ADVERTISEMENT

അന്തിവെയിലിലെ പൊന്ന് 

പെരുമ്പടവം ശ്രീധരൻ 

ഡിസി ബുക്സ് 

വില 350 രൂപ 

 

എല്ലാവരുടെ ഉള്ളിലുമില്ലേ ഒരു പെരുന്തച്ചൻ എന്ന ചോദ്യത്തിന് എന്നും പ്രസക്തിയുണ്ട്; മകന്റെ കഴുത്തിൽ പെരുന്തച്ചന്റെ ഉളി വീണത് അബദ്ധത്തിലാണോ എന്ന ചോദ്യത്തിനും. തുല്യനിലയിലുള്ള പ്രതിഭാശാലികൾക്ക് അന്യോന്യമുള്ള ബന്ധത്തിനിടെ സംഘർഷത്തിന്റെ ഒരു തലം കൂടി പലപ്പോഴും സൃഷ്ടിക്കപ്പെടുന്നു. ഞാനോ നീയോ വലുത് എന്ന ചോദ്യം ഉയരുന്നു. അതോടെ അവർക്ക് പരസ്പരം സഹകരിച്ചു ജീവിക്കാനുള്ള തലവും ഇല്ലാതാകുന്നു. അത്തരക്കാർ സ്ത്രീയും പുരുഷനുമാകുകയും അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നതിനു ശേഷമാണ് സംഘർഷം ഉടലെടുക്കുന്നതെങ്കിൽ നഷ്ടം അവർക്കു തന്നെയായിരിക്കും. സന്തോഷപ്രദമാകേണ്ട  ജീവിതം ദുഃഖഭൂയിഷ്ടമാകും. ദുരന്തത്തെ സ്വന്തം വീട്ടിലേക്ക് അവർ ക്ഷണിച്ചുവരുത്തുകയായിരിക്കും. പ്രതിഭ കൊണ്ട് അടയാളപ്പെടുത്തുമ്പോൾ തന്നെ വ്യക്തിജീവിതത്തിൽ അവർ അനാഥരും ഏകാകികളുമാകുന്നു. അവരുടെ കഥ സമാനതകളില്ലാത്ത ദുഃഖത്തിന്റെയും നിരർഥകതയുടെയും ആകെത്തുകയാകുന്നു. ഈ ആശയമാണ് പെരുമ്പടവം ശ്രീധരന്റെ അന്തിവെയിലിലെ പൊന്ന് എന്ന പ്രശസ്ത നോവലിന്റെ പ്രമേയം. 1977 ലാണ് നോവൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 4 പതിറ്റാണ്ടിനുശേഷം വീണ്ടും നോവൽ പുതിയ വായനക്കാർക്കു വേണ്ടി പുതുരൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. 

 

പെരുമ്പടവത്തിന്റെ എഴുത്തുജീവിതത്തിനു രണ്ടു ഘട്ടങ്ങളുണ്ട്. ഒരു നോവലാണ് അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തെ വേർതിരിക്കുന്നതും സവിശേഷമാക്കുന്നതും. റഷ്യൻ എഴുത്തുകാരൻ ഡോസ്റ്റോവ്സ്കിയെക്കുറിച്ച് എഴുതിയ ഒരു സങ്കീർത്തനം പോലെ. ഈ നോവലിനു മുൻപ് എഴുതിയ കൃതികൾ, ശേഷം എഴുതിയവ എന്ന രീതിയിൽ അദ്ദേഹത്തിന്റെ കൃതികൾ വായിക്കാവുന്നതാണ്. ജനപ്രിയ നോവൽ സാഹിത്യത്തിലെ അതികായനായാണ് അദ്ദേഹം സാഹിത്യത്തിൽ ശ്രദ്ധേയനാകുന്നത്. അഭയം, അഷ്ടപദി തുടങ്ങിയ കൃതികൾ നോവലായും പിന്നീട് സിനിമയായും അലകളുയർത്തി. തുടരെത്തുടരെ നോവലുകളെഴുതി തിളങ്ങിനിന്ന കാലത്താണ് അദ്ദേഹം സങ്കീർത്തനം എഴുതുന്നതും മികച്ച എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ഉയർത്തപ്പെടുന്നതും. 1993 ൽ. അഭൂതപൂർവമായ ഒരു സംഭവം തന്നെയായിരുന്നു സങ്കീർത്തനം. സാധാരണ വാനയക്കാരെയും പണ്ഡിതരെയും ഒരുപോലെ ആകർഷിക്കുകയും വിൽപനയിൽ റെക്കോർഡുകൾ തകർക്കുകയും ചെയ്ത കൃതി. സങ്കീർത്തനത്തിനു ശേഷം പെരുമ്പടവത്തിന്റെ കൃതികൾക്ക് ജനപ്രിയ ഭാവത്തിനു പകരം ഗൗരവ പ്രകൃതം കൈവന്നു. ‘അന്തിവെയിലിലെ പൊന്ന്’ സങ്കീർത്തനത്തിനും രണ്ടു പതിറ്റാണ്ടു മുമ്പാണ് പെരുമ്പടവം എഴുതുന്നത്. സ്വാഭാവികമായും ജനപ്രിയ അശംങ്ങൾ ഈ നോവലിൽ കൂടുതലുമാണ്. എന്നാൽ, പ്രസക്തമായ ഒരു ആശയത്തിന്റെ ഇഴയടുപ്പം നോവലിനെ ശ്രദ്ധേയമാകുന്നു. 

 

മലയാള സിനിമാ ലോകമാണ് നോവലിന്റെ പശ്ചാത്തലം. ഒരു പെൺകുട്ടിയുടെ നടി എന്ന നിലയിലുള്ള അപ്രതീക്ഷിത അരങ്ങേറ്റവും ഉയർച്ചയും അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും. മായ എന്നാണു നായികയുടെ പേര്. മായയുടെ ഉയർച്ചയും അതു സൃഷ്ടിക്കുന്ന സംഘർഷങ്ങളും. മായയുടെ കാഴ്ചപ്പാടിൽ കൂടിയാണു കഥ പറയുന്നതും. ശ്രദ്ധേയനാകാൻ കൊതിക്കുന്ന ഒരു സംവിധായകൻ യാദൃഛികമായി മായയെ കാണുന്നു. സിനിമയുമായി ബന്ധമില്ലാത്ത ഒരു അടുപ്പം അവർ തമ്മിലുണ്ടാകുന്നു. അതു തീവ്രപ്രണയമായി വളരുന്നു. തുടക്കത്തിൽ പ്രണയത്തെ അംഗീകരിക്കാൻ മായ വിസമ്മതിക്കുന്നെങ്കിലും പ്രതിഭാശാലിയയായ ഒരാൾക്ക് തന്നോടുള്ള ആരാധനയും ഭക്തിയും സമർപ്പണവും മനസ്സു മാറ്റുന്നു. പ്രണയത്തിന്റെ ഒഴുക്കിൽ മായ സ്വയം നഷ്ടപ്പെടുന്നു. എന്നാൽ, കാമുകൻ നേരത്തെതന്നെ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് അറിയുന്നതോടെ മായ തകരുന്നു. എന്നാൽ അതു താൽക്കാലികമായിരുന്നു. തന്നെ കീഴ്പ്പെടുത്തുന്ന പ്രണയത്തീയിൽ നിന്നു രക്ഷപ്പെടാൻ മായയ്ക്കു കഴിയുന്നില്ല. എന്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചുവോ അതേ തീയിലേക്ക് സ്വയം സമർപ്പിക്കുന്ന ശലഭത്തെപ്പോലെ മായ സ്വപ്നങ്ങളിലേക്ക് തന്നെത്തന്നെ വിട്ടുകൊടുക്കുന്നു. 

 

മായയും ഹരിദാസും പ്രതിഭാശാലികളാണ്. എന്നാൽ, പുരുഷനെന്ന നിലയിലുള്ള അഹന്തയും കഴിവുകളിലുള്ള അമിത ആത്മവിശ്വാസവും ഹരിദാസിനെ വ്യത്യസ്തനാക്കുന്നു. മായയെ നിയന്ത്രിക്കാൻ അയാൾ ശ്രമിക്കുന്നതോടെയാണ് അവർക്കിടയിലെ പൊരുത്തക്കേടുകൾ പുറത്തുവരുന്നത്. ഒരുമിച്ചുള്ള ജീവിതത്തിനുവേണ്ടി തുടക്കത്തിൽ ത്യാഗങ്ങൾക്കു മായ തയാറാകുന്നെങ്കിലും അതധികകാലം മുന്നോട്ടുപോകുന്നില്ല. മറ്റൊരാളാൽ നിയന്ത്രിക്കപ്പെടാൻ ആത്മാഭിമാനമുള്ള ഒരു വ്യക്തി അധികകാലം നിന്നുകൊടുക്കില്ല എന്ന് മായയുടെ ജീവിതം കാണിച്ചുതരുന്നു. നടി എന്ന നിലയിൽ മായ സ്വന്തം വഴി സൃഷ്ടിക്കുന്നതിലൂടെ അവരുടെ ലോകം വേറിട്ടതാകുന്നു. 

സംഭവബബഹുലമാണ് ‘അന്തിവെയിലിലെ പൊന്ന്’. ജനപ്രിയ നോവൽ സാഹിത്യത്തിന്റെ സർവ സാധാരണ ഭാഷയിൽ പെരുമ്പടവം കഥ എഴുതിയിരിക്കുന്നു. എന്നാൽ, ആഴങ്ങൾ അന്വേഷിക്കുന്ന വായനക്കാർക്കുള്ള വിഭവങ്ങളും നോവലിലുണ്ട്. ആശയത്തിന്റെയും ചിന്തയുടെയും ഗൗരവമുള്ള ഒരു തലം കൂടിയുണ്ട് നോവലിന്. മലയാള സിനിമയിലെ തന്നെ ചില താരങ്ങളുടെ ജീവിതവുമായി നോവലിലെ കഥാപാത്രങ്ങൾക്കു തോന്നാവുന്ന സമാനതയും യാദൃച്ഛികമല്ല. 80–കളിലും 90– കളിലും നടന്ന ചില സംഭവങ്ങൾ പോലും ദീർഘദൃഷ്ടിയോടെ പെരുമ്പടവം അന്തിവെയിലിലെ പൊന്നിൽ ആവിഷ്കരിച്ചിട്ടുമുണ്ട്. കാലത്തിനു മുന്നേ പറന്ന കഥയായും നോവൽ മാറുന്നു. 

 

Content Summary : Anthiveyilile Ponnu Novel By Perumbadavam Sreedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com