ഹിംസയുടെ ഗണിതം; ചോരമണമുള്ള നിഗൂഢത

murdometry-book-sibi-john-thooval-book-cover-portrait-image
SHARE
സിബി ജോൺ തൂവൽ

സൈകതം ബുക്സ്

വില 210 രൂപ

കണക്കുണ്ട്, ഒപ്പം കണക്കില്ലാതെ സസ്പെന്‍സും. ആമുഖത്തില്‍ പറഞ്ഞിരിക്കുന്നപോലെ വായനക്കാരനെ കണക്കില്ലാത്ത സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് അടുത്തിടെ പുറത്തിറങ്ങിയ കുറ്റാന്വേഷണ നോവല്‍ മര്‍ഡോമെട്രി. പത്രപ്രവര്‍ത്തകന്‍ കൂടിയായ സിബി ജോണ്‍ തൂവലാണു മര്‍ഡോമെട്രിയുടെ രചന. അതുകൊണ്ടുതന്നെ പത്രപ്രവര്‍ത്തകന്റെ മൂന്നാംകണ്ണിലൂടെയുള്ള കൗതുകകാഴ്ചകളും നോവലില്‍ നിറഞ്ഞിരിക്കുന്നു. എന്തായാലും പുത്തന്‍വായനാനുഭവം തേടുന്ന പുതുതലമുറയുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു മര്‍ഡോമെട്രി. ക്രൈംത്രില്ലര്‍ നോവലുകള്‍ വായനക്കാരനു സമ്മാനിക്കുന്ന ആകാംക്ഷ. ആദ്യപേജു മുതല്‍ മെല്ലെ ഉയരുന്ന നെഞ്ചിടിപ്പ്. അവസാന പേജിലെത്തുമ്പോഴേക്കും ആകാംക്ഷയും ആശങ്കയും തിളച്ചുമറിയുന്ന അവസ്ഥ. മര്‍ഡോമെട്രിയും സമ്മാനിക്കുന്നതു വായനയുടെ ഊഷ്മാവ് കൂട്ടുന്ന ഇത്തരമൊരു അനുഭവം തന്നെ. 

കുറ്റകൃത്യത്തിനും അന്വേഷണത്തിനും അകമ്പടിയായെത്തുന്ന ചെറുതും വലുതുമായ ഗണിതസമസ്യകൾ കൂടിയാകുമ്പോള്‍ വായനയുടെ സുഖം കൂടുന്നു എന്നതാണു മര്‍ഡോമെട്രിയുടെ സവിശേഷത. കണക്ക് എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരെപ്പോലും വല്ലാത്തൊരു ശക്തിയോടെ വലിച്ചടുപ്പിക്കുന്നു മര്‍ഡോമെട്രി. ആര്‍ക്കും ലളിതമായി മനസ്സിലാക്കാവുന്ന കണക്കേയുള്ളൂ. പക്ഷേ, അതിനോടു ചേര്‍ത്തുവച്ചിരിക്കുന്ന രഹസ്യങ്ങള്‍ തുറന്നുവരുമ്പോള്‍ വാനയക്കാരനില്‍ അറിയാതൊരു നിശ്വാസം ഉയരും എന്നുമാത്രം.

മഞ്ഞും തണുപ്പും മറ തീര്‍ക്കുന്ന പീരുമേട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സാവിയോ റോബര്‍ട്ട്, തന്നെ തേടിയെത്തിയ തപാല്‍ കവര്‍ തുറന്നപ്പോള്‍ കണ്ടത് ഒരു ഗണിതസമസ്യ. കുഴക്കുന്ന ഈ സമസ്യയ്ക്ക് ഉത്തരം തേടിയാണു അധികം ദൂരെയല്ലാതെ താമസിക്കുന്ന ഗണിതപണ്ഡിതന്‍ പ്രഫ.സെന്നിനെ കാണാന്‍ സാവിയോ തീരുമാനിച്ചത്. സാവിയോ എത്തുമ്പോഴേയ്ക്കും വൈകിക്കഴിഞ്ഞിരുന്നു. ചോരചിന്തിയ മുറിയില്‍ കൊലയാളി അവശേഷിപ്പിച്ചതു വീണ്ടും ഒരു ഗണിത സമസ്യ. വീണ്ടും ഒരു വെല്ലുവിളി. തെളിവുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്തും ഗുണിച്ചും ഹരിച്ചും കുറ്റവാളിക്കു പിന്നാലെ സാവിയോ. ഇങ്ങനെയൊരു പ്രതിസന്ധിയിലേക്കാണു മര്‍ഡോമെട്രിയുടെ തുടക്കം വായനക്കാരനെ എത്തിക്കുക. സാവിയോയ്‌ക്കൊപ്പം പിന്നെ വായനക്കാരനും ഓട്ടം തുടങ്ങുകയായി.

