അവസരം കിട്ടിയാൽ പലരും പൊയ്മുഖം നീക്കി പുറത്തുവരും; ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം

oru-vidhavayude-ariyappedatha-jeevitham-book
SHARE
ഡോ. റഹീന ഖാദർ

മനോരമ ബുക്സ്

വില: 130 രൂപ

സ്നേഹപൂർവം സംസാരിച്ചിരിക്കുന്നതിനിടയ്ക്ക് തന്റെ തോളിൽ തലവച്ച് ഉറക്കത്തിലേയ്ക്ക് എന്ന പോലെ മരണത്തിലേയ്ക്ക് ചാഞ്ഞ ഭർത്താവ്. അന്നുമുതലുള്ള ഒരു പെണ്ണിന്റെ ജീവിതത്തിന്റെ, ജീവിക്കാനുള്ള പോരാട്ടങ്ങളുടെ കഥ പറയുന്ന പുസ്തകമാണ് ഡോ. റഹീന ഖാദറിന്റെ ‘ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം’. 

ആൺകൂട്ടില്ലാത്ത ഒരു പെണ്ണിന്റെ ജീവിതം എങ്ങനെയായിരിക്കും? ‘ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീയുടെ ജീവിതം എത്ര കയ്പേറിയതാണെന്ന് അനുഭവിക്കുമ്പോളെ മനസ്സിലാകൂ. അവൾ വിവാഹിതയോ വിവാഹമോചിതയോ ആകട്ടെ അവസരം കിട്ടിയാൽ പലരും പൊയ്മുഖം നീക്കി പുറത്തുവരും. അവരുടെ നോട്ടത്തിൽ ആ സ്ത്രീ ഒരു പെൺശരീരം മാത്രം. ഗുരുതുല്യരോ പിതൃസ്ഥാനീയരോ രക്തബന്ധമുള്ളവരോ, മകന്റെ പ്രായം ഉള്ളവരോ എന്നൊന്നുമില്ല. അവരുടെ കണ്ണ് പതിയുക അവളുടെ ശരീരത്തിലാണ്.’ എന്ന് ഡോ. റഹീന ഖാദർ സ്വന്തം അനുഭവങ്ങളെ സാക്ഷി നിർത്തി പറയുമ്പോൾ, ഒരു കുറ്റബോധത്തോടെയല്ലാതെ അത് കേൾക്കാനാവില്ല.

ഒരു വിധവയുടെ വസ്ത്രധാരണം ഇങ്ങനെയായിരിക്കണം, അണിഞ്ഞൊരുങ്ങേണ്ടത് ഇങ്ങനെയായായിരിക്കണം എന്നു തുടങ്ങി ഒന്നു മനസ്സു തുറന്നു ചിരിക്കാൻ പോലും അനുവാദമില്ലാതെ സമൂഹത്തിന്റെ വിലയിരുത്തലുകൾ പേടിച്ച് ജീവിക്കേണ്ടി വരുന്ന ദയനീയ അവസ്ഥ ഡോ. റഹീന ഖാദർ വിവരിക്കുന്നുണ്ട്.

നിറമുള്ള ജീവിതം വിധവയ്ക്ക് അനുവദിച്ചില്ലെങ്കിലും ബന്ധുമിത്രാദികൾക്കു വിധവയെകൊണ്ട് ഒരുപാട് ആവശ്യങ്ങളുണ്ട്. ആരെങ്കിലും ആശുപത്രയിലായാൽ കൂട്ടിരിക്കാൻ, സൽക്കാരങ്ങൾക്ക് തലേദിവസമേ എത്തി വിഭവങ്ങൾ ഒരുക്കാൻ... എന്നുതുടങ്ങി എന്തിനും ഏതിനും. പക്ഷേ അരങ്ങിനു മുൻപിൽ വിധവയ്ക്കു സ്ഥാനമില്ല. ഇത് തിരിച്ചറിയുന്ന സന്ദർഭങ്ങളാണ് ആഘോഷങ്ങൾ. ഏത് മംഗളകർമ്മങ്ങളിലും വിധവ മുൻപിൽ നിന്നു നയിക്കുന്നത് അശുഭമെന്നു വിശ്വസിക്കുന്നവരാണ് ഇന്നും കൂടുതൽ. ഇവയൊക്കെ സ്വന്തം അനുഭവങ്ങളിൽ നിന്ന് ഡോ. റഹീന എടുത്തെഴുതുമ്പോൾ വായനക്കാരുടെ മനസ്സിലും ‘സത്യം’ എന്നു പറയാൻ പാകത്തിന് എന്തെങ്കിലും സന്ദർഭങ്ങൾ ഓർമവരും. കാരണം ഇത്തരം സങ്കടങ്ങളിൽ ജീവിക്കുന്നവർ നമ്മുടെ പരിചയങ്ങളിൽ ഉണ്ട് എന്നതു തന്നെ ...

പല സന്ദർഭങ്ങളിലും തനിക്കു നേരിടേണ്ടി വന്ന ലൈംഗിക ചൂഷണ ശ്രമങ്ങളെകുറിച്ച് പറയുന്ന റഹീന താൻ കണ്ടറിഞ്ഞ പല പെൺകുട്ടികളുടെ അനുഭവങ്ങളും വിവരിക്കുന്നുണ്ട്. മാനം വിറ്റൊരു പിഎച്ച്ഡി വേണ്ട എന്നു മനസ്സിൽ പറഞ്ഞ് ഗൈഡിന്റെ മുൻപിൽ നിന്ന് ഇറങ്ങിപോന്ന പെൺകുട്ടിയും ഭർത്തിവിന് താൻ ഒരു പെൺശരീരം മാത്രമായിരുന്നു എന്നു തിരിച്ചറിഞ്ഞ നിമിഷം കൈകുഞ്ഞിനേയും എടുത്ത് അവിടെ നിന്നിറങ്ങുന്ന പെൺകുട്ടിയുമൊക്കെ ഈ സമൂഹത്തിന്റെ തന്നെ ഭാഗമാണ്.

എല്ലാ പ്രതിസന്ധികളെയും താൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് ഡോ. റഹീന വിശദമായി തന്നെ പറയുന്നുണ്ട്. എല്ലാ വെല്ലുവിളികളെയും നേരിട്ട് സ്വന്തം ജീവിതം കണ്ടെത്താൻ ഓരോ സ്ത്രീയെയും പ്രാപ്തരാക്കുന്ന അതിജീവന മന്ത്രമാണ് ഡോ. റഹീന ഖാദറുടെ  ‘ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം’എന്ന പുസ്തകം. 

Content Summary: Oru Vidhavayude Ariyappedatha Jeevitham book written by Dr. M Raheena Khader

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA
;