വ്യാസന്റെ സസ്യശാല: കുരീപ്പുഴ ശ്രീകുമാറിന്റെ ഭാരത പര്യടനം

mahabharatham-vyasante-sasyasala-p
SHARE
കുരീപ്പുഴ ശ്രീകുമാര്‍

ഡിസി ബുക്സ്

വില 320 രൂപ

ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തില്‍. ദൃശ്യവും അദൃശ്യവുമായ വന്‍മരങ്ങളുടെ മഹാവനമായ കാവ്യത്തിലെ സസ്യങ്ങള്‍. എണ്ണൂറോളം വ്യാസ സസ്യങ്ങളെ അണി നിരത്തി കുരൂപ്പുഴ ശ്രീകുമാര്‍ 

ഒരുക്കിയ കാവ്യ പരമ്പരയാണ് വ്യാസന്റെ സസ്യശാല എന്ന പുസ്തകം. ലോക സാഹിത്യത്തിലെ മഹത്തായ കാവ്യപുസ്തകം എന്നു കീര്‍ത്തി കേട്ട മഹാഭാരതത്തെ ആധുനിക കാലത്തുനിന്നുകൊണ്ട് പുനര്‍വായിക്കാനുള്ള ശ്രമം. ഭാവനയുടെ അനന്ത വിഹായസ്സായ കാവ്യത്തില്‍ എന്താണ് ഇല്ലാത്തതെന്ന ചോദ്യം ഈ കാലത്തും പ്രസക്തമാണ്. യുദ്ധവും സമാധാനവും. കുറ്റവും ശിക്ഷയും. നിന്ദിതരും പീഡിതരും. അഗമ്യഗമനം. സ്ത്രീ അപഹരണം. ബലാല്‍സംഗം. ശവഭോഗം. നരഹത്യ. മൃഗഹത്യ. യാഗം. സവര്‍ണാധിപത്യം. സ്വയംവരം. സ്ത്രീയോടുള്ള ബഹുമാനം. ചാര്‍വാക ദര്‍ശനം. സാംഖ്യം. യാഗനിഷേധം. പ്രണയം. മാതൃകാ ദാമ്പത്യം. പ്രണിസ്നേഹം. ആദിവാസി ജീവിതം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍. അനന്ത വൈചിത്ര്യമുള്ള കഥാപാത്രങ്ങള്‍. 

18 വര്‍ഷമായി ഭാരത പര്യടനം നടത്തുകയാണ് കുരീപ്പുഴ. ചെറുതും വലുതുമായ കഥാപാത്രങ്ങളെക്കുറിച്ച് രണ്ടു മുതല്‍ എട്ടു വരി വരെയുള്ള ചെറുകവിതകള്‍. ഒറ്റക്കവിതകളായി വായിക്കാവുന്നയാണ് ഓരോ കവിതകളും. കഥയുടെ തുടര്‍ച്ചയല്ല കഥാപാത്രങ്ങളുടെ മനസ്സാണു കവി ഖനനം ചെയ്യുന്നത്. പ്രശസ്തരല്ലാത്തവരെക്കുറിച്ചു മാത്രം ഒറ്റവരിയില്‍ കുറിപ്പുകള്‍ കൊടുത്തിട്ടുണ്ട്. അവയില്ലാതെ തന്നെ ഉള്ളില്‍ ആഴത്തില്‍ കൊള്ളുന്നുണ്ട് കാവ്യശരങ്ങള്‍. അക്ഷരമാലാ ക്രമത്തില്‍ യോജിപ്പിച്ചിട്ടുള്ള സമാഹാരത്തില്‍ എവിടെനിന്ന് എങ്ങോട്ടും വായിക്കാം. ഏതു സസ്യത്തെ അറിയാന്‍ ശ്രമിച്ചാലും കവിതയുടെ ഫലം ഉറപ്പ് എന്നതാണു വ്യാസന്റെ സസ്യശാലയിലൂടെ കുരീപ്പുഴ ഉറപ്പു നല്‍കുന്നത്. 

സാധാരണക്കാര്‍ക്ക് പരിചിതനല്ലാത്ത അകമ്പനന്‍ എന്ന കഥാപാത്രത്തിലാണു തുടക്കം. പുത്രമൃത്യുവാല്‍ ദുഃഖിതനായ കൃതയുഗ രാജാവാണദ്ദേഹം. എട്ടുവരിയില്‍ അകമ്പനന്റെ ജീവിതം അനാവൃതമാകുന്നു. 