നോവല്‍ നടക്കുന്നതായി വിശദീകരിച്ചിരിക്കുന്ന പ്രദേശങ്ങളും പരിസരങ്ങളും ഏറെ ആകര്‍ഷകമാണ്. തേയിലത്തോട്ടങ്ങളും മഞ്ഞില്‍ തലപൂഴ്ത്തിയ മലനിരകളും പഴമ പേറുന്ന ബംഗ്ലാവുകളും സാക്ഷിയായി നോവലില്‍ പലവട്ടം പ്രത്യക്ഷപ്പെടുന്നു. മലയാളത്തിനു പുത്തന്‍ പരീക്ഷണമായാണു മര്‍ഡോമെട്രി രചിച്ചിരിക്കുന്നത്. കൊലപാതകവും ഗൂഢാലോചനയും തെളിവുശേഖരണവും ഒപ്പം അന്വേഷണ ഉദ്യോഗസ്ഥനെ നയിക്കാന്‍ ഗണിതസമസ്യകളും കൂടിയാകുമ്പോള്‍ വായനക്കാരുടെ നെഞ്ചിടിപ്പ് കൂടും.

മലയാളത്തിലെ ആദ്യത്തെ മാത്തമാറ്റിക് ക്രൈംത്രില്ലര്‍ എന്നുകൂടി മര്‍ഡോമെട്രിയെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റും പറയാനില്ല. എന്നാല്‍ കണക്കിന്റെ സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെ ആര്‍ക്കും എളുപ്പത്തില്‍ അവസാനംവരെ ആകാംക്ഷയോടെ വായിച്ചുപോകാം എന്നുകൂടി പറയാതെ വയ്യ. നോവല്‍ വായിക്കുന്ന സുഖത്തിനൊപ്പം, കണക്കും കണക്കുകൂട്ടലുകളും പകയും പ്രതികാരവും പ്രണയവുമൊക്കെ എങ്ങനെ ജീവിതങ്ങളെ സ്വാധീനിക്കുന്നു എന്നും ആസ്വദിച്ചു മനസ്സിലാക്കാം...!

ആകാശത്തെ നക്ഷത്രങ്ങള്‍ മാത്രമല്ല, ഭൂമിയിലെ ചെറുനമ്പരുകള്‍ വരെ ഒട്ടേറെ രഹസ്യങ്ങള്‍ പേറിയാണു നമുക്കു ചുറ്റും കറങ്ങുന്നത്. മര്‍ഡോമെട്രി വായിക്കുമ്പോള്‍ വായനക്കാരന്‍ അറിയാതെ ഇത്തരം ചിന്തകളിലേക്കു വീഴും. നമ്മളെ ചുറ്റിപ്പറ്റി കറങ്ങുന്ന രഹസ്യങ്ങളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കും. ഒട്ടും ലാഗ് ചെയ്യാതെ കുറ്റവാളിയുടെ പിന്നാലെയുള്ള ഓട്ടം. ആദ്യംമുതല്‍ മുറുകുന്ന സസ്പെന്‍സ് അവസാന പേജു വരെയും. മര്‍ഡോമെട്രി എന്ന ക്രൈംത്രില്ലര്‍ സമ്മാനിക്കുന്ന വായനാനുഭവം ഇതാണ്. തുടക്കം മുതല്‍ അവസാനപേജുവരെ നിലനിര്‍ത്തുന്ന ഉദ്വേഗം ശരിക്കും ത്രില്ലടിപ്പിക്കും.

സാവിയോയോടൊപ്പം തുടങ്ങുന്ന നമ്മുടെ യാത്ര സാവിയോയോടും കുറ്റവാളിയോടും ഒപ്പം അവസാനിക്കുന്നതുവരെ പലവധി ആശങ്കകളുടെ താഴ്‌വാരത്തിലാകും വായനക്കാരന്‍. തെല്ലും മുഷിപ്പിക്കാതെ കഥാപാത്രങ്ങളോടൊപ്പമുളള സഞ്ചാരം. അതിനിടയില്‍, ആര്‍ക്കും മനസ്സിലാകുന്നില്ല എന്നു തോന്നിപ്പിക്കത്തക്ക വിധത്തിലുള്ള പ്രണയത്തിന്റെ ഒരു നേര്‍ത്ത കുളിരും.

‘ചിത്രകാരന്‍ പിക്കാസോയ്ക്കു കുട്ടിക്കാലത്തു 2 എന്ന അക്കം കണ്ടപ്പോള്‍ മുട്ടിന്മേല്‍ ഇരുന്നു പ്രാർഥിക്കുന്ന ഒരു സ്ത്രീയുടെ രൂപം പോലെയാണത്രേ തോന്നിയത്. ഒന്ന് എന്ന അക്കത്തെ ഒരു മെഴുതിരി പോലെയും. അക്കങ്ങള്‍ ഇങ്ങനെയാണ്. ഓരോരുത്തര്‍ക്കും കാണുമ്പോള്‍ ഓരോരോ ചിന്തയാണു നല്‍കുക. എന്തായാലും ഒന്നുറപ്പ്. അക്കങ്ങള്‍ നമ്മള്‍ ഓരോരുത്തരുടെയും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജനനം മുതല്‍ മരണംവരെ അക്കങ്ങളുമായി കൂട്ടിക്കെട്ടിയതാണു നമ്മുടെ ജീവിതം. ജനനസമയത്ത് ആശുപത്രിയില്‍ ഒരു അക്കമിട്ടാണു നിങ്ങളെ സൂചിപ്പിക്കാന്‍ ആരംഭിക്കുക. മരിച്ചു മരവിച്ചു കിടക്കുമ്പോള്‍ മോര്‍ച്ചറിയിലും നിങ്ങള്‍ക്കു കൂട്ടായി ഇങ്ങനെ ഒരു അക്കമുണ്ടാകും.

ബിസി 550 ല്‍ ജീവിച്ചിരുന്ന പ്രസിദ്ധ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും യോഗിയുമായിരുന്നു പൈതഗോറസ്. സംഖ്യകളുടെ ശക്തിയിലാണു ലോകം നിര്‍മിച്ചിരിക്കുന്നത് എന്ന വാചകം അദ്ദേഹത്തിന്റേതായാണു കരുതപ്പെടുന്നത്. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള അക്കങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകരുന്ന ആകസ്മികതകള്‍ അനവധിയാണെന്നു പൈതഗോറിയന്‍ വിദ്യാര്‍ഥികള്‍ വാദിക്കുന്നു.

അത് എന്തായാലും, ലോകത്തു എവിടെയും ഓരോ സംഖ്യയും ഓരോ ആശയത്തെ പ്രതിനിധീകരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. രാവും പകലും പോലെ പരസ്പര വിരുദ്ധങ്ങളായ രണ്ട്. ഭൂതവും ഭാവിയും വര്‍ത്തമാനവും സൂചിപ്പിക്കുന്ന മൂന്ന്... ഇങ്ങനെ ആ ചിന്ത പോകുന്നു.

ഇങ്ങനെ പലവിധ അർഥങ്ങള്‍ പകരുന്ന സംഖ്യകള്‍ കൊലയാളിയുടെ മനസ്സുള്ള ഒരു ക്രിമിനലാണ് ഉപയോഗിക്കുന്നതെങ്കിലോ...

എതിരാളിയെ വകവരുത്തിയ ശേഷം, അല്ലെങ്കില്‍ വകവരുത്താന്‍ ലക്ഷ്യമിട്ട ശേഷം അവശേഷിപ്പിക്കുന്ന സംഖ്യകള്‍. പകവീട്ടലിന്റെ സുഖം ആസ്വദിക്കുന്നതിനൊപ്പം വഴിതെറ്റിക്കാനുള്ള വഴിമരുന്നുകൂടി ഇട്ടുള്ള വരയും കുറിയും. അതിനു പിന്നാലെ വേട്ടപ്പട്ടിയുടെ ബുദ്ധിയോടെ ഇറങ്ങുന്ന അന്വേഷകന്‍. അക്കങ്ങള്‍ക്കും സംഖ്യകള്‍ക്കും ഒപ്പം അക്ഷരങ്ങള്‍ കൂടിയാകുമ്പോള്‍ രസം കൂടും. കുറ്റവാളിയും കുറ്റാന്വേഷകനും നടത്തുന്ന പാമ്പും ഗോവണിയും കളി.’

