എന്റെ കണ്ണീർ തുടയ്ക്കാൻ നിന്റെ കൈകൾക്കാവില്ലേ ?

gothra-kavitha-book
SHARE
സുകുമാരൻ ചാലിഗദ്ധ, സുരേഷ് എം.മാവിലൻ

ഡിസി ബുക്‌സ്

വില 330 രൂപ

മഴയെക്കുറിച്ചു കവിതയെഴുതാത്ത കവികളില്ല. കാൽപനികരും ആധുനികരും ആധുനികോത്തരും പോലും വെറുതെവിട്ടിട്ടില്ല മഴയെ. എല്ലാ മഴക്കവിതകളിലും ഞാനുണ്ട്. നീയുണ്ട്. നീയില്ലാത്തപ്പോഴത്തെ ഞാനുമുണ്ട്. നീ മാത്രമായി അവശേഷിക്കുന്ന കവിതകളുമുണ്ട്. എന്നാൽ ‘നിങ്ങൾ’ മാത്രമില്ല ഒരു കവിതയിലും. ഏതു പ്രണയവും മറ്റൊരാളോട് എന്ന പോലെ സ്വയം പ്രണയവുമാണ്. അതുകൊണ്ടാണല്ലോ ഇതുവരെ സ്വയം പ്രണയിച്ചു തീർന്നിട്ടില്ലെന്നും അതിനുശേഷം മാത്രമല്ലേ മറ്റൊരാളെ പ്രണിയിക്കാനാവൂ എന്ന വിലാപമുണ്ടായത്. പ്രണയമെന്നു നാം ഓമനപ്പേരിട്ടത് ഓമനേ രണ്ടു പേരുടെ സ്വാർഥമോ എന്നു ചോദിച്ചു സച്ചിദാനന്ദൻ. താരകങ്ങൾക്കിടയിൽ സ്വന്തം ലോകം തിരയുമ്പോൾ പുറത്തിട്ടടച്ച ലോകത്തിന്റെ കരച്ചിൽ ഏതു വഴിയാണെത്തുക എന്നും അദ്ദേഹം സങ്കടപ്പെട്ടിട്ടുണ്ട്.

ഇതുവരെ സ്വയം മഴ നനഞ്ഞവരും കൂട്ടുകാരിയോടൊത്ത് മഴ നനഞ്ഞവരും വിരഹത്തിന്റെ മഴ നനഞ്ഞവരും വായിക്കണം ‘മഴ പെയ്യുമ്പോൾ’ എന്ന ധന്യ വേങ്ങച്ചേരിയുടെ കവിത. മാവിലൻ തുളു ഭാഷയിലെഴുതിയ കവിത ധന്യ തന്നെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗോത്ര കവിതയിൽ നിന്ന് നാട്ടു മലയാളത്തിലേക്ക്.

മഴ പെയ്യുമ്പോൾ കലങ്ങിമറിയുന്ന 

കടൽ കണ്ടിട്ടുണ്ടോ.

മുത്തി മുത്തി തിരിച്ചുപോകുന്ന 

തിരകളെ കോരിയെടുത്തിട്ടുണ്ടോ.

സ്വപ്‌നത്തിൽ താനിതെല്ലാം കണ്ടിട്ടുണ്ടെന്നു പറയുന്ന ധന്യ ചില മോഹങ്ങളെക്കുറിച്ചു പറയുന്നുണ്ട് അടുത്ത വരികളിൽ. കാലുകളറിയാതെ കടൽപ്പരപ്പിലെനിക്ക് മങ്ങലം കളി കാണണമെന്ന്. തിരയുടെ ആർപ്പുവിളികളെ ചെവിയിലൊളിപ്പിക്കണമെന്ന്. വട്ടമിട്ടു പറക്കുന്ന പരുന്തിന്റെ കണ്ണ് വെട്ടിച്ച് കടൽപ്പുറ്റുകളുടെ കൊട്ടാരക്കെട്ടുകളിൽ തല ചായിച്ച് ഞണ്ടായി ഉറങ്ങണമെന്നുണ്ടായിരുന്നു എന്നും എന്നും പറയുന്നുണ്ട്. എന്നാൽ തൊണ്ടയിൽ നിന്ന് ശബ്ദം ആരാണ് ഉരുക്കിയടച്ചത്. ഞാനോ നീയോ എന്ന ചോദ്യം പരിചിതമാണ്. എന്നാൽ അവസാനത്തെ വാക്കിൽ ധന്യയുടെ കവിത വ്യത്യസ്തമാകുന്നു. അതൊരു ഇടിവാളു പോലെ നെഞ്ചിനെ പിളർക്കുന്നു. കരളിനെ മുറിക്കുന്നു. ഹൃദയത്തെ ഛേദിക്കുന്നു. നെഞ്ചും കരളും ഹൃദയവുമില്ലാതെ എന്തിനു ജീവിക്കണം. എങ്ങനെ ജീവിക്കണം എന്നാണു ചോദ്യമെങ്കിൽ ആ ചോദ്യം തന്നെയാണ് ഈ കവിതയുടെ ലക്ഷ്യം. പുറത്തിട്ടടച്ച ലോകത്തിന്റെ കരച്ചിൽ കേൾപ്പിക്കുന്ന വാക്ക്. കരച്ചിലിൽ നിന്നു  മുഖം തിരിച്ചവർക്ക് ഇനിയും അതു തുടരാം. അവർ കരഞ്ഞിട്ടേ ഉണ്ടാകില്ല. അല്ലെങ്കിൽ, അവരവർക്കു വേണ്ടിയോ പ്രിയപ്പെട്ടവർക്കുവേണ്ടിയോ മാത്രമായിരിക്കും കരഞ്ഞിട്ടുണ്ടാകുക. അതിനപ്പുറം, സ്വാർഥതയുടെ സുഖ സുന്ദര ലോകത്തിനപ്പുറം മറ്റൊരു ലോകമുണ്ട് എന്ന തിരിച്ചറിവിലേക്കാണു കവിത നയിക്കുന്നത്. അതും കവിതയുടെ ധർമം തന്നെ.

തൊണ്ടയിൽ നിന്ന് ആരാണ് ശബ്ദം 

ഉരുക്കിയടച്ചത്... നിങ്ങളോ...

ഗോത്രകവിതയ്ക്കും ശബ്ദമുണ്ട്. ചരിത്രമുണ്ട്. ഭൂതവും വർത്തമാനവുമുണ്ട്. ഭാവി ഉറപ്പാക്കേണ്ടത് ലോകത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിക്കുന്നുണ്ട് ധന്യയുടെ കവിത. ഏന് (ഞാൻ) എന്ന കവിതയിൽ കവി താദാത്മ്യം പ്രാപിക്കുന്നത് പച്ചമണ്ണുമായാണ്. കവിതയിൽ മഴയുമുണ്ട്. എന്നാൽ പേരിൽ മാത്രമേയുള്ളൂ ഞാൻ. കവിത ഞാൻ എന്ന അഭാവമാണ്.

മഴ കുടിച്ച്

നുഴഞ്ഞിറങ്ങാൻ

ഒരു കൊച്ചുമാളം

കടം വാങ്ങിയ

പച്ച മണ്ണാണു ഞാൻ.

കൊച്ചുമാളം പോലും കടം വാങ്ങിയ പച്ച മണ്ണ്. ആരാണ് മണ്ണ് കവർന്നത്. മരം കവർന്നത്. ആകാശവും ഭൂമിയും മഴയും കവർന്നത്. കവർച്ചകൾ നിർബാധം നടന്നിട്ടും ആരും എന്തേ പിടിക്കപ്പെട്ടില്ല. ഇനിയും ആരും പിടിക്കപ്പെടുകയുമില്ല. അതു കുറ്റകൃത്യം പോലും ആകുന്നില്ലെന്നോ. നീതിയുടെ അർഥം. സമത്വം എന്ന ഉറപ്പ്. നീതിസാരങ്ങളുടെ പനയോലക്കെട്ടുകളും ചിതൽ തിന്നിരിക്കുന്നു. വേണ്ടത് പുതിയ നീതിയാണ്. സമത്വത്തിന്റെ പുതിയ നിർവചനമാണ്. ഇരന്നുവാങ്ങാൻ ആരും കാത്തിരിക്കുന്നില്ല. ധൈര്യമായി അന്തസ്സോടെ കടന്നുവരികയാണ്. ഗോത്ര കവിത മലയാളത്തിലേക്ക്.

കാട് കൊത്തുന്നവന്റെ 

കാലറുക്കാൻ. 

കാട് കക്കുന്നവന്റെ 

കഴുത്ത് അറക്കാൻ. 

ഉറുമ്പുകൾ തീറ്റയെടുത്ത് വരിവരിയായി നടന്നു നീങ്ങും പോലെ ഒരു തീക്കൊള്ളിയെടുത്ത് കാടിന്റെ മടയിൽ കാവലിരിക്കുന്നു കവിത.

മാവിലൻ തുളു ഭാഷയിൽ അപ്പ എന്നാൽ മലയാളത്തിൽ അമ്മയാണ്. രാജീവ് തുമ്പക്കുന്നിന്റെ അപ്പ എന്ന കവിതയിൽ കണ്ണീര് അന്നമായി ഉണ്ണുന്ന അമ്മയെ കാണാം. പേറ്റുനോവാറാത്ത 17-ാം നാൾ കണ്ടത്തിൽ പണിക്കു പോകാൻ നിർബന്ധിതയായ അമ്മ. കൂലി നാഴിയിടങ്ങഴി നെല്ലാണ്. എന്നാലും മകന് പാലൂട്ടണം. പെറ്റവയറാണ് . അമ്മയാണ്. കാക്കക്കണ്ണ് കീറി പണിക്കു പോകണം. അസ്തമനം കഴിഞ്ഞ് അരവയർ മുറുക്കി കുഞ്ഞിനെ ഉമ്മ വയ്ക്കുമ്പോൾ, താരാട്ടുമ്പോൾ തലമുറയുടെ ശാപം ഇടിത്തിയായി വീഴുന്നു.

അടിയാളർ നരകത്തീ തിന്ന് നശിക്കേണ്ടവർ.

ചോറുകണ്ടം തിന്നുതീർത്ത എന്റെ വിയർപ്പിൽ

ഉതിർത്തതാണീ നെൽക്കതിരെല്ലാമെന്ന്

നിന്നെ ബോധ്യപ്പെടുത്താൻ എനിക്കാവില്ല.

മകനെ ഒറ്റയ്ക്കിരുത്തി പണി ചെയ്യാൻ പോയതിന് മാപ്പു ചോദിക്കുന്ന അമ്മ ഒറ്റയിൽ നിന്ന് ഒറ്റയായ മകനോട് പറയുന്നു

വഴി നീളെ കാണും മുള്ളുകളൊന്നും

അന്യമല്ലെന്ന തോന്നലിൽ

ഒറ്റയ്ക്ക് പോവുക.

എന്റെ കണ്ണീർ തുടയ്ക്കാൻ

നിന്റെ കൈകൾക്കാവും !

ഇതാദ്യമാണ് ഇത്രയധികം ഗോത്ര കവിതകളെ സമഗ്രമായും ആധികാരികമായും ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തുന്നത്. ഗോത്രഭാഷകളിൽ നിന്നുള്ളവർ തന്നെയാണ് അവതാരികയും പഠനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ കവർ പെയിന്റിംഗ് പോലും വയനാട്ടിൽ നിന്നുള്ള ഗോത്ര വിഭാഗത്തിലെ ചിത്രകാരന്റേതാണ്. കാട്ടിലും നാട്ടുവാക്കിലും എന്നേ നഷ്ടപ്പെട്ടുപോയേക്കാമായിരുന്ന ഗോത്ര ഭാഷാ പാരമ്പര്യങ്ങൾ ഈ പുസ്തകത്തിൽ പുതുക്കുകയാണ്. ഗോത്രങ്ങളുടെ സാംസ്‌കാരിക ചരിത്രത്തിന്റെ പുനർവായനയ്ക്ക് വാതിൽ തുറന്നിട്ടുകൊണ്ട്.

ഇരുള ഭാഷയിൽ പി.ശിവലിംഗൻ ‘ബുൾഡോസർ’ എന്ന കവിതയിൽ ഉരുക്കിയൊഴിക്കുന്നത് വേദനയല്ല. ഇനി എന്തിന് വേദനിക്കണം. വേദനയ്ക്കു പോലും മടുത്തില്ലേ. ഇനി എന്തിനു കരയണം. വറ്റിപ്പോയ കണ്ണീർ ഗ്രന്ഥികളെ പുനരുജ്ജീവിപ്പിക്കാൻ ശസ്ത്രക്രിയകളുണ്ടോ. ശപിക്കാനുള്ള വാക്കുകൾ പോലും തട്ടിയെടുത്തില്ലേ. അവഗണിച്ചും തിരസ്‌കരിച്ചും ചരിത്രം പോലും മായ്ച്ചുകളഞ്ഞില്ലേ. ഭാവി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ ആവുന്നതൊക്കെ ചെയ്തില്ലേ. എന്നാലും... ഇതു കൂടി കേൾക്കുക.

പ്രാണവേദന താങ്ങാനാവാതെ

അന്ത്യശ്വാസം വലിക്കുമ്പോൾ

ഒരിക്കൽക്കൂടി സ്വയം പറഞ്ഞു

എപ്പോഴെങ്കിലും നിങ്ങളും

ഇതുപോലുള്ളയിടങ്ങളിൽ ചെന്നുപെടുമ്പോൾ മാത്രമേ

എന്റെ അവസ്ഥ തിരിച്ചറിയൂ.

Content Summary: Gothrakavitha book by a group of authors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA
;