ഒരു പൂച്ച എങ്ങനെയാണ് രാഷ്ട്രീയത്തിൽ ഇടപെടുന്നത്?

Indian Poocha COVER.indd
SHARE
സുനു എ.വി.

ഡിസി ബുക്സ്

വില: 120 രൂപ

എങ്ങനെയാണ് ഒരു സാധാരണ പൂച്ച ‘ഇന്ത്യൻ പൂച്ച’ ആയി മാറുന്നത്? വർത്തമാനകാല രാഷ്ട്രീയത്തിൽ ഇടപെടുന്നതോടെ പൂച്ചകളും രാജ്യത്തെ പ്രതിനിധീകരിച്ചു തുടങ്ങും എന്നാണ് ഇന്ത്യൻ പൂച്ച എന്ന കഥാസമാഹാരം എഴുതിയ സുനു എ.വി. പറയുന്നത്. പത്തു കഥകളുടെ സമാഹാരമാണ് ഇത്. ഓരോന്നും കൃത്യമായി കാലത്തെ അടയാളപ്പെടുത്തുന്നു. പുതിയ കാലത്തെക്കുറിച്ച് സംസാരിക്കുന്ന എഴുത്തുകാരിൽ ഒരാളായി സുനു മാറുന്നതും അങ്ങനെ തന്നെയാണ്.

അത്ര ലളിതമല്ല സുനുവിന്റെ കഥകൾ. വായനയ്ക്ക് സുഖമുള്ളതെങ്കിലും വായനാ ശേഷം അത് ആന്തരിക സുഖത്തെ അസ്വസ്ഥമാക്കുന്നവയാണ്.

‘‘ഇന്ത്യൻ വിശപ്പെന്നൊരു വിശപ്പുണ്ടോ? ഇല്ല. വിശപ്പിന് എവിടെയും ഒരേ എരിയലാണ്. പക്ഷെ സുനുവിന്റെ കഥകളിൽ ഒരു പാൻ ഇന്ത്യൻ വിശപ്പുണ്ട്.’’, കഥകളുടെ പഠനത്തിൽ ഗവേഷക കൂടിയായ പി.ലക്ഷ്മി കുറിച്ചിരിക്കുന്നത് അക്ഷരാർഥത്തിൽ സത്യമാണ്. വിശപ്പ്, മനുഷ്യർ തമ്മിലുള്ള നിരാകരണം, ജാതി ഇതെല്ലം കഥകളുടെ ഭാഗമായി വരുന്നുണ്ട്.

‘‘അബൂബക്കർ അടപ്രഥമൻ’’ എന്ന കഥയാണ് പുസ്തകത്തിൽ ആദ്യം. ആ പേരിൽത്തന്നെ ഒരു കല്ലുകടി ഉണ്ടെന്ന് തോന്നുന്നുണ്ടോ? എങ്കിൽ നമ്മുടെ സ്വത്വബോധം വെളിപ്പെടാൻ അത് സഹായിച്ചേക്കും. കാരണം ഇതേ സംശയം തന്നെ അബൂബക്കർ എന്ന പ്രവാസിയെ അഭിമുഖം ചെയ്യാൻ പോയ കോപ്പി എഡിറ്റർ ആയ ഹരിനാരായണനും തോന്നിയിരുന്നു. അബൂബക്കർ എന്നല്ലേ പേര്, അപ്പോൾപ്പിന്നെ വല്ല അച്ചാര് കച്ചവടമോ മസാലപ്പൊടിയോ ഒക്കെ പോരേ? പായസം അതും പ്രഥമൻ എന്തിനാവും? അബൂബക്കറിന് എല്ലാത്തിനും കൃത്യമായ ഉത്തരമുണ്ട്. ആ കഥയിൽനിന്നും അദ്ദേഹത്തിന്റെ ഉത്തരത്തിൽനിന്നുമാണ് സുനുവിന്റെ കഥകൾ തുടങ്ങുന്നതും. അതോടെ പുസ്തകത്തിലെ കഥകളുടെ സ്വഭാവത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടും. പക്ഷേ വിചാരിക്കുന്നത്ര എളുപ്പമല്ല അബൂബക്കറിൽനിന്നോ പദ്മയിൽനിന്നോ രാമനിൽനിന്നോ മോഹൻദാസിൽനിന്നോ ഒക്കെ പുറത്തിറങ്ങാൻ.

അപ്പുമാഷിന്റെയും പദ്മയുടെയും കഥ ഇതിനു മുൻപ് വായിച്ചതാണെങ്കിലും ഒരിക്കൽക്കൂടി വായിക്കാൻ മടി തോന്നിയില്ല. സമകാലീന രാഷ്ട്രീയം കൃത്യമായി അപ്പുമാഷിലൂടെ സുനു ചർച്ചയ്ക്ക് വയ്ക്കുന്നുണ്ട്. വെളുത്തുള്ളി, ചുവപ്പ് നിറം എന്നിവ ഒട്ടും ഇഷ്ടമല്ലാത്ത അപ്പുമാഷിനെ സവർണ രാഷ്ട്രീയത്തിന്റെ വക്താവായി കാണാം. അവർണന്റെ ഭക്ഷണമാണ് വെളുത്തുള്ളിയെന്നും പാവപ്പെട്ടവന്റെ നിറമാണ് ചുവപ്പെന്നുമുള്ള വിപ്ലവ ആശയങ്ങളോട് എന്നും പുച്ഛമാണല്ലോ അപ്പുമാഷേപ്പോലെയുള്ളവർക്ക്, അയാൾക്ക് ആകെ താല്പര്യമുള്ള ഒരേയൊരു ജീവി തൊഴുത്തിൽ നിൽക്കുന്ന പശു മാത്രമാണ്. ഭാര്യയാകട്ടെ, പഠിപ്പിക്കുന്ന കുട്ടികളാകട്ടെ അയാൾക്ക് മുന്നിൽ അടിമകൾ മാത്രമാണ്. അങ്ങനെ ഒരു ദിവസമാണ് അരവിന്ദൻ അവരുടെ വീട്ടിലേക്ക് അതിഥിയായി എത്തുന്നത്. അയാൾക്കിഷ്ടമുള്ള വെളുത്തുള്ളി സാമ്പാർ ഓർമയിൽനിന്നു കണ്ടെടുത്തു പദ്മ വയ്ക്കുമ്പോൾ അതിന്റെ കാരണമൊന്നും അപ്പുമാഷ് ചികയുന്നില്ല. വെറുപ്പുള്ള ചുവപ്പ് സാരിയിൽ പദ്മ അരവിന്ദനെ സ്വീകരിക്കുമ്പോഴും ബുദ്ധി മരവിച്ചു പോയ അപ്പുമാഷിന്‌ കാഴ്ചയുടെ പ്രസരണത്തിലുണ്ടാകുന്ന രുചിയുടെ മുകുളങ്ങളിലെ രുചിക്കേട്‌ നൽകുന്ന അസ്വസ്ഥത മാത്രമാണ് പ്രശ്നം. സ്വത്വബോധം ഇല്ലായ്മയുടെ നേർ പതിപ്പാകുന്നുണ്ട് കഥയിൽ ഉടനീളം അയാൾ. 

കഥകളിലൊക്കെ പലയിടത്തും കടന്നു വരുന്ന ഒരു ജീവിയാണ് പൂച്ച. അതുകൊണ്ട് തന്നെയാണ് ഈ കഥാ സമാഹാരത്തിന് ഇന്ത്യൻ പൂച്ച എന്ന പേര് നന്നായി യോജിക്കുന്നതും. സമാനമായ പേരുള്ള കഥയിൽ അതിർത്തികൾ ഭേദിക്കുന്ന ഒരു പൂച്ചയുടെ കഥ പറയുന്നു. അവിടെയും വിശപ്പാണ് പ്രധാന പ്രശ്നം. ഗൾഫിൽ ജോലിയൊന്നുമില്ലാതെ മുറിയിലിരിക്കേണ്ടി വരുന്ന നായകന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി എത്തിയ അതിഥി കൂടിയാണ് പൂച്ച. വിശപ്പിന്റെ ആധിക്യം കൊണ്ട് തൊട്ടപ്പുറത്തെ പാക്കിസ്ഥാനികളുടെ മുറിയിലേക്ക് വെന്റിലേറ്ററിലൂടെ സഞ്ചരിക്കുന്നുണ്ട് പൂച്ച. ശരിക്കും ആ ജീവി ഇന്ത്യൻ ആണോ പാക്കിസ്ഥാനി ആണോ എന്നറിയാൻ ബുദ്ധിമുട്ടാണ്. മതപരമായതും നുഴഞ്ഞു കയറ്റക്കാരന്റേതും ഇന്ത്യൻ പട്ടാളക്കാരന്റേതുമായ ധർമങ്ങളെല്ലാം ഇന്ത്യൻ-പാക്കിസ്ഥാൻ മുറികളിൽ ആ പൂച്ച നടത്തുന്നുണ്ട്. അവരവർ സ്വന്തം ഇഷ്ടങ്ങൾ കൊണ്ടു മെനഞ്ഞെടുക്കുന്നതാണ് അതിർത്തികളും മതപരമായ ആചാരങ്ങളുമെന്ന് ആ ഇന്ത്യൻ പൂച്ച അടിവരയിടുന്നു. പക്ഷേ എന്തിന്റെയും അവസാനത്തിൽ വിശപ്പ് സർവ അഹന്തകളെയും നശിപ്പിക്കും പോലെ ആ മുറികൾക്കിടയിൽനിന്ന് ഇന്ത്യ-പാക്ക് അതിർത്തികൾ മാഞ്ഞു പോകുന്നു. 

ആപ്പിൾ എന്ന കഥയിൽ വ്യക്തമായി ഉച്ചനീചത്വ ബോധങ്ങളുടെ പ്രതിഫലനം കാണാനുണ്ട്. മോഹൻദാസും വിശ്വനാഥനും തമ്മിലുള്ള അന്തരം അവരുടെ പേരിൽനിന്നു തന്നെ തുടങ്ങുന്നുണ്ട്. ഒന്ന് വെറും ദാസനാണ് മറ്റേത് സർവതിനും നാഥനും. ഉടമയും അടിമയും തമ്മിലുള്ള തല കുനിക്കലിന്റെ ബന്ധം വേദനിപ്പിക്കുന്ന രീതിയിൽ മോഹൻദാസ് സംസാരിക്കുന്നു. വിശ്വനാഥൻ ഒരിക്കൽ സ്‌കൂളിൽ കൊണ്ടുവന്ന ആപ്പിൾ എന്ന പഴം കഴിക്കാനുള്ള ആകാംക്ഷയിലാണ് മോഹൻദാസിന്റെ അച്ഛൻ മാധവന്റെ കടയിൽനിന്ന് ഒരു ആപ്പിൾ മോഷ്ടിക്കുന്നത്. അതോടെ അവൻ കള്ളന്റെ മകനായി അവരോധിക്കപ്പെട്ടു. നന്നായി ഭക്ഷണം കഴിച്ച ശേഷം വയറ്റിൽനിന്ന് പോകാൻ ഞാലിപ്പൂവൻ പഴം കഴിക്കാൻ മാധവന്റെ കടയിൽ വരുന്ന ദേവരാജൻ സുഖജീവിതം നയിക്കുന്ന മനുഷ്യരുടെ വക്താവാണ്. അവരെപ്പോലെ ഉള്ളവർക്ക് ദാസന്റെ അച്ഛന്റെ ആപ്പിൾ മോഷണം പരിഹസിക്കാനുള്ള മാർഗ്ഗം കൂടിയാണ്. ഒടുവിൽ വർഷങ്ങൾ എത്ര കഴിഞ്ഞാലും ദാസനെയും നാഥന്റെയും അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നില്ല എന്നയിടത്താണ് ഇന്ത്യൻ ഭരണഘടനയും നീതിബോധവും വീടും ചോദ്യചിഹ്നങ്ങളാകുന്നത്. അപ്പോഴും വിശ്വനാഥന്റെ നെഞ്ചിൽ ചേർന്നിരിക്കുന്നത് ആപ്പിളിന്റെ ലാപ്ടോപ് ആണ്. മോഹൻദാസ് ഒരിക്കലും കേട്ടിട്ടു പോലുമില്ലാത്ത മറ്റൊരു ആപ്പിൾ. അവസ്ഥകൾ ഒരിക്കലും മാറുന്നില്ലെന്ന് സുനു ഈ കഥയിൽ ഉറപ്പിച്ചു പറയുന്നു. 

സുനുവിന്റെ കഥകളിലെല്ലാമുണ്ട് പൂച്ചയും പട്ടിയും പശുവൊമൊക്കെ. കൃത്യമായി അവയൊക്കെയും രാഷ്ട്രീയം പറയുന്നുമുണ്ട്. പുരാതന ചേര- മിത്തും ചരിത്രവും എന്ന കഥയിൽ ചേരകളുടെ ലോകത്തെക്കുറിച്ചുള്ള കഥകളിൽ രണ്ടു കാലങ്ങൾ കടന്നു വരുന്നുണ്ട്. എന്നാൽ രണ്ട കാലങ്ങളിലും സമാനമായുള്ളത് തീ പുകയാത്ത അടുപ്പുകൾ ഉണ്ടെന്ന യാഥാർഥ്യമാണ്. മൃഗങ്ങളുടെ ലോകവും കഥകളും പറഞ്ഞുകൊണ്ട് വളരെ സമർഥമായി പട്ടിണിയുടെ രാഷ്ട്രീയത്തെക്കുറിച്ച് സുനു പറഞ്ഞു വയ്ക്കുന്നു. എലി ആത്മഹത്യ ചെയ്ത വിധം എന്ന കഥയിൽ പ്രതീക്ഷയുടെയും സാമൂഹിക ബോധത്തിന്റെയും നൂലുകൾ നൽകി ഒടുവിൽ മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമ്പ്രദായങ്ങളെക്കുറിച്ച് ഒരു എലിയുടെ ജീവിതത്തിലൂടെ പറയുന്നു. "മനുഷ്യർ" സംസാരിക്കുന്നത് കേട്ട് യാഥാർഥ്യബോധത്തിലൂടെ സ്വന്തം ജീവിതവഴികളിൽനിന്ന് തിരിഞ്ഞു നടന്ന എലി ആണ് മനുഷ്യരുടെ സമർഥമായ നീക്കത്തിൽ ഒടുവിൽ മരണപ്പെട്ടു പോകുന്നത്. അത് യാദൃച്ഛികമല്ല. എല്ലാം മുൻകൂട്ടി തയാറാക്കപ്പെട്ടതു തന്നെയാണ്. 

സുനുവിന്റെ കഥകളിലെ മൃഗങ്ങളെല്ലാം കഥകൾ പറയാൻ വന്നവരാണ്. അതുപോലെ വിശപ്പിനും പറയാൻ കഥകളുണ്ട്. പുസ്തകത്തിലെ കഥകളെല്ലാം പാൻ ഇന്ത്യൻ കഥകളുമാണ്. എല്ലാ കഥകളിലും ജീവിതങ്ങളും നാം കണ്ടു മറന്ന മനുഷ്യരുടെ ബുദ്ധിമുട്ടുകളുമുണ്ട്, അതുകൊണ്ടുതന്നെ കഥകളെല്ലാം വായനയിൽ നിന്ന് മടങ്ങിയാലും ഉള്ളിൽ ചോദ്യങ്ങളുയർത്തിക്കൊണ്ടേയിരിക്കും.

Content Summary: Indian Poocha book by Sunu A.V.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;