ആമുഖത്തില്‍ മര്‍ഡോമെട്രിയെ കുറിച്ചു ഗ്രന്ഥകാരന്‍ പറഞ്ഞിരിക്കുന്ന വാചകങ്ങളാണ് മേല്‍പറഞ്ഞത്. വായിക്കുമ്പോള്‍, പേജുകള്‍ മറിച്ചു മുന്നോട്ടുപോകുമ്പോള്‍ ഈ പാമ്പും ഗോവണിയും കളി നമ്മളെ കൂടുതല്‍ ഉദ്വേഗത്തിലാഴ്ത്തും. മലയാളത്തില്‍ ഇപ്പോള്‍ വളര്‍ച്ചയുടെ കൊടുമുടിയിലാണു കുറ്റാന്വേഷണ സാഹിത്യം. സമ്പന്നമായ കുറ്റാന്വേഷണ സാഹിത്യശാഖയില്‍ പുതിയ വാഗ്ദാനമാണു മര്‍ഡോമെട്രി എന്നു വായനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോതമംഗലം ആസ്ഥാനമായ സൈകതം ബുക്‌സാണു പ്രസാധകര്‍. ആമസോണിലും സൈകതം ബുക്‌സ് ഓണ്‍ലൈലിനും പ്രമുഖഷോപ്പുകളിലും മര്‍ഡോമെട്രി ലഭിക്കും.

പുസ്തകത്തെകുറിച്ച് വായനക്കാർക്ക് പറയാനുള്ളത്

പൊതുവേ, മാത്തമാറ്റിക്സ് എന്ന വിഷയം പലർക്കും ഇഷ്ടമല്ല. എന്നാൽ കണക്കിലെ വ്യത്യസ്തതകളും കൗതുകകരമായ പുത്തൻ അറിവുകളും ഭാഷയും വ്യത്യസ്തമായ അവതരണ ശൈലിയും കൊണ്ടു രചന മികവുറ്റതാണ്. 

അക്ഷരങ്ങളിലൂടെയും അക്കങ്ങളിലൂടെയും തെന്നിമാറി മറഞ്ഞിരുന്നുകൊണ്ട് ബുദ്ധികൂർമയോടെ മുന്നേറി വായനക്കാരെ ത്രസിപ്പിക്കുന്ന നായകനും പ്രതിനായകനും. ഇത്തരത്തിൽ നല്ല കഥാപാത്രങ്ങൾ കൊണ്ടും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ, തുടക്കം മുതൽ അവസാനം വരെ, അറിവിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തികൊണ്ട് എഴുത്തുകാരൻ വായനക്കാരനെ പിടിച്ചിരുത്തുന്നു..

– ജോയൽ അഗസ്റ്റിൻ

ചില പുസ്തകങ്ങൾ വായിക്കാനെടുത്താൽ ഒറ്റയിരുപ്പിന് വായിച്ചു തീർക്കണം. എന്നാലേ ഒരു സുഖമുണ്ടാകൂ.

മർഡോമെട്രി കൈയിൽ കിട്ടിയിട്ട് കുറെ ദിവസമായി. ചുമ്മാ മറിച്ചു നോക്കിയപ്പോൾ കഥ നടക്കുന്ന സ്ഥലം നമ്മൾ എന്നും കാണുന്ന പീരുമേടും കുട്ടിക്കാനവും പള്ളിക്കുന്നുമൊക്കെയാണ്. എന്നാൽ പിന്നെ വായിച്ചേക്കാം എന്നു കരുതി. വായിച്ചു തുടങ്ങിയപ്പോൾ ഓരോ അധ്യായ വും കഴിയുമ്പോൾ അടുത്തത് എന്ത് എന്നറിയാനുള്ള ആകാംക്ഷയാണ്. 

വായനയ്ക്കിടയിൽ പല പരിപാടികളും വന്നു. പോയ സ്ഥലങ്ങളിൽ എല്ലാം താമസിച്ചാണ് പോകുന്നത്. കാരണം മർഡോമെട്രി വായിച്ചിങ്ങനെ ഇരിക്കും. ഒരു അദ്ധ്യായം തീരുമ്പോൾ മറ്റേത് കൂടി വായിച്ചിട്ട് ഇറങ്ങാം എന്ന് ഓർക്കും. അങ്ങനെ സമയം പോകും.

എന്താണെങ്കിലും നല്ലപോലെ പഠിച്ചും കാര്യങ്ങൾ വിശകലനം നടത്തിയും അവസാന പേജ് വരെ സസ്പെൻസ് നിലനിർത്തി എഴുതിയിരിക്കുന്ന മർഡോമെട്രി എല്ലാവരും ഒന്ന് വായിക്കണം. ഒരു സിനിമ കണ്ട ഫീലിങ്ങാണ്.

– ഡോ. ഫൈസൽ മുഹമ്മദ്

Content Summary: Murdometry book written by Sibi John Thooval 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA