ADVERTISEMENT

ഇടവമാസത്തിലെ തിരുവോണ നാളിലാണു ഞാൻ ജനിച്ചത്. അന്ന് ആർപ്പുവിളി മുഴങ്ങിയില്ല. വാതിലിൽ ചില പതിഞ്ഞ തട്ടലുകൾ മാത്രമുണ്ടായി. 

 

90 വർഷം മുൻപ് കുടുംബത്തിൽ പെൺകുട്ടികൾ ജനിക്കുമ്പോൾ ആർപ്പുവിളി മുഴങ്ങുമായിരുന്നില്ല. അക്കാലത്ത് ഇല്ലങ്ങളിൽ പെൺകുട്ടികളുടെ ജനനം ഒട്ടും ശുഭസൂചകമാകുമായിരുന്നില്ല. സ്ത്രീ ഗർഭിണിയായതു മുതൽ പുരുഷ സന്തതിയ്ക്കായുള്ള പ്രത്യേകം പ്രാർഥനകളും പൂജകളും നടക്കും. ഉണ്ണി പിറന്നാൽ സന്തോഷ വാർത്ത അറിയിക്കാൻ വാല്യക്കാർ മുറ്റത്തുനിന്ന് ഉറക്കെ ആർപ്പുവിളിക്കും. പെണ്ണായാൽ ഇരിക്കണമ്മമാർ പതിഞ്ഞ ശബ്ദത്തിൽ വാതിലിൽ മുട്ടി വിവരമറിയിക്കുകയേ ഉള്ളൂ. 75-ാം വയസ്സിൽ പിന്നിട്ട കാലത്തിലേക്കും ജീവിതത്തിലേക്കും നോക്കി സ്വന്തം ജനനം അന്നത്തെ കാലത്തിന്റെ പശ്ചാത്തലത്തോടു ചേർത്തുവച്ചു പറയുമ്പോൾ വാക്കുകളിൽ നഷ്ടബോധമില്ല. എന്നാൽ ഭാവം നിരാർദ്രവുമല്ല. ജീവിതത്തെ സമഗ്രമായും കാലത്തെ വിശാല കാഴ്ചപ്പാടിലും മാത്രം കാണുന്ന ഒരു വ്യക്തിക്കു മാത്രം എഴുതാവുന്ന വാക്കുകൾ. 75 വയസ്സായ ഒരു അന്തർജനമാണ് ഞാൻ. ദേവകി എന്നു പേര്. നിലയങ്ങോട് ഇല്ലത്തെ അംഗം. നഷ്ടബോധമില്ലാതെ എഴുതിയ ഈ വാക്കുകളിലൂടെ കടന്നുപോകുമ്പോൾ ജീവിതം സ്പന്ദിക്കുന്നു. ജീവനുള്ള എഴുത്ത്. അതുതന്നെയാണ് ദേവകി നിലയങ്ങോടിന്റെ കാലപ്പകർച്ചകൾ എന്ന ഓർമക്കുറിപ്പുകളുടെ പ്രത്യേകതയും. 

 

ദേവകി ജനിക്കുമ്പോൾ അച്ഛന് 68 വയസ്സായിരുന്നു. 12-ാം സന്തതി. ദേവകിക്കു ശേഷം ഒരു കൂട്ടി കൂടി ജനിച്ചു. അമ്മ ആ കുട്ടിയെ പ്രസവിച്ചുകിടന്ന സമയത്താണ് അച്ഛൻ മരിച്ചത്. എഴുപതാമത്തെ വയസ്സിൽ. 

 

കാലുഷ്യമില്ലാതെയാണ് ദേവലി നിലയങ്ങോട് എഴുതുന്നത്. ആലങ്കാരികമായല്ലാതെ. എന്നാലോ, മറക്കുടയും തീണ്ടലും തൊടീലും പോലും ശക്തമായിരുന്ന കാലത്ത് ജനിച്ചിട്ടും ലോകത്തെ ഉള്ളിലേക്ക് ആവാഹിച്ച അവർ മറക്കുടയ്ക്കുള്ളിലെ മഹാനരകത്തിലല്ല ജീവിച്ചത്. കിലോമീറ്ററുകളോളം നടന്നുപോയി ഗ്രന്ഥശാലകളിൽ നിന്ന് പുസ്തകങ്ങൾ എടുത്തു വായിച്ചും പഠിച്ചും. ലോകത്തു നടക്കുന്ന ഓരോ മാറ്റവും അപ്പപ്പോൾ അറിഞ്ഞും അനുഭവിച്ചും അതിന്റെ ഭാഗമായും. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വന്ന ഒരു തലമുറയ്‌ക്കൊപ്പം ദേവകിയും ഉണ്ടായിരുന്നു. ഞാനിതാ ഇവിടെ നിൽക്കുന്നു, എന്നെ നോക്കൂ എന്നവർ ഒരിക്കലും വിളിച്ചുപറഞ്ഞില്ല. നിശ്ശബ്ദവും ശാന്തവുമായിരുന്നു ആ സാന്നിധ്യം. വൈകിയ വേളയിൽ ചില നിർബന്ധങ്ങൾ കൊണ്ടു മാത്രം എഴുതിയ വാക്കുകളിലൂടെ കഥ പറയുകയാണ്. ഒരു കാലത്തിന്റെ ഇനിയും നിറം മങ്ങിയിട്ടില്ലാത്ത കഥ. കാലുഷ്യമോ കളങ്കമോ ഇല്ല. അഭിമാനമോ അവകാശവാദങ്ങളോ ഇല്ല. ഇങ്ങനെയായിരുന്നു ഞങ്ങൾ. ഇതായിരുന്നു ഞങ്ങളുടെ കാലം. ആ കാലം പിന്നിട്ട് പുതുലോകത്ത് എത്തിയെന്ന് സാക്ഷ്യപ്പെടുത്തുക മാത്രം.

 

വെളുത്ത് ഉയരം കുറഞ്ഞ് ധാരാളം മുടിയുണ്ടായാൽ സുന്ദരിയായി എന്നാണ് അന്നത്തെ കാഴ്ചപ്പാട്. പെൺകുട്ടികൾ ഉയരം വയ്ക്കുമെന്ന് അമ്മമാർ ഭയപ്പെട്ടിരുന്നു. അധികം ഉയരം സൗന്ദര്യത്തിന്റെ ലക്ഷണമല്ല എന്നായിരുന്നു അന്നത്തെ പൊതു കാഴ്ചപ്പാട്. ഒരാളെങ്കിലും സാമാന്യം പോലെയായാൽ നന്നാർന്നു എന്ന് അമ്മ പ്രാർഥന പോലെ പറയും. മകൾ ഉയർന്നുപൊങ്ങാതിരിക്കാൻ അമ്മ ഇടയ്‌ക്കൊക്കെ തോളിൽ പിടിച്ചു താഴ്ത്തും. അമ്മയുടെ ആഗ്രഹം പോലെ താൻ അധികം ഉയരം വച്ചില്ലെന്ന് എഴുതുമ്പോഴും ഇല്ല വാക്കുകളിൽ ഭാവഭേദം. 

 

പത്താം വയസ്സിൽ തുടങ്ങിയതാണ് ദേവകി നിലയങ്ങോടിന് വായനയിലുള്ള കമ്പം. ഇന്നും മങ്ങലേൽക്കാത്ത കൗതുകം. എന്നാൽ, മനസ്സിലെ ഓർമകളും ആശയങ്ങളും എഴുതി ഫലിപ്പിക്കാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാൽ, കുട്ടിക്കാലത്തേ പിരിഞ്ഞ ഏടത്തിമാരാടൊത്ത് 75-ാം വയസ്സിൽ കൂടെക്കൂടെ സഹവസിക്കാനുള്ള അവസരമുണ്ടായി. ജീവിതത്തിന്റെ വൈകുന്നേരത്ത് ഒരുമിച്ചിരിക്കുമ്പോൾ അവർ ഓർമകളിലേക്ക് മടങ്ങിപ്പോയി. എത്ര വിചിത്രവും എത്ര അകന്നതുമാണ് ജീവിതാനുഭവങ്ങൾ. കൊച്ചുമകന്റെ നിർബന്ധത്താൽ എഴുതിത്തുടങ്ങി. ഭാഷാപോഷിണിയിൽ അവ വെളിച്ചം കണ്ടു. നഷ്ടബോധങ്ങളില്ലാതെ എന്ന പേരിൽ. മികച്ച പ്രതികരണങ്ങൾ എത്തിയതോടെ ആത്മകഥയായി വിപുലീകരിച്ചു. തെല്ലും വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും മുൻപ് ഒരു തുണ്ടു കടലാസിൽ പോലും ഒന്നും എഴുതിയിട്ടില്ലെങ്കിലും മനസ്സിനെ ആഴത്തിൽ സ്പർശിച്ച അനുഭവങ്ങൾ എഴുതിയപ്പോൾ വെളിച്ചത്തിന് എന്തു വെളിച്ചം എന്നതുപോലെ വാക്കുകൾ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നു. കഥകളിലൂടെ ജീവിതം ഉയിർത്തെഴുന്നേൽക്കുന്നു. 

ഇത് ഓർമയുടെ അകന്ന, നിസ്സംഗമായ കൊഴുപ്പ് നീക്കിയ കാഴ്ച എന്ന് ആറ്റൂർ രവിവർമ. ഇത് വരുംതലമുറ ചെപ്പേട് പോലെ ശ്രദ്ധിച്ചു വായിക്കും !  

Content Summary: Kalapakarchakal book by Devaki Nilayangodu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com