങളാകുന്ന കവിതകള്‍ പെയ്തിറങ്ങുന്നത്. ചൂടുപിടച്ച ഹൃദയങ്ങളില്‍ അല്‍പം കളിരു കോരിയിടുന്ന കവിതകള്‍. ആകുലതകളുടെ പുകച്ചുരുകളുയരുന്ന തലച്ചോറിനെ തണിപ്പുക്കാന്‍ നനുത്തു വീഴുന്ന കണങ്ങള്‍. സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക ഇതില്‍പ്പരം ആനന്ദം മറ്റെന്താണ് ലോകത്തുള്ളതെന്ന് പറഞ്ഞുവയ്ക്കുന്ന കവയിത്രി സ്‌നേഹത്തിലധിഷ്ഠിതമായ ജീവിതത്തിനായി പ്രത്യാശയുടെ കുളിര് പടര്‍ത്തുന്നു.

Content Summary: Neeharam book written by Ameena Basheer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com