ADVERTISEMENT

ജീവിതമെന്നത് സന്തോഷ-സന്താപ മിശ്രിതമായ ഒരു ഉൽപന്നമാണ്. ദൈവമോ ചെകുത്താനോ ആരാണെന്നറിയില്ല, മനോഹരമായി പാക്ക് ചെയ്ത് ലോകമെന്ന വിപണിയിലേക്ക് ഇറക്കിവിടുന്ന മനുഷ്യക്കുഞ്ഞുങ്ങൾ. ഓരോ ഉൽപന്നത്തിന്റെയും വിധി പോലെ ചിലതു നല്ല റിസൾട്ട് തരുന്നു. മറ്റു ചിലത് മത്സരങ്ങളിൽ പിടിച്ചുനിൽക്കാതെ കീഴടങ്ങുന്നു. 

ആഗോള വിപണി കാഴ്ച വയ്ക്കുന്ന മായിക ലോകത്തിന്റെ അനിവാര്യതയായ പരസ്യ ഏജൻസിയിലെ കോപ്പി റൈറ്റർ എഴുതുന്ന നോവലാണ് കുമരി. നോവലിനുള്ളിലെ നോവൽ. കണ്ണഞ്ചിക്കുന്ന ആധുനിക കാലത്തിനു സമാന്തരമായി സഞ്ചരിക്കുന്ന നാട്ടുചന്തയുടെ ആരവം. കാണെക്കാണെ, ഈ രണ്ടു ലോകങ്ങളും വ്യത്യസ്തമല്ലെന്ന തിരിച്ചറിവാണു പുതിയ നോവലിലൂടെ ജേക്കബ് ഏബ്രഹാം പകരുന്നത്. 

വേഷത്തിലും ഭാഷയിലും ഭാവത്തിലും വ്യത്യാസമുണ്ടെങ്കിലും ഏതൊക്കെയോ വിധത്തിൽ സമാനരായ കഥാപാത്രങ്ങൾ. ഉദ്ദേശ ലക്ഷ്യങ്ങൾ, വിപണിയുടെ താളവും വേഗവും, ലാഭവും നഷ്ടവും കച്ചവടത്തിന്റെ കണക്കുകൾക്കിടയിൽ ഒളി മിന്നുന്ന ജീവിതത്തിന്റെ സന്തോഷവും സങ്കടവും. വിട്ടുപോകുന്നവർ, വഴി തെറ്റുന്നവർ, വീണു പോകുന്നവർ. യാത്ര തുടർന്നേ പറ്റൂ. ചിലരെങ്കിലും ഇന്നും ചില വളപ്പൊട്ടുകൾ കാത്തുസൂക്ഷിക്കുന്നു. മഞ്ചാടി മണികളുടെ തിളക്കം പൂർണമായും പൊയ്പ്പോയിട്ടില്ല. ആകാശം കാണാത്ത മയിൽപ്പീലി നൂറ്റൊന്നു കുഞ്ഞുങ്ങളെ തന്നെ പെറ്റുകൂട്ടിയിട്ടുണ്ടാകും. കാലചക്രം ചതച്ചരച്ചു കടന്നുപോയ ദൈന്യങ്ങൾ ബാക്കി. പോയ കാലത്തെയും പുതിയ കാലത്തെയും കുമരിയിൽ ജേക്കബ് ഏബ്രഹാം മുഖാമുഖം നിർത്തുന്നു. അനന്തരം എന്തു സംഭവിച്ചു എന്നതിന്റെ അക്ഷര രേഖയാണ് കുമരി എന്ന നോവൽ.

ഗ്രാമച്ചന്തയും ഇന്നത്തെ ഇ-മാർക്കറ്റും തമ്മിലുള്ള യുദ്ധം. ഇ-മാർക്കറ്റ് പരസ്യവിപണിയുടെ കൂടി അന്ത്യം കുറിക്കുകയാണോ എന്നൊരു ആശങ്ക ഉയർന്നിട്ടുണ്ട്. മത്സരം നാൾക്കു നാൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. കോപ്പി റൈറ്ററുടെ സമ്മർദം കൂടുകയാണ്. എല്ലാവരെയും ആകർഷിക്കുന്ന പരസ്യവാചകം സൃഷ്ടിച്ചാൽ പോലും അധിക കാലമൊന്നും പിടിച്ചുനിൽക്കാനാവില്ല എന്ന പ്രതിസന്ധിയെ നേർക്കു നേരെ കാണേണ്ടിവരുന്നു. തന്റെ കാലം കഴിയുന്നു എന്ന സമീപ ഭാവിയിലെ ദുരന്തം മനസ്സിലാക്കി അയാൾക്കു കളം മാറേണ്ടതുണ്ട്. എന്നാൽ അയാളുടെ ചിന്തകളിൽ മുഴുവൻ കുമരിയാണ്. നേരുള്ള കച്ചവടത്തിന്റെ നാട്ടുചന്തയായ കുമരി. അവിടെയുമുണ്ട് കോപ്പി റൈറ്റർ. കൂവുന്നോൻ എന്നാണയാൾ അറിയപ്പെടുന്നത്. ഓരോ പുതിയ ഉൽപന്നത്തെയും ഏറ്റവും ആകർഷകമായ വാക്കുകളിൽ വിളിച്ചുകൂവി ഉപഭോക്താക്കളെ വിളിച്ചുകൂട്ടുന്നവൻ. അയാളുടെ വായ്ത്താരിയിലാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഉൽപന്നങ്ങൾ വാങ്ങാനെത്തുന്നവരുടെ ആഹ്ലാദം. കൂവി വിളിച്ചാണ് അയാൾ ചരക്കുകൾ വിറ്റഴിക്കുന്നത്. അതാണു കൂവുന്നോന്റെ കൈമുതൽ. മൊഴിയുടെ അഴക്. പേച്ചിലെ പാട്ട്. വാമൊഴിയായാണു കച്ചവടം. എന്നാൽ, എഴുത്താശാൻ എത്തുന്നതോടെ കൂവുന്നോന്റെ പ്രതിസന്ധി തുടങ്ങുകയാണ്. ആശാൻ ഗ്രാമച്ചന്തയിൽ അക്ഷരങ്ങൾ പഠിപ്പിക്കാൻ തുടങ്ങുകയാണ്. അക്ഷരക്കളരി തുടങ്ങുകയാണ്. എഴുത്തു വന്നാൽ കൂവുന്നോനു നിലനിൽപില്ല. വയറു നിറച്ച് ആഹാരം കഴിച്ചിരുന്ന നാളുകളിൽ നിന്ന് പട്ടിണിയിലേക്ക്. മോഹിച്ച പെണ്ണിനെ മറ്റൊരാൾ കൊണ്ടുപോകുന്നതു കണ്ടിട്ടും എതിർക്കാനാവാത്ത നിസ്സഹായതയിലേക്ക്. ജോലിയും കൂലിയും നഷ്ടപ്പെട്ട് കൂവുന്നോൻ കാടു കയറുമ്പോൾ പുതിയ കാലത്തെ കൂവുന്നോനായ കോപ്പി റൈറ്ററും ജോലി നഷ്ടപ്പെട്ട് പുതിയ ലാവണം തേടുകയാണ്. ഇ–മാർക്കറ്റ് അതിന്റെ കളികൾ തുടങ്ങിയിരിക്കുന്നു. 

റബർ തഴച്ചുവളരുന്ന മലയോര ഗ്രാമത്തിൽ നിന്ന് തലസ്ഥാന നഗരത്തിലെ പരസ്യ ഏജൻസിയിൽ ജോലി ചെയ്യാനെത്തിയ റെക്സ് ആണു കുമരിയിലെ പ്രധാന കഥാപാത്രം. ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നതിനിടെ ആത്മസംതൃപ്തിക്കുവേണ്ടി അയാൾ എഴുതുന്ന നോവലാണ് കുമരി. നാട്ടുചന്തയും കൂവുന്നോനും നിറയുന്ന നൻമ നിറഞ്ഞ നാട്ടിൻ പുറത്തിന്റെ പരിഛേദം.  എന്നാൽ നോവലിലെ പ്രധാന കഥാപാത്രത്തിന്റെ വിധി തന്നെ അയാളെയും വേട്ടയാടുന്നതോടെ നോവൽ സംഘർഷാത്മകമാകുന്നു. 

ഇതിനിടെ പരസ്യ ഏജൻസിയിൽ വന്നുപോകുന്ന കഥാപാത്രങ്ങളിലൂടെ, അവരുടെ കഥകളിലൂടെ വികസിക്കുന്ന ലോകം ഇതൾ വിരിയുന്നു. കോപ്പി റൈറ്റർ എഴുതുന്ന കുമരിച്ചന്തയുടെ കഥയും സമാന്തര നോവലായി പുരോഗമിക്കുന്നു. 

ഗ്രാമമേത് നഗരമേത് എന്നു തിട്ടമില്ലാത്ത പുതിയ കാലത്തെ മനസ്സിന്റെ സ്പർശിക്കുന്നുണ്ട് ജേക്കബ് ഏബ്രഹാം. കാലത്തിന്റെ പ്രദർശന ശാലയിൽ എന്നവണ്ണം കാഴ്ച കാണാൻ ഇരിക്കുന്നവരും കാണികളും കഥാപാത്രങ്ങളുമായ നമ്മുടെ ജീവിതത്തെയും. കാലം നേരിടുന്ന പ്രതിസന്ധികൾ പുതിയതോ വ്യത്യസ്തമോ അല്ലെന്നും തനിയാവർത്തനം മാത്രമാണെന്നും തിരിച്ചറിയുന്നുമുണ്ട്. ലളിതമാണു നോവലിന്റെ ഭാഷ. എന്നാൽ ആഴത്തിലുള്ള ചിന്തകൾ അവതരിപ്പിക്കുന്നുമുണ്ട്. ആദി മധ്യാന്തമുള്ള നോവിന്റെ പതിവു ഘടനയിൽ നിന്നു വിട്ടു നടത്തുന്ന പരീക്ഷണമാണ് കുമരിയെ ശ്രദ്ധേയമാക്കുന്നത്. കൂടുതൽ മികവുള്ള സൃഷ്ടികളിലേക്കു ജേക്കബ് ഏബ്രഹാം എന്ന എഴുത്തുകാരന്റെ യാത്രയിലെ അവഗണിക്കാനാവാത്ത നാഴികക്കല്ലും. 

കുമരി വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Summary : Book Review - Kumari, novel written by Jacob Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com