മാറ്റിനിർത്തിയവരെ ചേർത്തു നിർത്തുന്ന ‘റബ്ബോനി’; അറിയാക്കഥകളിലേക്കൊരു ജാലകം

raboni-novel-by-rosy-thampy-article-image
SHARE

ചരിത്രം എന്നും വിജയിച്ചവര്‍ക്കൊപ്പമാണ്. തഴയപ്പെട്ടവരേയും ഒതുക്കപ്പെട്ടവരേയും മാറ്റിനിര്‍ത്തപ്പെട്ടവരേയും ചരിത്രം  ഓര്‍ക്കാറില്ല. അതുകൊണ്ടുതന്നെ വിജയിച്ചവരുടെ ചരിത്രമാണ് യഥാര്‍ഥ്യമെന്നും കരുതപ്പെടുന്നു. മനുഷ്യന്റെ ഉദ്ഭവ കാലംമുതല്‍ക്കേ ഇത്തരം വെട്ടിനിരത്തലുകളും ചവിട്ടിത്താഴ്ത്തലുകളുമുണ്ട്. ചിലതൊക്കെ കാലാന്തരത്തില്‍ പുറത്തുവന്നെങ്കിലും ഭൂരിഭാഗവും ഇരുട്ടിലടയ്ക്കപ്പെട്ടിരിക്കുന്നു. 

യേശുവിന് ശിഷ്യരില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ആരാണെന്ന് ചോദിച്ചാല്‍  പല ഉത്തരമായിരിക്കും. പത്രോസെന്നും യോഹന്നാനെന്നും അഭിപ്രായമുള്ളവര്‍ കാണും. എന്നാല്‍ മഗ്ദലന മറിയം എന്ന അഭിപ്രായമുള്ളവര്‍ ഉണ്ടാകാന്‍ സാധ്യതയില്ല.  

തെറ്റിദ്ധരിക്കപ്പെടുകയും തെറ്റുകാരായി മുദ്രകുത്തപ്പെടുകയും ചെയ്തവര്‍ നിരവധിയാണ് ചരിത്രത്തില്‍. അത്തരത്തിലൊരു കഥാപാത്രമാണ് യൂദാസ്. ഒരുവനെ ഒറ്റപ്പെടുത്താനോ മാറ്റിനിര്‍ത്താനോ ആഗ്രഹിക്കുന്നുവെങ്കില്‍ അവനെ ‘യൂദാസ്’ എന്ന നാമം ചാര്‍ത്തുകയേ വേണ്ടൂ. അരികുവത്കരിക്കപ്പെട്ട യൂദാസിനേയും മഗ്ദലന മറിയത്തേയും ചേർത്തുപിടിക്കുകയാണ് റോസി തമ്പിയുടെ റബ്ബോനി എന്ന നോവൽ.  

സ്ത്രീപക്ഷ വായനയും എഴുത്തും ഗൗരവപൂര്‍വം കൈകാര്യം ചെയ്യുന്ന റോസി തമ്പിയുടെ വേറിട്ടുനിൽക്കുന്ന നോവലാണ് റബ്ബോനി. യേശുവിന്റെ ജീവിതവും സ്ത്രീകളുടെ ആത്മീയതയും പ്രതിപാദിക്കുന്ന സ്‌ത്രൈണ ആത്മീയത എന്ന പഠനത്തിലൂടെ  യേശുവിനെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണം അവതരിപ്പിച്ച റോസി തമ്പി റബ്ബോനിയിലൂടെ ഇതുവരെ ആരും പറയാത്ത കഥ പറയുന്നു. ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടവളാണ് മഗ്ദലന മറിയം. ഗണികസ്ത്രീയായും പിശാച് ബാധിതയായും പാപിനിയായ സ്ത്രീയായുമെല്ലാം മഗ്ദലനയെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ലാത്ത ഒരു മഗ്ദലന മറിയത്തെ റബ്ബോനിയിൽ കാണാം. 

