ADVERTISEMENT

അപ്രതീക്ഷിത ന്യൂനമർദങ്ങളും തുടർച്ചയായ വെള്ളപ്പൊക്കത്തിന്റെ ആഘാതവും അനുഭവിച്ച കേരളം മറ്റൊരു പ്രളയത്തെ മുഖാമുഖം കാണുമ്പോൾ നെതർലൻഡ്സ് എന്ന രാജ്യത്തെ ഓർമിക്കേണ്ടതാണ്. പ്രതീക്ഷയോടെയും ആശങ്കയോടെയും. നിറയെ ജലപാതകളും ഗോതമ്പു പാടങ്ങളുമുള്ള നാടാണ് നെതർലൻഡ്സ്. എന്നാൽ പ്രളയത്തെ തടയാനുള്ള ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും ഈ രാജ്യം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ പ്രളയം തടയാനുള്ള ശ്രമം എന്ന നിലയിൽ മുഖ്യമന്ത്രിയും സംഘവും നെതർലൻഡ്സ് സന്ദർശിച്ചിരുന്നു. പഠിച്ചറിഞ്ഞത് കേരളത്തിൽ നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. അതാണു പ്രതീക്ഷയോടെ ആ രാജ്യത്തെ ഉറ്റുനോക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ കേരളം നെതർലൻഡ്സിൽ നിന്ന് ഇന്നും ഒരു പാഠവും പഠിച്ചിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. കോവിഡ് മഹാമാരിക്കു തൊട്ടുമുൻപ് ഒരു സെമിനാറിൽ പങ്കെടുക്കാൻ നടത്തിയ യൂറോപ്യൻ യാത്രയിൽ നെതർലൻഡ്സ് സന്ദർശിച്ച വി. മുസഫർ അഹമ്മദാണ് ഇപ്പോൾ വീണ്ടും ആ രാജ്യത്തെ കുറിച്ചു പറയുന്നത്. കേരളം പഠിക്കാത്ത പാഠങ്ങളെക്കുറിച്ച് ആശങ്കയോടെ ഓർമിപ്പിക്കുന്നതും. 

 

പ്രാദേശിക ഭരണത്തിൽ നെതർലൻഡ്സിലെ ജല സമതികൾക്ക് വലിയ പാഠമുണ്ട്. ജലം എന്ന വിഭവത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്ത്, പ്രളയ സാധ്യതകളെ ത‍ടഞ്ഞുനിർത്തുന്നതും ഈ സമിതികൾ തന്നെ. രാജ്യത്തിന്റെ പാരിസ്ഥിതിക അവസ്ഥ കണക്കിലെടുത്താണ് പ്രളയം തടയാനുള്ള മാർഗങ്ങൾ അവർ രൂപപ്പെടുത്തിയത്. എന്നാൽ, നെതർലൻഡ്സിൽ കേരള സംഘം നടത്തിയ സന്ദർശനത്തിനു ശേഷവും നാട്ടിൽ പ്രളയം ആവർത്തിച്ചു. ഇപ്പോഴിതാ വീണ്ടും ഭയപ്പെടുത്തുന്ന വാർത്തകളുമായി മറ്റൊരു പ്രളയത്തിൽ കൈകാലിട്ടടിക്കുന്നു. കൊടിയ പ്രളയാനുഭവങ്ങൾക്കു ശേഷവും പരിസ്ഥിതി സംരക്ഷണം, ഇക്കോസിസ്റ്റത്തെ തനതായി നിലനിർത്തുക തുടങ്ങിയ വിഷയങ്ങൾ ഇനിയും കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ പ്രമേയമായി മാറിയിട്ടില്ലെന്നും പ്രസിദ്ധ യാത്രികനായ മുസഫർ അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. 

 

ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ച മുസഫർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ യൂറോപ്യൻ യാത്രയുടെ വിവരണവും സെന്റ് മാർക്സ് ചത്വരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ എന്ന യാത്രാവിവരണ ഗ്രന്ഥത്തിലുണ്ട്. യാത്രയെക്കുറിച്ചുള്ള ലേഖനങ്ങൾ വെറും വിവരണങ്ങൾ മാത്രമല്ല. ഓരോ രാജ്യത്തെയും അടുത്തറിഞ്ഞാണ് യാത്ര. ചരിത്രം നന്നായി മനസ്സിലാക്കിയും വർത്തമാനത്തെ ഉൾക്കൊണ്ടും ഭാവിയിലേക്കും നോക്കിയും എന്നാൽ രസകരമായും പറയുന്ന കഥകളിൽ എത്രയോ പ്രതിഭകളുടെ ആത്മാവ് തുടിച്ചുനിൽക്കുന്നു. ലോക യുദ്ധങ്ങൾ പോലുള്ള വൻ സംഭവങ്ങൾ മനുഷ്യാനുഭവങ്ങളിലൂടെ ഉയിർക്കൊള്ളുന്നു. രാജ്യത്തെ അറിയുന്നതേക്കാൾ മനുഷ്യനെ അറിയാനാണ് മുസഫർ അഹമ്മദ് ശ്രമിക്കുന്നത്. മനുഷ്യത്വം തന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകതയും. 

 

നെതർലൻഡ്സിൽ നിന്ന് ജർമനിയിലേക്കാണ് സംഘം യാത്ര ചെയ്തത്. ട്രിയറിലെ മാർക്സിന്റെ ജൻമവീട്ടിലേക്ക്. ട്രിയറിൽ റീൻലൻഡിൽ ബ്രൂക്കൻസ്റ്റാസെ തെരുവിൽ മാർക്സിന്റെ ജൻമഗൃഹത്തിനു തൊട്ടുമുമ്പുള്ള ട്രാഫിക് സിഗ്‍നലിൽ പച്ച തെളിയുമ്പോൾ കാണുക മാർക്സിനെയാണ്; കാരിക്കേച്ചർ രൂപത്തിൽ. മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്റെ വീട്. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ 1947 ലാണ് വീട് പൂർണമായും മ്യൂസിയമാക്കി മാറ്റിയത്. മൂന്നു നിലകളിലായി വീട് പരിഷ്കരിച്ചിട്ടുമുണ്ട്. പ്രതിവർഷം 32,000 പേർ ഇവിടം സന്ദർശിക്കുന്നു. കൂടുതലും ചൈനയിൽ നിന്നുള്ളവർ. ഏഷ്യക്കാർക്കാണ് മാർക്സിന്റെ വീട് കാണാൻ താൽപര്യം കൂടുതൽ. യൂറോപ്യൻമാർ അദ്ദേഹത്തെ ഏതാണ്ട് അവഗണിച്ച മട്ടിലാണെന്ന് റിസപ്ഷനിലുള്ളവർ പറയുന്നു. മാർക്സ് ഇന്നും ജീവിക്കുന്നത് ഏഷ്യക്കാർക്കിടയിലാണ് എന്നു വിശ്വിസിക്കാനാണ് മ്യൂസിയം നടത്തിപ്പുകാർക്കും ഇഷ്ടം. 

 

യൂറോപ്പ് അതിന്റെ തന്നെ ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്നു എന്നു കണ്ടെത്തുന്ന മുസഫർ അഹമ്മദ്, കൊളോണിയലിസത്തിലൂടെ ആർജിച്ച ധനം കൂടി ഉപയോഗപ്പെടുത്തി കലയും അധികാരവും ഒരുപോലെ സാധ്യമാക്കിയ അരങ്ങുകളിലൂടെ യാത്ര ചെയ്യുന്നു. കഥ പറഞ്ഞും കവിത ചൊല്ലിയും റെംബ്രാൻഡ്, വാൻഗോഗ് ഉൾപ്പെടെ ചിത്രകാരൻമാരുടെ ജീവിതത്തിലൂടെയും ആണ് യാത്ര. പല ധാരണകളും പുനർനിർവിചിക്കപ്പെടേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ സംഘത്തെ കാത്തിരുന്നത് കോവിഡ് പൊട്ടിപ്പുറപ്പെട്ടു എന്ന വാർത്ത. കാലു കുത്താൻ ഇടം കിട്ടാതിരുന്ന സ്ഥലങ്ങൾ വിജനമായി. ആളൊഴിയാതിരുന്ന ചത്വരത്തിലെ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടന്നു. കോവിഡും മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളും കൂടി പുസ്തകം ചർച്ച ചെയ്യുന്നു. 

 

Content Summary: Saint Marx Chathwarathile Ozhinja Irippidangal book written by V Muzafer Ahamed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com