ADVERTISEMENT

ആധുനികത കത്തിനില്‍ക്കുന്ന കാലത്താണ് സേതു കഥപറച്ചിലിന്റെ ശൈലി മാറ്റി വിഭ്രാത്മകതയും ഭീതിയും അസ്വാസ്ഥ്യങ്ങളും വിഭിന്ന മുഖങ്ങളും പിളര്‍ന്ന മനസ്സുകളും എഴുത്തില്‍ സന്നിവേശിപ്പിച്ച് രംഗപ്രവേശം ചെയ്തത്. മലയാള സാഹിത്യ ചരിത്രത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നതിനും സേതുവിന്റെ എഴുത്തിന് കഴിഞ്ഞു. പച്ചമണ്ണിന്റെ ഗന്ധം മുതല്‍ തിരക്കിട്ടുപായുന്ന മഹാനഗരങ്ങളുടെ അസ്വസ്ഥ ഗന്ധം വരെ സേതുവിന്റെ എഴുത്തിലുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും പല ജോലികളും ചെയ്തതിന്റെ അനുഭവം എഴുത്തിലും പ്രതിഫലിച്ചിരിക്കുന്നു. 

ചേന്ദമംഗലത്ത് വേരുപിടിച്ചു വളര്‍ന്ന സേതു എന്ന മനുഷ്യനെയും എഴുത്തുകാരനെയും വിവരിക്കുകയാണ് ‘സേതു: എഴുത്ത്, ജീവിതം, കഥകള്‍’ എന്ന പുസ്തകത്തില്‍. സേതു എന്ന എഴുത്തുകാരന്‍ എങ്ങനെയുണ്ടായി എന്നതിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. എം. ഗോകുല്‍ദാസ് സേതുവുമായി നടത്തിയ ദീര്‍ഘഭാഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് ഈ കൃതി എഴുതിയത്. ഉന്നത പദവികളിലിരിക്കുമ്പോളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുമ്പോഴും ചേന്ദമംഗലത്തെ വേരുകള്‍ക്ക് ഇളക്കം തട്ടാത്ത മനുഷ്യനായിരുന്നു സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി കൃഷിയും മറ്റുമായി ജീവിക്കുകയാണ് അദ്ദേഹം. 

വായനയുടെ വിശാലമായ ലോകത്തിലേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് അമ്മയാണെന്ന് സേതു പറയുന്നു. അന്നത്തെ കാലത്ത് പത്താം ക്ലാസ് പാസ്സായ അമ്മ, സേതു ബിരുദത്തിന് പഠിക്കുന്ന കാലത്തുപോലും ഇംഗ്ലിഷ് പറഞ്ഞുകൊടുക്കുമായിരുന്നു. എന്തും വായിക്കുന്ന സ്വഭാവം അമ്മയ്ക്കുണ്ടായിരുന്നു. അത് സേതുവിനും പകര്‍ന്നുകിട്ടി. നാട്ടിലെ വായനശാലയായിരുന്നു സേതുവിന് വായനയുടെ വാതായനം തുറന്നിട്ടത്. വായനയുടെ ചിറകിലേറി കുഞ്ഞുസേതു ലോകത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചു. പുസ്തകപ്പുഴു എന്ന പേര് വീണെങ്കിലും ചിറകുകള്‍ വീശി സേതു പറക്കുകയായിരുന്നു. 

‘അക്ഷരമാതൃകകള്‍ ആദ്യമായി കാണുന്നത് അമ്മ വായിച്ചുകൊണ്ടിരുന്ന കഥാപുസ്തകങ്ങളിലായിരുന്നു. കാറ്റും വെളിച്ചവും കയറാത്ത വായനശാലയില്‍നിന്നുള്ള പുസ്തകങ്ങളുടെ നിലയ്ക്കാത്ത പോക്കുവരവുകള്‍ക്കിടയില്‍ എന്നോടൊപ്പം ഈ അക്ഷരങ്ങളും വളര്‍ന്നു; സഞ്ചരിച്ചു. അക്ഷരങ്ങളുടെ വടിവുകളും ഗന്ധവും എന്നെ ഹരം പിടിപ്പിച്ചു’ - സേതു പറയുന്നു.

സൈന്യസേവനത്തിനുശേഷം പിരിഞ്ഞുപോരുമ്പോള്‍ പെട്ടിയും അത്യാവശ്യം സാധനങ്ങളും മാത്രമായി തിരിച്ചെത്തിയ അച്ഛന്‍ വലിയ മാതൃകയായിരുന്നു. ഒന്നു കണ്ണടച്ചാല്‍ ഇഷ്ടംപോലെ സമ്പാദിക്കാമായിരുന്ന ജോലിയായിരുന്നിട്ടു പോലും അതു ചെയ്യാതിരുന്ന അച്ഛന്റെ മഹത്വം ദര്‍ശിക്കാന്‍ സേതുവിന് കഴിഞ്ഞു. ഉന്നത പദവികള്‍ വഹിച്ചപ്പോളും അച്ഛന്റെ ഈ മനോഭാവം വലിയ പിന്തുണ നല്‍കിയിരുന്നുവെന്ന് സേതു പറയുന്നു. 

സമീപ കാലത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും അധികാര ദുര്‍വിനിയോഗങ്ങളും സേതുവിനെ അലോസരപ്പെടുത്തുന്നുണ്ട്. തന്റെ രാഷ്ട്രീയം വെളിപ്പെടുത്താനും സേതു തയാറാകുന്നു.‘'ബിജെപി കേന്ദ്രഭരണത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും കലാ, സാംസ്‌കാരിക, ചരിത്ര മേഖലകളില്‍ കൃത്യമായ അജൻഡകളുണ്ടാകുമെന്ന് ഉറപ്പായിരുന്നു. തിരഞ്ഞെടുപ്പുകളിലെ മൃഗീയ ഭൂരിപക്ഷം ഉപാധികളില്ലാത്ത, കല്‍പാന്ത കാലം വരെയുള്ള പിന്തുണയും ആര്‍ക്കും എന്തും ചെയ്യാനുള്ള ലൈസന്‍സുമായി തെറ്റിദ്ധരിക്കപ്പെട്ടപ്പോള്‍ അതേവരെ അടങ്ങി നിന്നിരുന്ന വിഭാഗീയ ശക്തികള്‍ കരുത്തരായി അരങ്ങത്തേക്കിറങ്ങി’- സേതു പറയുന്നു. 

കാലം, ദേശം, പ്രകൃതി, മിത്തുകള്‍, ഇവ ചേര്‍ന്നുണ്ടാകുന്ന അനുഭവത്തിന്റെ ആവിഷ്‌കാരമാണ് സേതുവിന്റെ കൃതികള്‍. ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ കൂടെ ജോലി ചെയ്തതടക്കം വേണ്ടുവോളും അനുഭവ സമ്പത്ത് സേതുവിനുണ്ട്. മുസ്‌ലിം, ഹിന്ദു, ജൂത മതവിഭാഗങ്ങള്‍ ഇടപഴകി ജീവിച്ചിരുന്ന ചേന്ദമംഗലത്തു ജനിച്ചു വളര്‍ന്ന സേതു തിരക്കിട്ടു പായുന്ന മനുഷ്യരുടെ മഹാനഗരങ്ങളിലേക്ക് ചേക്കേറി. അനുഭവങ്ങളുടെയും വായനയുടെയും ഭാവനയുടെയും മുന്‍വെളിച്ചത്തില്‍ സേതു മലയാളത്തിന് നല്‍കിയത് വലിയ സംഭാവനകളാണ്. സേതുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എം.ടി. വാസുദേവന്‍ നായര്‍ ആമുഖത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധം വിവരിക്കുന്നു. സേതുവിന്റെ നാല് കഥകളും ഡോ.എം. കൃഷ്ണന്‍ നമ്പൂതിരിയുടെ വിശകലനക്കുറിപ്പും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 

Content Summary : Book Review - Sethu - Ezhuthu, Jeevitham, Kadhakal written by M Gokuldas

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com