വലിയ തിന്മയെ ജയിക്കുന്ന ചെറിയ തിന്മ

ultimate-justice
SHARE
അജിത് ഗംഗാധരൻ

മാതൃഭൂമി ബുക്ക്സ്

വില: 240 രൂപ

വലിയ ചതിയും ചെറിയ ചതിയും എന്നുണ്ടോ? വലിയൊരു അക്രമത്തിനു മറുമരുന്നായി ചെറിയൊരു അക്രമം ചെയ്‌താൽ നിയമത്തിനു മുന്നിൽ അത് ലംഘനം തന്നെയായേക്കും. എന്നാൽ അങ്ങനെയൊന്ന് പലപ്പോഴും സാമാന്യ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അവരത് സ്വീകരിക്കാൻ തയാറുമാണ്. സിനിമകളിലൊക്കെ കാണുന്ന പല വീര നായകന്മാരും ഈ ചെറു ചതിയിലൂടെ വലിയ തിന്മയെ ക്രൂശിക്കുന്നതും, അത് വലിയ കാര്യമാണ് എന്ന പോലെ പറയുന്നതും കാണാം. അതിന്റെ മാനസിക വ്യാപാരങ്ങളെക്കുറിച്ച് പറയുന്നില്ല, കാരണം നിയമത്തിന്റെ മാത്രം കണ്ണിലല്ല നീതി. ഓരോ മനുഷ്യനും അത് ഓരോ വിധത്തിലാണ്. ‘ദ അൾട്ടിമേറ്റ് ജസ്റ്റിസ്’ എന്ന നോവലിൽ അജിത് ഗംഗാധരൻ മാധവ്ജി എന്ന കൊടും ക്രിമിനലിനെതിരെ എബിയെയും പശുപതിയെയും കുറിച്ചിടുന്നതും ഈ വിധത്തിലാണ്. 

ഏറ്റവും പുതിയ ക്രൈം ത്രില്ലർ വായനയിലാണ് ഈ സംശയം മനസ്സിൽ കടന്നു കൂടിയത്. പക്ഷേ അതിനൊന്നും സ്ഥാനമില്ല, അൾട്ടിമേറ്റ് ജസ്റ്റിസിന്റെ കവർ തന്നെ പറയുന്നുണ്ട് അതിന്റെ കഥ. യുദ്ധ വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന നിഞ്ച യോദ്ധാവാണ് കവർ. അതെ, സാധാരണ നമ്മൾ ഗെയിമിലും സിനിമകളിലും കണ്ടിട്ടുള്ള അതെ വേഷത്തിൽ തന്നെ. ഒരു ഗെയിം ആണ് നോവലിൽ നടക്കുന്നത്. 

എന്തിനും ഏതിനും ലാഭം നോക്കുന്ന ബിസിനസുകാരനാണ് മാധവൻ. വിവാഹം പോലും ലാഭകരമാണെന്ന് ഉറപ്പിച്ച് ചെയ്തൊരാൾ. കോടികൾ ഇല്ലീഗൽ ബിസിനസിലൂടെയും ചതിയുടെയും ഉണ്ടാക്കുന്നയാൾ. സ്വാഭാവികമായും കള്ളപ്പണം വെളുപ്പിക്കാൻ എല്ലാവരെയും പോലെ ധർമ്മ സ്ഥാപനങ്ങൾ നടത്തുന്നയാൾ. പക്ഷേ അയാൾ അറിയപ്പെടുന്നതു തന്നെ നന്മയുടെ വെളുത്ത രൂപത്തിലാണ്. അതിനു കൂട്ടായി മാധവൻ എന്ന മനോഹരമായ പേരും. പക്ഷേ രഹസ്യങ്ങൾ സൂക്ഷിക്കുന്ന മറുപാതി അയാൾക്ക് മറ്റൊരു പേര് പേറുന്നുണ്ട്. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്, ലോകം മുഴുവൻ നശിപ്പിക്കാൻ തക്ക ശക്തിയുള്ള ക്രൂരതകളും രഹസ്യങ്ങളും. 

മാധവ്ജി പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനാവുകയാണ്. അയാളുടെ നിഗൂഢതകളുടെ ചുരുളഴിക്കാൻ പശുപതിയും എത്തുന്നു. എബിയും അപർണ്ണയും അയാളെ സഹായിക്കാനും. എന്താണ് കവറിൽ കാണുന്ന നിഞ്ച യുദ്ധവുമായി നോവലിനുള്ള ബന്ധം എന്ന് ചോദിച്ചാൽ കുറ്റകൃത്യങ്ങൾക്കെതിരെ മറ്റൊരു സമൂഹം നടത്തുന്ന കളിയിലെ പോരാളികളാണ് അവർ. അതിന്റെ ഭാഗമാണ് എബിയും പശുപതിയും എല്ലാം. ഒരു ഗെയിമിൽ ഉള്ളതു പോലെ തന്നെ ശത്രുവിന്റെ വിനാശമാണ് യോദ്ധാക്കളുടെ ലക്ഷ്യം. മാധവ്ജിയാണോ എബിയുടെ യഥാർഥ ലക്ഷ്യം? മാധവന്റെ മകൾ അപർണ ഈ യുദ്ധത്തിൽ എങ്ങെനയാണ് പ്രതികരിക്കുക? പൊലീസ് ഉദ്യോഗസ്ഥനായ പശുപതി നീതി വിട്ടു കളിക്കാൻ തയാറാകുമോ? ഒരുപാട് ചോദ്യങ്ങളുണ്ട് വായനയിൽ. അധോലോകം എന്ന നിഗൂഢമായ വലിയൊരു ലോകത്തിനും മുകളിൽ ലോകം മുഴുവൻ പടർന്നു നിൽക്കുന്ന വലിയൊരു തിന്മയോടാണ് ഏറ്റു മുട്ടേണ്ടത്. പശുപതിയും എബിയും അപർണ്ണയും കൂടുമ്പോൾ അവരുടെ ലോകം തന്നെ അക്ഷരാർഥത്തിൽ മാറുന്നുണ്ട്. 

ഇന്റർനാഷണൽ കച്ചവടങ്ങളുടെ ചതികളും ബുദ്ധിയുള്ള ക്രിമിനലുകളുടെ സഞ്ചാരങ്ങളുമെല്ലാം നോവലിൽ വായനാക്ഷമമായ ഭാഷയിലും ശൈലിയിലും പറഞ്ഞു പോകുന്നു. എല്ലാത്തിനുമൊടുവിൽ ഒരു അൾട്ടിമേറ്റ് വിധി ഉണ്ടാവും, അത് എന്താവും? ആർക്കൊക്കെ നീതി ലഭിക്കും എന്നത് എല്ലായ്പ്പോഴും റിയലിസ്റ്റിക് ആയ സമൂഹത്തിൽ ചോദ്യ ചിഹ്നമാണ്. ആരെങ്കിലുമൊക്കെ സ്വപ്നത്തിൽ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ, ഒരു ബാറ്റ് മാനോ സൂപ്പർ മാനോ ഒക്കെ വന്നു നമ്മുടെയൊക്കെ ജീവിതങ്ങളും ലോകത്തെ തന്നെയും സംരക്ഷിച്ചിരുന്നെങ്കിൽ എന്ന്. വായനയിൽ ആ സ്വപ്നങ്ങളെ ആസ്വദിക്കാം. അതിനു വേണ്ടി തന്നെയാണല്ലോ വായന!

Content Summary: Ultimate Justice book written by Ajith Gangadharan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA