ADVERTISEMENT

പ്രണയം പരീക്ഷണത്തെ അതിജീവിക്കേണ്ടതുണ്ടെന്ന് ആരാണ് ആദ്യം പറഞ്ഞത്. ആർക്കുമതറിയില്ല. എന്നാൽ അങ്ങനെയൊരു പരീക്ഷണമുണ്ടെന്ന് അവരിൽ ചിലർക്കെങ്കിലും ധാരണയുണ്ടായിരുന്നു. എന്നാൽ പരീക്ഷണത്തിന് വിധേയമാകുമ്പോൾ അവരത് അറിഞ്ഞിരുന്നില്ല. ആരും അവരോട് അത് പറഞ്ഞിരുന്നുമില്ല. അന്ന് അവർ കുട്ടികളായിരുന്നു. ഒരുമിച്ചു പഠിക്കുന്ന വിദ്യാർഥികൾ. ഒരുമിച്ചു ജീവിതത്തിന്റെ ആദ്യത്തെ ചുവടു വയ്ക്കുന്നവർ. അക്കാലത്ത് ജീവിതത്തെക്കുറിച്ച് അധികമൊന്നും ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നുമില്ല. എന്നാലും ചിലർക്ക് അവ്യക്തമായ ധാരണകളുണ്ടായിരുന്നു. കാത്തിരുന്ന സവിശേഷ സാഹചര്യങ്ങളെക്കുറിച്ച്. ചിലപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് അധ്യാപകർ ചിലതൊക്കെ അവരെ ഓർമിപ്പിച്ചിട്ടുണ്ട്. എന്നാലും കഴിയുന്നത്ര സന്തോഷത്തോടെ അവർ മുന്നോട്ടുപോയിക്കൊണ്ടിരുന്നു. അതല്ലാതെ മറ്റെന്താണ് അവർക്ക് ചെയ്യാനുണ്ടായിരുന്നത്. ജീവിതത്തിലേക്ക് ഉറ്റുനോക്കുകയല്ലാതെ.

 

കുട്ടികൾക്ക് അവരവർക്ക് ഇഷ്ടമുള്ള പ്രവൃത്തികളിൽ മുഴുകാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. കഥ എഴുതാം. കവിത രചിക്കാം. ശിൽപങ്ങൾ രൂപപ്പെടുത്താം. ചിത്രം വരയ്ക്കാം. എന്തുവേണമെങ്കിലും ആവാം. പൂർത്തിയായ സൃഷ്ടികൾ അധ്യാപികയെ ഏൽപിക്കണം. പകരമായി ടോക്കൺ കൊടുക്കും. ഗ്യാലറിയിലാണ് കലാസൃഷ്ടികൾ സൂക്ഷിച്ചുവയ്ക്കുക. എത്ര നാൾ എന്നൊന്നും ചോദിക്കരുത്. എന്നെന്നേക്കും എന്നു കരുതാം. പ്രണയം രൂപപ്പെടുന്നതുവരെ. പിരിഞ്ഞു ജീവിക്കാനാവില്ല എന്നു തോന്നുന്നതുവരെ. ശരീരത്തിന്റെ ആകർഷണങ്ങൾ നിലയ്ക്കുകയും ആസക്തിയുടെ അഗ്നിനാളങ്ങൾ കെടുകയും എന്നാൽ ഒരുമിച്ചേ ജീവിക്കാനാകൂ എന്ന തീർച്ചപ്പെടുകയും ചെയ്യുന്നതുവരെ. കുട്ടിക്കാലത്തിന്റെ ടോക്കണുമായി അധ്യാപികയെ കാണാനെത്തുന്നു. അവർ ഇരുവരും. ഇരുശരീരങ്ങളെങ്കിലും ഒറ്റ മനസ്സുമായി. പ്രണയ മന്ത്രങ്ങൾ ഉരുവിട്ട്. ജീവിതഗാനം ആലപിച്ച്. അനിവാര്യമായ അന്ത്യത്തിലും ഒരുമിച്ചു തന്നെ എന്നുറപ്പിച്ചുകൊണ്ട്. കുട്ടിക്കാലത്തിന്റെ ടോക്കണുമായി. ടോക്കൺ വാങ്ങിച്ച് അധ്യാപിക പഴയ കലാസൃഷ്ടികൾ കണ്ടെത്തുന്നു. അവ സൂക്ഷ്മമായി പരിശോധിക്കുന്നു. ഇരുവരുടെയും കലാസൃഷ്ടികൾ തമ്മിൽ യോജിപ്പുണ്ടോയെന്ന് കണ്ടെത്തുന്നു. വിയോജിപ്പുകൾ എത്രമാത്രമെന്നും. അപ്പോൾ മനസ്സിലാകും പ്രണയം പറഞ്ഞുവന്നവരുടെ ബന്ധം എത്രമാത്രം ശക്തമെന്ന്. അവർക്ക് ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശേഷിയുണ്ടോയെന്ന്. ജീവിതത്തെക്കാൾ ശക്തമായ മരണത്തെ നേരിടാനാവുമോയെന്ന്. അധ്യാപിക പ്രണയം അംഗീകരിച്ചാൽ ജീവിതം നീട്ടിക്കിട്ടുന്നു. രണ്ടോ മൂന്നോ വർഷം. ഒരുമിച്ച്. ഒറ്റ മേൽക്കൂരയ്ക്ക് താഴെയായിയിരിക്കണം എന്നില്ല. നിയോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനാവണം എന്നില്ല. എന്നാലും, കഴിയുന്നത്ര ഒരുമിച്ച്. അതേ അവർക്കു കഴിയൂ. അപ്പോഴേക്കും സമയം അടുത്തെത്തിയിരിക്കും. പോകാനുള്ള സമയം. ചുംബിച്ച ചുണ്ടുകൾ തമ്മിൽ വിട പറയാതെ. സ്‌നേഹിച്ച കണ്ണുകൾ അടർത്തിമാറ്റാതെ. പരസ്പരം ചൊരിഞ്ഞ കണ്ണുനീരിന്റെ ഓർമയിൽ. ഒറ്റയ്ക്കു തണ്ടാനുള്ള ദൂരത്തിന്റെ ഭാരവുമായി.

