അരയാൽത്തറയിൽ ഇരുന്ന് ‘സന്യാസിനി’ പാടുന്ന ഗന്ധർവൻ; പാട്ടിനു താളം പിടിക്കുന്ന ഇലക്കൈകൾ

mottambuli
SHARE
അംബികാസുതൻ മാങ്ങാട്

ഡിസി ബുക്സ്

വില 160 രൂപ

കഥയും കവിതയും പ്രകൃതിയോട് ഏറ്റവും അടുത്തത് കാൽപനികതയുടെ കാലത്താണ്. പ്രകൃതി വർണനയോടെയായിരുന്നു അക്കാലത്തെ കൃതികൾ തുടങ്ങിയിരുന്നതു തന്നെ. വില്യം വേർഡ്‍സ്‍വർത്തിനെപ്പോലുള്ള ഇംഗ്ലിഷ് കവികൾ പ്രകൃതിയിൽ ലയിച്ചാണു ജീവിച്ചതും പാടിയതും. ആധുനികതയായതോടെ എഴുത്തുകാർ മനസ്സിന്റെ ഉള്ളിലേക്കു ചുഴിഞ്ഞുനോക്കി. നിഗൂഢവും ദുരൂഹവുമായ അന്തർരഹസ്യങ്ങൾ കണ്ടെടുത്തു. പ്രകൃതി പശ്ചാത്തലം മാത്രമായി ഒതുങ്ങിപ്പോയി അക്കാലത്തെ കൃതികളിൽ. 

പിന്നീടിങ്ങോട്ട്, നഗരവത്കരണത്തിന് ആക്കം കൂടിയതോടെ അക്ഷരങ്ങൾ പ്രകൃതിയിൽ നിന്ന് അകന്നുകൊണ്ടിരുന്നു. പ്രകൃതിവർണന ഇന്ന് ക്ലീഷേയാണ്. എന്നോ ഉപേക്ഷിച്ച ഒരാചാരം. എന്നാൽ, മലയാളത്തിൽ പ്രകൃതിയിൽനിന്നു വേർപെടുത്താത്ത അക്ഷരങ്ങളുമായി കഥയെഴുതുന്ന, നോവൽ എഴുതുന്ന ഒരു എഴുത്തുകാരനുണ്ട്. മറ്റുള്ളവരിൽ നിന്ന് മാറിനടന്ന അംബികാസുതൻ മാങ്ങാട്. മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ ഉൾപ്പെടെയുള്ള നോവലുകളിലും നീരാളിയൻ, രണ്ടു മത്സ്യങ്ങൾ, കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന പുഴകൾ എന്നിങ്ങനെ കഥകളിലും പേരുകളിൽപ്പോലും പ്രകൃതിയുമായി ഇണങ്ങിയാണ് അദ്ദേഹത്തിന്റെ എഴുത്ത്. ഒരുപക്ഷേ, പരിസ്ഥിതി ജാഗ്രത ഇത്രത്തോളം പുലർത്തിയ മറ്റെഴുത്തുകാർ മലയാളത്തിൽ ഇല്ലെന്നുതന്നെ പറയാം. മൺമറഞ്ഞുപൊയ്ക്കൊണ്ടിരുന്ന ആചാരങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയതിനും നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയുമായി ബന്ധമുണ്ട്. ഒരു കാലത്തിന്റെ സൗഭാഗ്യങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ നിറഞ്ഞുനിൽക്കുന്നു. നഗരത്തിനുള്ളിലെ പച്ചത്തുരുത്ത് പോലെ. അപ്രതീക്ഷിതമായി കണ്ടെത്തിയ നീരുറവ പോലെ. മണ്ണും മരവും പുഴയും കാടും കായ്കളും പൂക്കളും കാറ്റും മഴയുമെല്ലാം നിറയുന്ന കഥകൾ. കുടയെടുക്കാതെ മഴയിലേക്ക് ഇറങ്ങിയാലെന്നപോലെ പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അവസ്ഥ. ഏറ്റവും പുതിയ കഥാസമാഹാരവും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനിവാര്യവും അഭേദ്യവുമായ ബന്ധത്തിന് അടിവരയിടുന്നു. 

മൊട്ടാമ്പുളി ഒരു കൊലപാതകത്തിന്റെ കഥയാണ്. പ്രണയപ്പക എന്ന വാക്ക് ഉചിതമാകുമെന്നു തോന്നുന്നില്ല. പ്രണയത്തിൽ എവിടെയാണു പക. വെറും പകയാണ്. വഞ്ചനയാണ്. പ്രണയമുള്ള മനസ്സിൽ നിറഞ്ഞു നിൽക്കുന്നതു പ്രണയം മാത്രം. മറ്റൊരു വികാരത്തിനും സ്ഥലം തികയില്ല. പിന്നെ എവിടെയാണു പക കടന്നുകൂടുക. ചതിയ്ക്കും വഞ്ചനയ്ക്കും എവിടെയാണു സ്ഥലം. പ്രണയത്തിനു പകരം കാമമാണെങ്കിൽ മറ്റു ദുഷിച്ച വികാരങ്ങളും കണ്ടേക്കാം. വിചാരങ്ങൾ ഹീനകൃത്യങ്ങളിലേക്കു നയിച്ചേക്കും. പ്രണയത്തെ അതിനു മറയാക്കുന്നുവെന്നു മാത്രം. 

കാട്ടിൽ വിജനമായ പ്രദേശത്ത് മരക്കൊമ്പിൽ തൂങ്ങിയാടുന്ന ശരീരത്തിൽ നിന്നാണു കഥ തുടങ്ങുന്നത്. ആ ദൃശ്യത്തിന്റെ ഏക സാക്ഷിയിൽ നിന്നും. അയാളുടെ വിവരണത്തിലൂടെ പൊലീസ് അന്വേഷണം ഏറ്റെടുക്കുന്നു. പ്രതിയെ പിടിക്കുന്നു. എന്നാൽ കഥ അവസാനിക്കുന്നില്ല. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരി സാക്ഷിയെത്തേടി എത്തുന്നു. അവളുടെ മനസ്സിൽ പശ്ഛാത്താപമുണ്ട്. മുന്നറിയിപ്പ് വേണ്ട സമയത്ത് താൻ നൽകിയില്ലല്ലോ എന്ന ഖേദം. എന്നാൽ, അതിൽക്കൂടുതലായി ഒരു കത്തി കൊണ്ടുനടക്കുന്ന ആ പെൺകുട്ടി ചില തെളിവുകൾ കൂടി നിരത്തുന്നു. അതോടെ സാക്ഷിയുടെ കുറ്റകൃത്യത്തി‌ലെ പങ്ക് പുറത്തുവരുന്നു. ഇവിടെയാണു മൊട്ടാമ്പുളി കഥയിൽ ഇടപെടുന്നത്. പ്രണയത്തിലും വഞ്ചനയിലും വേദനയിലും ഇടപെടുന്നത്. 

കരിങ്ങാപ്പഴം പോലെ ചെറിയൊരു കായയാണ് മൊട്ടാമ്പുളി. നെല്ലിക്കാക്കുരുവിന്റെ വലിപ്പമേ കാണൂ. പക്ഷേ, തക്കാളി പോലെ സോഫ്റ്റാണ്. മറ്റൊരു പഴത്തിനുമില്ലാത്ത ഒരു പ്രത്യേകത മൊട്ടാമ്പുളിക്കുണ്ട്. ഓരോന്നിനും നല്ല പച്ച ഉടുപ്പുണ്ടാകും. ബലൂൺ വീർപ്പിച്ച പോലെ. അതിനകത്ത് പ്രാണികൾക്ക് തൊടാൻപോലും കിട്ടാതെ മൊട്ടാമ്പുളി ഒളിച്ചിരിക്കും. പഴുത്താൽ പുളികലർന്ന മധുരം. 

അച്ഛന്റെ ഓർമയുമായി ബന്ധപ്പെട്ട മൊട്ടാമ്പുളിയുമായാണ് കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരി എത്തിയിരിക്കുന്നത്. അവളുടെ നിർദേശം പോലും അനുസരിക്കാതെ, അവൾ കൊണ്ടുവന്ന മുഴുവൻ പഴങ്ങളും തിന്നുകഴിയുമ്പോൾ അയാൾ കുറ്റം ഏറ്റെടുക്കാൻ തയാറാകുന്നു. അതല്ലാതെ മറ്റൊന്നും അയാൾക്കു ചെയ്യാനില്ല. അയാളുടെ ഉള്ളിലെ മനുഷ്യനെ പുറത്തുകൊണ്ടുവരികയാണ് മൊട്ടാമ്പുളി. 

താരാനാഥന്റെ പാട്ടുജീവിതം എന്ന ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയിൽ അരയാൽത്തറയിൽ ചമ്രം പടിഞ്ഞിരുന്ന് ഗാനഗന്ധർവ്വൻ സന്യാസിനി ആലപിക്കുന്ന ദൃശ്യമുണ്ട്. അരയാൽ മരത്തിലെ എണ്ണിലായൊടുങ്ങാത്ത ഇലക്കൈകൾ ആ പാട്ടിനു താളം പിടിക്കുന്നുണ്ട്. ജൈവികമാണ് ഇവിടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം. ഇനിയും അറ്റുപോകാത്തത്. ആർക്കും ഉപേക്ഷിക്കാനാവാത്തത്. വിട്ടുപിരിയാനാവാത്തത്. 

സൈരന്ധ്രീ വനമെന്ന സൈലന്റ് വാലിയെ തഴുകി ഒഴുകുന്ന കുന്തിപ്പുഴയെക്കുറിച്ചുള്ള ജൻമരഹസ്യത്തിലുമുണ്ട് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം. വനവാസക്കാലത്ത് പാണ്ഡവരും പാഞ്ചാലിയും ഈ പുഴയുടെ തീരത്ത് വസിച്ചിരുന്നത്രേ. പ്രിയതമയായ സൈരന്ധ്രിയോടുള്ള ഇഷ്ടം കൊണ്ടാകും പാണ്ഡവർ കാടിനെ സൈരന്ധ്രീ വനമെന്നു വിളിച്ചത്. മുന്നിലൂടെ ഒഴുകിവരുന്ന പുഴ അമ്മയുടെ കണ്ണീരാണെന്ന് ആ വിയോഗകാലത്ത് അവർക്ക് തോന്നിയിരിക്കണം. അങ്ങനെ കുന്തിപ്പുഴയെന്നു വിളിച്ചിരിക്കണം. 

അമ്മേയെന്ന് ആ കണ്ണീരിൽ മുങ്ങിക്കുളിച്ചിരിക്കണം.... 

Content Summary: Mottambuli book written by Ambikasuthan Mangad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA