ചെയ്യാത്ത കുറ്റത്തിന് അപമാനവും തടവും, ഒരു അധ്യാപകന്റെ പൊള്ളിക്കുന്ന അനുഭവങ്ങൾ

kadalneelam
SHARE
ജയചന്ദ്രൻ മൊകേരി

ഡിസി ബുക്സ്

വില: 190 രൂപ

മാലദ്വീപിന്റെ കാണാക്കാഴ്ചകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയി ജയചന്ദ്രൻ മൊകേരി വീണ്ടും അക്ഷരജാല വിസമയം തീർക്കുന്നു. ദ്വീപിൽ അധ്യാപക ജോലിക്കായി പോയി, ചെയ്യാത്ത കുറ്റത്തിന് 25 വർഷത്തിലേറെക്കാലം തടവുശിക്ഷ വിധിക്കപ്പെടാവുന്ന വകുപ്പുകൾ ചേർത്ത കേസിൽ കുരുക്കപ്പെട്ട് ജയിലിലായ ജയചന്ദ്രന്റെ തടവറക്കഥകളും ജയിൽ മോചനവും വിവരിക്കുന്ന ‘തക്കിജ്ജ: എന്റെ ജയിൽ ജീവിതം’ എന്ന പുസ്തകത്തിനു ശേഷമാണ് ‘കടൽനീലം’ എന്ന ദ്വീപ് അനുഭവകഥകൾ പുറത്തു വന്നിരിക്കുന്നത്. ഡിസി ബുക്സ് തന്നെയാണ് കടൽ നീലത്തിന്റെയും പ്രസാധകർ. തക്കിജ്ജ കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കുള്ള നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. തക്കിജ്ജ ജയചന്ദ്രൻ മാലദ്വീപിൽ എത്തുന്നതു മുതലുള്ള അനുഭവക്കുറിപ്പുകളാണ്.  അധ്യാപക ജോലിക്കിടെ കേസിൽ പെടുന്നതും തടവിലാകുന്നതും ഒടുവിൽ ജയിൽ മോചിതനാകുന്നതും ഒന്നിനു പിറകേ ഒന്നായി തുന്നിചേർത്താണ് അത് ഒരുക്കിയതെങ്കിൽ ‘കടൽനീലം’ ദ്വീപ് പോലെ ചിതറിക്കിടക്കുന്ന അനുഭവങ്ങളെയും ചിന്തകളെയും കോർത്തു വച്ചതാണ്.

പൊള്ളിക്കുന്ന അനുഭവങ്ങൾ

ചെയ്യാത്ത കുറ്റത്തിന് അപമാനവും തടവും അനുഭവിക്കേണ്ടി വന്ന അധ്യാപകന്റെ കഥയായിരുന്നു ‘തക്കിജ്ജ: എന്റെ ജയിൽ ജീവിതം’. സർക്കാർ, നിയമം, കോടതി, പൊലീസ്, സമൂഹം തുടങ്ങിയ വ്യവസ്ഥകൾക്കെതിരെ ഒരു വ്യക്തി നടത്തിയ പോരാട്ടം. ജീവിതാനുഭവങ്ങളിലെ നിർഭാഗ്യങ്ങൾക്കിടയിലും ഭാഗ്യത്തിന്റെ ഒരു നൂലേണി പല തലങ്ങളിൽ നിന്ന് ജയചന്ദ്രനെ തേടി വന്നതാണ് അദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്. അത്തരത്തിൽ ഒരു നിഴൽ ഭാഗ്യം പോലും ലഭിക്കാതെ ജയിലുകളിൽ കഴിയുന്നത് എത്രയെത്ര പേർ. അതു കൊണ്ടാണ് ദ്വീപ് അനുഭവങ്ങൾ കുറിക്കുമ്പോൾ ജയചന്ദ്രൻ അനുഭവിച്ച ഉൾച്ചൂട് അത് വായിക്കുമ്പോൾ വായനക്കാരനേയും തേടിയെത്തുന്നത്.

ദ്വീപിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ വന്ന ദ്വീപ് അനുഭവക്കുറിപ്പുകളാണ് ഒരു പരിധി വരെ ജയചന്ദ്രന്റെ ജയിൽ ജീവിതത്തിന് വഴിതുറന്നതെന്ന് ഇപ്പോഴും അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ സ്കൂളിലെ ഒരു വിദ്യാർഥിയുടെ പേരിൽ ലഭിച്ച ഒരു പരാതിയുടെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. വിദ്യാർഥിയുടെ കുടുംബം പരാതി പിൻവലിച്ചിട്ടും 25 വർഷമെങ്കിലും തടവ് ലഭിക്കാവുന്ന വിധമുള്ള കുറ്റപത്രം പിൻവലിക്കപ്പെട്ടിരുന്നില്ല എന്നതിൽ നിന്നാണ് ജയചന്ദ്രന്റെ വാദം ശരിയാണ് എന്ന് നമുക്കും തോന്നുന്നത്.

ദുരൂഹമായ കരുനീക്കങ്ങൾ

പക്ഷേ മലയാളത്തിൽ എഴുതപ്പെട്ട ദ്വീപ് അനുഭവക്കുറിപ്പുകൾ എങ്ങനെ മലയാളം അറിയാത്ത അധികാരികൾക്കു മുന്നിൽ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ചതിപ്രയോഗങ്ങൾക്കും ഒറ്റിക്കൊടുക്കലുകൾക്കും പിന്നിലെ മലയാളി മുഖങ്ങൾ പേക്കിനാവുകൾ പോലെ വായനക്കാരന്റെയും ഉറക്കം കെടുത്തുന്നത്. ജയചന്ദ്രൻ പറയുന്നു:‘ എന്റെ ദ്വീപ് എഴുത്തുകൾ വികലമായി ആരെങ്കിലും അധികാരികൾക്ക് വിവർത്തനം ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ മുൻവിധിയോടെ അവർ വായിക്കുകയോ ചെയ്തിരിക്കാം. അതല്ലാതെ ഒരു ശരാശരി വായനക്കാരനു പോലും രാജ്യദ്രോഹ നിലപാടുകൾ അതിൽ കണ്ടെത്താൻ കഴിയില്ല. വികലമായി വിവർത്തനം ചെയ്തു എന്നതുകൊണ്ട് ഉദ്ദേശിച്ചത് ദ്വീപിലെ മതമൗലിക വാദികളുടെ മുന്നിലേക്ക് നമ്മുടെ ആൾക്കാരിൽ ആരുടെയെങ്കിലും പക്കൽ നിന്ന് പകരാനിടയുള്ള വൈറസ് ബാധ സംബന്ധിച്ചാണ്.’

കടൽ നീലത്തിന്റെ അവതാരികയിൽ ഖദീജ മുംതാസ് ഇങ്ങനെ കുറിക്കുന്നു. മാലദ്വീപിലെ സാധാരണ പൗരന്മാരുടെ മനസ്സ് സംഘർഷ ഭരിതമാണ്. അസ്വസ്ഥരാണവർ. ഒപ്പം ഭയപ്പെടുന്നവരും. അധർമികളായ ഭരണാധികാരികളോടുള്ള അമർഷം ചെറുപ്പക്കാരിൽ പുകയുന്നുണ്ട്. തങ്ങളെ ഭൂമിയിലേക്കയച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്ത അച്ഛനമ്മമാരോടും പ്രതിഷേധിക്കാൻ അവർ ആഗ്രഹിച്ചു തുടങ്ങും മുൻപേ ലഹരിയുടെ നീരാളിക്കൈകൾ അവരെ ശ്വാസം മുട്ടിച്ചു തുടങ്ങിയുമിരിക്കും. അന്യസംസ്ക്കാരങ്ങളെയും മനുഷ്യരെയും തുറന്ന മനസോടെ കാണാനും ആഹ്ളാദത്തോടെ ഇടപെടാനും അവർ ശീലിച്ചിട്ടില്ല.

ഓരോ അധ്യാപകന്റെയും സ്കൂളുകൾ നിശ്ചയിക്കുന്നത് അധികൃതരാണ്. ഒരിടത്ത് അധികപ്പറ്റാണ് എന്ന് തോന്നിയാൽ മറ്റൊരിടത്തേക്ക്. എന്നാൽ ഓരോ ട്രാൻസ്ഫറും ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്കായിരിക്കും. അത്തരമൊരു യാത്രയെക്കുറിച്ച് ജയചന്ദ്രൻ പറയുന്നു. ‘ഇനി ഫിയൽ ദ്വീപിലേക്കാണ് പോകേണ്ടത്. ജീവിതത്തിലെ ഏറ്റവും അശുഭകരമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഫിയലിലേക്ക് . മുറി പൂട്ടി പുറത്തേക്കു വരുമ്പോൾ ഓർത്തു. താമസിച്ച ഓരോ മുറിയും തെളിച്ചമുള്ള ഓർമകളാണ്‌.’

ആനന്ദവും ആകുലതകളും നിറയ്ക്കുന്ന ദ്വീപ് കാഴ്ചകൾ

‘ പത്തു മണിക്കൂർ നീണ്ട സമുദ്ര യാത്രയ്ക്കു ശേഷം ആദ്യമായി ഒരു ദ്വീപിലെത്തിയ നിമിഷം ഇന്നും മനസ്സിലുണ്ട്. മാലദ്വീപിലെ ഇൻഗുറായിതു ദ്വീപിൽ. ഇളം പച്ചയിൽ നങ്കൂരമിട്ട കടും നീലക്കടൽ കുഞ്ഞു ദ്വീപിനെ ഇളകിയാട്ടുന്ന കാഴ്ചയാണ് ആദ്യം മനസ്സിനെ സ്പർശിച്ചത്. കിഴക്ക് തിളച്ചുയരുന്ന സ്വർണത്തളികയുടെ വർണ രാജിയിൽ കടൽ തിളയ്ക്കുന്നുവെന്ന് തോന്നി.’ ‘കടൽ നീലം ’ദ്വീപിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത് ഇങ്ങനെയാണ്. അവിടെ നിന്നങ്ങോട്ട് ജയചന്ദ്രൻ എന്ന ദ്വീപ് യാത്രികനൊപ്പം വായനക്കാരന്റെ മനസ്സും ദ്വീപിലെ കാണാക്കാഴ്ചകളിലേക്ക് അലിഞ്ഞു ചേരുകയായി. ഒന്ന് നീട്ടി വലിച്ചു നടന്നാൽ കടലിൽ പതിക്കുമെന്ന് തോന്നുന്ന വിധം ചെറുതായ ദ്വീപുകൾ വരെയുണ്ടെന്നും അവിടെയും സ്കൂളും വ്യാപാര സ്ഥാപനങ്ങളും ഉണ്ടെന്നും കേൾക്കുമ്പോൾ കണ്ണു മിഴിച്ചിരിക്കാനേ നമുക്ക് കഴിയു. കടൽത്തീരങ്ങൾ, പാർക്കുകൾ, ഹോട്ടലുകൾ, അപുർവമായി ചില ദ്വീപുകളിൽ കാണുന്ന ബാറുകൾ ഒളിവും മറവുമില്ലാത്ത ജീവിതങ്ങൾ ഒന്നൊന്നായി കാണിച്ചു തരുന്നുണ്ട് ഈ ദ്വീപ് സ്കെച്ചുകളിൽ. കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ സംഭവങ്ങൾ. 

കടൽ വരച്ച ചിത്രങ്ങൾ

കടലുമായുള്ള ആത്മബന്ധം രചനയിലുടനീളം കാണാം. ‘ക്ലാസുകൾ കഴിഞ്ഞ് വൈകിട്ട് കടൽത്തീരത്ത് വന്നിരിക്കുമ്പോൾ മനസ്സ് ശാന്തമാകും. അപ്പോഴേയ്ക്കും കടലുമായി ഒരാത്മബന്ധം ഉണ്ടായെന്ന് തോന്നി. ഹെമിങ് വേയുടെ കിഴവനും കടലും വായിക്കുമ്പോൾ തോന്നിയ നമ്മിലേക്ക് പടരുന്ന കിഴവന്റെ നിഗൂഡമായ ഒരാനന്ദം ചെറിയൊരളവിൽ എന്നിലേക്കും സംക്രമിച്ചതു പോലെ.’ ജയചന്ദ്രൻ പറയുന്നു. ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്കുള്ള മാറ്റം ഒരർത്ഥത്തിൽ പുതിയ പുതിയ കഥകളിലേക്കും കാഴ്ചകളിലേക്കുള്ള സഞ്ചാരം കൂടിയാണ്. ദ്വീപിലെ ഓരോ സ്കൂളുകളുടെയും അവസ്ഥ. അവിടെ വിദ്യാർഥികളിൽ നിന്ന് അധ്യാപകൻ ഒരുക്കേണ്ട പ്രതിരോധങ്ങൾ ഓരോ ദിവസവും അനുഭവിക്കുന്ന കയ്പേറിയ അനുഭവങ്ങൾ തുടങ്ങിയവ വായനക്കാരെ വേട്ടയാടും. മയക്കുമരുന്നും സെക്സും , അരാജക ജീവിതവും മതനിയമങ്ങളും ഒക്കെ ചേർന്ന് തീർക്കുന്ന ഭയജീവിതം പല രാജ്യങ്ങളിൽ നിന്നെത്തിയ ജോലിക്കാരെ എല്ലാം വിട്ടെറിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ പലരേയും പ്രേരിപ്പിക്കുന്നത് എങ്ങനെയെന്ന് ജയചന്ദ്രൻ വരച്ചു കാണിക്കുന്നു.

ദ്വീപ് ജീവിതത്തിനിടയിൽ ഇൻഗുറായിതു എന്ന ദ്വീപിൽ വച്ച് ചാരക്കേസിലെ വിവാദ നായിക ഫൗസിയ ഹസനെ കണ്ട കഥയും കടൽനീലത്തിൽ വിവരിക്കുന്നുണ്ട്.

ദ്വീപിലെ മഴക്കാഴ്ചകളും ഭക്ഷ്യ രീതികളും കലയോടും സിനിമയോടുമുള്ള സമീപനങ്ങളും വിവിധ അധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്. ലഹരിക്കും സെക്സിനും അടിമപ്പെട്ടു പോകുന്ന യുവത്വം ദ്വീപിൽ ജോലി ചെയ്യാനെത്തുന്നവരെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന തിരിച്ചറിവും ഇത് നൽകുന്നു. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപികമാരെ ശല്യപ്പെടുത്താനും രാത്രി അധ്യാപികമാരുടെ വാതിലുകളിൽ മുട്ടിവിളിക്കാനും മടിക്കാത്ത വിദ്യാർഥികൾ ക്ലാസ് മുറികളിൽ കൂസലില്ലാതെ ഇരിക്കുമ്പോൾ എങ്ങനെയാണ് അവരെ പഠിപ്പിക്കുക എന്ന ചോദ്യവും മനസ്സിലുയരും.

കുഞ്ഞുദ്വീപിൽ ജീവിക്കാൻ തുടങ്ങുമ്പോൾ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം മടുപ്പാണ്. ജയചന്ദ്രൻ എഴുതുന്നു. ‘അഞ്ഞൂറിൽ താഴെ മാത്രം ആളുകളുള്ള ദ്വീപുകളുണ്ട് - ചിലതിൽ ആയിരം മുതൽ രണ്ടായിരമോ അയ്യായിരംവരെയോ ജനസംഖ്യ ഉണ്ടാകും - ദ്വീപുകളിൽ കുട്ടികൾക്ക് അധ്യാപകരെ കണ്ടു മടുക്കും. അധ്യാപകർക്ക് കുട്ടികളെ കണ്ട് മടുക്കും.’

ദ്വീപിലെ പ്രണയങ്ങൾ, വിവാഹം, കുടുംബം, വിവാഹ മോചനങ്ങൾ തുടങ്ങിയവ വായിക്കുമ്പോൾ അത്ഭുതപ്പെടാതെ വഴിയില്ല. പ്രണയിക്കാം. എന്നാൽ അത് വിവാഹത്തിലേക്ക് കടന്നാൽ സ്കൂൾ പഠനം നിലയ്ക്കും. വിദ്യാഭ്യാസം പൂർണമായും സർക്കാരിൻ്റെ ചെലവിലാണ്.ഉപരി പഠനത്തിന് പോകാൻ വരെ സർക്കാർ സൗകര്യമൊരുക്കും. എന്നാൽ 18 വയസ് കടക്കാതെ വൈവാഹിക ജീവിതം തുടങ്ങാൻ കഴിയില്ല. പക്ഷേ ഈ നിയമങ്ങളെല്ലാം തെറ്റിച്ച് ദ്വീപിലെ കൗമാരജീവിതങ്ങൾ നടത്തുന്ന ആഘോഷങ്ങളും ദ്വീപ് സ്കെച്ചുകളിൽ കാണാം.

സ്കൂളിൽ വരാതെ മീൻ പിടിക്കാൻ പോയി അധ്യാപകർ നേടുന്നതിനേക്കാൾ മാസ വരുമാനം സമ്പാദിക്കുന്ന കുട്ടികൾ. ചീട്ടുകളിക്കുകയും ഹുക്ക വലിക്കുകയും ചെയ്യുന്ന കുട്ടികൾ, രക്ഷിതാക്കളുടെ വഴിപിഴക്കലിനെതിരെ പച്ചത്തെറിയിലൂടെ പൊട്ടിത്തെറിക്കുന്ന കൗമാരക്കാർ, അങ്ങനെ എത്രയെത്ര കാഴ്ചകൾ.  അറിയാതെ എങ്ങനെയോ ദ്വീപിൽ എത്തിയ തവളയെ അത്ഭുതത്തോടെ നോക്കി നിന്നവർ, പാമ്പിനെയും കാക്കകളെയും പിടിച്ച് ക്ലാസ് മുറികളിലെത്തുന്നവർ.. അങ്ങനെ വേറെയും ജീവിതങ്ങൾ. ഒരു ട്രെയിനിന് നിങ്ങളുടെ ദ്വീപിനേക്കാൾ നീളമുണ്ടാകും എന്നു പറഞ്ഞപ്പോൾ കണ്ണു മിഴിച്ചിരുന്ന കുട്ടികളെയും ക്ലാസ്സ് മുറിയിൽ കണ്ടെത്താം. ദ്വീപ് സ്കെച്ചുകളിലൂടെ ജയചന്ദ്രൻ വരച്ചിടുന്നത് കണ്ടും കേട്ടും അനുഭവിച്ചതുമായ ദ്വീപ് ജീവിതത്തിന്റെ മഴവിൽഭാവങ്ങളാണ്. അതിനുമറുപുറത്താകട്ടെ നമുക്ക് കേട്ടുകേൾവിപോലുമില്ലാത്ത കുറ്റകൃത്യങ്ങളുടെയും കുത്തഴിഞ്ഞ ജീവിതങ്ങളുടെയും നേർചിത്രങ്ങളും. ഒന്നിനെയും മാറ്റിനിർത്താനാകില്ല. കാരണം ചുറ്റും കടലിരമ്പം മാത്രമുള്ള ഈ കൊച്ചു തുരുത്തുകളിലുള്ളവരും നയിക്കുന്നത് പൂർണമായ ജീവിതങ്ങൾ തന്നെയാണ്. 

എംഎൻ കാരശേരി പറയുന്നു: ‘ചെയ്യാത്ത കുറ്റത്തിന് അപമാനവും തടവും പേറി അധ്യാപകനായ ജയചന്ദ്രൻ മാലദ്വീപിൽ കുടിച്ചുതീർത്ത കയ്പുനീരിന്റെ കഥകളാണ് അദ്ദേഹത്തെ എഴുത്തുകാരനാക്കിയത്. നിസ്സഹായരും നിരപരാധികളുമായ വ്യക്തികൾ വ്യവസ്ഥകളുടെ നിർദയവും നിഷ്ഠുരവുമായ പൽചക്രങ്ങളിൽ അരഞ്ഞുതീരുന്നതിനെ പറ്റി ആലോചിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ‘തക്കിജ്ജ’. അതിന്റെ രണ്ടാം ഭാഗമായി കടൽ നീലത്തെ കാണാം. ഇവിടെ പക്ഷേ അനുഭവങ്ങൾക്കല്ല നിരീക്ഷണങ്ങൾക്കാണ് സ്ഥാനം. മാലദ്വീപിലെ പ്രകൃതിയും ചരിത്രവും സമൂഹവും പലതരത്തിൽ പലതലത്തിൽ ‘കടൽ നീല’ത്തിൽ ആവിഷ്കാരം കൊള്ളുന്നു.’ 

Content Summary: Kadalneelam book written by Jayachandran Mokeri 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA