ADVERTISEMENT

ജനാഫ്രസ്സ്: ഒരു കൊടിയ കാമുകൻ 

ഇന്ദു മേനോൻ 

മാതൃഭൂമി ബുക്സ്

 

നീ എന്നെ സ്നേഹിക്കുന്നില്ലേ?

മ്മ്ഹ്. അവൾ വിവശയായി. 

ഞാൻ വിളിച്ചാൽ നീ വരില്ലേ ? 

മ്മ്. അവൾ തലകുലുക്കി. 

വാ, എന്റെ കൈ പിടിക്ക്. അവൻ മൃദുവായ ശബ്ദത്തിൽ അവളുടെ ചെവിയിൽ പറഞ്ഞു. അവനു കൈ കൊടുക്കെ, ലോകത്തിലെ ഏറ്റവും സുഗന്ധകാരിയായ ഓമനപ്പൂവിന്റെ ഗന്ധമാണ് ജനാഫ്രസ്സിനെന്നവർ തിരിച്ചറിഞ്ഞു. പൂവുകൾക്കിടയിലുള്ള ജീവിതമാണത്. ജനാഫ്രസ്സ് അവരെയും പൂവുകൾ പോലെതന്നെ സൂക്ഷിച്ചു. പൂവുകൾ പൂവുകളെ പ്രേമിക്കുന്നു. ലാളിക്കുന്നു. 

 

ബോഡി പൊളിറ്റിക്സും പ്രേമവും രതിയും വിമത ലൈംഗികതയും അറബി മാന്ത്രികവും അന്ധവിശ്വാസങ്ങളും നിറഞ്ഞ ലോകമാണ് ജനാഫ്രസ്സിന്റേത്. ഇന്ദു മേനോന്റെ ഏറ്റവും പുതിയ നോവൽ. സമൂഹ മാധ്യമങ്ങളിലും മറ്റും വ്യത്യസ്ത വായനയ്ക്കും വിവാദ പ്രതികരണങ്ങൾക്കും ഇടം കൊടുത്ത രചന. കൃതിയെക്കുറിച്ചുള്ള പരസ്യം പോലും എഴുത്തുകാരിയുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനും അപവാദ പ്രചാരണം നടത്താനും ചിലർ ഉപയോഗിച്ചെന്ന് നോവലിനൊപ്പം ചേർത്തിട്ടുള്ള സംഭാഷണത്തിൽ ഇന്ദു മേനോൻ പറയുന്നുണ്ട്. വിവാഹിതയും കുടുംബിനിയുമായ സ്ത്രീ കാമുകനെക്കുറിച്ച് എഴുതുന്നതാണു ചിലർ വിവാദമാക്കിയത്. മതത്തിന്റെ ഛായ കൂടി കൊടുത്ത് വിവാദത്തെ കൊഴുപ്പിക്കാനും ശ്രമമുണ്ടായെന്നും എഴുത്തുകാരി പറയുന്നു. 

 

കൊണ്ടോട്ടിയെന്ന ഏറനാടൻ ദേശമാണു നോവലിന്റെ പശ്ചാത്തലം. 200 വർഷം പഴക്കമുള്ള സാങ്കൽപിക കഥാപാത്രത്തെ സവിശേഷമായ സാമൂഹിക സാഹചര്യത്തിൽ പ്രതിഷ്ഠിച്ച് മതം,ജാതി, ലൈംഗികത എന്നിങ്ങനെ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെക്കുറിച്ചുള്ള അപ്രിയ ചർച്ചയ്ക്കു തുടക്കമിടുന്നുണ്ട് ജനാഫ്രസ്സ്. 

 

പെൺകുട്ടികൾ വിഷം കുടിച്ച് ഹരമേറിയവരെപ്പോലെയോ വിഷദംശനമേറ്റവരെപ്പോലെയോ ജനാഫ്രസ്സന്റെ നെഞ്ചിലും ഇടതുകൈത്തണ്ടയിലും മയങ്ങി. ജനാഫ്രസ്സിനെ പ്രേമിച്ച പെൺകുട്ടികൾ പിന്നീടൊരിക്കലും മറ്റൊരു പുരുഷനെയും നോക്കിയില്ല. മറ്റു പുരുഷൻമാരെ അവർ കണ്ടുപോലുമില്ല. അവന്റെ പ്രേമത്തിന്റെ ലഹരിയിൽ വീഞ്ഞുണ്ടവരെപ്പോലെ അവർ മദോൻമത്തരായി. ഉൻമാദിനികളെപ്പോലെ മുടി പിച്ചിവലിച്ചു. അവനായിരുന്നു അവർക്കെല്ലാം. സ്വർഗ്ഗവും സ്നേഹവും നരകവും നാശവുമൊക്കെ. കാമുകിമാരെ തന്റെ നെഞ്ചിന്റെ ചൂടുള്ള മിടിപ്പിൽ മാത്രം സൂക്ഷിക്കുന്ന ജനാഫ്രസ്സ്. ഭയങ്കരനായ കാമുകൻ. 

 

പ്രേമം നിറഞ്ഞുതുളുമ്പുന്ന വാക്കുകളിൽ ഇന്ദുമേനോൻ വിവരിക്കുന്ന നോവൽ അത്രയെളുപ്പം വായനയ്ക്കു വഴങ്ങുന്നതല്ല. ചരിത്രവും ഐതിഹ്യവും കെട്ടുകഥകളും സങ്കൽപങ്ങളും വർത്തമാനകാലവും നോവലിൽ ഇടകലരുന്നു. സ്ത്രീയെക്കുറിച്ചും പ്രേമത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചും സമൂഹത്തിൽ നിലനിൽക്കുന്ന പാരമ്പര്യ വിശ്വാസങ്ങളെ പ്രേമത്തിന്റെ കണ്ണിലൂടെ പൊഴിച്ചെഴുതാനും നോവൽ ശ്രമിക്കുന്നുണ്ട്. 

 

കഥാപാത്രങ്ങളെക്കുറിച്ചും കഥയെക്കുറിച്ചും ജനാഫ്രസ്സിന്റെ പശ്ചാത്തലത്തെക്കുറിച്ചും ആമുഖത്തിൽ ഇന്ദു മേനോൻ വിശദമായി എഴുതുന്നുണ്ട്. ഓരോ കഥാപാത്രവും എവിടെ നിന്നു ലഭിച്ചെന്നും കഥ എങ്ങനെ കൂട്ടിയിണക്കിയെന്നും വിവരിക്കുന്നുമുണ്ട്. എന്നാൽ, ഇത്തരം വിശദീകരണങ്ങൾ ഇല്ലാതെ തന്നെ കഥ വായനക്കാരുമായി നേരിട്ടു സംവദിക്കേണ്ടതല്ലേ എന്ന സംശയം ചില വായനക്കാർക്കെങ്കിലും ഉണ്ടാകും. ഒരുപക്ഷേ, കഥയിലും കഥാപാത്രങ്ങളിലും അധികം വിശ്വാസമില്ലാത്തതുകൊണ്ടല്ലേ ഇത്തരം വിശദ വിവരണങ്ങൾ വേണ്ടിവരുന്നതെന്ന സംശയത്തിനും പ്രസക്തിയുണ്ട്. 

 

ജനാഫ്രസ്സ് കൊടിയ കാമുകൻ തന്നെയായിരിക്കാം. എന്നാൽ, പ്രണയത്തിന്റെ ഭയങ്കരത എഴുത്തുകാരിയുടെ ഉള്ളിൽ തട്ടിയതുപോലെ വായനക്കാരിൽ എത്തുന്നില്ല. സാങ്കൽപിക ലോകത്തെയും വർത്തമാനത്തെയും കൂട്ടിയിണക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. മികച്ച കഥ വായനക്കാരിൽ അവശേഷിപ്പിക്കുന്ന വികാരങ്ങളോ വിചാരങ്ങളോ സൃഷ്ടിക്കാതെ ജനാഫ്രസ്സ് അവസാനിക്കുന്നു; വിവാദങ്ങൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്. പ്രണയത്തിലെ വിപ്ലവവും ലൈംഗികതയുടെ തുറന്ന ചർച്ചയും വിവാഹ ബാഹ്യ ബന്ധങ്ങളും മറയില്ലാതെ എഴുതിയ മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ ഉൾപ്പെടെയുള്ള കൃതികളെ  അതിശയിക്കാനോ അവയുടെ സമീപമെത്താനോ പോലും ജനാഫ്രസ്സിനു കഴിയുന്നുമില്ല. 

 

English Summary: Book Review Janafres Book By Indu Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com