ADVERTISEMENT

ഒറ്റ നൂലിനാൽ കോർക്കപ്പെട്ട പലതരം പൂക്കളുടെ മാല പോലെയാണ് ഇപ്പോൾ ലോകം. കൊറോണ വൈറസ് എന്ന ‘നൂല്’, ഭേദചിന്തകളില്ലാതെ ലോകത്തെ ഒറ്റക്കെട്ടിലാക്കിയിട്ടു രണ്ടു വർഷമാകുന്നു. ഏറിയും കുറഞ്ഞും എല്ലാ രാജ്യങ്ങളും ജനതയും കോവിഡ് മഹാമാരിയുടെ പൊള്ളലും നീറ്റലും അനുഭവിച്ചവരാണ്. ലോക്ഡൗൺ, ക്വാറന്റീൻ തുടങ്ങിയ വാക്കുകൾ ജീവിതത്തിന്റെ ഭാഗമായ കാലം. നിയന്ത്രണങ്ങൾ കടുക്കുമ്പോഴാണല്ലോ സർഗാത്മകത ചിറക് വിടർത്തുക. ചക്കച്ചമ്മന്തിയും കുഴിമന്തിയും മുതൽ ഒടിടി പ്ലാറ്റ്ഫോം വരെ സർഗാത്മകതയുടെ സാന്നിധ്യമായി. ഇതുവരെ ഇല്ലാതിരുന്ന സമയം, ഇഷ്ടം പോലെയായപ്പോൾ, പലരുടെയും വായനയും സിനിമ കാണലുമെല്ലാം ഭംഗിയായി നടന്നു.

 

മനുഷ്യൻ എക്കാലവും പലതരം തടവുകളിലാണ് എന്നൊരു നിരീക്ഷണം കാലങ്ങളായുള്ളതാണ്. എന്നാലുമേതു തടവുകാരനും തലച്ചോറ് തടവറയ്ക്കു പുറത്തു വയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അപ്പോൾ ആദ്യം തടവ് ചാടുന്നത് തടവുകാരനല്ല, അയാളുടെ ഭാവനയാണ്. കൊള്ളാമല്ലോ എന്നുതോന്നിയേടത്തുനിന്ന് ആകെ കുഴപ്പമായല്ലോ എന്നായിപ്പോയ കോവിഡ് ലോക്ഡൗൺ കാലത്ത്, വാക്കുകളുടെ തോണിയിലേറി വായനക്കാരനെ ഭാവനയുടെ അക്കരെയെത്തിക്കുന്ന പുസ്തകമാണ് ‘തടവ് ചാടിയ വാക്ക്’. കഥാകൃത്തും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ ടി. അരുൺകുമാറിന്റെ ആദ്യ ലേഖന സമാഹാരം. താഴിട്ടു പൂട്ടപ്പെട്ട ലോകത്തെ അക്ഷരത്താക്കോൽ ഉപയോഗിച്ചു തുറക്കാനുള്ള അഭിനന്ദനാർഹമായ ശ്രമമാണിത്.

 

‘ആഹാരം അടിസ്ഥാനപരമായി മനുഷ്യനില്‍ ഇന്ധനത്തിന്റെ ധര്‍മമാണു നിര്‍വഹിക്കുന്നത്. അതുകൊണ്ടാണു രോഗക്കിടക്കയില്‍ ഡ്രിപ്പായും ബഹിരാകാശ യാത്രകളിലും മറ്റു യുദ്ധസമാന സാഹചര്യങ്ങളിലുമൊക്കെ ഗുളിക രൂപത്തിലും എനര്‍ജി സപ്ലിമെന്റുകളായുമൊക്കെ അതിനു മനുഷ്യജീവിതത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്നത്. ഭക്ഷണവും രതിയും, രണ്ടും ഒരേ സമയം ജൈവികമായ പ്രാഥമികാവശ്യങ്ങളായിരിക്കുമ്പോള്‍തന്നെ മനുഷ്യനിലെ ആനന്ദാന്വേഷണത്തിന്റെ, ഭാവനയുടെ, സര്‍ഗാത്മകതയുടെ വിളനിലങ്ങളില്‍പ്പെട്ട് ഫോര്‍ഗ്രൗണ്ടില്‍ ഏറ്റവും വലിയ ആഹ്ലാദമായും ബാക്ക് ഗ്രൗണ്ടില്‍ ഏറ്റവും വലിയ ആസക്തിയായും മാറിയിരിക്കുന്നു.’– രുചിരതികൾ എന്ന നീണ്ട ലേഖനത്തിൽ എഴുത്തുകാരൻ കുറിക്കുന്നു.

