ADVERTISEMENT

‘നവരസങ്ങളുടെ ടച്ച് സ്ക്രീൻ’ എന്ന പേരിൽത്തന്നെയുണ്ട് മോഹൻകുമാർ വള്ളിക്കോടിന്റെ കവിതയുടെ പ്രത്യേകതകൾ. മനുഷ്യവികാരങ്ങളെല്ലാം ടച്ച് സ്ക്രീനിലെ സ്പർശനങ്ങളിലേക്ക് മാറിയ ഒരു കാലത്ത് കവിതയിലൂടെ ആകുലതകൾ ആവിഷ്ക്കരിക്കുന്ന കവി, ടച്ച് സ്ക്രീനിലേക്ക് ഒതുങ്ങുന്നതിനു മുമ്പുള്ള സാമൂഹിക ജീവിതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞവനാണ്. അറുപതുകളുടെയന്ത്യത്തിൽ ജനിച്ച് എഴുപതുകളിലും എൺപതുകളിലും ബാല്യകൗമാരങ്ങൾ പിന്നിട്ട, ഇപ്പോഴും കവിതയിൽ സജീവമായ ഒരാളിന്റെ മനസ്സ് തെളിഞ്ഞുനിൽക്കുന്ന കവിതകളാണ് ഈ സമാഹാരം. കവിത്രയത്തെ പഠിച്ച് ജിയിലും പിയിലും ചങ്ങമ്പുഴയിലും ഇടശ്ശേരയിലും ചവുട്ടി കടമ്മനിട്ടയെന്ന കൊച്ചാട്ടന്റെ കാവ്യ കളരിയിൽ മെയ്‌വഴക്കം സിദ്ധിച്ച്  സൈബർ സങ്കേതിക കാലത്തും കവിതയോടൊപ്പം സഞ്ചരിക്കുന്ന മോഹൻകുമാർ വള്ളിക്കോടിന്റെ കവിതകളിൽ കാലഘട്ട പ്രത്യേകതകൾക്കതീതമായി നിറഞ്ഞു നിൽക്കുന്നത് മനുഷ്യ പക്ഷവും പ്രകൃതിസ്നേഹവുമാണ്.

പുതിയ കാലവും പുതിയ സമൂഹവും കുറെക്കൂടി സങ്കീർണമാണ്. നവസാങ്കേതിക വിദ്യകളുടെയും സോഷ്യൽ മീഡിയയുടെയും കടന്നുവരവ് മനുഷ്യരുടെ ജീവിത രീതിയിൽ മാത്രമല്ല ഭാഷയിൽ പോലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

 

വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തിയാൽ പരാജയപ്പെട്ടു പോകുമായിരുന്ന അനേകം സൂക്ഷ്‌മവികാര ഭേദങ്ങളെ കൃത്യമായ ഇമോജികൾ കൊണ്ട് പരസ്‌പരം സംവേദനം ചെയ്യുന്ന കാലത്താണ് നാം. വികാരങ്ങളെയും വിചാരങ്ങളെയും എളുപ്പത്തിൽ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി മനുഷ്യൻ കണ്ടെത്തിയ ഭാഷ എന്ന സൗകര്യത്തെത്തന്നെ റദ്ദാക്കിക്കളയുന്നതാണ് ഈ ചിഹ്നങ്ങളുടെ കടന്നു വരവ്. ഭാഷയുടെ പോലും ആത്മാവു നഷ്ടപ്പെട്ട് മനുഷ്യ വികാരങ്ങളെ ടച്ച് സ്ക്രീനിലൊതുക്കുമ്പോൾ ഈ കാവ്യസമാഹാരം അതിന്റെ ജൈവിക സ്വഭാവം കൊണ്ട് നമ്മെ മനുഷ്യനാക്കാൻ സഹായിക്കുക തന്നെ ചെയ്യും.  

 

മോഹൻകുമാറിന്റെ കവിതകളെ നമുക്ക് ഏതെങ്കിലും ഒരു സാഹിത്യ പ്രസ്ഥാനത്തിൽ മാത്രമായി ഒതുക്കി നിർത്താൻ സാധിക്കില്ല. കാല്പനിക കാലത്തിന്റെ തരുണ ഭാവങ്ങളും ആധുനികതയുടെ ആകുലതകളും, ഉത്തരാധുനികതയുടെ ആശങ്കകളും സത്യാനന്തര കാലത്തിന്റെ യാഥാർഥ്യങ്ങളും ചേരുന്ന കാവ്യസമാഹാരമാണ് നവരസങ്ങളുടെ ടച്ച് സ്ക്രീൻ. വർത്തമാന കാലത്ത് കഥയിൽ പരീക്ഷിക്കപ്പെടുന്ന ഫിക്‌ഷണല്‍ റിയലിസത്തിന്റെയും ഫ്ലാഷ് ഫിക്‌ഷന്റെയും ചില സ്വഭാവങ്ങൾ നവരസങ്ങളുടെ ടച്ച് സ്ക്രീനിലെ ചില കവിതകളിൽ കാണുന്നുണ്ട്.

 

മുപ്പത്തിയാറ് കവിതകളുള്ള ഈ കാവ്യ സമാഹാരത്തെ അതിലെ പ്രമേയ പരിസരങ്ങളുടെ പ്രത്യേകതകൾ വച്ച് നാലു ഭാഗങ്ങളായി തിരിക്കാം.

1. മനുഷ്യനെയും മനുഷ്യ വികാരങ്ങളെയും കുറിച്ച്.

2. പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച്.

3. കവിതയെയും കവികളെയും കുറിച്ച്.

4. പരിഭാഷാ കവിതകൾ

 

വാക്കിൻ വെളിച്ചം എന്ന കവിതയാണ് ആദ്യത്തേത്. പമ്പയിൽ സ്നാനം ചെയ്ത് തിരുമലകൾ കയറി തത്വമസിയെന്ന ദർശന നേരിൻ വെളിച്ചം തിരിച്ചറിയുന്ന കവി, അയ്യപ്പനെ വാക്കായും വാക്കിനെ തിരിച്ചറിവായും തിരിച്ചറിവിനെ വെളിച്ചമായും തിരിച്ചറിയുന്നു. വളരെ കുറച്ച് കവിതകളിലേ പ്രണയം പ്രമേയമാകുന്നുള്ളൂ. ആ കവിതകളിലാകട്ടെ പ്രണയഭംഗമോ നിരാശയോ നിഴൽ പരത്തുന്നില്ലതാനും. പ്രണയത്തിന്റെ ദൈവികതയും നിസ്വാർഥതയും നിലാവും സൗരഭ്യവുമാണ് അതിലൊക്കെ നിറഞ്ഞു നിൽക്കുന്നത്. പ്രണയപൂർണ്ണിമ അത്തരത്തിലൊരു കവിതയാണ്. വയലിൻ അരികിലൂടേറെ നടന്ന് നിൻ ‘‘സ്നേഹാലയത്തിന്റെ പടികൾ കടക്കവേ നീണ്ടിടമ്പെട്ട നിൻ മിഴികളിൽ വായിച്ചതേതു ബന്ധത്തിന്റെ ആദ്യാക്ഷരം’’

എന്ന് കവി ചോദിക്കുന്നു. പ്രണയിനിയിൽ ദർശിക്കുന്ന മാതൃഭാവവും തുളസീദല വിശുദ്ധിയും ആശ്രയ ബോധവും ആശാന്റെ മാംസനിബദ്ധമല്ല രാഗം എന്ന ചിന്താതലത്തിലേക്ക് കവിയുടെ പ്രണയ സങ്കല്പങ്ങളെ ഉയർത്തുന്നുണ്ട്.

 

മറ്റൊരു സ്നേഹ കവിതയാണ് ഉതിർ മണികൾ. കുന്നിക്കുരു, മയിൽപ്പീലി, മഴ എന്നിങ്ങനെ മൂന്ന് ഓർമകളാണതിൽ. കുന്നിക്കുരു സമ്മാനിച്ച കാടിന്റെ മകനെക്കുറിച്ചുള്ള ഓർമയാണ് കുന്നിക്കുരു. പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലികളിൽ പ്രണയിനിയുടെ നനവുള്ള മീഴിപ്പീലികൾ കാണുന്ന കവി നീയെന്ന പുസ്തകം വായനയ്ക്കായി തുറക്കുകയാണന്ന് പറയുന്നു. നീയില്ലാത്ത രാത്രികളിൽ കരൾ പെയ്യുന്ന മഴയെക്കുറിച്ചാണ് മറ്റൊന്ന്. പ്രണയം പ്രമേയമാകുന്ന മറ്റൊരു കവിതയാണ് കാത്തിരിപ്പ്. ഓരോ വികാരത്തിനും ഓരോ താളമുണ്ടെങ്കിൽ കാത്തിരിപ്പ് എന്ന കവിതയുടെ താളം ഒരു വിരഹ പ്രണയത്തിന്റേതാണെന്ന് പറയാൻ സാധിക്കും. നാടുകടത്തലും എല്ലുകറിയും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ്. ശരിപക്ഷത്തും മനുഷ്യ പക്ഷത്തും നിൽക്കുന്ന കവിയുടെ ഉറച്ച ശബ്ദമാണ് ഈ രണ്ട് കവിതകളും. ‘‘മ്യാൻമറിൽ ഇരുളാർന്ന വീഥികളിൽ ബുദ്ധൻ ചിരിക്കുന്നു. റോഹിൻഗ്യകൾ കരയുന്നു.’’ എന്ന് പാടിയവസാനിപ്പിക്കുന്ന നാടുകടത്തൽ റോഹിൻഗ്യകളുടെ സങ്കടങ്ങളോട് ചേർന്നു നിൽക്കലാണ്.

 

‘‘മധൂ, നിന്റെ കണ്ണിലെ കെട്ട സൂര്യൻ ഞങ്ങളിൽ, കെട്ടടങ്ങാ,ത്തുമിത്തീ’’ യെന്നു തുടങ്ങുന്ന എല്ലുകറി എന്ന കവിത അട്ടപ്പാടിയിൽ ക്രൂര മർദ്ദനത്തിനു വിധേയമായി മരിച്ച മധു എന്ന ആദിവാസി യുവാവിനോടു കാട്ടിയ ക്രൂരതയ്ക്കെതിരേ നടത്തുന്ന രോഷ പ്രകടനമാണ്.

 

ശീർഷക കവിതയാണ് ടച്ച് സ്ക്രീൻ. ഭരതമുനി പറഞ്ഞുവച്ച ഒൻപത് രസങ്ങളിൽ സംഭവം, അനുഭവം എന്നീ നിലകളിൽ ഒരു ടച്ച് സ്ക്രീനിൽ തെളിയും വിധം ഇതിൽ എഴുതിയിരിക്കുന്നു. 

കുന്നു പെണ്ണിന്റെ യൗവനത്തിനു വിലയിട്ടു വാങ്ങിയ റിസോർട്ടു ചേട്ടന്റെ ശൃംഗാരവും കരയുന്ന കുഞ്ഞിന് പാലു നൽകാതെ മൊബൈലു നൽകുന്ന അമ്മയുടെ പ്രവർത്തനത്തിലെ ഹാസ്യവും പേരക്കിടാവ് ശരണാലയത്തിലെത്തിക്കുന്ന മുത്തശ്ശിയുടെ കരുണവും ഹിരോഷിമാ ദിനത്തിലെഴുതിയ രൗദ്രവും ഇറോം ശർമിളയെക്കുറിച്ചെഴുതിയ വീരവും പെരുമാൾ മുരുകന്റെ കഥ നിറയുന്ന ഭയാനകവും കൊലപാതകങ്ങളേക്കുറിച്ചു പാടുന്ന ബീഭത്സവും വാർദ്ധക്യത്തിന്റെ ദയനീയത നിറയുന്ന അദ്ഭുതവും മരണം കാത്തിരിക്കുന്ന ശാന്തവും ചേരുന്നതാണ് നവരസങ്ങളുടെ ടച്ച് സ്ക്രീൻ. നവരസങ്ങളുടെ sച്ച് സ്ക്രീനിന്റെയും ബ്ളൂവെയിൽ ചലഞ്ചിന്റെയും രചനാ തന്ത്രങ്ങൾ അദ്ഭുതപ്പെടുത്തുന്നതാണ്. പുതിയ പുതിയ വഴികളിലൂടെ കവിതയെ സഞ്ചരിപ്പിക്കുക എന്ന ടാസ്ക്ക് പൂർത്തീകരിക്കുന്നതിൽ മോഹൻകുമാർ വള്ളിക്കോട് വിജയിച്ചിരിക്കുന്നു. 

 

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നതുകൊണ്ടാകാം ഈ പുസ്തകത്തിലെ മിക്ക കവിതകളിലും വനമോ പ്രകൃതിയോ പരിസ്ഥിതിയോ വിഷയമായിട്ടുണ്ട്. ഇത്തരം കവിതകളെ അനുഭവത്തിന്റെ കവിതകളെന്നും ആകുലതകളുടെ കവിതകളെന്നും രണ്ടായി തിരിക്കാം.

ശബ്ദങ്ങൾ, ദശപുഷ്പങ്ങൾ, മുക്കുറ്റി, സത്യം ശിവം സുന്ദരം, കരിവീരാ കരുതി നടക്കുക. അമൃതമോ വിഷമോ? നദി, കുന്നിടിക്കുമ്പോൾ, ബന്ധഗോപുരത്തിലെ പക്ഷികൾ ഒക്കെ ഈ വിഭാഗത്തിൽപ്പെടുത്താവുന്ന കവിതകളാണ്.

 

ഭാഷയെയും കവിതയെയും കവികളെയും കുറിച്ചുള്ള കവിതകൾ എറ്റവും മനോഹരമായവ തന്നെ.

 

‘‘നീ പൂർണ്ണേന്ദു

കാവ്യ നഭസ്സിലെ

വേറിട്ട പാതയിൽ

വെട്ടിത്തിളങ്ങുന്നു

ഒറ്റ നക്ഷത്രമായ്

മേഘ നൂലിൽ തൂങ്ങി

താഴേക്കിറങ്ങുന്നു

മേഘരൂപനായ് വന്നു

ആലാപന ദൃശ്യമേകുന്നു.’’. എന്നു തുടങ്ങി ഡി.വിനയചന്ദ്രനെ വാക്കുകളിലൂടെ വരച്ചിടാനുള്ള കവിയുടെ ശ്രമം പൂർണമായും വിജയിച്ചിരിക്കുകയാണ്. മറ്റൊരു ശ്രദ്ധേയമായ കാവ്യ ചിത്രമാണ് കവിയും അധ്യാപകനുമായ കെ.വി.തമ്പി മാഷിനെക്കുറിച്ചുള്ളത്. 

‘‘മാറോടടുക്കിപ്പിടിച്ചൊരു പുസ്തകം

മറുകയ്യിലായ് കാലൻ കുട.

തീക്ഷ്ണമാം കണ്ണുകൾക്ക് തണലുനൽകും തടിച്ചതാം

കണ്ണട

ഉള്ളറിവിന്റെ വന്യത

മുഖമാകെ മിന്നി നിൽക്കും

മിഴിവാർന്ന ശാന്തത’’

 

എന്ന വാങ്മയ ചിത്രത്തിൽ തമ്പി മാഷിനെ  വായനക്കാർ അനുഭവിക്കുന്നു. ഓർമയിലെ പ്രവാചകനെന്നാണ് ആ കവിതയുടെ പേര്. ഉള്ള് പൊള്ളിക്കുന്ന കടമ്മനിട്ടയുടെ വാക്കിൻ തീക്കനലിനെക്കുറിച്ചാണ് ഒരു കടിഞ്ഞൂൽ പൊട്ടന്റെ ഓർമയ്ക്ക് എന്ന കവിത. ആമി മറ്റൊരു ഓർമക്കവിതയാണ്.അമ്മ മലയാളം ഭാഷയെക്കുറിച്ചുള്ള ആശങ്കകളുടെ കവിതയാണ്.

 

വൈവിധ്യമാർന്ന വായന ഒരു മികച്ച കവിയെ സൃഷ്ടിക്കും എന്നതിനുദാഹരണമാണ് മോഹൻ കുമാർ വള്ളിക്കോട്. ആംഗലേയ ഭാഷയിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം മാതൃഭാഷയ്ക്കപ്പുറത്തേക്ക് വായനയെ വ്യാപിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരു മികച്ച വിവർത്തകനാകാനും അദ്ദേഹത്തിന് കഴിഞ്ഞത്. ഹിന്ദി, സ്പാനിഷ്, ജാപ്പനീസ് മുതലായ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾ ഇതിന്റെ തെളിവായി പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഹരിവംശ റായ് ബച്ചൻ എന്ന ഹിന്ദി കവിയുടെ ‘‘ജോ ബീത്ത് ഗയി’’ എന്ന കവിതയുടെ വിവർത്തനമാണ് കഴിഞ്ഞു പോയത്. മദ്യത്തിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചുള്ള വേദന ഇതിൽനിന്നു വായനക്കാരിലേക്ക് എത്തുന്നു. ഹിന്ദി കവി ഡോ.ധർമവീർ ഭാരതിയുടെ ‘ടൂട്ടാപഹിയ’ എന്ന കവിതയുടെ വിവർത്തനമായ ‘പൊട്ടിയ ചക്രം’. ജാപ്പനീസ് കവിയായ ഷുൺടാരോ തനികാവയുടെ ‘റിവർ’ എന്ന കവിത യുടെ പരിഭാഷയായ നദി. ജാപ്പനീസ് ഹൈക്കു കവിതയുടെ വിവർത്തനം, നെരൂദയുടെ  കവിതയുടെ പരിഭാഷ കവിയുടെ കർത്തവ്യം തുടങ്ങിയ കവിതകൾ വായിക്കുമ്പോൾ അത് പരിഭാഷയാണെന്നേ തോന്നുന്നില്ല. മറിച്ച്, മലയാളത്തിൽത്തന്നെ ഈ കവിതകൾ രചിക്കപ്പെട്ടു എന്ന ചിന്തയാണുണ്ടാകുന്നത്. കവിതയുടെ ആത്മാവ് തിരിച്ചറിഞ്ഞ് പരിഭാഷ ചെയ്യാനുള്ള കഴിവ് ഭാഷാ പാണ്ഡിത്യം കൊണ്ട് മാത്രമുണ്ടാകുന്നതല്ല എന്ന് ഇവിടെ തെളിയിക്കപ്പെടുന്നു.

 

പുസ്തകത്തിന്റെ പുറന്താളിൽ ഈ കാവ്യസമാഹാരത്തെക്കുറിച്ചുള്ള പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘നന്മതിന്മകൾ കെട്ടുപിണയുന്ന സമകാല സമൂഹത്തിന്റെ അകവിതാ നക്കലിപ്പുകൾ സമർഥനായ ഒരു ചായാഗ്രാഹകൻ കണക്കെ കവി ഒപ്പിയെടുത്ത് മാലോകർക്ക് മുന്നിൽ നിരത്തുന്നുണ്ട്. ഈ കവിതകളുടെയടെ ഓരോ ഫ്രെയിമിലേക്കും സൂക്ഷിച്ചു നോക്കിയാൽ കയ്പ്പും ഇനിപ്പും കണ്ണീരും ചോരയും വേർപ്പും ചായില്യവും നിറഞ്ഞ ജീവിതത്തിന്റെ വർണ്ണ വിന്യാസങ്ങൾ ഒന്നിനു പിറകെ ഒന്നായി കാണാം’

 

വാക്കിൻ വെളിച്ചത്തിൽ തുടങ്ങി കവിയുടെ കർത്തവ്യത്തിലവസാനിക്കുന്ന ഈ സമാഹാരത്തിൽ വാക്കിന്റെ വെളിച്ചമുണ്ട്, പ്രകൃതിയുടെ നൃത്തമുണ്ട്, പ്രണയത്തിന്റെ സൗന്ദര്യമുണ്ട്, കാടിന്റെ ആത്മാവുണ്ട്, കുന്നിന്റെ സങ്കടമുണ്ട്, ചവുട്ടി നിൽക്കുന്ന മണ്ണിനോടുള്ള ഉത്തരവാദിത്തമുണ്ട്, പൂർവ്വസൂരികളും ഗുരുക്കന്മാരുമായുള്ള കവികളോടുള്ള കടപ്പാടുണ്ട്, അറിവിന്റെ നിറവുണ്ട്.

സർവ്വോപരി ആത്മാംശമുണ്ട്.

 

Content Summary: Navarasangalude Touch Screen book written by Mohankumar Vallikkodu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com