ADVERTISEMENT

ഏതിലയും മധുരിക്കുന്ന കാട് ആകേണ്ട കവിതയുടെ ലോകത്ത് മധുരിക്കുന്ന ഇലകൾ കുറവാണെന്നതാണ് ഇന്നിന്റെ യാഥാർഥ്യം. ഓരോ ആഴ്ചയിലും പല പ്രസിദ്ധീകരണങ്ങളിലായി മൂന്നും നാലും കവിതകൾ അച്ചടിമഷി പുരളുന്നു. ശ്രദ്ധേയമായ അപൂർവം ചിലതെല്ലാം ക്രമേണ പുസ്തകമാകുന്നു. മറ്റുള്ളവയൊക്കെ വിസ്മൃതിയുടെ തിരശ്ശീലയ്ക്കു പിന്നിലെ ഇരുട്ടിലേക്ക് അകന്നുമറയുന്നു. കവിതയുടെ വായനക്കാർ ഒരിലയും മധുരിക്കാതെ, കായോ കനിയോ പൂവോ കാണാതെ മരുഭൂമിയിൽ മഴയ്ക്കുവേണ്ടിയെന്ന പോലെ കാത്തിരിക്കുന്നു. അത്യപൂർവമായി ലഭിക്കുന്ന കവിതയെന്ന ഭാഷാവരത്തിനുവേണ്ടി. ധ്യാനത്തിൽ നിന്ന് ഉറവയെടുക്കുന്ന വാക്കുകളുടെ സാന്ദ്രമൗനത്തിനും സൗന്ദര്യത്തിനും വേണ്ടി. കവിതയുടെ ധാരാളിത്തത്തിനിടയിലും കവിത എന്ന പേരിന് അർഹമായത് എണ്ണത്തിൽ കുറവായതുകൊണ്ടാണിതു സംഭവിക്കുന്നത്. വലിയൊരളവു വരെ ഗദ്യത്തിലേക്ക് മാറിയതോടെ എല്ലാവരും കവികളായെങ്കിലും കവിത സമ്മാനിക്കുന്ന അനുഭൂതി കുറയുന്നതുകൊണ്ട്. 

എന്നാൽ, എണ്ണത്തിൽ കുറവാണെങ്കിലും മികച്ച കവിതകൾ ഉണ്ടാകുന്നു. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട പേരാണ് ആര്യാംബിക. രാത്രിയുടെ നിറമുള്ള ജനാല എന്ന പുതിയ കാവ്യസമാഹാരം ഈ വസ്തുതയ്ക്ക് ഒരിക്കൽക്കൂടി അടിവരയിടുന്നു. കഥയോ കവിതയോ പോലെയല്ല, ചുരുക്കം വാക്കുകൾ കൊണ്ടാണ് കവിത അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. എന്നാലോ കവിത സമ്മാനിക്കുന്ന അനുഭൂതിയുടെ നിറവ് 1000 പേജുള്ള നോവലിനു പോലും നൽകാൻ കഴിയില്ല. ആദ്യ വായനയിൽ ഹൃദയം കിഴടക്കിയും പിന്നീടുള്ള വായനകളിൽ ഉള്ളിന്റെ ഉള്ളിൽ സ്ഥിരം പാർപ്പുറപ്പിച്ചും സ്വന്തത്തേക്കാൾ സ്വന്തമാകാൻ കവിതയ്ക്കല്ലാതെ മറ്റൊരു സാഹിത്യ രൂപത്തിനും കഴിയുകയുമില്ല. സംശയമുള്ളവർക്ക് മുന്നിലേക്ക് നീക്കിവയ്ക്കാൻ ആര്യംബികയുടെ കവിതയുണ്ട്. നാലുവരി മാത്രമുള്ള പൂവാക. 

 

തുടുതുടുത്തു ചെഞ്ചോരയിറ്റുമാ–

റിതൾ വിടർന്ന പൂവാകയാകണം

അടരുമോർമ്മയായെന്റെ ജീവനാൽ 

പൊതിയണം പ്രിയപ്പെട്ട ഭൂമിയെ. 

വൃത്തമൊപ്പിച്ചും ഗദ്യത്തിലും കവിത എഴുതാറുണ്ട് ഈ കവി. പദ്യത്തിലോ ഗദ്യത്തിലോ എന്നതല്ല കവിതയുണ്ടാകണം കവിതയിൽ എന്നതുമാത്രമേ നിഷ്കർഷിക്കാനാകൂ. കവിതയ്ക്ക് നിർവചനമായി പറയാനാകൂ. രണ്ടുരൂപത്തിലും നൃത്തം ചെയ്യുന്നുണ്ട് ഇവിടെ ഭാഷ. മഹാധ്യാനത്തിൽ നിന്ന് ഉറവെടുക്കുന്ന വാക്കുകൾ ഹൃദയത്തിൽ കൂടുകൂട്ടുന്നുണ്ട്. ഭാഷയെ സ്നേഹിച്ച്, കവിതയെ ഇഷ്ടപ്പെട്ട്, അപൂർവമായ അനുഭൂതിയുടെ ലയത്തിൽ ഒഴുക്കിൽ ഒരില പോലെ ഒഴുകുന്നുണ്ട്. 

 

നീ വരും വഴി കാത്തുനിന്നു ഞാൻ 

നീയൊഴിഞ്ഞു നടന്നുപോയ്. 

നീയും നീളെത്തിരഞ്ഞിരുന്നുവോ 

ഞാൻ കലരാത്ത പാതയിൽ ? 

ചൂളമിട്ടൊരേ നോവിൻ തീവണ്ടി 

പാളമാക്കിയോ നമ്മളെ ? 

ആഴി തേടുമൊരേ പുഴയുടെ 

ആഴമോർത്തുവോ നമ്മളെ ? 

 

പാടിപ്പതിഞ്ഞ കാൽപനിക കവിതയുടെ ചെടിപ്പില്ല. അതിഭാവുകത്വത്തിന്റെ വർണക്കൂട്ടുകളില്ല. ഈണത്തിനും താളത്തിനും വേണ്ടി വെട്ടിമുറിക്കുന്ന വാക്കുകളുടെ വിലാപമില്ല. ഉള്ളിൽ കവിതയുണ്ടെങ്കിൽ മനോഹരമായ ഭാഷയിൽ ഇന്നും കവിത എഴുതാമെന്നു തെളിയിക്കുന്നു ആര്യാംബിക. 

 

ചോടുറയ്ക്കാതൊഴുകുമീ ജീവ–

കോടികൾക്കുള്ളിൽ നമ്മളും 

തേടിപ്പോന്ന ഹൃദയത്തിൽ മറു–

പാതിയെന്നു കണ്ടെത്തുമോ ? 

അറ്റമില്ലാതെ നീളും രേഖകൾ 

ഒറ്റബിന്ദുവിലെത്തുവാൻ 

മറ്റൊരു കാലം മറ്റൊരു ജൻമം 

ഉറ്റസൗഹൃദം നീട്ടുമോ ? 

 

സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതം തന്നെയാണ് ആര്യാംബികയുടെ കാവ്യവിഷയം. നാട്യങ്ങളോ അഭിനയങ്ങളോ കൊണ്ട് അലങ്കരിച്ചിട്ടില്ലാത്ത നിത്യലോകം. കവിത കണ്ടെടുക്കുന്നതും അതേ ലോകത്തുനിന്ന്. ഈ മണ്ണിൽ കാലുറപ്പിച്ചു നിന്ന്. വർത്തമാനകാലത്തിന്റെ എല്ലാ ദൈന്യങ്ങളും സന്തോഷങ്ങളും ഏറ്റുവാങ്ങിക്കൊണ്ട്. ജീവിതച്ചുമട് പേറിക്കൊണ്ട്. എന്നാൽ ഓർത്തോർത്ത് കിടന്നിട്ടും അടയ്ക്കാൻ മറന്ന രാത്രിജനാല പോലെ കവിത അരിച്ചെത്തുന്നു. കറുപ്പിൽ നീല ചാലിച്ചും, നീലയിൽ നിലാവ് ചാലിച്ചും. അങ്ങനെ, കറുത്ത രാത്രികൾ ഒഴുക്കിനാൽ തെളിവെളിച്ചമാകുന്നു. വെളുത്തുപോകുന്നു. 

 

ഇതെന്തദ്ഭുതം എന്ന ആശ്ചര്യത്തിന് ഒറ്റ ഉത്തമേയുള്ളൂ. ഇതാണു കവിത. ഈ നറുംനിലാവിൽ കുളിക്കാനാണ് നാം കാത്തിരുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എന്നും ജനാല തുറന്നിട്ട് മലയാളം കാത്തിരിക്കുന്നു; കവിതയുടെ വെളിച്ചജാലത്തിനു വേണ്ടി. പകൽവെട്ടത്തിലും കാണാം, മങ്ങാതെ മറയാതെ കവിതയുടെ നിത്യനക്ഷത്രം. 

Content Summary: Rathriyude Niramulla Janala book by Aryambika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com