ആ സുഖം ഒന്നറിയണമെന്ന് തോന്നി, അതിന് ഇത്രയൊക്കെ സഹിക്കണോ?

kadalinte-manam-book
SHARE
പി.എഫ്. മാത്യൂസ്

ഡിസി ബുക്‌സ്

വില 350 രൂപ

ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം കാമമാണോ. എത്ര വീട്ടിയാലും തീരാത്ത കടം പോലെ വളരുന്ന കാമപൂർത്തീകരണത്തിനായി ഒരാൾ ഇറങ്ങിത്തിരിച്ചാൽ.. അപകടം പിടിച്ച ചോദ്യങ്ങളുടെ ഉത്തരം തേടാനുള്ള ശ്രമമാണ് പി.എഫ്. മാത്യൂസിന്റെ പുതിയ നോവൽ കടലിന്റെ മണം. കടലിന്റെ സാമീപ്യമില്ലാതെ തന്നെ കടൽ മണം അനുഭവിക്കുന്ന മനുഷ്യരുടെ ജീവിതങ്ങളിലൂടെ നടത്തുന്ന യാത്ര. 

കായലും കടലും സുപരിചിതമായ കൊച്ചിയുടെ ജീവിതത്തിന്റെ കഥകളെഴുതിയ മാത്യൂസ് ഇത്തവണ വ്യത്യസ്തമായ ഭൂമികയാണ് അവതരിപ്പിക്കുന്നത്. പുതുമയുള്ള കഥാപാത്രങ്ങളെയും. സ്ത്രീയും പുരുഷനും പ്രപഞ്ചത്തിൽ എക്കാലവും ടോം ആൻഡ് ജെറിയായായി വാഴണമോ എന്ന അടിസ്ഥാന സമസ്യയ്ക്ക് ഉത്തരം തേടാനും ശ്രമിക്കുന്നു. 

50 വയസ്സ് കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥനാണ് നോവലിലെ നായകൻ. പുറമേക്കു നോക്കിയാൽ അയാളും ഭാര്യയും മകനും മകളും അടങ്ങുന്ന കുടുംബ ജീവിതം ഭദ്രമാണ്. സംതൃപ്തകരവും സന്തോഷപ്രദവുമാണ്. എന്നാൽ കൂടുതലറിയും തോറും അത് തോന്നൽ മാത്രമാണെന്നും പുറമേക്കു കാണുന്ന സമാധാനത്തിന്റെ അടിയിൽ അസ്വസ്ഥതയുടെ കടൽ ഇളകുന്നുണ്ടെന്നും മനസ്സിലാകും. കാലങ്ങളായി വെടിമരുന്ന് സംഭരിച്ചുവച്ച സംഭരണ ശാലയാണ് ആ വീട്. മറ്റു പല വീടുകളും എന്ന പോലെ. അവിടേക്ക് അണയാത്ത ഒരു തീനാളം തൊടുത്തുവിടുന്നത് ഗൃഹനാഥനായ സച്ചിദാനന്ദൻ തന്നെയാണ്. തേടി വന്ന മിസ് കോളാണ് അയാളുടെ ജീവിതം വഴി തിരിക്കുന്നത് അഥവാ വഴി മാറ്റുന്നതോ വഴി തെറ്റിക്കുന്നതോ. മിസ് കോളിൽ നിന്ന് യഥാർഥ കോളിലേക്കു ചെല്ലുമ്പോൾ സച്ചിദാനന്ദൻ ജീവിതകാലം മുഴുവൻ അനുഭവിച്ച ലൈംഗിക അസംതൃപ്തിയുടെ കാരണം പരിഹരിക്കാമെന്ന സാധ്യത തെളിയുന്നു. രണ്ടു കുട്ടികളായെങ്കിലും ദാമ്പത്യ ജീവിതത്തിൽ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത സുഖം. അതറിയണം എന്നയാൾക്കു തോന്നുന്നു. വൈകാതെ അയാൾ തുനിഞ്ഞിറങ്ങുന്നു. അതയാളെ എത്തിക്കുന്നത് അാൾക്ക് ഒരിക്കലും ചെയ്യാനാകാത്ത കൊലപാതകത്തിലെ പ്രതി എന്ന വെറുക്കപ്പെട്ട അവസ്ഥയിലേക്കാണ്. 

നോവലിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു കഥാപാത്രം സഫിയ എന്ന യുവതിയാണ്. അവരും അസംതൃപ്ത ദാമ്പത്യ ജീവിതത്തിന്റെ ഇരയാണ്.  അസഹനീയമായതോടെ അവർ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു. എന്നാൽ മതപരമായ നിഷ്‌കർഷകൾ പുലർത്തുന്ന സ്വന്തം വീട്ടിലേക്ക് മടങ്ങിച്ചെല്ലുന്നുമില്ല. മകനുമൊത്ത് സ്വന്തമായൊരു ജീവിതമാണ് അവർ നയിക്കുന്നത്. അതിനു കണ്ടെത്തുന്ന വഴി ശരീരം വിൽക്കുക എന്നതും. സച്ചിദാന്ദൻ കാമത്തിന്റെ യഥാർഥ സുഖം (അങ്ങനെയൊന്നുണ്ടെങ്കിൽ ) അറിയാത്ത വ്യക്തിയാണെങ്കിൽ സഫിയ കാമത്തിന്റെ ഇരുവശങ്ങളും അനുഭവിക്കുന്ന വ്യക്തിയാണ്. ഭർത്താവിൽ നിന്നുണ്ടായ പീഡനങ്ങൾ ഒരു വശത്ത്. തന്നെ തേടിയെത്തുന്ന ഒട്ടേറെപ്പേരിലൂടെ നല്ലതും ചീത്തയുമായ ലൈംഗികാനുഭവങ്ങഴുടെ ധാരാളിത്തം മറ്റൊരുവശത്ത്. എന്നാൽ ശരീരം വിൽക്കുന്ന തൊഴിലാളി എന്ന നിലയിൽ നിന്നു മാറി ചില ബന്ധങ്ങളെയങ്കിലും പ്രണയത്തിന്‌റെ തലത്തിലേക്ക് സഫിയ ഉയർത്തുന്നുണ്ട്. പ്രണയം തോന്നാത്ത മറ്റു ചില ബന്ധങ്ങളിൽ ലൈംഗിക സുഖം അനുഭവിക്കുകയും പങ്കാളികളെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. തൊഴിലിൽ വർഷങ്ങളോളം മുന്നോട്ടുപോയിട്ടും പലരും അവരെ കാണുന്നത് കാമുകിയായിട്ടാണ്. അവരുടെ സൗന്ദര്യം പലരെയും, ചെറുപ്പക്കാരെപ്പോലും വീഴ്ത്തുന്നുമുണ്ട്. എന്തായാലും സച്ചിദാനന്ദനെപ്പോലെ സഫിയയുടെയും ജീവിതത്തിന്റെ താളക്കേട് കാമവുമായി ബന്ധപ്പെട്ടതു തന്നെ. 

സന്തോഷ് ബാബു, കറിയാ സാർ, ഭാസ്‌കര മേനോൻ എന്നീങ്ങനെ ചില പൊലീസ് ഉദ്യോഗസ്ഥരെ നോവലിൽ കാണാം. ഇവരും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇരകളോ വേട്ടക്കാരോ തന്നെ. 

സച്ചിദാനന്ദന്റെ മകൾ മായയാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രം. അച്ഛന്റെയും അമ്മയുടെയും ജീവിതം കണ്ടതിൽ നിന്നായിരിക്കും, ആൺ തുണയോ സഹവാസമോ ഇല്ലാതെ ജീവിക്കാം എന്ന ദൃഡനിശ്ചയത്തിലേക്ക് മായ എത്തുന്നത്. അവർ തീ പോലെ ജ്വലിക്കുന്ന പല ഘട്ടങ്ങളും നോവലിലുണ്ട്. പലർക്കും അവരുടെ തീനാളം പോലുള്ള കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ പോലും സാധിക്കുന്നുമില്ല. അവസാനം മായ ആൺ തുണയിലല്ല പെൺതുണയിലാണ് അഭയം കണ്ടെത്തുന്നത്. പങ്കാളിയായിട്ടല്ല. സഹ ജീവികളായി മാത്രം. ദുഷിച്ച കാമമാണ് മായയെ ജീവിതത്തിൽ ഒറ്റത്തടിയാക്കുന്നത്. ആ അർഥത്തിൽ കാമത്തിന്റെ ഇര തന്നെയാണ് മായയും. 

സംഭവബഹുലമായ നോവലിനു വേണ്ട എല്ലാ ഘടകങ്ങളുമുണ്ട് കടലിന്റെ മണത്തിൽ. എന്നാൽ, ഒരു ഘട്ടത്തിൽ പോലും ശരാശരിക്ക് അപ്പുറം ഉയരാൻ പി.എഫ് മാത്യൂസിനു കഴിയുന്നില്ല. കഥാഘടനയിലും കഥാപാത്ര ചിത്രീകരണത്തിലും ആശയ ലോകത്തിനും അദ്ദേഹത്തിന് ഒട്ടേറെ പിഴവുകൾ സംഭവിക്കുന്നു. ഇവ, വന്യമായ ഭാവന കൊണ്ടു പോലും നീതീകരിക്കാനോ വിശ്വാസ യോഗ്യമാക്കാനോ കഴിയാത്ത ദുർബല കഥയാക്കി നോവലിനെ മാറ്റുന്നു. കാമത്തെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചുമുള്ള പ്രസക്തമായ ചോദ്യങ്ങൾ, തുടങ്ങിയത്തുതന്നെ ഒടുങ്ങുകയും ചെയ്യുന്നു. കടലിന്റെ മണം ബാക്കിവയ്ക്കുന്നതു പ്രതീക്ഷയല്ല, നിരാശയാണ്. 

ജീവിതം തന്നെയാണ് ഏത് എഴുത്തുകാരന്റെയും മാധ്യമം. അപൂർണ സൃഷ്ടികളായ മനുഷ്യരാണ് കളിമണ്ണ്. എഴുത്തുകാരൻ ദൈവവും. ജീവജാലങ്ങൾ തനിയെ ഉണ്ടായതാണെന്നു തെളിഞ്ഞാലും സ്രഷ്ടാവ് എന്ന ഒരു വിദൂര സാധ്യത പോലും ഇല്ലെന്നുവന്നാലും മനുഷ്യന് ദൈവത്തെ വേണ്ടിവരും. സൃഷ്ടിക്കാനും പരിപാലിക്കാനും നിഗ്രഹിക്കാനും. പല മനുഷ്യരുടെയും ഭാവന പരിമിതപ്പെട്ടതാണ്. എന്നാൽ, പരിമിതികളില്ലാത്ത ഭാവനയോടെ ജീവിതം എന്ന മാധ്യമത്തിൽ ഇടപെടാനാണ് പി. എഫ്. മാത്യൂസിന്റെ ശ്രമം. എന്നാൽ, ഭാവനയും ജീവിതവും അദ്ദേഹത്തെ നയിക്കുന്നത് ചതിക്കുഴികളിലേക്ക്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മനസ്സിന്റെ ആഴക്കയങ്ങളിലേക്ക്. 

നോവൽ ഘടനയിൽ മലാളത്തിൽ ഇതുവരെ നടത്തിയിട്ടില്ലാത്ത ചില പരീക്ഷണങ്ങൾ മാത്യൂസ് നടത്തുന്നുണ്ട്. ഒരു സംഭവത്തിന്റെ വ്യത്യസ്ത സാധ്യതകൾ അവതരിപ്പിക്കുന്നു. കടലിന്റെ മണം എന്ന നോവൽ ഇതേ നോവലിൽ തന്നെ അദ്ദേഹം മാറ്റിയെഴുതുന്നുമുണ്ട്. പരീക്ഷണങ്ങൾക്കുവേണ്ടിയുള്ള പരീക്ഷണങ്ങൾ ഒരിക്കലും നല്ല ഫലങ്ങൾ സമ്മാനിച്ച ചരിത്രമില്ല. വിദേശ സിനിമയോ നോവലോ അനുവർത്തിക്കുന്ന പരീക്ഷണങ്ങൾ മലയാളത്തിൽ ചെലവാകണം എന്നുമില്ല. ജൈവികമായി ഘടന മാറുമ്പോൾ അതു സ്വാഗതം ചെയ്യാനും സ്വീകരിക്കാനും വായനക്കാർ ഉണ്ടായിരിക്കും. ക്രിത്രിമമായ പരീക്ഷണങ്ങളെ തള്ളിക്കളയുകയും ചെയ്യും. 

Content summary: Kadalinte Manam book written by PF Mathews

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
;