അച്ഛനാമൊരു പര്‍വതം ദൂരെ 

പുത്രനാം പുഴ വറ്റുന്ന കണ്ടു 

അച്ഛനാം മരം ചില്ല കരിഞ്ഞു 

ദുഃഖിതനായ് വിലപിച്ചു കണ്ടു 

അച്ഛനാം മണല്‍ക്കാ, ടൊട്ടകങ്ങള്‍ 

നിശ്ചലരായ് കിടക്കുന്ന കണ്ടു 

അച്ഛനാം ചന്ദ്രന്‍ ശീതകിരണം

മൃത്യുമേഘം മറയ്ക്കുന്ന കണ്ടു 

അച്ഛനാം ചന്ദ്രന്റെ ശീതകിരണത്തെ മൃത്യുമേഘം മറയ്ക്കുന്ന കാഴ്ച എട്ടുവരിയില്‍ അനവദ്യ സുന്ദരമായി കവി അവതരിപ്പിക്കുന്നു. പാണ്ഡവന്‍മാരിലെ പ്രധാനി പോലെയോ കര്‍ണന്‍ പോലെയോ അകമ്പനനും മനസ്സില്‍ തറയുകയാണ്. നട്ടുച്ചയ്ക്ക് സൂര്യന്‍ അസ്തമിച്ചതുപോലെ, വെളിച്ചം കെട്ടുപോയ ജീവിതത്തില്‍, എന്നെന്നേക്കും 

തുറന്നിട്ട വാതിലിലേക്ക് ഏകാകിയായി ഉറ്റുനോക്കിയിരിക്കുന്ന അച്ഛന്റെ ആലംബമില്ലാത്ത ദുഃഖത്തില്‍ കവിത സഫലമാകന്നു. 

പുത്രമൃത്യുവിന്റെ അപരിഹാര്യമായ ശോകം വേട്ടയാടുന്ന വ്യക്തിയാണ് കുരീപ്പുഴയുടെ അര്‍ജുനന്‍. അസ്ത്രങ്ങളെന്തിന്, ഗാണ്ഡീവമെന്തിന് എന്നു വിലപിക്കുന്ന വില്ലാളിവീരന്റെ മനുഷ്യമുഖം. 

അസ്തമിക്കാന്‍ നീ 

തിടുക്കം തുടങ്ങുമ്പോള്‍ 

അസ്ഥികള്‍ പൊട്ടുന്നു സൂര്യാ. 

ശത്രുവ്യൂഹത്തില്‍ പുത്രന്റെ രക്തം ഉണങ്ങിയോ എന്ന് അര്‍ജുനന്‍. ആകുലപ്പെടുമ്പോള്‍ നിസ്സഹായത്വമേ മര്‍ത്യന്റെ ജീവിതം എന്നാണ് അഭിമന്യുവിന്റെ അകംപൊരുള്‍. എല്ലാവരുമുണ്ടായിട്ടുംജീവന്‍ അപകടത്തില്‍പെട്ടപ്പോള്‍ ആരും രക്ഷിക്കാനെത്താത്ത ജീവിതം നിസ്സഹായത്വമല്ലെങ്കില്‍ മറ്റെന്താണ്. 

ആരാണു പുരുഷന്‍ എന്ന ചോദ്യമാണ് അംബ ഉയര്‍ത്തുന്നത്. നേരറിയാത്ത, നേരെയല്ലാത്ത, കരുണയില്ലാത്ത കശ്മലന്‍ എന്ന മറുപേരും അംബ പുരുഷനു നല്‍കുന്നുണ്ട്. അവനുമായി ഏറ്റുമുട്ടാനെന്നിലെ വനിതയെ 

വില്ലെടുപ്പിച്ച് നിര്‍ത്തുകയാണ് അംബ. ഇതു മഹാഭാരതത്തിന്റെ ആധുനിക വായനയാണ്. സ്ത്രീപക്ഷ വായന. പെണ്ണെഴുത്ത്. കാലം ഇതിഹാസ കാവ്യ പുസ്തകത്തിനു കാത്തുവച്ച കുലനീതി. 

കൃഷ്ണനൊപ്പം കംസനും അണിനിരക്കുന്നുണ്ട് വ്യാസന്റെ സസ്യശാലയില്‍. ചെയ്ത ക്രൂരതകളെല്ലാം പ്രാണരക്ഷയ്ക്കുവേണ്ടിയായിരുന്നെന്ന ഏറ്റുപറച്ചിലാണ് കംസന്റെ കുറ്റസമ്മതത്തെ ശ്രദ്ധേയമാക്കുന്നത്. 

സിംഹജാഗ്രതയുള്ളില്‍ ഗര്‍ജിക്കവേ- 

ഹംസമല്ല ഞാന്‍ പാറിക്കടക്കുവാന്‍. 

മഹാഭാരതം ഒരിക്കലെങ്കിലും വായിച്ചവര്‍ക്കും ഒന്നിലധികം തവണ വായിച്ചവര്‍ക്കും പുതിയ പൊരുളുകള്‍ നല്‍കും കുരീപ്പുഴയുടെ ഭാരതം. ഇനിയും വായിക്കാത്തവര്‍ക്ക് പുതിയ കാഴ്ചപ്പാടുകളോടുകൂടി ഇനിയെങ്കിലും വായിക്കാം. ഭാരതം വായിക്കാനേ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍ക്കൂടിയും ഈ സ്വതന്ത്ര കവിതകള്‍, സഫലമായ 

കാവ്യജീവിതത്തിന്റെ സമ്മോഹന ഫലങ്ങളായി മലയാള കാവ്യശാഖയെ സമ്പന്നമാക്കുന്നു. 

Content Summary: Mahabharatham - Vyasante Sasyasala book by Kureeppuzha Sreekumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA