ADVERTISEMENT

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ലോകം ശ്രദ്ധിച്ച രണ്ടു ഘട്ടങ്ങളായിരുന്നു 1957 ൽ ജനാധിപത്യ പ്രക്രിയയിലൂടെ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നതും കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെ ആ മന്ത്രിസഭയെ പിരിച്ചുവിട്ടതും. ആ പിരിച്ചുവിടലിലേക്കു നയിച്ചത് വിവിധ മത, രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ ഏകീകരണത്തിലൂടെ നടന്ന വിമോചന സമരമെന്നു വിളിക്കപ്പെട്ട പ്രക്ഷോഭമാണ്. രാജ്യാന്തര ഇടപെടലുകൾ വരെ ആരോപിക്കപ്പെട്ട വിമോചന സമരത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്നുള്ള ചരിത്രാന്വേഷണമാണ് ഡോ. പി.എം.സലിം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ’കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും ഒരു ചരിത്രാന്വേഷണം’ എന്ന ഗ്രന്ഥം.

 

പേരു സൂചിപ്പിക്കുന്ന പോലെതന്നെ ഈ പുസ്തകം, വിമോചന സമരത്തിന്റെ ചരിത്രം മാത്രമല്ല പറയുന്നത്. 28 മാസം മാത്രം നീണ്ടുനിന്ന, ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിലേക്കു നയിച്ച ചരിത്രവസ്തുതകളും ആ മന്ത്രിസഭയുടെ നയ, ഭരണപരിഷ്കാരങ്ങളും വിശകലനം ചെയ്യുന്നു. ‘‘ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രവർത്തനങ്ങളും അതിനെതിരായി ജാതിമത സംഘടനകളും കമ്യൂണിസ്റ്റ് വിരുദ്ധ ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളും വിജയകരമായി സംഘടിപ്പിച്ച എതിർപ്പിന്റെ വിശദവും വിമർശനാത്മകവുമായ ആഖ്യാനമായ ഈ ഗ്രന്ഥം ആധുനിക കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് വളരെ വലിയ മുതൽക്കൂട്ടാണെ’’ന്ന് അവതാരികയിൽ ചരിത്രകാരൻ ഡോ. കെ.എൻ.പണിക്കർ ചൂണ്ടിക്കാട്ടുന്നു. ഗവേഷണത്തിന്റെ രീതിശാസ്ത്രമനുസരിച്ച് തയാറാക്കിയതിനാൽ തികഞ്ഞ ആധികാരികത പുലർത്തുമ്പോൾതന്നെ, അവതരണത്തിലും ഭാഷയിലും അക്കാദമിക പഠനത്തിന്റെ ഗഹനതയേതുമില്ലാത്തതും പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.

 

വിമോചന സമരത്തിന്റെ ചരിത്രം വിശദീകരിക്കുന്നതിനു മുൻപ്, സംസ്ഥാനത്തെ കമ്യൂണിസ്റ്റ് വിരുദ്ധ സംഘങ്ങളുടെ വളർച്ചയും ഏകോപനവും ശാക്തീകരണവും അവലോകനം ചെയ്യുന്നുണ്ട്. അഖില കേരള കത്തോലിക്കാ കോൺഗ്രസ്, കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി, രാജ്യാന്തര ബന്ധമുള്ള ക്രിസ്റ്റഫർ പ്രസ്ഥാനം, ശാന്തിസേന, കുറുവടി സേന, കുറൂർ സേന, നിരണം പട, മരിയ സൈന്യം, എൻഎസ്എസ്, എസ്എൻഡിപി, മുസ്‌ലിം ലീഗ് എന്നിവയുടെ ഏകീകരണവും ഇവർ സമരത്തിൽ വഹിച്ച പങ്കും വിശദീകരിക്കുന്നു. 

 

സർക്കാരിനെതിരായ വിമോചനസമരത്തിലേക്കു നയിക്കുന്ന വിവിധ പ്രക്ഷോഭങ്ങളുടെ വിശദാംശങ്ങളാണ് ഗ്രന്ഥത്തിലെ പ്രധാന ഭാഗം. സർക്കാരിന് ഏറ്റവും എതിർപ്പു നേരിടേണ്ടിവന്ന കേരള വിദ്യാഭ്യാസ നയവും അതിനെതിരെ സാമുദായിക ശക്തികൾ നടത്തിയ സമരവും ഒരധ്യായം തന്നെ നീക്കിവച്ച് വിശദീകരിക്കുന്നു. സർക്കാരിനെതിരായ ധ്രുവീകരണത്തിന് വിവിധ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും പ്രേരണയായ കാർഷിക പരിഷ്കാര നടപടികളെ മറ്റൊരധ്യായത്തിൽ വ്യക്തമാക്കുന്നു. ഒപ്പം, ആന്ധ്ര അരി ഇടപാട്, കാട്ടാമ്പള്ളി ഭൂമി കയ്യേറ്റ പ്രക്ഷോഭം, സംവരണ വിവാദം, പൊലീസ് നയം എന്നിവയുടെ ഉള്ളറകളിലേക്കും ഗ്രന്ഥകാരൻ കടന്നുചെല്ലുന്നുണ്ട്. നയവും അതിനെതിരെ ഉന്നയിക്കപ്പെട്ട വാദങ്ങളും വിശദീകരിക്കുന്നതിനപ്പുറം, അവയെ വിമർശനാത്മകമായി അവലോകനം ചെയ്ത് വസ്തുതകളിലേക്ക് എത്താനുള്ള ശ്രമമാണ് ഈ ഗവേഷണത്തെ വേറിട്ടതാക്കുന്നത്. 

തുടർന്ന് കേന്ദ്രസർക്കാരിന്റെ ഇടപെടലും പിരിച്ചുവിടൽ നടപടികളും പ്രതിപാദിക്കുന്നു. വിമോചനസമര മുന്നണിയുടെ സമ്മർദതന്ത്രങ്ങളും കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാടുകളും മുതൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വരെ അവലോകനം ചെയ്യുന്നുണ്ട് ഇവിടെ. ഒരു ജനാധിപത്യ സർക്കാരിനെ പിരിച്ചുവിട്ടതിലെ ഫെഡറൽ തത്വങ്ങളുടെ ലംഘനമടക്കമുള്ള നൈതികപ്രശ്നങ്ങളും ചർച്ചയ്ക്കു വിധേയമാക്കുന്നു. 

വിമോചനസമരം എന്ന പേരിലെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്ന പുസ്തകം, വിമോചനസമരം നടക്കാതിരുന്നെങ്കിൽ കേരളചരിത്രം എങ്ങനെ മാറിപ്പോകുമായിരുന്നു എന്നൊരു ചിന്തയും മുന്നോട്ടുവയ്ക്കുന്നുണ്ട്.

 

ഗവേഷണ പഠനത്തിന് അടിസ്ഥാനമാക്കിയ എല്ലാ സ്രോതസ്സുകളെയും സവിസ്തരം പ്രതിപാദിക്കുന്നത് ഈ ഗ്രന്ഥത്തിന് ആധികാരികത നൽകുന്നു. വിമോചന സമരക്കാലത്ത് ഉയർന്ന മുദ്രാവാക്യങ്ങൾ മുതൽ ദേശീയ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ച കാർട്ടൂണുകൾ വരെ പുസ്തകത്തിൽ അനുബന്ധമായി ചേർത്തിട്ടുമുണ്ട്. അന്നത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ലഘുലേഖകൾ, പത്രവാർത്തകൾ, പ്രക്ഷോഭങ്ങളുടെ ചിത്രങ്ങൾ, സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള വിജ്ഞാപനം എന്നിവയും പുസ്തകത്തിന്റെ ഭാഗമാണ്. ആദ്യ കേരള നിയമസഭ അതിന്റെ 28 മാസ കാലയളവിനുള്ളിൽ പാസാക്കിയ പ്രധാനപ്പെട്ട 51 ബില്ലുകളുടെ പട്ടികയും ചരിത്രകുതുകികൾക്ക് ഉപകാരപ്രദമാകും. 

 

മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളജിലെ ചരിത്രവിഭാഗം അധ്യാപകനാണ് ഡോ. പി.എം.സലിം. ഗവേഷണ പഠനത്തിനായി നടത്തിയ അതിവിപുലമായ അന്വേഷണത്തിന്റെ സദ്‌ഫലമാണ് ഈ പുസ്തകം. അക്കാദമിക ഗവേഷണം ഉപരിപ്ലവമായ പ്രസ്താവനകൾക്കപ്പുറം വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള ചരിത്രരചനയായി എങ്ങനെ മാറാമെന്നും ഈ പുസ്തകം പറഞ്ഞുതരുന്നു.

 

Content Summary: Communist Bharanavum Vimochana Samaravum Oru Charithranweshanam, book by Dr PM Salim 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com