മാ നിഷാദയുടെ മഹാരഹസ്യം; വാത്മീകിയുടെ മൗനധ്വനികളും

valmiki-s-women
SHARE
ആനന്ദ് നീലകണ്ഠൻ

വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻസ്

വില 399 രൂപ

ക്രൗഞ്ച പക്ഷിയുടെ ഇണയെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോട് മാ നിഷാദ എന്നു പറഞ്ഞപ്പോൾ ആദി കാവ്യം പിറന്നെങ്കിലും അസ്വസ്ഥനും സംശയഗ്രസ്തനുമായിരുന്നു വാത്മീകി. കാട്ടാളന് എങ്ങനെ ഇത്രമാത്രം ക്രൂരനാകാൻ കഴിയുന്നു എന്നദ്ദേഹം ചിന്തിച്ചു.  ദേഷ്യവും വിഷാദവും തോന്നി. പക്ഷിയെ അമ്പെയ്തു വീഴ്ത്തുന്നതിൽ നിന്ന് കാട്ടാളനെ തടയാൻ കഴിയാത്തതിൽ നിസ്സഹായതയും തോന്നി. തന്റെ ശാപം നിഷ്ഫലമാകുന്നതും അദ്ദേഹം അറിഞ്ഞു. 

പക്ഷിയെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനാകട്ടെ മഹർഷി ഉച്ചരിച്ച ഒരു വാക്കു പോലും മനസ്സിലായില്ല. അയാളുടെ ഭാര്യയും മകളും ദിവസങ്ങളായി പട്ടിണിയായിരുന്നു. വിശന്നു തളർന്ന മകളുടെ കരയുന്ന കണ്ണുകൾ കണ്ടുകൊണ്ടാണ് അന്ന് വേട്ടയാടാൻ ഇറങ്ങിയതു തന്നെ. ജീവിതത്തിലാദ്യമായി ആദ്യത്തെ അമ്പിൽ തന്നെ ഇര ലഭിച്ചപ്പോൾ ആഹ്ലാദവാനായി. ഭക്ഷണം കഴിച്ചുറങ്ങുന്ന മകളുടെയും സംതൃപ്തയായ ഭാര്യയുടെയും മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു. 

ഇണ നഷ്ടപ്പെട്ട പക്ഷി അപ്പോഴും ഒന്നും മനസ്സിലാകാതെ ദുരന്തത്തിന്റെ ആഘാതത്തിൽ തരിച്ചിരിക്കുകയായിരുന്നു. പക്ഷിയുടെ കുട്ടികളെ ഉഗ്രവിഷമുള്ള ഒരു പാമ്പ് ആഹാരത്തിന് ഇരയാക്കിയിരുന്നു. ആ സമയത്തു തന്നെ ഇണ വിട്ടുപോയതിന്റെ വിഷാദമായിരുന്നു ആദ്യം. പിന്നീട് ഇണ അരികിലെത്തി. ദുഃഖം മറന്ന് വീണ്ടും കുട്ടികളെ സ്വപ്നം കണ്ടുകൊണ്ട് ഇണയുടെ കൊക്ക് ഉരുമ്മിയിരിക്കുമ്പോഴാണ് എവിടെനിന്നോ വന്ന അമ്പ് ജീവിതം തകർത്തത്. 

മഹർഷി തന്നെ ശപിക്കുകയാണെന്നു മനസ്സിലാകാതിരുന്ന കാട്ടാളൻ കുടിലിൽ ഭക്ഷണം തയാറായപ്പോൾ അതിലൊരു പങ്ക് അദ്ദേഹത്തിനു നിവേദിച്ചു. പക്ഷിയെ അമ്പെയ്തു വീഴ്ത്തിയ അയാൾ അപ്പോഴും ഭക്ഷണം കഴിച്ചിരുന്നില്ല. മകളുടെ വിശപ്പു മാറിയതോടെ അയാൾക്കും വയറു നിറഞ്ഞതുപോലെയാണു തോന്നിയത്. മഹർഷി തന്നോട് എന്താണു പറഞ്ഞതെന്ന് മനസ്സിലാകാതിരുന്നതിന്റെ അസ്വസ്ഥതയുമുണ്ടായിരുന്നു. ഇണയെ നഷ്ടപ്പെട്ട പക്ഷി കാട്ടാളന്റെ കുടുംബത്തെ രഹസ്യമായി നിരീക്ഷിച്ചു. മകളുടെ പട്ടിണി മാറ്റാൻ വേണ്ടിയാണല്ലോ കാട്ടാളൻ അമ്പെയ്തത് എന്നു മനസ്സിലായപ്പോൾ പക്ഷിയുടെ വേദനയ്ക്ക് ശമനമുണ്ടായി. അത് ആ കുടുംബം ഭക്ഷണം പാകം ചെയ്യാൻ കൂട്ടിയ തീയിലേക്കു സ്വയം വീണു കൊടുത്തു. ആദ്യത്തെ ആത്മാഹുതി. വാത്മീകിയും ഇതിനു നിശ്ശബ്ദ സാക്ഷിയായിരുന്നു. മാ നിഷാദ എന്നാദ്യം പറഞ്ഞെങ്കിലും ആരെയും കുറ്റപ്പെടുത്താൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. പക്ഷിയുടെ ദുഃഖം സത്യമാണ്. ദുഃഖം നിരാധാരമാണ്. എന്നാൽ കാട്ടാളൻ കുറ്റവാളിയല്ല. ഇരയെ ലഭിച്ചിട്ടുപോലും അതയാൾ ആഹാരമാക്കിയില്ല. പകരം മകൾക്കു വിശപ്പു മാറ്റാൻ നൽകുകയായിരുന്നു. 

ശാപം ചൊരിഞ്ഞ മഹർഷിക്കു പോലും അയാൾ അതിലൊരു പങ്ക് നൽകുകയും ചെയ്തു. ക്രൂരത കുടികൊള്ളുന്നു എന്നു താൻ കരുതിയ അയാളുടെ ഹൃദയത്തിൽ കരുതലുമുണ്ട്. അനുകമ്പയുമുണ്ട്. വാത്മീകി വീണ്ടും അസ്വസ്ഥനായി. മനസ്സിൽ രചിച്ചു തുടങ്ങിയ കാവ്യം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നദ്ദേഹത്തിനു മനസ്സിലായില്ല. എല്ലാ ഗുണങ്ങളുടെയും വിളനിലമായ പുരുഷനെ ചിത്രീകരിക്കാൻ അദ്ദേഹത്തിനു മനസ്സു വന്നില്ല. വിശപ്പ് സത്യമാണ്. ദുഃഖവും. ക്രൂരത യാഥാർഥ്യമാണ്. കാരുണ്യവും. തമസാ നദിയുടെ തീരത്ത് മനസ്സിനെ അലട്ടുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടി അദ്ദേഹം കാത്തിരുന്നു. കാട്ടാളൻ തനിക്കു നൽകിയ ഭക്ഷണം അപ്പോഴാണ് ഒരു കുറുക്കൻ പതുങ്ങിവന്ന് ആർത്തിയോടെ ഭക്ഷിക്കുന്നത് അദ്ദേഹം കാണുന്നത്. അതോടെ  ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. 

ലോകത്തെ നൻമയുടെ പ്രതിരൂപമായി തന്റെ കാവ്യത്തിലെ സ്ത്രീയെ സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതിഹാസ കഥ ആ സ്ത്രീയെക്കുറിച്ചായിരിക്കും എന്നും അദ്ദേഹം ഉറപ്പിച്ചു. അമ്മയും മകളും സ്നേഹവും കാരുണ്യവും അനുകമ്പയും എല്ലാം ഉൾച്ചേർന്ന സ്ത്രീ. അങ്ങനെയൊരു സ്ത്രീക്കു ജൻമം നൽകാൻ മനുഷ്യസ്ത്രീക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഭൂമിക്കു മാത്രമേ അങ്ങനെയൊരു മകൾക്കു ജൻമം നൽകാനാവൂ. ഭൂമിജ എന്നായിരിക്കും താൻ സൃഷ്ടിക്കാൻ പോകുന്ന ത്യാഗത്തിന്റെ പ്രതിരൂപമായ എന്നാൽ ദുഃഖിക്കാൻ വിധിക്കപ്പെട്ടവളുമായ സ്ത്രീയുടെ പേര് എന്നദ്ദേഹം തീരുമാനിച്ചു. ഇതിഹാസത്തിൽ മറ്റനേകം പേരുകളിൽ ഭൂമിജ അറിയപ്പെടും. മൈഥിലി, വൈദേഹി. ജാനകി. സുനയനി. സീത. എന്നാൽ തനിക്ക് അവൾ ഭൂമിജ തന്നെയാണെന്ന് വാത്മീകി ഉറപ്പിച്ചു. പ്രഭാതം വിടരുന്നു. വാത്മീകിയുടെ മനസ്സിൽ രാമായണവും. 

ഇതിഹാസത്തിലെ സ്ത്രീകളെക്കുറിച്ചാണ് ബാഹുബലിയുടെ രചയിതാവ് ആനന്ദ് നീലകണ്ഠന്റെ ഏറ്റവും പുതിയ പുസ്തകം. ആദ്യത്തെ അധ്യായം ഭൂമിജ എന്നു മഹർഷി അരുമയോടെ വിളിച്ച സീതയെക്കുറിച്ചു തന്നെ. ശാന്ത, മന്ഥര, താതക, മീനാക്ഷി എന്നീ സ്ത്രീകളെയും മിഴിവുറ്റ ഭാഷയിൽ അദ്ദേഹം ചിത്രീകരിക്കുന്നു. 

രാമായണത്തിന്റെ പുനർവായന എന്നതിനേക്കാൾ അധികവായനയാണിത്. സൂക്ഷ്മങ്ങളിൽ നിന്ന് സ്ഥൂലങ്ങളിലേക്ക്. ആദി കവിയുടെ മൗനത്തിൽ നിന്ന് വിശദീകരണങ്ങളിലേക്ക്. രാമായണം കൂടുതൽ അറിയാൻ, മനസ്സിലാക്കാൻ ഉപകരിക്കുന്നതിനൊപ്പം സ്വതന്ത്രമായ പുസ്തകം കൂടിയാണ് വാത്മീകിയുടെ സ്ത്രീകൾ. തെളി‍ഞ്ഞ ഭാഷയിൽ മനോഹരമായ കഥയുടെ ശൈലിയിൽ എഴുതിയ ആഖ്യാനങ്ങൾ. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്. 

Content Summary: Valmiki's Women Written By Anand Neelakantan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA