മരണഗന്ധമുള്ള വയലറ്റ് പൂക്കൾ

potrait
SHARE

വയലറ്റു പൂക്കളുടെ മരണം

ശ്രീപാർവതി

മാതൃഭൂമി ബുക്സ്

250 രൂപ 

ചില നേരങ്ങളിൽ ഇഴഞ്ഞുകയറുന്ന തണുപ്പു പോലെ ചില മരണങ്ങൾ നമ്മിലേക്ക് ഒഴുകും. കാര്യകാരണങ്ങൾ അറിയാതെ ആ മരണങ്ങൾ ബാക്കിനിർത്തിയ ചോദ്യങ്ങളിൽ നെഞ്ച് നീറും, സങ്കടത്താലല്ല, ആശയക്കുഴപ്പങ്ങളാൽ, സ്വയം ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമറിയാൻ. വെറുമൊരു അന്വേഷണം എന്നതിനപ്പുറം ചില കഥകൾ സഞ്ചരിക്കുന്നത് കഥാപാത്രങ്ങൾ അത്രമേൽ മിഴിവോടെ തെളിഞ്ഞുനിൽക്കുമ്പോഴാണ്, കഥ അത്രയും ഭംഗിയായി അവതരിപ്പിക്കുമ്പോഴാണ്. ശ്രീ പാർവതിയുടെ ‘വയലറ്റ് പൂക്കളുടെ മരണം’ അത്തരമൊരു നോവലാണ്. 

ഒരു കുറ്റകൃത്യവും അതിന്റെ വരിയൊത്ത അന്വേഷണവുമെന്ന പതിവു മട്ടല്ല ‘വയലറ്റ് പൂക്കളുടെ മരണ’ത്തിൽ കാണാനാവുക. മരണത്തിന്റെ ശേഷിപ്പുകൾ ചുറ്റുമുള്ള മനുഷ്യരെ ബാധിക്കുന്ന ചങ്ങലയിൽ മരണത്തിന്റെ പിൻവഴികൾ തേടിപ്പോകുന്ന അലീനയുടെ മാനസികവ്യാപാരങ്ങളെ വയലറ്റ് പൂക്കളുടെ മരണം എന്നുവിളിക്കാം. ഉദ്വേഗവായന സമ്മാനിക്കുന്നതിനോടൊപ്പം കഥാപാത്രങ്ങളുടെ മനോനിലകളും അവരുടെ ജീവിതവും ചുറ്റുപാടുകളും എല്ലാം കൈകാര്യം ചെയ്യുന്നതുകൊണ്ട് ഈ നോവൽ ക്രൈംത്രില്ലർ മാത്രമല്ല, അലീന എന്ന പെൺകുട്ടിയുടെ, ഒപ്പം ഒരു കൂട്ടം മനുഷ്യരുടെ കഥ കൂടിയാണ്.

അപസർപ്പകസാഹിത്യം പൊതുവേ പിന്തുടരുന്ന സാമ്പ്രദായികശൈലികളുണ്ട്. കുറ്റവും അന്വേഷണവും പരിസമാപ്തിയും. അതിനിടയിൽ കടന്നുവരുന്ന കഥാപാത്രങ്ങളുടെ മനോനിലകൾക്ക് അത്രയധികം പ്രാധാന്യം പലപ്പോഴും ലഭിക്കണമെന്നുമില്ല. ‘വയലറ്റ് പൂക്കളുടെ മരണം’ ഇക്കാര്യത്തിലാണ് മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാകുന്നത്. കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചുള്ള വ്യക്തിത്വം ഓരോ കഥാപാത്രവും ഈ നോവലിൽ പേറുന്നുണ്ട്. ഒരർഥത്തിൽ നോവലിനെ സ്ഥിരം അപസർപ്പകമട്ടിൽനിന്നു മുഖ്യധാരയിലെ ഇതര നോവലുകളുടെ മാതൃകയിലേക്ക് നയിക്കാൻ അതുകൂടി ഒരു കാരണമായിട്ടുണ്ട്; ഒപ്പം ഭാഷയിലെ ഒതുക്കവും. 

‘വയലറ്റ് പൂക്കളുടെ മരണം’ ലളിതമായ ആഖ്യാനശൈലിയാണ് പിന്തുടരുന്നത്. ക്രാഫ്റ്റ് സ്വീകരണത്തിൽ സങ്കീർണതകൾ യാതൊന്നുമില്ലാത്തത് അനായാസവായന സമ്മാനിക്കുന്നുമുണ്ട്. കഥ പറയാനുള്ള ഒരു മാധ്യമം മാത്രമായി ഭാഷ ഒതുങ്ങുമ്പോഴും കഥാവേഗത്തിന്റെ സങ്കീർണ്ണതകൾക്കനുസൃതമായി അത് ചടുലവും കാവ്യാത്മകവും ലളിതവും ഒക്കെയായി തീരുന്നുണ്ട്. കൃത്യമായ കൈയടക്കം ഭാഷയുടെ കാര്യത്തിൽ എഴുത്തുകാരി പുലർത്തിയിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടകാര്യമാണ്. കൂടുതൽ ഘനമുള്ള ഭാഷയുടെ തൊങ്ങലുകളും ആലങ്കാരികതയും ‘വയലറ്റ് പൂക്കളുടെ മരണ’ത്തിൽ കാണാനാവില്ല. എന്നാൽ ലാളിത്യം ബാലിശതയിലേക്ക് നീങ്ങുന്നതരം അസ്വാരസ്യങ്ങളും നോവലിൽ പൊതുവേ കണ്ടെത്താൻ സാധിക്കില്ല. ഓരോ സൃഷ്ടിയും അർഹിക്കുന്ന, ആവശ്യപ്പെടുന്ന ഭാഷയുണ്ട്. അത് തിരിച്ചറിഞ്ഞ് കഥ പറയുമ്പോഴാണ് എഴുത്തുകാർ മികച്ച ഗുണനിലവാരം പുലർത്തുന്നത്. ‘നായിക അഗത ക്രിസ്റ്റി’യിലും ‘വയലറ്റ് പൂക്കളുടെ മരണ’ത്തിലും എല്ലാം ഈയൊരു ഒതുക്കം ശ്രീപാർവതി പുലർത്തിയിട്ടുണ്ട്. അനാവശ്യമായി ഇംഗ്ലിഷും അലങ്കാരങ്ങളും കുമിച്ചുകൂട്ടി ഭാഷയെ വികൃതമായി അവതരിപ്പിക്കുന്ന പുതുകാല അപസർപ്പകസാഹിത്യത്തിൽനിന്നു വ്യതിരിക്തമാണ് ‘വയലറ്റ് പൂക്കളുടെ മരണം’. 

അലീനയുടെ യാത്രയാണ് വയലറ്റ് പൂക്കളുടെ മരണം. അപകടത്തിൽ അരയ്ക്കു കീഴെ തളർന്ന അലീനയുടെ രണ്ടാംനിലയിലെ മുറിയുടെ ബാൽക്കണിയിലൂടെ കാണുന്ന അടുത്ത വീട്ടിലെ പ്രഫസറുടെ മരണത്തിന്റെ കാരണങ്ങളിലേക്ക് അവൾ ചെന്നെത്തുന്നതും തുടർന്ന് അപ്രതീക്ഷതപരിണതികളിലേക്ക് അവളുടെ അന്വേഷണം ചെന്നെത്തുന്നതുമാണ് നോവലിന്റെ ആശയം. തീർത്തും സ്വാഭാവികമായി പടർന്നുകയറുന്ന മട്ടിൽ സംഭവങ്ങളുടെ കണ്ണി മുറിയാത്ത ഒരു ചങ്ങലയായി നോവൽ ഒരുക്കിയിട്ടുണ്ട്. കുറ്റത്തേക്കാൾ കുറ്റം നടന്നതിന്റെ പശ്ചാത്തലവും അവിടെയുള്ള മനുഷ്യരുടെ അവസ്ഥകളും കൂടിയാണ് നോവൽ കൈകാര്യം ചെയുന്നത്. തീർച്ചയായും അത്തരം രീതികൾ മലയാള അപസർപ്പകസാഹിത്യത്തിൽ വിരളമാണ്. ഘടനയിലും നോവൽ സാമ്പ്രദായികശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.  

സമകാലിക മലയാള സാഹിത്യത്തിൽ, അപസർപ്പക എഴുത്തുകാരിൽ ഏറ്റവും മികച്ച ഭാഷ കൈകാര്യം ചെയ്യുന്നത് ശ്രീ പാർവതിയാണ്. ആശയത്തിന് അനുസൃതമായി ഭംഗിയുള്ള ലളിതമായ ഭാഷയിൽ സന്ദർഭത്തിന്റെ ചടുലതയും വിഭ്രാത്മകതയും ഒട്ടും ചോരാതെ അവതരിപ്പിക്കാനുള്ള ഭാഷ എഴുത്തുകാരി നേടിയെടുത്തിട്ടുണ്ട്. മുൻകാല എഴുത്തുകളിൽനിന്നു ‘വയലറ്റ് പൂക്കളുടെ മരണ’ത്തിലേക്ക് എത്തിനിൽക്കുമ്പോൾ ഭാഷാപരമായി നേടിയെടുത്ത ഈ തഴക്കം അഭിനന്ദനീയമാണ്. 

തുടക്കം മുതൽ ഒടുക്കംവരെ മുഷിപ്പില്ലാതെ, അനായാസമായി വായിച്ചുതീർക്കാവുന്ന നോവലാണ് ‘വയലറ്റ് പൂക്കളുടെ മരണം’. ലളിതമായ ഘടന, ചടുലമായ ആഖ്യാനം, ഭംഗിയുള്ള അവതരണം, ആകാംക്ഷ ജനിപ്പിക്കുന്ന കഥാഗതി ഇത്രയുമാണ് ഈ നോവൽ.

Content Summary : Book Review Violet Pookalude Maranam Novel By Sreeparvathy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA