അൻപിന്റെ അദ്വൈതം: ലോകം കാത്തിരിക്കുന്ന സുവാർത്ത

kurisum-yudhavum-samadhanavum-320
SHARE
ജോസ് ടി. തോമസ്

മുസിരിസ് ടൈംസ്

വില 420 രൂപ

ശിക്ഷയെക്കുറിച്ചുള്ള വാർത്ത എവിടെയുമുണ്ട്; എന്നാൽ രക്ഷയുടെ സന്ദേശമല്ലേ മനുഷ്യർ തേടുന്നത്. പാപം കണ്ണു തുറന്നിരിക്കുന്നു. പുണ്യമോ അപൂർവം. പ്രതികാരത്തിന്റെ കഠിന വാക്കുകൾ സുലഭമാണെങ്കിലും കരുണയുടെ വാക്കുകൾക്ക് എവിടെയാണു കാതോർക്കേണ്ടത്. ചുറ്റും ഇരുട്ട് മൂടിക്കൊണ്ടിരിക്കുന്നു എന്ന്  പേടിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും. ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു എന്നു പറയുന്നവരെ ഏതു വാക്കുകൾ കൊണ്ട് സമാശ്വസിപ്പിക്കും. ആശങ്കയുടെ കരിമേഘം മാഞ്ഞ് പ്രത്യാശയുടെ മഴവില്ല് തെളിയാൻ വേണ്ടിയുള്ള യാതനാഭരിതമായ കാത്തിരിപ്പ് എന്ന് അവസാനിക്കും. മുഴുവൻ മനുഷ്യകുലവും തേടുന്ന ചോദ്യങ്ങൾക്ക് ദൈവശാസ്ത്ര പശ്ചാത്തലത്തിൽ, എന്നാൽ വിപ്ലവകരമായി ഉത്തരം പറയുകയാണ് ജോസ് ടി. തോമസ് എന്ന മാധ്യമപ്രവർത്തകൻ. 

കുരിശും യുദ്ധവും സമാധാനവും എന്ന അപൂർവ പുസ്തകത്തിലൂടെ. ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾ കൊണ്ടും സിദ്ധാന്തങ്ങൾ കൊണ്ടും മാനവ ചരിത്ര പുരുഷന്റെ രൂപം തിരിച്ചറിയാതായതിന്റെ ചരിത്രം പറയുന്ന ജോസ്, വർഗ വിഭജനം ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്ന് യുക്തിപരമായി സ്ഥാപിക്കുന്നു. വർഗ സംഘട്ടനങ്ങൾ തുടരുന്നു എന്നും. എന്നാൽ വിഭജനങ്ങളുടെയും സംഘട്ടനങ്ങളുടെയും യുക്തിയിൽ നിന്ന് ലോകം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു എന്നദ്ദേഹം പറയുമ്പോൾ സംശയം തോന്നിയേക്കാം. സംശയങ്ങൾ എഴുത്തുകാരൻ തന്നെ പരിഹരിക്കുന്നുണ്ട്. വിഭജനത്തെയും സംഘട്ടനത്തെയും മറികടക്കുന്ന നെറ്റ്‍വർക്കിങ്ങിന്റെ യുക്തിയിലേക്കു ചരിത്രം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട്. കേന്ദ്രങ്ങൾ ഇല്ലാതെ വളർന്നുവരുന്ന വികേന്ദ്രീകൃത നെറ്റ്‍വർക്കുകളിലൂടെയായിരിക്കും ഭാവി ലോകത്തിന്റെ സഞ്ചാരം. 

പഴയ യൂറോപ്പിന്റെ ചിന്താരീതികൾ പിന്തുടരുന്ന രാഷ്ട്രീയം, ലോകത്തെവിടെയും വിഭജനത്തിന്റെയും സംഘട്ടനത്തിന്റെയും വ്യാകരണമുപയോഗിച്ച് പ്രത്യയശാസ്ത്ര ഭാഷണങ്ങൾ തുടരുന്നുണ്ടാവാം. കഴിഞ്ഞകാലത്തിന്റെ യൂറോപ്യൻ ദൈവശാസ്ത്ര വ്യാകരണമുപയോഗിച്ച് പുതിയ കാലത്തുള്ള ബഹുമത–ബഹുസംസ്കാര പുതുതലമുറകളുടെ മൂല്യബോധത്തെയും വിശ്വാസ ഭാവനയെയും അധ്യാത്മികതയെയും മതനേതാക്കൾ വിലയിരുത്തുകയും ഉൽകണ്ഠപ്പെടുകയും ചെയ്യുന്നുമുണ്ട്. 

കാലം മാറിയതറിയാൻ പഴഞ്ചൻ രാഷ്ട്രീയ പ്രവർത്തകർ എടുക്കുന്നതിനേക്കാൾ കൂടൂതൽ സമയം പഴഞ്ചൻ ദൈവചിന്തകർ എടുക്കുന്നുവെങ്കിൽ, ഒടുവിൽ അവരുടെ നിലപാടുകളുടെ കാലാഹരണപ്പെടൽ അതിദാരുണമായിരിക്കും എന്ന് ഗ്രന്ഥകാരൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, എല്ലാ മറയും നീങ്ങി കിഴക്കും പടിഞ്ഞാറും പരമകാരുണ്യത്തിന്റെ അദ്വൈത വെളിച്ചത്തിൽ കുളിച്ച് ഒന്നാകുന്നതാണ് വരാനിരിക്കുന്ന ചരിത്രം എന്നറിയുക. 

വിവിധ ഭാഷകളിൽ അൻപ്, മൈത്രി, പ്രേം, റൂഹ്, റഹ്മ, അഗാപെ എന്നിങ്ങനെ പരിഭാഷപ്പെടുന്ന കരുണാർദ്ര സ്നേഹം ആണു പ്രപഞ്ചത്തിന്റെ ഡിസൈൻ എന്നും അത് ദത്ത (data) മായി സർവചരാചരങ്ങളിലും പ്രവർത്തന നിരതമാണെന്നും കൂടുതൽ പേർക്ക് വെളിവാകും. അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം; അരുളുള്ളവനാണു ജീവിയെന്നുരുവിട്ടീടുകീ നവാക്ഷരി എന്നു ദീർഘദർശനം ചെയ്തത് ശ്രീനാരായണ ഗുരുവാണ്. ദ്വന്ദങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും അസ്തിത്വമില്ലാത്ത അദ്വൈതമാണ് ആ കാരുണ്യം. അൻപാണു ശിവം. അതു തന്നെ ജീവനുള്ള സത്യവും. സൗന്ദര്യവും അതിലേക്കുള്ള വഴിയും. അതിന്റെ അനുഭവം ആനന്ദമാണെന്നു പറയുന്ന പുസ്തകം പ്രതികാരം ചെയ്യാത്ത കരുണാർദ്രസ്നേഹമായ ദൈവം എല്ലാവരിലും ഉണ്ടെന്ന് സമർഥിക്കുന്നു. 

സ്നേഹാവതാരങ്ങളെ എന്നെന്നേക്കുമായി ഭീതിയുടെ കുറ്റിയിൽ കെട്ടാൻ ശ്രമിക്കുന്നവരുടെ പാരമ്പര്യ അധികാര ഘടനകളെ മറികടന്ന്, ഇന്റർനെറ്റ്‍വർക്ക് ആവുന്ന ജനങ്ങളുടെ സ്നേഹബോധ വികാസം നീതിനിഷ്ഠമായ ശാന്തലോകത്തിന്റെ സൃഷ്ടിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. 

ഈ പുതിയ യുഗത്തെ നിരുപാധിക സ്നേഹത്തിന്റെ ജ്ഞാനയുഗമായാണ് ജോസ് ടി. തോമസ് കാണുന്നത്. നിരുപാധിക സ്നേഹത്തെക്കുറിച്ചുള്ള അജ്ഞാനവും അവിശ്വാസവും ആണ് സാത്താൻ, ചെകുത്താൻ, ദുരാത്മാവ്, ചാത്തൻ, രാക്ഷസൻ. അജ്ഞാനത്തിൽ നിന്നും അവിശ്വാസത്തിൽ നിന്നും ഭയത്തിൽ നിന്നും ജീവിതകാലത്തു തന്നെ നേടുന്ന മുക്തിയാണ് യഥാർഥ രക്ഷയെന്നു വെളിപ്പെടുത്തിട്ടുണ്ട് ദൈവപുത്രൻ. അൻപല്ലാതൊന്നിനും അസ്തിത്വമില്ലെന്നും അസ്തിത്വമില്ലാത്തതിനെ ഓർത്ത് ഭയപ്പെടേണ്ടെന്നുമുള്ള അൻപിന്റെ ആദ്വൈത ജ്ഞാനാനുഭവമാണ് രക്ഷ. 

ഉച്ചരിക്കുമ്പോൾ മാന്ത്രികമായി പ്രവർത്തിക്കുന്ന  വാചകങ്ങളുള്ള ഈ പുസ്തകത്തിൽ, മാനവ ചരിത്രത്തിന്റെ 60 പേജ് ഇൻഫൊഗ്രാഫിക് സമീക്ഷയുമുണ്ട്. 

ഭാവിവിചാരപരമായ ഈ സാംസ്കാരിക ചരിത്ര നിരൂപണം വരും നാളുകളിൽ കൂടുതൽ ചർച്ചചെയ്യപ്പേണ്ടതുണ്ട്. ദുർവാർത്തകളിൽ നിന്ന് സുവാർത്തകളിലേക്ക് ചരിക്കുമ്പോൾ പുതു തലമുറ സ്നേഹത്തോടെ ഉറ്റുനോക്കുന്ന പുസ്തകങ്ങളിൽ കുരിശും യുദ്ധവും സമാധാനവും കൂടി ഉണ്ടായിരിക്കും. 

Content Summary: Kurishum Yudhavum Samadhanavum book written by Jose T. Thomas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
;