ലേബർ റൂമിലെ കൂട്ടുകാരിയുടെ കാത്തിരിപ്പ്, അമ്മ തന്നെ അച്ഛനുമായ വിധിവിഹിതം

radiant-fugitives-book
SHARE
നവാസ് അഹമ്മദ്

വെസ്റ്റ്‌ലാൻഡ് പബ്ലിക്കേഷൻസ്

വില 699 രൂപ

ഞാൻ നിന്നെക്കുറിച്ചാണു ചിന്തിക്കുന്നത്: സീമ ലേയോടു പറഞ്ഞു. 

എന്താണു നീ ചിന്തിക്കുന്നത്: ലേ ചോദിച്ചു. 

ആദ്യത്തെ കുട്ടിയുടെ ജനന നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ നീ എന്റെ അടുത്തു തന്നെ വേണമല്ലോ എന്ന്. 

സത്യമാണു സീമ പറഞ്ഞത്. അപ്രാപ്യമായതെന്തെങ്കിലും വാഗ്ദാനം ചെയ്യുകയായിരുന്നില്ല. അതിനവൾക്കു കഴിയുകയുമില്ല. 

ലേയെക്കുറിച്ച് അമ്മയോടു പറയാൻ അവൾ തീരുമാനിച്ചുകഴിഞ്ഞു. വേണ്ടിവന്നാൽ സഹോദരിയോടും. 

എനിക്ക് എന്ത് സന്തോഷമാണെന്നോ... ലേ സീമയുടെ തോളിൽ കൈവച്ചു. 

ലേയുടെ കയ്യെടുത്ത് സീമ തന്റെ വീർത്ത വയറിൽ വച്ചിട്ടു പറഞ്ഞു: എത്ര ശക്തമായി അവൻ മിടിക്കുന്നു എന്നു നോക്കൂ. നമ്മളെ കാണാൻ അവനു തിരക്കായെന്നു തോന്നുന്നു. 

പൂർണഗർഭിണിയാണ് ചെന്നൈയിൽ ജനിച്ചുവളർന്ന് അമേരിക്കയിൽ ജീവിക്കുന്ന സീമ. ലെസ്ബിയനായ സീമയുടെ ജീവിതപങ്കാളിയാണ് ലേ. ഒട്ടേറെ പ്രണയങ്ങൾക്കൊടുവിൽ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെന്നുറപ്പിച്ച പെൺകുട്ടി. എല്ലാ യാതനകളിലും കൂടെ നിൽക്കുന്നവൾ. ലെസ്ബിയൻ ആഭിമുഖ്യം പ്രകടമാക്കിയെങ്കിലും ബിൽ എന്ന കറുത്ത വർഗക്കാരനെ വിവാഹം കഴിച്ചു കുറച്ചുനാൾ ജീവിച്ചിരുന്നു. എന്നാൽ ഗർഭിണിയായതോടെ ആ ബന്ധത്തിനും അവസാനമായി. എന്നാൽ കുട്ടിയെ പ്രസവിച്ചു വളർത്തുക എന്ന ലക്ഷ്യത്തിൽ ഉറച്ചാണു സീമ ജീവിക്കുന്നത്. കൂട്ട് ജീവിതപങ്കാളികളായ പെൺകുട്ടികളും. പ്രസവം അടുത്തതോടെ ചെന്നൈയിൽ നിന്ന് അമ്മ നഫീസ എത്തി. അമേരിക്കയിൽ മറ്റൊരു സംസ്ഥാനത്തു ജീവിച്ചിരുന്ന സഹോദരിയും എത്തി. 15 വർഷമായി പരസ്പരം സംസാരിച്ചിട്ടുപോലുമില്ലാത്ത സഹോദരിമാർ അമ്മയുടെ സാന്നിധ്യത്തിൽ ഒരുമിക്കുകയാണ്. പൊരുത്തക്കേടുകളും സംഘർഷങ്ങളും അതിജീവിച്ച് അവർ ഇനി മുന്നോട്ടു പോകാനുള്ള സാധ്യത തെളിയിന്നുണ്ട്. എന്നാൽ സീമയുടെ ലെസ്ബിയൻ ജീവിതം എല്ലാറ്റിനും വിലങ്ങുതടിയാകുന്നു. എങ്കിലും സീമയ്ക്ക് കുട്ടി ജനിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. സീമയ്ക്കും പ്രതീക്ഷയുണ്ട്; ആശങ്കകളും. 

മകന്റെ ജനനത്തിനു വേണ്ടി കാത്തിരിക്കുന്ന സീമയുടെ കഥ പറയുന്നത് ആരും പ്രതീക്ഷിക്കാത്ത ഒരാളാണ്. സീമ കൊതിയോടെ കാത്തിരിക്കുന്ന മകൻ തന്നെ. ഇഷ്‌റാഖ് എന്ന് അവന് പേരിടണം എന്നാണു സീമയുടെ ആഗ്രഹം. അമ്മയുടെ ഗർഭപാത്രത്തിനു പുറത്ത് എന്റെ ജീവിതം തുടങ്ങുന്നു എന്ന വാചകത്തിൽ ഇഷ്റാഖ് പറയുന്ന കഥയാണ് റേഡിയന്റ് ഫ്യുഗിറ്റീവ്‌സ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ചുവളർന്ന നവാസ് അഹമ്മദ് എന്ന അമേരിക്കൻ പ്രവാസിയുടെ ആദ്യ നോവൽ. 

സീമയുടെ കുടുംബത്തിന്റെ മാത്രം കഥയല്ല നോവൽ. അമേരിക്കയുടെ ചരിത്രത്തിലെ കലുഷമായ കാലത്തിന്റെ രേഖപ്പെടുത്തൽ കൂടിയാണ്. 2000 മുതൽ 2018 വരെയുള്ള കാലത്തിന്റെ ചരിത്രം. ബുഷ് യുഗത്തിന്റെ.  പ്രതീക്ഷയുടെ പ്രഭാതമായി എത്തിയ ഒബാമ യുഗത്തിന്റെ. കറുത്ത വർഗക്കാരും ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ തെരുവുകളിൽ വ്യക്തിത്വം പ്രഖ്യാപിച്ച് ഘോഷയാത്ര നടത്തിയ കാലത്തിന്റെ.  

ചെന്നൈയിലെ ഒരു മുസ്​ലിം കുടുംബത്തിലാണ് സീമ ജനിച്ചുവളർന്നത്. സഹോദരി തെഹ്‌റ. യൗവ്വനത്തിന്റെ തുടക്കത്തിൽ അവർ അമേരിക്കയിൽ എത്തി. അതിഥിയായോ ജോലി തേടിയെത്തിയ വ്യക്തിയെപ്പോലെയോ ആയിരുന്നില്ല സീമയുടെ ജീവിതം. ജനിച്ചു വളർന്ന നാട്ടിലെന്ന പോലെ അമേരിക്കൻ ജീവിതവുമായി ഇഴുകിച്ചേർന്ന്. ചെന്നൈയിൽ വച്ചു കണ്ടെത്താതിരുന്ന ലെസ്ബിയൻ വ്യക്തിത്വം അമേരിക്കയുടെ സ്വതന്ത്രമായ മണ്ണിൽ സീമ തിരിച്ചറിഞ്ഞു. അംഗീകരിച്ചു. വീട്ടിൽ നിന്നുള്ള എല്ലാ എതിർപ്പുകളും മറികടന്ന് ലെസ്ബിയനായി പ്രഖ്യാപിച്ച് കൂട്ടുകാരികൾക്കൊപ്പം ആഘോഷമായി ജീവിക്കുന്നു. അമേരിക്കൻ രാഷ്ട്രീയത്തിലും സജീവമാണ് സീമ. ഗർഭിണിയായിട്ടുപോലും സ്‌റ്റേറ്റ് അറ്റോർണി എന്ന പദവിയിലേക്കു തിരഞ്ഞെടുക്കപ്പെടാൻ പ്രചാരണം നടത്തുന്ന കമല ഹാരിസിനു വേണ്ടി പ്രവർത്തിക്കുന്ന സജീവ രാഷ്ട്രീയക്കാരി കൂടിയാണ്. 

പ്രധാനമായും മൂന്നു നാലു കഥാപാത്രങ്ങളിലൂടെ പറയുന്ന കഥയിൽ സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങൾ കടന്നുവരുന്നു. വൈകാരിക തീക്ഷ്ണത പ്രകടമായ നോവലിൽ വലിയൊരു ഭാഗം ലെസ്ബിയൻ, കറുത്ത വർഗക്കാരുടെ ദേശീയത എന്നീ സങ്കീർണതകൾ വിശദീകരിക്കാനാണു ശ്രമിക്കുന്നത്. സാധാരണ വായനക്കാരെ വിശദമായ ചരിത്ര വർത്തമാനങ്ങൾ മുഷിപ്പിച്ചേക്കാമെങ്കിലും ആദ്യ നോവലിൽ തന്നെ നവാസ് അഹമ്മദിന്റെ എഴുത്തിന്റെ ശക്തി പ്രകടമാണ്. 

ചരിത്രത്തിൽ അടിയുറച്ചു നിൽക്കുമ്പോൾ തന്നെ കഥാപാത്രങ്ങളുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനും കഴിയുന്നു. അതു പലപ്പോഴും അദ്ഭുതപ്പെടുത്തുന്നതുമാണ്. 

വേഡ്‌സ് വർത്ത്, ജോൺ കീറ്റ്‌സ് എന്നീ ഇംഗ്ലീഷ് കവികളും നോവലിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. വേഡ്സ് വർത്തിന്റെ പ്രകൃതി പ്രണയത്തിനൊപ്പം കീറ്റ്‌സിന്റെ  ദുരന്ത ജീവിതവും കവിതകളും വിശദമായി ചർച്ച ചെയ്യുന്നുമുണ്ട്. തീവ്രമായ അനുഭവമാണ് റേഡിയന്റ് ഫ്യുഗിറ്റീവ്‌സ്. ഒരുപക്ഷേ, ചരിത്രവും രാഷ്ട്രീയവും നിറഞ്ഞുനിൽക്കുന്ന പേജുകൾ ഒഴിവാക്കിയാൽ  ഇതിലും നന്നായി ആസ്വദിക്കപ്പെടുന്ന നോവൽ. 

വ്യക്തിത്വത്തിന്റെ സംഘർഷങ്ങൾ തന്നെയാണ് നോവൽ ചർച്ച ചെയ്യുന്നത്. അപൂർവ വ്യക്തിത്വങ്ങൾ സമൂഹത്തിലും കുടുംബത്തിലും ചരിത്രത്തിലും സൃഷ്ടിക്കുന്ന സംഘർഷങ്ങൾ. ഓരോ വ്യക്തിയും എത്രമാത്രം ഒറ്റപ്പെട്ട വ്യക്തികളാണെന്ന്. സ്‌നേഹത്തിനും അംഗീകാരത്തിനും വേണ്ടി കൊതിക്കുമ്പോൾ തന്നെ അവർ കടന്നുപോകുന്ന യാതനകൾ. വൈരുദ്ധ്യങ്ങൾ. സ്വയം അടയാളപ്പെടുത്താൻ അവർ നടത്തുന്ന ശ്രമങ്ങളും അതിൽ പരാജയപ്പെടുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളും. 

റേഡിയന്റ് ഫ്യുഗീറ്റീവ്‌സിലെ കഥാപാത്രങ്ങൾ വെറുതെ വന്നുപോകുന്നവരല്ല. അവർ ഏറിയും കുറഞ്ഞും വായനക്കാരുടെയുള്ളിൽ ഇടം നേടുന്നവരാണ്. അത്രപെട്ടെന്ന് അവരെ കുടിയിറക്കാനാവില്ല. സീമയെ ഉള്ളഴിഞ്ഞു സ്‌നേഹിക്കുമ്പോൾ തന്നെ തെഹ്‌റയെ വെറുക്കാൻ കഴിയില്ല. വിരുദ്ധ ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന രണ്ടു പെൺമക്കൾക്കും ലെസ്ബിയനായ മകളെ മരിച്ചവളായി കണക്കാക്കുന്ന ഭർത്താവിനും ഇടയിൽ ദിശയറിയാതെ അലയുന്ന നഫീസ. മാരക രോഗം അവരുടെ വിധി നിർണിയിച്ചു കഴിഞ്ഞു. എന്നിട്ടും മരണം പോലും കൂസാതെയാണ് നഫീസ ചെന്നൈയിൽ നിന്ന് അമേരിക്കയിലെത്തി ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കുന്നത്. 

സ്‌നേഹത്തിനും വിദ്വേഷത്തിനുമിടെ ചാഞ്ചാടുന്ന ബിൽ എന്ന കഥാപാത്രം പോലും വല്ലാതെ അസ്വസ്ഥത സൃഷ്ടിക്കും വായനക്കാരിൽ. രാഷ്ട്രീയ പ്രകടനത്തിനിടെ യാദൃഛികമായാണ് അയാൾ സീമയെ പരിചയപ്പെടുന്നത്. ലെസ്ബിയനായിട്ടും ബില്ലിന്റെ സ്‌നേഹത്തെ ചെറുക്കാൻ സീമയ്ക്ക് കഴിഞ്ഞില്ല. അയാളുടെ ദേശീയതയും നിറവും അയാൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും കൂടിയാണ് സീമയെ അടുപ്പിച്ചത്. വിവാഹ മോചനം നേടി വേർപിരിഞ്ഞു കഴിഞ്ഞ ഭാര്യ മരണത്തെ മുഖാമുഖം കണ്ടപ്പോൾ ബിൽ എത്തുന്നുണ്ട്. ജീവിതം തിരിച്ചുകൊടുക്കുന്ന മനുഷ്യനായി. ബന്ധങ്ങളും ദേശീയതയും സൂക്ഷ്മമായി ചർച്ച ചെയ്യുന്ന നോവലിന്റെ വായന ശ്രമകരമാണ്. എന്നാൽ തീവ്രമായ ജീവിത സന്ദർഭങ്ങളെ മുഖാമുഖം നിർത്തി നടത്തുന്ന വിചാരണ മനസ്സു നിറയ്ക്കും. 

Content Summary: Radiant Fugitives novel written by Nawaaz Ahmed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
;