ADVERTISEMENT

ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് എല്ലാവരുമെങ്കിലും ചിലർ മുന്നേ നടക്കുന്നു. വഴിയും വെളിച്ചവുമാകുന്നു. ജീവിക്കുന്ന കാലത്തെ പ്രകാശമാനമാക്കുന്നതിനൊപ്പം വഴികാട്ടികളുമാകുന്നു. പത്രപ്രവർത്തകൻ എന്ന നിലയിൽ 7 പതിറ്റാണ്ട് ചരിത്രത്തിനൊപ്പം സഞ്ചരിച്ചു ബി.ആർ.പി. ഭാസ്കർ. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിത കാലം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം കൂടിയാണ്. വാർത്തകളാൽ സമ്പന്നമായിരുന്ന ലോകത്തിന്റെ ചരിത്രവും. ചരിത്രത്തിന്റെ നിശ്ശബ്ദ സാക്ഷിയായിരുന്നില്ല അദ്ദേഹം. സാങ്കേതിക വിദ്യ അധികമൊന്നും വികാസം പ്രാപിക്കാത്ത കാലത്ത്, പരിമിതികളോട് പടവെട്ടി പത്രപ്രവർത്തന ചരിത്രത്തിൽ സ്വന്തം പേര് എഴുതിച്ചേർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പലപ്പോഴും ചരിത്രത്തിനു മുന്നേ നടന്നു. അവ രഖപ്പെടുത്തേണ്ടതുണ്ട്. മങ്ങാത്ത, മായാത്ത ആ ഓർമക്കുറിപ്പുകൾ സമകാലികർക്കും ഭാവിക്കുമുള്ള പാഠങ്ങൾ കൂടിയാണ്. ഏതു പരിമിതികളെയും അപര്യാപ്തതകളെയും അതിജീവിക്കാൻ പ്രതിഭയ്ക്കു കഴിയുമെന്ന അനുഭവസാക്ഷ്യവും. 

 

‘ന്യൂസ് റൂം’  ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പുകളാണ്. താൻ ഭാഗമാവുകയും സാക്ഷിയാകുകയും ചെയ്ത ചരിത്ര സന്ദർഭങ്ങളോട് തന്റെ തലമുറ എങ്ങനെ പ്രതികരിച്ചു എന്നതിന്റെ സത്യസന്ധമായ വിവരണം. വ്യക്തിനിഷ്ഠമെന്നതിനേക്കാൾ വസ്തുനിഷ്ഠമാണ് ഈ പുസ്തകം.  ഓരോ താളിലും ജീവിതം തുടിക്കുന്ന ജീവ ചരിത്രം. വ്യക്തിയുടെ മാത്രമല്ല, രാജ്യത്തിന്റെയും ലോകത്തിന്റെയും. 

 

1960 -കളിൽ ഡൽഹിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പേട്രിയറ്റ് എന്ന ഇംഗ്ലിഷ് ദിനപത്രത്തിൽ ബി.ആർ.പി. ഭാസ്കർ ജോലി ചെയ്തിരുന്നു. ഇടതുപക്ഷ നിലപാടുകളുള്ള മാധ്യമമായിരുന്നു പേട്രിയറ്റ്. അധ്യക്ഷ അരുണ ആസഫ് അലി. എടത്തട്ട നാരായണൻ എഡിറ്റർ. തലശ്ശേരി സ്വദേശിയായ നാരായണൻ സ്വാതന്ത്ര്യ സമര സേനാനിയെന്ന നിലയിലാണ് പത്രപ്രവർത്തകനായത്. 

 

ഒരു ദിവസം ഓഫിസിലെത്തിയപ്പോൾ കാത്തിരുന്നത് ഒരു ദുരന്ത വാർത്തയായിരുന്നു. മദ്രാസിൽ നിന്ന് തിരിച്ച ഇന്ത്യൻ എയർലൈൻസിന്റെ ഡൽഹി വിമാനം എത്തിയിട്ടില്ല. എന്നും രാത്രി ഓരോ വൻ നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്കു പോസ്റ്റൽ ഉരുപ്പടികളുമായി പോകുന്ന വിമാനമായിരുന്നു അത്. അതിൽ യാത്രക്കാരും ഉണ്ടാകും. 

 

ആഗ്രയ്ക്കടുത്താണ് വിമാനം അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം. ആ സ്ഥലത്തെ ലേഖകനെ വിളിച്ച് ഒരു ഫൊട്ടോഗ്രഫറെ കൂട്ടി സംഭവസ്ഥലത്തേക്ക് പോകാൻ നിർദേശിച്ചു.  കുറച്ചു കഴിഞ്ഞപ്പോൾ,  വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചമ്പൽ താഴ്‍വരയിൽ കണ്ടെത്തിയതായി റിപ്പോർട്ട് എത്തി. ചമ്പൽ താഴ്‍വരയിലേക്ക് പോകാൻ ലേഖകനോട് വീണ്ടും നിർദേശിച്ചു. അവർ ഡൽഹിയിൽ എത്തുമ്പോൾ രാത്രിയാകും. വന്നാൽ ഉടൻ വാർത്തയും ചിത്രങ്ങളും അച്ചടിക്കാൻ വേണ്ടി കാത്തിരുന്നു. എന്നാൽ, നേരേ ഡൽഹിയിൽ എത്തേണ്ട ലേഖകൻ ആഗ്രയിൽ തിരിച്ചെത്തിയെന്നാണ് പിന്നീട് അറിഞ്ഞത്. സമയം കളയാതെ ആഗ്രയിൽ നിന്ന് ടാക്സിയിൽ ഡൽഹിയിലേക്കു വരാൻ നിർദേശിച്ചു. രാത്രി എട്ടിന് എടത്തട്ട ഓഫിസിൽ എത്തുമ്പോൾ വിമാനാപകടം കവർ ചെയ്യാനുള്ള ഒരുക്കങ്ങളെക്കുറിച്ച് അന്വേഷിച്ചു. ആഗ്ര-ഡൽഹി ടാക്സി യാത്രയ്ക്ക് 200 രുപയെങ്കിലും ആകുമെന്നറിഞ്ഞപ്പോൾ 200 രൂപ വലിയ തുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

 

11 മണിക്ക് എത്തേണ്ട ലേഖകനും ഫൊട്ടോഗ്രാഫറും 12.30 ആയിട്ടും എത്തിയില്ല. ന്യസ് എഡിറ്റർ വേണുഗോപാൽ റാവുവും ബി.ആർ.പി. ഭാസ്കറും കൂടി കാത്തിരിപ്പ് തുടർന്നു. റോൾ ഡവലപ് ചെയ്തു ബ്ലോക്ക് ഉണ്ടാക്കാൻ പിന്നെയും 40 മിനിറ്റ് വേണം. ഓഫിസിന്റെ മുന്നിലെ പടികളിൽ അവർ അക്ഷമരായി കാത്തുനിന്നു. റോഡിലൂടെ കടന്നുവരുന്ന ഓരോ വാഹനത്തിന്റെയും ലൈറ്റ് കാണുമ്പോൾ അതു ലേഖകൻ ആയിരിക്കുമെന്ന് പ്രത്യാശിച്ചു. ഒരു മണിക്കൂർ നിന്നിട്ടും വാഹനങ്ങൾ കടന്നുപോയതല്ലാതെ ഒന്നും സംഭവിച്ചില്ല. പെട്ടെന്ന് ഒരു വാഹനം കുറച്ചുദൂരെ വരെ വന്നിട്ട് നിൽക്കുന്നതായി കണ്ടു. വണ്ടി ബ്രേക്ക് ഡൗൺ ആയതായിരിക്കും എന്ന സംശയത്തിൽ വേണു ആ വാഹനത്തിനടുത്തേക്ക് ഓടിപ്പോയി. മിനിറ്റുകൾക്കകം കിട്ടി കിട്ടി എന്ന് അലറിവിളിച്ചുകൊണ്ട് അദ്ദേഹം പാഞ്ഞെത്തി. 

 

ടാക്സിക്കു പകരം സ്റ്റുഡിയോ ഉടമയുടെ കാറിൽ തന്നെയാണ് അവർ എത്തിയത്. എത്ര രൂപ വേണമെന്ന് ചോദിച്ചിട്ട് ഇഷ്ടമുള്ളത് തരാനായിരുന്നു അവരുടെ മറുപടി. പത്രത്തിന്റെ ഒന്നാം പേജിൽ തങ്ങൾ എടുത്ത ചിത്രം അച്ചടിച്ചു വരുന്നതിന്റെ ആവേശത്തിലായിരുന്നു അവർ. 160 രൂപ അവർക്ക് കൊടുത്തു. വിമാനം വീണ സ്ഥലത്തേക്ക് കാർ പോകുമായിരുന്നില്ല. സൈക്കിളിൽ പോയി മഴയത്താണ് അവർ വാർത്തയും ചിത്രവും ശേഖരിച്ചത്. പേട്രിയറ്റിൽ മാത്രമാണ് അടുത്ത ദിവസം തകർന്ന വിമാനത്തിന്റെ പടം ഉണ്ടായിരുന്നത്. മറ്റു പത്രങ്ങളെല്ലാം ഡൽഹിയിൽ നിന്നു റിപ്പോർട്ടറെ അയച്ച് വാർത്തയ്ക്കു വേണ്ടി കാത്തിരുന്നതുകൊണ്ടാണ്  ആ വലിയ സംഭവത്തിന്റെ ചിത്രം അവർക്കു ലഭിക്കാതെപോയത്. 

 

160 രൂപ ചെലവായതിന്റെ പേരിൽ പത്രാധിപർക്ക് വിഷമായിക്കാണും എന്നു ഭാസ്കറിനു തോന്നിയിരുന്നു. എന്നാൽ ഒരു അമേരിക്കൻ വാർത്താ ഏജൻസി അപകടത്തിന്റെ പടങ്ങൾ ചോദിച്ചെത്തി. എത്ര രൂപ നൽകാനും അവർ തയാറായിരുന്നു. എന്നാൽ ചെലവായ 160 രൂപ മാത്രം ഈടാക്കി പടം നൽകാനായിരുന്നു നാരായണന്റെ നിർദംശം. അങ്ങനെ ചെലവായ തുക പേട്രിയറ്റിനു തിരിച്ചുകിട്ടി. 

 

തിരുവനന്തപുരത്തെ മരയ്ക്കാർ മോട്ടോഴ്സ് ഉടമ ഹസൻ മരയ്ക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും ആ അപകടത്തിൽ മരിച്ചിരുന്നു. 1963 സെപ്റ്റംബർ 11 ന് നടന്ന അപകടത്തിന്റെ കാരണം നിർണയിക്കപ്പെട്ടിട്ടില്ലെന്ന് ഏവിയേഷൻ സേഫ്റ്റി നെറ്റ്‍വർക് പറയുന്നു. 

 

സമയത്തെ തോൽപിക്കാൻ വിവേചന ബുദ്ധിയുടെ സഹായത്തോടെ നടത്തിയ സാഹസികയാണ് അന്നത്തെ വിജയത്തിനു പിന്നിൽ. ഇതുപോലെ ചരിത്രം സ്പന്ദിക്കുന്ന ഉജ്വല മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ന്യൂസ് റൂം എന്ന പുസ്തകത്തിന്റെ ഓരോ താളും. 

 

Content Summary : News Room - Oru Madhyamapravarthakante Anubhavakkurippukal book written by BRP Bhaskar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com