ADVERTISEMENT

ബുദ്ധൻ കുശിനഗറിലേക്കു നടത്തിയ അവസാന യാത്രയ്ക്കിടെ ആനന്ദൻ പല കാര്യങ്ങളും ചോദിച്ചു. കൂട്ടത്തിൽ സ്ത്രീകളെക്കുറിച്ചും. 

ബുദ്ധൻ പറഞ്ഞു: അവരെ കാണാതിരിക്കുക. ആനന്ദാ ! 

കാണേണ്ടിവന്നാൽ ? 

സംസാരിക്കാതിരിക്കുക ആനന്ദാ ! 

സംസാരിക്കേണ്ടി വന്നാൽ ?

മനസ്സിനെ ജാഗ്രതാപൂർണ്ണമാക്കുക ആനന്ദാ ! 

 

എന്തു ചെയ്യുമ്പോഴും ഉണർന്നിരിക്കേണ്ട ജാഗ്രതയെക്കുറിച്ചാണു ബുദ്ധൻ പറഞ്ഞത്. മോഹ മുക്തിയെക്കുറിച്ചല്ല. മോഹത്തെക്കുറിച്ചുള്ള തിരിച്ചറിവിനെക്കുറിച്ച്. ആഗ്രഹ നിരാസത്തെക്കുറിച്ചല്ല. ആഗ്രഹങ്ങളുടെ ബോധോധയത്തെക്കുറിച്ച്. സ്ത്രീകളെ ബുദ്ധ സംഘത്തിൽ നിന്ന് അകറ്റുന്നതിനെക്കുറിച്ചല്ല. സ്ത്രീകൾ കൂടെയെുണ്ടെന്ന തിരിച്ചറിവിനെക്കുറിച്ച്. 

 

ബുദ്ധന്റെ മനസ്സിൽ അപ്പോൾ സുജാത ഉണ്ടായിരിക്കില്ല. എന്നാൽ സുജാത എന്ന പെൺകുട്ടി അവശേഷിപ്പിച്ച കാരുണ്യം തീർച്ചയായും ഉണ്ടായിരിക്കും. അതു തന്നെയാണ് ജീവിതത്തിലൂടെയും മരണത്തിലൂടെയും ബുദ്ധൻ പഠിപ്പിച്ചതും. വറ്റാത്ത കരുണയുടെ, നിറഞ്ഞു തുളുമ്പുന്ന കാരുണ്യത്തിന്റെ ഒഴുക്കായിരുന്നല്ലോ ആ ജീവിതം, സന്ദേശങ്ങളും. എന്നാലും സുജാതയില്ലെങ്കിൽ ബുദ്ധൻ ഇല്ല. ബോധോധയം ഇല്ല. കാലം ഇങ്ങനെയായിരിക്കില്ല, ലോകവും. 

 

29-ാം വയസ്സിൽ കൊട്ടാരത്തിൽ ഇറങ്ങി സന്യാസത്തിന്റെ കഠിന വഴിയിൽ എല്ലാം ത്യജിച്ചു മുന്നേറിയ ബുദ്ധൻ ഒരു എല്ലിൻ കൂടായി മാറിയിരുന്നു. എന്റെ ശരീരം പൂർണ്ണമായി ശോഷിച്ചു. എല്ലാ അവയവങ്ങളും ഉണങ്ങിയ മുളന്തണ്ടു പോലെയായി. ദ്രവിച്ചുപൊളിഞ്ഞ ഒരു വീടിന്റെ കഴുക്കോലുകൾ പോലെ എന്റെ വാരിയെല്ലുകൾ കാണായി. എന്റെ വയറ്റിൽ ഞാൻ സ്പർശിക്കുമ്പോൾ നട്ടെല്ലിനെ കൂടിയായി. കാരണം രണ്ടും ഒരുമിച്ചുചേർന്നിരുന്നു. 

 

ഒടുവിൽ അദ്ദേഹം തളർന്നുവീണു. ചരിത്രത്തിന് ബുദ്ധനെ നഷ്ടമാകുമായിരുന്ന നിർണ്ണായക നിമിഷം. വനപ്രദേശത്തോടു ചേർന്ന ഗ്രാമത്തിൽ നിന്ന് ഒരു പെൺകുട്ടി അവിടെയെത്തി. സുജാത. അവൾ നൽകിയ പാൽക്കഞ്ഞി കഴിച്ച് ബുദ്ധൻ ജീവിതത്തിലേക്ക് ഉണർന്നു. പുതിയ ചിന്തകളിലേക്കും. എന്തിനു ഞാൻ സന്തോഷത്തെ ഭയക്കണം എന്നദ്ദേഹം ചിന്തിച്ചു. സ്വയം ക്ലേശിപ്പിക്കുന്നതിന്റെ അർഥരാഹിത്യം തിരിച്ചറിഞ്ഞു. സത്യാന്വേഷണത്തിന്റെ വഴി ഇതുവരെ നടന്നതല്ലെന്നു വെളിപ്പെട്ടു. നിരഞ്ജനാ നദി കടന്ന് ശാന്തനായി ബുദ്ധൻ നടന്നു. 

 

ബുദ്ധന്റെ കാലത്ത് നിറഞ്ഞൊഴുകിയ നദി ഇപ്പോൾ മിക്കപ്പോഴും ഒരു തുള്ളി വെള്ളം പോലുമില്ലാതെ വരണ്ടുണങ്ങിക്കിടക്കുന്നു. മൈതാനം പോലെ. അന്നില്ലാതിരുന്ന പാലം ഇന്നുണ്ട്. ബുദ്ധൻ നീന്തിയും ചങ്ങാടത്തിലും മറ്റുമായിരുന്നു നദി കടന്നിരുന്നത്. ഇന്ന് ബുദ്ധ പാദങ്ങൾ തേടിയെത്തുന്നവർ പാലത്തിലൂടെ അക്കരെ കടക്കുന്നു. 

 

പഴയ ഉരുവേല ഗ്രാമം ഇന്നുമുണ്ട്. മറ്റേതൊരു ഉത്തരേന്ത്യൻ ഗ്രാമവും പോലെ ദാരിദ്ര്യത്തിന്റെ മാറാപ്പും പേറി. ജീവിതത്തിൽ ദരിദ്രരായിരിക്കുമ്പോളും ആത്മാവിൽ സമ്പന്നരാകാനാണ് ബുദ്ധൻ പഠിപ്പിച്ചത്. 25 നൂറ്റാണ്ടുകൾക്കു മുമ്പ് ഗ്രാമത്തിലെ മുഖ്യന്റെ മകളായിരുന്നു സുജാത. ഗൗതമന് സുജാത പാൽക്കഞ്ഞി കൊടുത്ത സ്ഥലത്ത് ഇന്ന് ക്ഷേത്രമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവർ അവിടെ പ്രാർഥിച്ചു നിൽക്കുന്നു. തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്‌നാം, ശ്രീലങ്ക, മ്യാൻമർ, ചൈന, ജപ്പാൻ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള ഭക്തർ. സുജാതയുടെ പിൻഗാമികളായ പെൺകുട്ടികൾ ഇന്നും ഗ്രാമത്തിലുണ്ട്. അവരുടെ കയ്യിൽ പാൽക്കഞ്ഞിയില്ല. സഞ്ചാരികൾ നൽകുന്ന നാണയത്തുട്ടുകൾക്കുവേണ്ടിയാണ് അവർ കാത്തുനിൽക്കുന്നത്. ഉരുവേല ഗ്രാമം ബുദ്ധ കാലത്തേക്കാൾ കൂടുതൽ ദരിദ്രമായിരിക്കുന്നു. അന്നുണ്ടായിരുന്ന ശാന്തി മന്ത്രങ്ങളും ഇന്നില്ല. എല്ലാ മനുഷ്യരും ബോധോധയം നേടി ബുദ്ധനാകാൻ പറഞ്ഞിട്ടും ആരും മനുഷ്യർ പോലുമായില്ല. ഭക്തർ മാത്രം കൂടിക്കൊണ്ടിരുന്നു. ഇന്നും അവരുടെ എണ്ണം കൂടൂന്നു. 

 

ബുദ്ധൻ ആരായിരുന്നു എന്ന അന്വേഷണത്തിന് എന്നും പ്രസക്തിയുണ്ട്. കെട്ടുകഥകളിലും പുരാവൃത്തങ്ങളിലും ഐതിഹ്യങ്ങളിൽ നിന്നും യഥാർഥ ബുദ്ധ തത്ത്വങ്ങൾ കണ്ടെത്തുന്നതിനും. ബുദ്ധൻ ആരായിരുന്നെന്നും അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുള്ള നൂറ്റാണ്ടുകളിൽ ബുദ്ധ മതത്തിന് എന്തു സംഭവിച്ചു എന്നും ബുദ്ധ പഥങ്ങളിൽ നേരിട്ടുചെന്ന് അന്വേഷിക്കുകയാണ് ബോബി തോമസ്, ശ്രമണ ബുദ്ധൻ എന്ന പുസ്തകത്തിലൂടെ. മനുഷ്യനിൽ നിന്ന് ബുദ്ധനിലേക്കുള്ള ദൂരം നടന്നുതീർക്കാനാള്ള ശ്രമം. 

 

അസംതൃപ്തിയാണ് മാറ്റമില്ലാത്ത മനുഷ്യഭാവം. എങ്ങനെയെല്ലാം ജീവിക്കുമ്പോഴും എന്തെല്ലാം ചെയ്യുമ്പോഴും അകാരണമായ ചെടിപ്പ് വിടാതെ പിന്തുടരുന്നു. ഒരു പാട പോലെ ദുഖം പൊതിയുന്നു. നിറയുന്നു. മലവെള്ളപ്പാച്ചിൽ പോലെ മനുഷ്യരെ മുക്കിക്കളയുന്ന ദുഖം. ശ്രാവസ്തിയിലും രാജഗൃഹത്തിലും കപിലവസ്തുവിലും നിലനിന്ന യാഥാർഥ്യം മാത്രമല്ലിത്. തലമുറകളിലൂടെ മനുഷ്യരെ പിന്തുടരുന്ന യാഥാർഥ്യം. 

 

ഒരിക്കൽക്കൂടി ബുദ്ധപഥങ്ങളിലൂടെ സഞ്ചരിക്കാം. ബോബി തോമസിനൊപ്പം. ഞാനാരാണ് എന്നു ചോദിക്കാനല്ല ഞാൻ ഇല്ല എന്ന തിരിച്ചറിവിലേക്ക് എത്താനുള്ള യാത്ര. എല്ലാ ഭാരവും ഏറ്റെടുക്കുന്ന മനുഷ്യന്റെ വേദനയല്ല, മനുഷ്യൻ തന്നെ ഇല്ല എന്ന അനാത്മ ദർശനത്തിലേക്കുള്ള യാത്ര. ചുണ്ടിന്റെ കോണിൽ ആരും കാണരുതെന്ന് നിശ്ചയിച്ച് ഒളിപ്പിച്ചുവച്ച മന്ദഹാസം. ഹൃദയത്തിന്റെ ആഴത്തിലേക്ക് അതിവേഗം കടന്നുപോകുന്ന നോട്ടം. ലോകം കാത്തിരിക്കുന്ന ബുദ്ധ പ്രകാശം 

Content Summary: Sramana Buddhan book by Bobby Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com