 

‘രതിയോടുള്ള ആസക്തി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോഴാണ് പോണ്‍ ഉണ്ടാകുന്നത്. ഭക്ഷണത്തോടുള്ള ആസക്തി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ഭക്ഷണ എഴുത്തുകളും പാചക പുസ്തകങ്ങളും ഭക്ഷണ സിനിമകളും സെലിബ്രിറ്റി ഷെഫുമാരും ഉണ്ടാകുന്നു. ഭക്ഷണം ശരീര സംവിധാനത്തിനുള്ളില്‍ എരിയുന്നതിലൂടെയാണു നിങ്ങളുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണത്തെ നിഷേധിക്കണമെങ്കില്‍ ഏറ്റവും അനിവാര്യമാകുന്നതും ഭക്ഷണം തന്നെയാണ് എന്നതാണു ഹാസ്യാത്മകമായ വൈരുധ്യം. തീറ്റയിലെ പരീക്ഷണങ്ങള്‍കൊണ്ട് രതിയെ എങ്ങനെ പരിപോഷിപ്പിക്കാമെന്നതു മനുഷ്യന്‍ എക്കാലവും തലപുകഞ്ഞാലോചിച്ചുകൊണ്ടിരുന്ന പ്രശ്‌നമാണ്.

 

ഉറുമ്പിന്റെ ലാര്‍വയില്‍ നിന്നുണ്ടാക്കുന്ന, കാഴ്ചയില്‍ നമ്മുടെ ചോറ് പോലിരിക്കുന്ന, മെക്‌സിക്കന്‍ വിഭവമായ എസ്‌കാമോള്‍സ്, താറാവ് മുട്ട വിരിയാറാവുമ്പോളെടുത്ത് ഭ്രൂണത്തെ വേവിച്ചുണ്ടാക്കുന്ന ബലൂട്ട് എന്ന ഫിലീപ്പീനി വിഭവം, മുട്ട കാലങ്ങളോളം സൂക്ഷിച്ചു വച്ചുണ്ടാക്കുന്ന ചൈനീസ് വിഭവമായ സെഞ്ചുറി എഗ്ഗ്, കൗമാരക്കാരുടെ മൂത്രത്തില്‍ മുട്ട പുഴുങ്ങിയുണ്ടാക്കുന്ന മറ്റൊരു ചൈനീസ് വിഭവമായ വെര്‍ജിന്‍ ബോയി എഗ്ഗ്... ഇത്തരം വിഭവങ്ങള്‍ ഇനിയുമേറെയുണ്ട്. രതിയും രുചിയും മനുഷ്യബോധത്തിന്റെ, അവന്റെ ജൈവമായ സഹജാവബോധങ്ങളുടെ, ഗര്‍ഭസ്തരത്തില്‍ പറ്റിപ്പിടിച്ചു വളരുന്ന സഹജാതീയ ഇരട്ടകളാണ്’.

 

കൊറോണയിൽനിന്ന് ഈനാംപേച്ചിയിലേക്കും കരടിയിലേക്കും ഇടവപ്പാതിയിലേക്കും സരയൂതീരത്തെ പശുവിലേക്കും വിശ്വവിഖ്യാതമായ മീശയിലേക്കും സ്പ്രിൻക്ലറിലേക്കും ഖസാക്കിലെ ഇംഗ്ലിഷ് തുമ്പികളിലേക്കും ഡ്രാക്കുളയിലേക്കും പാറിപ്പറക്കുകയാണ് അരുൺകുമാറിന്റെ കാഴ്ചകൾ. എംടിയും മോഹൻലാലും എസ്.ഹരീഷും വിജയനും മാർക്കേസും ക്ലിന്റ് ഈസ്റ്റ്‌വുഡും ബ്രാംസ്റ്റോക്കറും ഹരാരിയും മണിരത്നവും ടറന്റിനോയും ലിജോ ജോസും ഫിദൽ കാസ്ട്രോയും സത്യജിത്ത് റേയും മാർക്സും ഇയാൻ ഹിർസി അലിയും ഒരുമിച്ചിരുന്നു കുശലം പറഞ്ഞാൽ എങ്ങനെയിരിക്കും? രോഗം–കാലം, വാക്ക്, നോക്ക് എന്നീ മൂന്നു ഭാഗങ്ങളിലായി ഇരുന്നൂറിലേറെ പേജുകളിലായി ഇവരെല്ലാം ഈ പുസ്തകത്തിൽ കഥ പറയാനെത്തുന്നു.

 

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നിർണായകമായിത്തീരാൻ ചില്ലി ചിക്കനും ഗോബിമഞ്ചൂരിയനും കഴിയും. ബഹിഷ്കരണമെന്ന മണ്ടത്തരത്തിലൂടെയല്ല, സ്വന്തമാക്കുന്നതിലൂടെയും തദ്ദേശീയമായി പരിഷ്കരിക്കുന്നതിലൂടെയുമാവും അതു സാധ്യമാവുക. യുദ്ധത്തിനു പകരം നിൽക്കുന്നൊരു അടുക്കളപ്പരീക്ഷണം. ആയുധപരീക്ഷണശാലയ്ക്കു പകരം ഭക്ഷണപ്പരീക്ഷണശാല പുതിയ കാര്യമല്ല. മനുഷ്യകുലത്തിന്റെ എല്ലാ വൈജാത്യങ്ങളെയും അലിയിച്ചു കളയാൻ രുചിമുകുളങ്ങൾക്കാവുമെന്നു ഭക്ഷണ വ്യവസായം പണ്ടേ തെളിയിച്ചതാണ്– ‘നിയന്ത്രണ രേഖയിലെ ചില്ലിചിക്കൻ’ ലേഖനത്തിലെ അഭിപ്രായമാണിത്.

 

പ്രണയത്തിൽ തുടങ്ങി കദനത്തെ വരെ നാം മഴയുമായി ബന്ധിപ്പിച്ചു. മഴയുടെ കോശങ്ങൾ കൊണ്ടു മെനഞ്ഞെടുത്ത ക്ലാരയെന്ന സ്ത്രീയിൽ മുഖംപൂഴ്‍ത്തിക്കിടന്നു കാൽപനികതയുടെ മഴവെള്ളം കുടിച്ചുവറ്റിച്ചു. മഴയിൽ ബസ് കാത്തുകിട‌ന്ന രവിയുടെ ഓരത്തുനിന്നു നമ്മൾ അനാദിയായ വെളുത്ത മഴ പെയ്യുന്നതു കണ്ട‌ു. ജലമൊഴുകുന്ന കൈവഴികളുടെ അരികു പറ്റിയാവും ഓർമകളിലെ നാട്ടുവഴികൾ ഭൂരിഭാഗവും. ഈ നാട്ടുവഴികൾ വലിയ പാതകളായപ്പോൾ നീരൊഴുക്കുകളെ അവയുടെ വഴിക്കു വിടാനുള്ള വിവേകം കാണിച്ചില്ല– പ്രളയങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കാരണത്തിലേക്കു ലേഖകന്റെ ചൂണ്ടുവിരൽ.

 

മനുഷ്യന്റെ ചരിത്രമെന്നാൽ മഹാമാരികൾക്കെതിരായ പോരാട്ടചരിത്രം കൂടിയാണ്. നക്കിത്തുടച്ച് വിഴുങ്ങാനെത്തിയ മഹാമാരികളെയെല്ലാം എതിരിട്ടാണു ലോകം ഇതുവരെയെത്തിയതും. വൈറസ് എന്ന സൂക്ഷ്മമായ ജൈവരൂപം, മനുഷ്യൻ എന്ന സങ്കീർണമായ ജൈവരൂപവുമായി നടത്തുന്ന യുദ്ധമാണിത്. ജൈവികമായ അതിജീവനമാണ് അതിന്റെ മുൻഗണന. ചരിത്രവും ജ്ഞാനസമ്പത്തും കരുത്താകുമ്പോൾ കോവിഡിനെയും മനുഷ്യൻ മറികടക്കുമെന്നു ലേഖനങ്ങൾ ആത്മവിശ്വാസം കൊള്ളുന്നു. തന്റെ പ്രിയ എഴുത്തുകാരൻ ഒ.വി.വിജയനെപ്പറ്റി അരുൺ വാചാലനാകുന്നതും ലേഖനങ്ങളിൽ കാണാം.

 

ഖസാക്കിന്റെ ഇതിഹാസം, ഭാഷയുടെ ലാവണ്യത്തികവിന്റെയാകെ പര്യായമായ സവിശേഷ നോവലാണ്. മലയാളത്തിന്റെ മറപിടിച്ച് നാനാർഥപൂരിതമായ ജീവിതബിംബങ്ങളുടെ മറുഭാഷ കൊണ്ടെഴുതിയ മഹാഗീതകം. ആ ഭാഷയെ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തതു നോവലിസ്റ്റായ വിജയൻ തന്നെയാണെങ്കിലും അതിലെ അനുഭവം മാഞ്ഞുപോയെന്ന ‘സന്തോഷവും’ പങ്കുവയ്ക്കുന്നു. ധർമപുരാണം ഓൾടൈം ബുക്കാണ്. ഭരണകൂടവും ജനതയും ഉള്ളിടത്തോളം അധികാരത്തിന്റെ പോസ്റ്റ്‌മോർട്ടം ഗൈഡായി നിലനിൽക്കും. ധർമപുരാണം വായിക്കാത്തൊരാൾ സർഗകലാപം എന്ന വാക്കെന്തെന്ന് അറിയാതെ പോകുന്നെന്നും നിരീക്ഷണം.

 

കോവിഡിൽനിന്നു സാഹിത്യത്തിലേക്കും സിനിമയിലേക്കും ചേക്കേറുമ്പോൾ, അരുണിന്റെ തൂലികയിൽ പലവർണങ്ങൾ ഒരേസമയം വിരിയുന്നു. എംടിയെന്ന എല്ലാവരുടേതുമായ രണ്ടക്ഷരം, സംവിധായകൻ മാർട്ടിൻ സ്കോർസെസെ, റോബർട്ട് ഡി നീറോ, കെ.ജി.ജോർജ്, ആദാമിന്റെ വാരിയെല്ല്, ജീവിതസമീപനമാണ് പ്രായത്തിനെതിരായ മികച്ച ആന്റിബയോട്ടിക് എന്നു തെളിയിച്ച ക്ലിന്റ് ഈസ്റ്റ്‌വുഡ്, അനങ്ങാതിരിക്കുന്നൊരാന, ജയരാജൻ–അപ്പുണ്ണി–ബാലൻ–സത്യനാഥൻ–ആനന്ദൻ എന്നീ കഥാപാത്രങ്ങളിലേക്കു പകർന്നാടിയ മോഹൻലാൽ... തിരശീലയിലെ അദ്ഭുതങ്ങൾ.

 

ഗോസിപ്പ് ആണ് മനുഷ്യനെ സമൂഹജീവിയാക്കുന്നതെന്നാണു ചരിത്രകാരനായ യുവാൽ നോഹ ഹരാരിയുടെ നിരീക്ഷണം. അങ്ങനെയെങ്കിൽ, പ്രശസ്ത സാഹിത്യകാരൻ മാർക്കേസിനൊരു രഹസ്യപ്രണയം ഉണ്ടായിരുന്നെന്നും അതിന്റെ പേരിൽ അദ്ദേഹം തോക്കിൻമുനയിൽ അകപ്പെട്ടിട്ടുമുണ്ട് എന്നു പറഞ്ഞാലോ? ഒരു പാവം പയ്യൻ ലോകത്തോളം വളരുമ്പോൾ ചെറുപ്പകാലത്തെ കഥകൾക്കു തീ പിടിക്കുമല്ലോ. വലിയ മനുഷ്യരെപ്പറ്റിയുള്ള ഇത്തരം അതിശയ കഥകളുടെ തടവുചാടൽ കൂടിയാണ് ഈ അക്ഷരയാത്ര.

 

പൾപ്പ് ഫിക്‌ഷൻ എന്ന കൾട്ട് സിനിമയിലെ വിഖ്യാതമായ കറുത്ത രഹസ്യപ്പെട്ടിയിൽ എന്തായിരുന്നു? ആരാധകരും നിരൂപകരും ഒട്ടേറെ നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളും ചമച്ചിട്ടും ഇന്നുമതു രഹസ്യമാണ്. ഒടുവിൽ സിനിമാലോകം, സംവിധായകൻ ക്വിന്റിൻ ടറന്റീനോയോടു നേരിട്ടു ചോദിച്ചു. ‘എന്താണോ നിങ്ങൾക്ക് വേണ്ടത് അതുതന്നെ’ എന്നായിരുന്നു മറുപടി. പെട്ടിക്കുള്ളിൽ കാണിയുടെ തലച്ചോറെന്നു ചുരുക്കം. ഈ പുസ്തകത്തിനും ഏറെക്കുറെ ചേരും ഈ ഉത്തരം. ജയിക്കുന്നവരുടെ അക്ഷരങ്ങൾ തോൽക്കുന്നവരുടെ അക്ഷരങ്ങളെ കൂട്ടക്കൊല ചെയ്യുന്നു, കാലവീഥിക്കിരുപുറവും ജഡങ്ങൾ കുന്നുകൂടുന്നു. ഇതു കണ്ടില്ലെന്നു നടിച്ച് സ്മാർട്ട് ഫോണിൽ മുഖമമർത്തി നാം എങ്ങോട്ടോ നടക്കുന്നു.. വായനക്കാരെ തടവിലാക്കാൻ ശേഷിയുള്ള വാക്കുകൾ.

 

Content Summary: Thadavu Chadiya Vakku book written by T. Arunkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com