ആ യുവനേതാവ് എങ്ങോട്ടാണ് അപ്രത്യക്ഷനായത്?

onnam-forensic-adhyayam
SHARE
രജത് ആർ.

ഗ്രീൻബുക്സ്

വില : 225 രൂപ

ചിതറിക്കിടക്കുന്ന ചില അധ്യായങ്ങളോടെയാണ് ‘ഒന്നാം ഫോറൻസിക് അധ്യായം’ എന്ന, രജത് ആർ. എഴുതിയ പുസ്തകം ആരംഭിക്കുന്നത്. ശരിക്കും ഒരു കൊലപാതകം അത് അങ്ങനെയാണെന്ന് ഉറപ്പിക്കപ്പെടേണ്ടത് എപ്പോഴാവാം? പൊലീസ് കേസ് ഏറ്റെടുത്ത് ശവശരീരം ഒരു ഫോറൻസിക് ഡോക്ടർ പരിശോധിച്ച് തെളിവ് നൽകുമ്പോഴാണ് അത് ഔദ്യോഗികമായി ഒരു കൊലപാതകമാകുന്നത്. പക്ഷേ അതിനും മുൻപേ മിക്കവാറും അതിനുള്ള ആസൂത്രണങ്ങൾ തുടങ്ങിയിട്ടുണ്ടാവാം, എങ്ങനെ വേണം ഒരാളെ ഇല്ലാതാക്കേണ്ടത്? ഏതു വഴിയിലൂടെ വേണം എന്നതൊക്കെ മുൻകൂട്ടി പദ്ധതി ചെയ്തു തയാറാക്കുന്ന കൊലപാതകങ്ങളിൽ പ്രധാനമാണ്. എല്ലാം കൃത്യമായി ചെയ്തു കഴിഞ്ഞ് എവിടെയാണ് ജീവൻ നഷ്ടപ്പെട്ട ശരീരം ഉപേക്ഷിക്കേണ്ടത് അല്ലെങ്കിൽ നശിപ്പിക്കേണ്ടത് എന്നതൊക്കെ കൃത്യം ചെയ്യുന്നയാളിന്റെ ജോലിയാണ്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ചില ശരീരഭാഗങ്ങളാണ് ഒന്നാം ഫോറൻസിക് അധ്യായത്തിന്റെ ആദ്യ ഭാഗത്തുള്ളത്. കഥ തുടങ്ങാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ അപ്പോൾ.

അടുത്ത എം എൽ എ സ്ഥാനാർഥിയായ, ചിലപ്പോൾ മന്ത്രി വരെയാകാൻ സാധ്യതയുള്ള യുവ നേതാവ് സുജിത്ത് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനാകുന്നു. അയാൾക്കെന്താണ് സംഭവിച്ചത് എന്ന കണ്ടെത്തലാണ് നോവലിൽ ഉടനീളം. ഡോക്ടറായ അരുൺ ബാലൻ ആ ജോലി ഉപേക്ഷിച്ച ശേഷമാണ് ഐ പി എസ് ലഭിച്ച് ട്രെയിനിങ്ങിനു ചേർന്നത്. അദ്ദേഹമിപ്പോൾ കേസുകളെ മികച്ച രീതിയിൽ സമീപിക്കാൻ കഴിവുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അരുണിന്റെ അടുത്ത സുഹൃത്തും ഒരിക്കൽ സഹപാഠിയുമായിരുന്നു സുജിത്. അതുകൊണ്ട് തന്നെ സുജിത്തിന്റെ കേസിലേക്കിറങ്ങാൻ അരുണിന് കാരണങ്ങൾ കൂടുതലാണ്.

ആലപ്പുഴ മെഡിക്കൽ കോളജിൽ അനാട്ടമി പ്രഫസർ കൂടിയായ ഡോക്ടറാണ് പുസ്തകത്തിന്റെ എഴുത്തുകാരനായ രജത് ആർ. ഇത് നോവലിന് കൂടുതൽ മികവ് നൽകുന്നു. ‘കഡാവർ’ പോലെയുള്ള വാക്കുകൾ പുതുമ നൽകും. ഒരു ക്രൈം ഫിക്ഷൻ എഴുത്തുകാരൻ താൻ എഴുതുന്ന വിഷയത്തിൽ എത്രത്തോളം ആഴത്തിൽ പഠനം നടത്തിയ ആളാണോ അത്രയും നല്ലതാണ് അയാളെഴുതുന്ന പുസ്തകത്തിന്. ആ ഗുണം ‘ഒന്നാം ഫോറൻസിക് അധ്യായം’ വായിക്കുമ്പോൾ മനസിലാക്കാം.

കഥയിലേക്ക് വന്നാൽ സുജിത്തിന്റെ അപ്രത്യക്ഷമാകലുമായി ബന്ധപ്പെട്ടു പലതരം അലിബികൾ അരുൺ ബാലന്റെ മുന്നിലുണ്ട്. എന്നാൽ ഇതിൽ ഏതാണ് സത്യം എന്ന് തിരഞ്ഞു കണ്ടെത്തലാണ് പ്രശ്നം. സുജിത് സ്നേഹിച്ചിരുന്ന എതിർ പാർട്ടിയിലെ പെൺകുട്ടി, അവളുടെ സുഹൃത്ത്, രാഷ്ട്രീയ വൈരികൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയിലെല്ലാം ഇടപെട്ട സുജിത്ത് പെട്ടെന്നൊരു ദിവസം ഇല്ലാതായിപ്പോകുമ്പോൾ ചോദ്യങ്ങൾ ആർക്കു നേരെയും വരാം. അങ്ങനെ കുറെയധികം ഉപകഥകളിലൂടെ അരുൺ യാത്ര തുടരുകയാണ്.

ക്രൈം ഫിക്ഷൻ പുസ്തകത്തിന് ആസ്വാദനം എഴുതുക എന്നാൽ ഒട്ടുമേ എളുപ്പമല്ല. ഏതൊരു ഇടത്തും തൊട്ടും തൊടാതെയും വേണം ഓരോ വാക്കുമെഴുതാൻ. കാരണം രഹസ്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു തുമ്പെങ്കിലും ഇട്ടു കൊടുത്താൽ വായിക്കുന്നയാൾക്ക് എളുപ്പമാണ്. പക്ഷേ വായന ഒട്ടും എളുപ്പമല്ലാതാക്കാനാണ് ഓരോ ക്രൈം ഫിക്ഷൻ എഴുത്തുകാരനും ശ്രദ്ധിക്കുന്നത്. അതാണ് ഇത്തരം വായനയുടെ ത്രില്ലും. മുൻവിധികളില്ലാതെ വായനയാണ് സത്യത്തിൽ ക്രൈം ഫിക്ഷൻ വായനയുടെ ഭംഗി എന്നാലും ബുദ്ധിയെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങൾ നടത്താൻ വായനക്കാരനിഷ്ഠമാണ്. അതുകൊണ്ട് എഴുത്തുകാരൻ പറയുന്നതിനും മുൻപ് ആ ഉത്തരം കണ്ടെത്താൻ ഓരോ വായനക്കാരനും വളരെയധികം ബുദ്ധികൊണ്ടുള്ള വ്യായാമം നടത്തും. ഇത്തരം കരണങ്ങളൊക്കെക്കൊണ്ടാണ് ക്രൈം ഫിക്ഷൻ പുസ്തകങ്ങളുടെ വായന വർദ്ധിക്കുന്നതും. രജത് ആറിന്റെ ഈ ആദ്യ പുസ്തകം ഇത്തരം ഒരു വ്യായാമം തന്നെയാണ്.

ഓരോ ഇടങ്ങളിലും ട്വിസ്റ്റുകൾ നല്കാൻ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. അതൊക്കെയും സർപ്രൈസുകൾ ആണ് താനും. ഒടുവിൽ സുജിത്തിന്റെ തിരോധാനത്തിന്റെ ഉത്തരങ്ങൾ അരുൺ ബാലന്റെ മുന്നിലെത്തുമ്പോൾ അത് അത്ര എളുപ്പമായിരുന്നില്ലല്ലോ എന്നും തോന്നിയേക്കാം. അനായാസമായ ശൈലിയിൽ ഭംഗിയുള്ള ഒരു ഭാഷയിലൂടെയാണ് ഡോക്ടർ കൂടിയായ എഴുത്തുകാരൻ കഥ പറഞ്ഞു പോകുന്നത്. പരമ്പരാഗത ക്രൈം പുസ്തകങ്ങൾക്ക് അത്ര പരിചിതമല്ലാത്ത ശൈലിയും ഭാഷയും ആയതുകൊണ്ട് തന്നെ പുതിയ കാലത്തിന്റെ കുറ്റാന്വേഷണ കഥയാണ് ഒന്നാം ഫോറൻസിക് അധ്യായം.

Content Summary: Onnam Forensic Adhyayam book written by Rajad R. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA