ADVERTISEMENT

നിനക്കു വായിച്ചുതരാൻ

നിന്നെക്കുറിച്ചെഴുതിയ 

കവിത ഞാൻ മറക്കുന്നു

നിന്നെ ഞാൻ വായിക്കുന്നു. 

 

‘ശബ്ദമഹാസമുദ്ര’ത്തിന്റെ കവി എസ്. കലേഷിന്റെ ഏറ്റവും പുതിയ കാവ്യപുസ്തകം എത്തിയിരിക്കുന്നു; ആട്ടക്കാരി. ഭാഷയോട് അങ്ങേയറ്റം ജാഗ്രത പുലർത്തുന്ന എഴുത്തുകാരന്റെ ഏറ്റവും പുതിയ കവിതകൾ. ഭാഷയെ പുതുക്കിപ്പണിത്, പുതിയ ഭാവുകത്വം സൃഷ്ടിക്കാൻ നടത്തുന്ന സഫലമായ പരിശ്രമങ്ങൾ. 

 

ഏറ്റവും പുതിയ കാലത്തിന്റെ കവിയാണ് കലേഷ്. അവരിൽത്തന്നെ പ്രമുഖൻ. ചുരുക്കം കവിതകളിലൂടെ ശ്രദ്ധേയനായ കവി. എസ്. ഹരീഷിന്റെ അവതാരികയ്ക്ക് ഒപ്പമെത്തുന്ന ഈ കവിതകളിൽ മലയാള കവിതയുടെ ഏറ്റവും പുതിയ മുഖമാണു കാണുന്നത്. ഗദ്യത്തിലെങ്കിലും കവിത ഇന്നും ജീവിക്കുന്നു എന്നു തെളിയിക്കുന്ന സൃഷ്ടികൾ. 

 

കവിതയുടെ പരിചിത വഴികൾ പാടേ തിരസ്കരിക്കുന്ന കവിയാണ് കലേഷ്. പകരം സൃഷ്ടിക്കുന്ന വാങ്മയമാകട്ടെ ഇനിയും പ്രതിഷ്ഠ നേടേണ്ടിയിരിക്കുന്നു. പുതു കവിതയുടെ ഭാവി ഭദ്രമാണോ എന്നു തെളിയിക്കേണ്ടത് കാലമാണ്. എങ്കിലും ഉപരിപ്ലവമായ വിഷയങ്ങളും ആഴമില്ലാത്ത ചിന്തകളും ഏകാഗ്രതയില്ലാത്ത സമീപനവും പലപ്പോഴും നല്ല വായനക്കാരെപ്പോലും കവിതയിൽ നിന്നകറ്റുന്നു. ഒറ്റ വായനയിൽ പലരെയും പുതുകവിതകൾ ആകർഷിക്കാറുമില്ല. കവിതയുടെ ഗഹനതയെ, അഗാധതയെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനൊപ്പം വ്യത്യസ്തമായ സമീപനത്തിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കാൻ കലേഷ് ശ്രമിക്കുന്നുണ്ട്. പദബോധവും താളബോധവും കവിതയിൽ സൃഷ്ടിക്കുന്ന മാന്ത്രികതയും ഒരു പരിധി വരെ ഈ കവിയിൽ കാണാം. 

 

പുതിയ കവിതയെഴുതി കൂട്ടുകാരിക്കൊപ്പം കടുംമഞ്ഞ വെസ്പയിൽ ഇരപ്പിച്ചുപോകുന്നതാണ് ഒരു കൈ മഞ്ഞവെയിൽ എന്ന കവിത. 

ഇരിക്കുന്നൂ പിൻസീറ്റിൽ 

തിരതല്ലും നഗരത്തിൽ 

തിരക്കില്ലാത്തിടം നോക്കി 

വളഞ്ഞും പുളഞ്ഞും ഓടി 

കനാലിന്റെ കരേലിരുന്ന് ചമ്പക്കര പാലം കാണുന്നുണ്ട്. പാലത്തിന്റെ കൽത്തൂണുകൾ കടക്കും ബാർജും കാണുന്നുണ്ട്. ഒഴുക്കിലേ നോക്കി, ഒഴുകാതൊഴുകാതെ അവർ. പരദേശം മറന്ന് മരക്കൊമ്പിൽ ഇരിക്കുന്ന രണ്ടിരണ്ടകൾ പോലെ. 

 

ഒരു കൈ മഞ്ഞവെയിൽ 

മടിക്കുത്തിൽ നിന്നെടുത്ത് 

നമുക്കുനേരെ വിതച്ചിട്ട് 

തുഴയുന്നു വള്ളക്കാരൻ 

നാലു വരിയിൽ കവി പകർത്തുന്ന ചിത്രത്തിന് കവിതയുടെ ഭാവഭംഗിയുണ്ട്. ഒരു നിമിഷം വായനക്കാരനെ ഇരുത്തിച്ചിന്തിപ്പിക്കാനുള്ള ശേഷിയുമുണ്ട്. അതിലുമുപരി കവിതയുടെ ലയം കാര്യമായുണ്ട്. തൊട്ടടുത്ത നാലു വരിയിൽ കവിത കുറേക്കൂടി സാന്ദ്രമാകുന്നു. 

 

ചിതറും ചെമ്പൻചാന്തിൽ 

മുടിനാര് മുങ്ങിപ്പാറി 

ഇതുവരെ കാണാത്ത നിന്നെ

ഇരുകയ്യാൽ എഴുതുന്നു

എങ്ങനെ മറക്കാതിരിക്കും കവി കുട്ടുകാരിയെക്കുറിച്ചെഴുതിയ കവിത. കവിത വായിക്കാൻ മറന്ന് കവി അവളെ വായിക്കുന്നു; ഒരു കൈ മഞ്ഞവെയിലാണെന്നവണ്ണം. 

 

കഥയിലും നോവലിലും എസ്. ഹരീഷ് എന്നപോലെ കവിതയിൽ ചിരി ഒളിപ്പിച്ചുവച്ചിട്ടുണ്ട് കലേഷ്. അതൊരിക്കലും പൊട്ടിച്ചിരിയാകുന്നില്ല. എന്നാൽ കണ്ണുകളിൽ തിളക്കം കൂട്ടുന്നുണ്ട്. ഒരു കുറികൂടിയെങ്കിലും വായിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. 

ഞാനും ചങ്കും 

അരുവിയിലിറങ്ങി 

ഒഴുക്കിനെതിരെ നടന്ന്

മണ്ട കത്തിയ തെങ്ങിൻചോട്ടിലെത്തി 

മേലേക്കു കണ്ണുപായിച്ചു 

എന്നു തുടങ്ങുന്നു ചങ്ക് എന്ന കവിത. 

 

ഇയർഫോണിന്റെ പൂവുകൾ ചെവിയിലിറക്കി, ടെറസിൽ മലർന്ന്, ഒരു പാതിരാനക്ഷത്രത്തിനു പിറകെ, പായും പുലിയായെന്ന് പായും പുലി എന്ന കവിതയുടെ തുടക്കം. 

ആട്ടക്കഥ തുടങ്ങുന്നതു നോക്കുക.  

ഇനി കാണാൻ ചെല്ലരുതെന്നവൾ

എന്നിട്ടും ചെന്നു . 

 

എന്നാൽ കടൽലീല എന്ന മികച്ച കവിതയിൽ നിറഞ്ഞുനിൽക്കുന്നതു കാവ്യഭാഷയുടെ ഗാഢതയാണ്. ധനുഷ്കോടി കാണാൻ പോയ അച്ഛനും മകനും. കടലിൽ കുളിക്കുന്ന മകൻ. അവന്റെ കളി കണ്ട് ജീവിതത്തിന്റെ ഭാവി പ്രവചിക്കുന്നു കവി. 

ഒരിക്കെ, മറ്റൊരിക്കെ നീയിവിടെ വരും

നിനക്കൊത്തരരസിയും തിരയിൽ നീന്തും 

ഉടൽ ചിറകാകും കടൽക്കാറ്റത്ത് 

അവൾക്കൊപ്പം നനഞ്ഞു നീ പറന്നുനീന്തും 

ഒരു ഞൊടിയെപ്പെഴോ നീയെന്നെയോർക്കും 

മറുഞൊടി എന്നെ നീ മറന്നുംപോകും. 

 

Content Summary:  Aattakkari book written by S. Kalesh

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com