ലെസ്ബിയൻ പശു, പ്രേമ സൂത്രം; വീണ്ടും പ്രതികാരത്തിന്റെ കഥകൾ

the-lesbian-cow-and-other-stories-book
SHARE
ഇന്ദു മേനോൻ

ഏക–വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻസ്

വില 499 രൂപ

ഒരു ദിവസം മാത്രം മുൻപ് തന്റെ കഴുത്തിൽ മംഗല്യസൂത്രം അണിയിച്ച ഭർത്താവ് ഉറങ്ങുന്ന ശ്മശാനത്തിൽ നിൽക്കുമ്പോൾ കമല ചിരിക്കുകയായിരുന്നു. ചുവന്ന സാരിയാണവൾ ധരിച്ചിരുന്നത്. കണ്ണുകളിൽ പ്രതികാരം ആളിക്കത്തി. സീമന്ത രേഖയിലെ സിന്ദൂരം മുഖമാകെ പടർന്നിരുന്നു. ചുവന്ന ലിപ്സ്റ്റിക് വീണ്ടും ചുവന്നുതുടുത്തു. അയാൾ മണ്ണിനടിയിൽ ഉറങ്ങുകയാണ്. ഇന്നലെയാണു മരിച്ചത്. അതിനു തലേന്നായിരുന്നു അവരുടെ വിവാഹം, 

രക്തദാഹിയായ കാളി. പ്രതികാര മൂർത്തി. കമലയുടെ മൂത്ത സഹോദരി കൂട്ട ബലാൽസംഗത്തിനൊടുവിലാണു മരിച്ചത്. അന്ന് മൃതദേഹം തിരിച്ചറിഞ്ഞത് കമലയായിരുന്നു. അന്നവൾ പത്താം ക്ലാസിൽ പഠിക്കന്നു. കൂടെ വന്ന ആൺകുട്ടി ബോധരഹിതനായി നിലംപതിച്ചപ്പോഴും കമല പതറിയില്ല. അവൾക്കൊരു ലക്ഷ്യമുണ്ടായിരുന്നു. ബാധ കേറിയതിന്റെ പേരിൽ ചികിത്സയ്ക്കു വിധേയമാകേണ്ടിവന്നു കമലയ്ക്ക്. എന്നാൽ രോഗം മാറി വിവാഹം കഴിച്ചതോടെ ലക്ഷ്യത്തിലേക്കടുത്തു. വിവാഹത്തിനു പിറ്റേന്നു തന്നെ ലക്ഷ്യം പൂർത്തീകരിച്ചിട്ടും കമല എന്ന കാളി അടങ്ങിയില്ല. ഇരുട്ടിന്റെ മറ പിടിച്ച് ശവക്കുഴിയിലെ മണ്ണു മാറ്റുമ്പോൾ പേ പിടിച്ച പട്ടിയെപ്പോലെയായിരുന്നു കമല. രക്തദാഹിയായ കളിയുടെ പുനരവതാരം. 

ദുർബല ഹൃദയർക്കുള്ളതല്ല ഈ കഥകൾ എന്ന ആമുഖത്തോടെയാണ് ഇന്ദു മേനോന്റെ രചനകൾ ഇംഗ്ലിഷിൽ കെ. നന്ദകുമാർ അവതരിപ്പിക്കുന്നത്. രക്തവും മാംസവും എല്ലുകളും ചിതറിക്കിടക്കുന്ന ശ്മശാന ഭൂമിയിലേക്കു കാലെടുത്തുവയ്ക്കും പോലെയാണ് ഇന്ദുവിന്റെ കഥകൾ എന്നും ഇംഗ്ലിഷ് വായനക്കാർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. മലയാളത്തിൽ പ്രശസ്തയാണെങ്കിലും ഇതാദ്യമായാണ് ഇന്ദുവിന്റെ കഥകൾ മൊഴി മാറി ഇംഗ്ലിഷിൽ എത്തുന്നത്. പ്രശസ്തമായ ലെസ്ബിയൻ പശുവും മറ്റു കഥകളും. 

ഒരു എക്സ്ട്രാ നടിയുടെ ആത്മകഥയിൽ ജാനകിയും മകൾ ഗീതാഞ്ജലിയുമാണ് കഥാപാത്രങ്ങൾ. നായികയായി തിളങ്ങിയെങ്കിലും പിന്നീട് അധികം അവസരങ്ങൾ ലഭിക്കാതെ ഒടുവിൽ നൃത്തരംഗങ്ങൾക്കു കൊഴുപ്പ് കൂട്ടാൻ ഉപകരിക്കുന്ന എക്സ്ട്രാ നടിയായി ജീവിക്കേണ്ടിവന്നയാളാണ് ജാനകി. മകൾ ഗീതാഞ്ജലിയും സിനിമ തന്നെയാണു പ്രവർത്തന മേഖലയായി തിരഞ്ഞെടുത്തത്. തനിക്ക് സിനിമയിൽ നായികയുടെ വേഷം കിട്ടി എന്നു ഗീതാഞ്ജലി പറയുമ്പോഴും ജാനകിയുടെ മുഖത്ത് സന്തോഷമില്ല. അവർ ആഹ്ലാദം പ്രകടിപ്പിക്കുന്നുമില്ല. നടിയായി അരങ്ങേറ്റം കുറിച്ച നാളുകളാണ് അവരുടെ മനസ്സിൽ. തന്റെ അതേ വിധി മകൾക്കും കാത്തുവച്ചിരിക്കുകയാണോ എന്ന ഭീതിയും. എന്നാൽ, എങ്ങനെ ജീവിക്കണം എന്നല്ല എങ്ങനെ ജീവിക്കരുത് എന്ന പാഠമാണ് ഗീതാഞ്ജലി അമ്മയിൽ നിന്ന് പഠിച്ചത്. സംവിധായകനുമായും നിർമാതാവുമായും താൻ സഹകരിച്ചാണു റോൾ വാങ്ങിച്ചെടുത്തതെന്ന് മകൾ വെളിപെടുത്തുന്നു. പതിവായി കെമിസ്ട്രി പരീക്ഷയ്ക്ക് തോൽക്കുമായിരുന്നെങ്കിലും മികച്ച മാർക് വാങ്ങി താൻ പ്ലസ് ടൂ പരീക്ഷ ജയിച്ചതെങ്ങനെ എന്ന രഹസ്യവും അവൾ വെളിപ്പെടുത്തുന്നു. ഒരു സ്റ്റഡി ടൂർ മാത്രമേ വേണ്ടിവന്നുള്ളൂ ഇന്റേണലിൽ മുഴുവൻ മാർക്കും വാങ്ങാൻ. 

ഗ്ലിസറിന്റെ അഭാവത്തിൽ ഒരു തുള്ളി കണ്ണുനീരു പോലും ജാനകയുടെ കണ്ണുകളിൽ രൂപപ്പെടുന്നില്ല. അവർക്ക് തല കറങ്ങുന്നതുപോലെ തോന്നുന്നു. തൊണ്ട വരളുന്നതുപോലെയും. 

ലെസ്ബിയൻ പശു ഇതിനോടകം മലയാളത്തിൽ ചർച്ചയായിക്കിഞ്ഞ കഥയാണ്. പ്രേമസൂത്രം ഉൾപ്പെടെ ഇന്ദുവിന്റെ പ്രശസ്തമായ 16 കഥകളാണ്  സമാഹാരത്തിലുള്ളത്. വിവർത്തനം എന്നു തോന്നിപ്പിക്കാത്ത രീതിയിൽ കഥകളെ മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്കു മാറ്റാൻ നന്ദകുമാറിനു കഴിഞ്ഞിരിക്കുന്നു. 

സ്ത്രീ എന്ന കേന്ദ്ര പ്രമേയത്തിലാണ് ഇന്ദുവിന്റെ കഥകളുടെ ഊന്നൽ. ഏതാണ്ടെല്ലാ കഥകളിലും. ഇരയാക്കപ്പെട്ടവരാണ് അവർ. സ്വാഭാവികമായ ജീവിതം പോലും നിഷേധിക്കപ്പെട്ടവർ. എന്നാൽ, അടിച്ചേൽപിക്കപ്പെട്ട ദുരിതങ്ങളിൽ നിന്ന് അതേ നാണയത്തിൽ തിരിച്ചടിച്ചാണ് അവരുടെ തിരിച്ചുവരവ്. ഭർത്താവിന്റെ ശവക്കുഴി മാന്തുന്ന കമലയിൽ അതാണു കാണുന്നത്. എക്സ്ട്രാ നടിയുടെ മകളുടെ പ്രതികാരത്തിലും നിറഞ്ഞുനിൽക്കുന്നതു കാലത്തിന്റെ തിരിച്ചുള്ള പ്രയാണമാണ്. പലപ്പോഴും മൃഗ സമാനമായ പ്രാകൃത വികാരങ്ങളിലേക്കു പോലും അവർ വീണുപോകുന്നു. പൈശാചിക അനുഭവങ്ങൾക്ക് മറുപടി പൈശാചികമായിത്തന്നെ. 

പ്രതികാരത്തിന്റെ തിരിച്ചടി ശക്തമായ ഭാഷയിൽ അവതരിപ്പിക്കാൻ ഇന്ദുവിനു കഴിയുന്നുണ്ട്. എന്നാൽ, കഥയുടെ സ്വാഭാവികത പലപ്പോഴും നഷ്ടപ്പെടുന്നു. ലഘുലേഖയുടെയോ മുദ്രാവാക്യത്തിന്റെയോ സ്വഭാവമാണ് പലപ്പോഴും കഥകൾക്ക്. കമല ദാസിന്റെ പിൻഗാമിയെന്ന് ചിലരെങ്കിലും ഇന്ദുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, കഥകളിൽ മാധവിക്കുട്ടിയും ഇന്ദുവും സഞ്ചരിക്കുന്നത് വിരുദ്ധ ധ്രുവങ്ങളിലാണ്. മാധവിക്കുട്ടിയുടെ കഥകൾ ജൈവികമായിരുന്നെങ്കിൽ ഇന്ദുവിന്റെ കഥകൾ കഠിനാധ്വാനം ചെയ്തു സൃഷിടിച്ചെടുക്കുന്നവയാണ്. അൽപായുസ്സായ നീർമാതളെത്തെക്കുറിച്ച് എഴുതുമ്പോഴും കാലത്തിനു മുന്നേയാണ് മാധവിക്കുട്ടി സഞ്ചരിച്ചത്. ഇന്ദു കാലത്തിലൂടെ സഞ്ചാരം തുടങ്ങിയിട്ടേയുള്ളൂ. പ്രമേയത്തിന്റെ വൈവിധ്യവുംഭാഷയുടെ ശക്തിയും കൊണ്ടു മാത്രം കഥ മികച്ചതാകുന്നില്ല. എങ്കിലും സ്ത്രീകളുടെ തീവ്രമായ സർഗാത്മകതയ്ക്ക് ഉദാഹരണങ്ങളാണ് ഈ കഥകൾ. മലയാളത്തിൽ നിന്ന് ലോകത്തിന്റെ വിശാലമായ ലോകം തേടുന്ന കഥകളുടെ പുതിയ ലോകം. 

Content Summary: The Lesbian Cow and Other Stories by Indu Menon 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;