യേശുവിന്റെ മരണശേഷം യേശുവിനെ പ്രഘോഷിക്കാന്‍ ആദ്യം ഇറങ്ങിത്തിരിച്ചത് മഗ്ദലന ആയിരുന്നു. ആയിരക്കണക്കിന് സ്ത്രീകളും അവരെ പിന്തുടര്‍ന്നു. എന്നാൽ അവരുടെ സുവിശേഷ പ്രഘോഷണങ്ങൾക്ക് എന്തു സംഭവിച്ചുെവന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് റബ്ബോനി. മഗ്ദലന മറിയത്തിന്റെയും യൂദാസിന്റെയും ജീവിത ചരിത്രത്തില്‍ ഒരു പൊളിച്ചെഴുത്തു നടത്തുകയാണ് റബ്ബോനിയിലൂടെ റോസി തമ്പി.  

യേശുവിന്റെ മരണത്തിനു  ശേഷം കണ്ടുമുട്ടുന്ന മഗ്ദലന മറിയവും യൂദാസും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് അറിയാക്കഥകളുടെ ജാലകം തുറക്കുന്നത്. ചതിയില്‍പെട്ട്, ചതിയനായി മുദ്രകുത്തപ്പെട്ട യൂദാസിന്റെ കഥ. യേശു വളരെ അധികം പരിഗണന നൽകിയിട്ടും അവന്റെ പിന്‍ഗാമികളുടെ ചരിത്രത്തില്‍ അപ്രധാനിയായിപ്പോയ മറിയത്തിന്റെ കഥ.  ഇങ്ങനെ തമസ്‌കരിക്കപ്പെട്ട രണ്ടാള്‍ക്കാരെ കേന്ദ്രകഥാപാത്രങ്ങളാക്കി തിരുത്തിക്കുറിക്കല്‍ നടത്തിയിരിക്കുകയാണ് റബ്ബോനി.

ശക്തമായ പെണ്‍രാഷ്ട്രീയവും റബ്ബോനി മുന്നോട്ടുവയ്ക്കുന്നു. സ്ത്രീയുടെ ആത്മസത്തയെ ആധുനികവും ആധുനിക പൂര്‍വവുമായ സമൂഹങ്ങള്‍ ചവിട്ടിയരയ്ക്കുന്നതിന്റെ രേഖപ്പെടുത്തല്‍ റബ്ബോനിയിലുണ്ട്. ഏച്ചുകെട്ടലുകളും വളച്ചുകെട്ടലുകളുമില്ലാതെ വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തില്‍ റബ്ബോനി എഴുതപ്പെട്ടിരിക്കുന്നു. രാത്രി മുഴുവനും വല വീശിയിട്ടും മീന്‍ കിട്ടാതിരുന്ന ശിഷ്യരോട് ക്രിസ്തു വള്ളത്തിന്റെ വലതുവശത്ത് വലവീശാന്‍ പറയുകയും വല നിറയെ മീന്‍ കിട്ടുകയും ചെയ്തു. വലതുവശത്ത് വല വീശുന്നതിനെക്കുറിച്ച് അവര്‍ അതുവരേയും ചിന്തിച്ചിരുന്നില്ല. അതുപോലെ, യൂദാസിന്റേയും മഗ്ദലന മറിയത്തിന്റേയും ജീവിതത്തിന്റെ മറുവശത്തേക്കുറിച്ച് ചിന്തിക്കാന്‍ ഇതുവരെ ആരും തയാറായിരുന്നില്ല. ഒറ്റുകാരനല്ലാത്ത യൂദാസിന്റേയും യേശുവിനു വേണ്ടി ജീവിച്ച മഗ്ദലന മറിയത്തിന്റേയും ജീവിതത്തിന്റെ മറുപുറം അനാവരണം ചെയ്യപ്പെടുകയാണ്  റബ്ബോനിയിലൂടെ. 

Content Summary : Book Review - Raboni, novel by Rosy Thampy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA