തീരരേഖയ്ക്കുമപ്പുറം; കവിതയാൽ തുഴഞ്ഞെത്തുന്ന പുതിയലോകങ്ങൾ

mini-sabu-shorelinees-portrait-image
SHARE

ഷോര്‍ലൈന്‍സ് 

മിനി ബാബു 

ഓതേഴ്സ് പ്രസ് 

വില 295 രൂപ 

നട്ടു വളര്‍ത്തിയ മരങ്ങള്‍ മറ്റെവിടെയോ അണ്. വെള്ളമൊഴിച്ചു വളര്‍ത്തിയ ചെടികള്‍ എവിടെയോ പൂക്കുന്നുണ്ട്. വളര്‍ത്തി വലുതാക്കിയ കാട് ഏതോ കാറ്റില്‍ ഉലയുന്നുണ്ട്. അസ്തിത്വം നഷ്ടപ്പെട്ട കവി വാക്കുകളില്‍ വേദനകള്‍ പങ്കുവയ്ക്കുമ്പോള്‍ കവിത ജനിക്കുന്നു. മിനി ബാബുവിന്റെ ഷോര്‍ലൈന്‍സ് എന്ന കവിതാ സമാഹാരം ശ്രദ്ധേയമാകുന്നത് അവസാനത്തെ അഭയങ്ങളിലൊന്നായ കവിതയിലൂടെ മാത്രം ധ്വനിപ്പിക്കാവുന്ന വിചാരങ്ങളുടെ സമൃദ്ധിയാലാണ്. കവിതയല്ലാതെ മറ്റൊന്നും തനിക്ക് ആശ്രയിക്കാനില്ല എന്ന തിരിച്ചറിവാണ് കവിയുടെ ഏറ്റവും ധന്യമായ നിമിഷം. കവിതയുടെ പിറവി.  കവിയുടെ മനസ്സില്‍ പിറന്ന്, ആസ്വാദകരുടെ മനസ്സില്‍ പൂവിടുന്ന സൗന്ദര്യ സങ്കല്‍പങ്ങള്‍. 

വ്യക്തികളായിരുന്നു വീടുകള്‍ എല്ലാക്കാലത്തും. സ്ഥലങ്ങളായിരുന്നില്ല. കെട്ടിടങ്ങളായിരുന്നില്ല. ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും തൊട്ടുവിളിക്കാവുന്ന പ്രിയപ്പെട്ടവര്‍. ചുമലില്‍ തല ചായ്ച്ച് തേങ്ങിക്കരയാന്‍ സ്വാതന്ത്ര്യമുള്ളവര്‍. 

എന്നാല്‍, വ്യക്തികള്‍ തന്നെയും അകന്നുപോയ കാലത്തിരുന്നാണ് പുതിയ കാലത്തെ കവികള്‍ കവിത കുറിക്കുന്നത്. തീരം തൊട്ടു പിന്‍വാങ്ങുന്ന തിരകളായി വാക്കുകള്‍ മുങ്ങിമരിക്കുന്ന സന്ധ്യകള്‍. സ്നേഹം സ്നേഹത്തില്‍ തന്നെ ആശ്വാസം കണ്ടെത്തുന്ന രാത്രികള്‍. 

ദിവസത്തിന്റെ തുടക്കത്തില്‍ നീ എന്നെ തേടി യാത്ര തുടങ്ങിയതാണ്; ഏറ്റവും ഇരുട്ടുള്ള രാത്രിയില്‍ സ്നേഹത്തിന്റെ വിശുദ്ധ വലയത്തില്‍ ഞാന്‍ നിനക്കുവേണ്ടി കാത്തുനില്‍ക്കുന്നു. തീരരേഖകളിലെ ഒട്ടേറെ കവിതകളില്‍ യേശുവും മഗ്ദലന മറിയവുമുണ്ട്. വിശ്വാസവും അനുകമ്പയും സഹനവും പല കവിതകള്‍ക്കും പ്രചോദനമാകുന്നു. മരണവും ഉയിര്‍ത്തെഴുന്നേല്‍പും പ്രമേയങ്ങളാകുമ്പോള്‍ വിശ്വാസത്തിന്റെ സൂര്യവെളിച്ചത്തില്‍ വാക്കുകള്‍ തിളങ്ങുന്നു. തിരയ്ക്കുവേണ്ടിയുള്ള കാത്തുനില്‍പ് രക്ഷകനുവേണ്ടിയുമാകുന്നു. നഷ്ടബോധം സ്പര്‍ശിക്കാത്ത പ്രണയവും അനുഗ്രഹം ഉറപ്പുള്ള വിശ്വാസവുമാണ് കവിയുടെ ആത്മവിശ്വാസം.

എന്നില്‍ നീ വര്‍ഷിച്ച സ്നേഹമൊക്കെയും 

എവിടെയാണു പതിച്ചതെന്നോര്‍ത്ത് 

വിഷാദിക്കേണ്ട. 

സ്നേഹത്തിന്റെ ഓരോ തുള്ളിയും 

എന്റെ കൈക്കുടന്നയിലുണ്ട്. 

അവ തുള്ളികളായി പെയ്യാന്‍ 

മേഘങ്ങളായിട്ടുമുണ്ട്. 

ആദ്യത്തെ മഴത്തുള്ളി നിന്റെ മേല്‍ പതിക്കുമ്പോള്‍ 

തിരിച്ചുവിളിക്കുന്നതെന്റെ സ്നേഹമാണ്. 

കണ്ണീരുമായി ചേര്‍ന്ന് ആര്‍ദ്രമാക്കാന്‍ 

ഒരു തരിപോലും നഷ്ടപ്പെടാതെ 

തിരികെവരുന്ന സ്നേഹം. 

കേവല വികാരങ്ങളില്‍ നിന്ന് വിചാരങ്ങളിലേക്കുള്ള മാറ്റമാണ് മിനി ബാബുവിന്റെ കവിതകളുടെ കരുത്ത്. കവിതയ്ക്കു വിഷയമാകുന്ന പതിവു ദൃശ്യങ്ങളും ഭാവങ്ങളും വിട്ട് വ്യക്തികളുടെയും സമൂഹത്തിന്റെയും ആഴത്തിലേക്ക് ഇറങ്ങാന്‍ കവി ധൈര്യപ്പെടുന്നു. വിചാരപരമായ ഈ കവിതകളെ പ്രാദേശിക സത്വത്തിന്റെ ചങ്ങലയില്‍ തളയ്ക്കാനുമാവില്ല. തീരരേഖകള്‍ കൂടുതല്‍ വിശാലമായ ഒരു ലോകത്തെയാണു തേടുന്നത്. കവിതയിലൂടെ കീഴടക്കാവുന്ന ദുരങ്ങള്‍ അനായാസം താണ്ടുന്ന കവിതകള്‍. 

English Summary : Book Review Shorelines Poem By Mini Babu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA