വേദനകൾ പിഴുതെടുത്ത്, ആഹ്ലാദച്ചിറകുകൾ തുന്നിച്ചേർത്ത് പറത്തിവിടുന്ന മാന്ത്രിക കഥകൾ

kadalinte-daham
SHARE
പി.കെ. പാറക്കടവ്

ഡിസി ബുക്സ്

വില 99 രൂപ

ലോകം പൂട്ടിയ താക്കോലുമായി രോഗാണു നടന്നുപോകുന്ന കാലത്ത് എഴുതിയ കഥകളാണിത്. തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ മാസ്ക് താനും അണിഞ്ഞിരുന്നു എന്ന് ഹിറ്റ്ലർ നരകത്തിൽ വെളിപ്പെടുത്തിയതും ഇതേ കാലത്താണ്. കൈ  കഴുകുക പണ്ടേ തന്റെ ശീലമായിരുന്നു എന്ന് എന്ന് പിലാത്തോസ് ഹിറ്റ്ലറിനോട് പറഞ്ഞത്രേ. ഫെയ്സ് ബുക്കിലുറങ്ങി, വാട്സാപ്പിൽ ഉണർന്ന്, ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ജീവിക്കുന്ന പുതുതലമുറ. അടച്ചിട്ട മുറികൾക്ക് പുറത്ത് തെരുവിൽ വൈറസ് കമ്യൂവിന്റെ പ്ലേഗിൽനിന്ന് വായിക്കുന്നു: ‘സ്നേഹ രഹിതമായ ലോകം ചത്ത ലോകമാണ്’. എന്നിട്ടും ജീവിതപ്പാത്രങ്ങളിൽ നിന്ന് വേദനകൾ പിഴുതെടുത്ത്, ആഹ്ലാദച്ചിറകുകൾ തുന്നിച്ചേർത്ത് മാന്ത്രികനായ എഴുത്തുകാരൻ കഥകൾ പറത്തിവിടുന്നു. ആ കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. മിന്നൽക്കഥകളുടെ എഴുത്തുകാരൻ പി.കെ. പാറക്കടവിന്റെ പുതിയ കഥകളുടെ കൂട്ടം. 

ഒറ്റവരി കഥകൾ പോലും ഇന്ന് എഴുതപ്പെടുന്നുണ്ട്. ഒരു വരിയിലേക്കും കഥയെ ഒതുക്കാമെന്നും ചുരുക്കാമെന്നും തെളിയിച്ചത് പാറക്കടവാണ്. മിനിക്കഥകളിലൂടെ. വികാരങ്ങളുടെ, വിചാരങ്ങളുടെ മിന്നൽ പായിക്കുന്ന കഥകളിലൂടെ. അവയിന്ന് മലയാളത്തിൽ സ്വന്തം ഇടം കണ്ടെത്തിയിരിക്കുന്നു. സംതൃപ്തിയോടെ അദ്ദേഹം ഒരു പേജ് കഥകളുമായി പ്രയാണം തുടരുന്നു. 

സന്ധ്യ എന്ന കഥയിൽ ഒരു വരിയേയുള്ളൂ. എന്നിട്ടും കഥ വായിച്ചു തീരുമ്പോൾ മനസ്സ് നിറയുന്നു. മറ്റൊന്നും വായിക്കാനാവാതെ തരിച്ചിരിക്കുന്നു. അങ്ങനെയൊരു ധ്യാനം എത്ര കഥകൾക്കും കവിതകൾക്കും നോവലുകൾക്കും സമ്മാനിക്കാനാവും. 

ഇരുട്ട് ആശ്വസിച്ചു: എന്നെ പുണരാൻ വരുന്നതുകൊണ്ടാണ് സന്ധ്യാവെളിച്ചത്തിന് ഇത്രയും ഭംഗി. 

കുറുങ്കവിതകൾ പോലെ ആസ്വദിക്കാവുന്ന കഥകളുമുണ്ട് ഇക്കൂട്ടത്തിൽ. പ്രകൃതി ബിംബങ്ങൾ നിറ‍ഞ്ഞുനിൽക്കുന്നവ. എന്നാൽ, കാൽപനികതയിലല്ല എഴുത്തുകാരൻ ഊന്നുന്നത്. വ്യത്യസ്തവും മൗലികവുമായ വേറിട്ട കാഴ്ചയിൽ. 

ഭൂമി ചിലയിടങ്ങളിൽ നിവർന്നുനിന്ന് 

ദൈവത്തെ ഒളിച്ചുനോക്കാറുണ്ട്;

നമ്മളതിനെ പർവതങ്ങൾ എന്നു വിളിക്കുന്നു. 

‘പർവ്വതങ്ങളുടെ മൗനം’ എന്ന കഥ മറ്റൊരു കാഴ്ച അവതരിപ്പിക്കുന്നു. ഓട്ട വീണ വാക്കുകളുടെ കലപില ശബ്ദങ്ങളും അർഥമില്ലാത്ത ഉപചാരങ്ങളും ശബ്ദപ്രളയങ്ങളും മടുത്തിട്ടാണ് പർവതങ്ങൾ ഒരു മൂലയിൽ പോയി മൗനം പുതച്ചു നിൽക്കുന്നത്. 

പൂമ്പാറ്റകൾ പല കഥകളിലും ആവർത്തിച്ചു വരുന്നു. അവരുടെ ആദിമ ജന്മങ്ങളായ പുഴുക്കളും. മഴയുണ്ട്. കടലും ദാഹവുമുണ്ട്. വെയിലുണ്ട്. ദൈവവും പിശാചുമുണ്ട്. മനുഷ്യരുമുണ്ട്. ആത്യന്തികമായി ഈ കഥകൾ ജീവിതത്തെക്കുറിച്ച് ഓർമിപ്പിക്കുന്നു. മൂല്യമറിയാതെ ജീവിതത്തെ പഴിക്കുന്നവരെ വെളിപാടിലേക്ക് നയിക്കുന്നു. 

അതിഥി എന്ന കഥയിൽ ജീവിത വേദാന്തമുണ്ട്. ജീവിതത്തിന്റെ അനശ്വരതയും മരണത്തിന്റെ നശ്വരതയുമുണ്ട്. 

ജീവിതം മരണത്തോട് പറഞ്ഞു: നീ ഒരിക്കൽ മാത്രം വരുന്ന അിതിഥിയായാതിനാലാകാം നിന്നെക്കുറിച്ച് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതും എപ്പോഴും കൂടെയുള്ള എനിക്ക് ഒരു സ്ഥാനവുമില്ലാത്തതും. 

നമ്മളും മരങ്ങളും തമ്മിലുള്ള വ്യത്യാസവും പാറക്കടവ് കണ്ടെത്തുന്നുണ്ട്. 

നമ്മൾ കുനിഞ്ഞുനിന്ന് ഭൂമിയിൽ നോക്കി 

ദൈവത്തോട് സംസാരിക്കുന്നു. 

മരങ്ങൾ നീണ്ടുനിവർന്നുനിന്ന് 

ആകാശത്തേക്കെത്തിനോക്കി 

ദൈവത്തിന് ചെകിടോർക്കുന്നു. 

Content Summary: Kadalinte Daham book written by P K Parakkadavu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA
;