 

പ്രണയത്തിന്റെ വിചിത്രവും വിഭ്രാമകവുമായ പരീക്ഷണം നേരിടേണ്ടിവന്നത് ഉൾനാടൻ ഗ്രാമ പ്രദേശമായ ഹെയിൽഷാമിലെ വിദ്യാർഥികൾക്കാണ്. കാതി എച്ച്. റൂത്ത്. ടോമി, ഹന്ന... പേരുകൾ എന്തുമായിക്കോട്ടെ. അവരുടെ ജീവിതാവസ്ഥകളാണു പ്രധാനം. ഒരുപക്ഷേ അവരുടെ മാത്രം. മറ്റാർക്കും അനുഭവിക്കേണ്ടിവരാത്തത്. നിഗൂഢമായ നിയമങ്ങളുടെ ലോകം. ഭ്രമകൽപനകളുടെ, ശുദ്ധ സങ്കൽപങ്ങളുടെയും കടുത്ത യാഥാർഥ്യങ്ങളുടെയും ലോകം.

 

ഹെയിൽഷാമിലെ വിദ്യാർഥികളുടെ ലോകത്തെക്കുറിച്ച് പുറത്താർക്കും അറിയില്ല. എന്നാൽ പുറം ലോകത്തെ പലരും ജീവിച്ചിരിക്കുന്നതു തന്നെ അവർ കാരണമാണ്. അവർക്ക് മാതാപിതാക്കളില്ല. അവരെ ആരും തിരക്കിവരാറില്ല. അവർക്ക് അവരവർ പോലും ഇല്ല. അവർ ഓരോരുത്തരും ഡോണർമാരാണ്. അവയവങ്ങൾ ദാനം ചെയ്യാൻ വേണ്ടി മാത്രം വളർത്തപ്പെടുന്ന ബലിമൃഗങ്ങൾ. അവർക്കു വിവാഹം നിഷിദ്ധമാണ്. പ്രണയമാകാം. അതത്ര തീവ്രമാണെങ്കിൽ മാത്രം, പരീക്ഷണത്തെ അതിജീവിക്കുകയാണെങ്കിൽ മാത്രം രണ്ടോ മൂന്നോ വർഷം ഒരുമിച്ചു കഴിയാം. അവരിൽ ശുശ്രൂഷകരുമുണ്ട്. അവരുടെയിടയിൽത്തന്നെയുള്ള ഡോണർമാരെ നോക്കുന്നവർ. പരിചരിക്കുന്നവർ. മൂന്നും നാലും തവണ വ്യത്യസ്ത അവയവങ്ങൾ ദാനം ചെയ്യുന്നവരുമുണ്ട്. ഇനിയും ദാനം ചെയ്യാൻ ഒന്നും അവശേഷിക്കാതെ വരുമ്പോൾ മരണത്തിന്റെ മടിയിൽ തല ചായ്ക്കുന്നവർ. ഇങ്ങനെയും ഒരു ലോകമോ എന്നു ചിന്തിക്കരുത്. അത് യാഥാർഥ്യമാണ്. ഏതു സങ്കൽപത്തേക്കാളും യാഥാർഥ്യം. ഏതു വന്യമായ ഭാവനയേക്കാളും സത്യം. ആ ലോകത്തിന്റെ ഇരുളിടങ്ങളിലേക്കു നയിക്കുന്നത് കസുവോ ഇഷിഗുറോ ആണ്. നോബേൽ ജേതാവ്. നെവർ ലെറ്റ് മീ ഗോ എന്ന ക്ലാസ്സിക് നോവലിലൂടെ. 2017 ൽ നൊബേൽ ലഭിച്ച ഇഷിഗുറോയുടെ പ്രശസ്ത നോവൽ മലയാളത്തിലും എത്തിയിരിക്കുന്നു. ലൈല സൈനിന്റെ വിവർത്തനത്തിൽ.

 

എവിടെയോ ഉള്ള ഒരു പുഴയെക്കുറിച്ചു ചിന്തിക്കുകയായിരുന്നു ഞാൻ. പുഴയിൽ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. വെള്ളത്തിലുള്ള രണ്ടു പേർ പരസ്പരം ചേർത്തുപിടിക്കാൻ പറ്റുന്നിടത്തോളം ശ്രമിച്ചുകൊണ്ടിരുന്നു. അതിനവർക്കു കഴിയുന്നില്ല. ഒഴുക്ക് വളരെ ശക്തമാണ്. ഒടുവിലവർ കൈവിട്ടു പോകുന്നു. അവർക്ക് വേർപെടേണ്ടിവന്നു. ഇതുപോലെയാണ് ഞാൻ നമ്മളെ കാണുന്നത്. കഷ്ടം തന്നെയാണ്. നമ്മുടെ ജീവിതം മുഴുവൻ നാം പരസ്പരം സ്‌നേഹിച്ചു. പക്ഷേ.. ഒടുവിൽ... നമുക്കൊരിക്കലും എന്നെന്നേക്കുമായി ഒരുമിച്ച് ജീവിക്കാൻ കഴിയില്ല...

 

നഷ്ട സ്വർഗമല്ല, നഷ്ട ജീവിതമാണ് ഇഷിഗുറോയുടെ പ്രമേയം. ഇങ്ങനെയൊന്ന് ലോക സാഹിത്യത്തിൽ തന്നെ അപൂർവം. രണ്ടാം ലോക യുദ്ധത്തിനു ശേഷം ബ്രിട്ടനു സംഭവിച്ച മാറ്റങ്ങളുടെ സൂക്ഷ്മ ചരിത്രം കൂടിയാണിത്. സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യരാശിക്കു സമ്മാനിച്ച അനിവാര്യ ദുരന്തത്തിന്റെ ജീവചരിത്രം.

 

രണ്ടാം ലോക യുദ്ധം തന്നെയാണല്ലോ ജപ്പാന്റെയും വിധിയെഴുതിയത്. നാഗസാക്കിയും ഹിരോഷിമയും. നാഗസാക്കിയിലാണ് ഇഷിഗുറോ ജനിച്ചത്. എന്നാൽ, അദ്ദേഹത്തിന് 5 വയസ്സുള്ളപ്പോൾ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറി. ജാപ്പനീസ് വംശജനായ ബ്രിട്ടിഷ് നോവലിസ്റ്റ്. നെവർ ലെറ്റ് മീ ഗോയിൽ ബോംബ് സ്ഫോടനത്തിന്റെ ഇരകളായ നഗരങ്ങളുടെ കഥയല്ല അദ്ദേഹം പറയുന്നത്. വേദനയുടെ ബോംബ് വീണു പൊട്ടിച്ചിതറിയ ജീവിതങ്ങളെക്കുറിച്ച്.

 

പ്രണയം പ്രമേയമാകാത്ത ഏതു നോവലാണുള്ളത്. ലൈല-മജ്‌നു മുതൽ നീളുന്നു ആ നിര. എന്നാൽ കാതി-ടോമി പൊലൊരു പ്രണയം ഒരുപക്ഷേ ഇതുവരെ ഒരു വായനക്കാരനും വായിച്ചിരിക്കില്ല. ഇഷിഗുറോയ്ക്കു ശേഷം മാറ്റാർക്കെങ്കിലും അങ്ങനെയൊരു പ്രണയം എഴുതാനാവുമോ എന്നും സംശയമാണ്. എന്തുകൊണ്ട് എന്നറിയണമെങ്കിൽ നെവർ ലെറ്റ് മീ ഗോ വായിക്കണം. ഒരു ചെറിയ പെൺകുട്ടി കണ്ണുകളടച്ച് നൃത്തം ചെയ്യുന്നു. മുഖത്ത് തീവ്രമായ അഭിലാഷമുണ്ടായിരുന്നു. ഹൃദയമലിഞ്ഞുപോകുന്ന വിധത്തിലായിരുന്നു ആ പാട്ട്. ആ വരികളിൽ എന്തോ ഉണ്ടായിരുന്നു. നിറയെ, നിറയെ...അതേ വേദന തന്നെ.

 

നെവർ ലെറ്റ് മീ ഗോ. എന്നെ വിട്ടുപോകരുതേ. കുട്ടികളുണ്ടാകാത്ത ഒരു സ്ത്രീയെക്കുറിച്ചാണ് ആ പാട്ട് എന്നാണു കാതി കരുതിയത്. പക്ഷേ, പിന്നീടവർക്കൊരു കുട്ടിയുണ്ടായി. അവർക്ക് വലിയ സന്തോഷമായി. അവർ കുട്ടിയെ മാറോടണച്ചു. എങ്ങനെയെങ്കിലും കുട്ടി തനിക്ക് നഷ്ടപ്പെട്ടുപോകുമോ എന്നവർ പേടിച്ചു. കുട്ടിയെ മാറോടണച്ച് അവർ പാടി. കുഞ്ഞേ കുഞ്ഞേ എന്നെ വിട്ടുപോകരുതേ.

 

എന്നാൽ ആ പാട്ട് അതിനെക്കുറിച്ച് ആയിരുന്നില്ല. അതിനെക്കുറിച്ചേ ആയിരുന്നില്ല. എന്നിട്ടും കാതി, തലയണ മാറോടടുക്കിപ്പിടിച്ച് പാടിയപ്പോൾ ഒളിഞ്ഞുനിന്നു കേട്ട എമിലി ടീച്ചർ എന്തിനാണു കരഞ്ഞത്. അതവർക്ക് അറിയണമായിരുന്നു. ആ ചോദ്യവും പിന്നെ ടോക്കണുമായി കാതി, എമിലി ടീച്ചറെ കാണുന്നുണ്ട്.

പാവങ്ങൾ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. എന്നാൽ നിങ്ങളിന്ന് ഒറ്റയ്ക്കാണ്.

 

കാതി ഇരുമ്പു വേലിയിലൂടെ കണ്ണോടിച്ചു. ചപ്പുചവറുകൾ കെട്ടുപിണഞ്ഞു കിടക്കുന്ന വേലിയിൽ. അവിടെ അടിഞ്ഞുകൂടിയ നൂറുകണക്കിനു വിചിത്രവസ്തുക്കൾക്കിടയിൽ പ്രണയം തിരഞ്ഞ്. കുട്ടിക്കാലം തിരഞ്ഞ്. ജീവിതം അന്വേഷിച്ച്. അവിടെ ഒരു മുഖം തെളിഞ്ഞുവരുന്നുണ്ട്. ആ മുഖത്ത് എഴുതിവച്ചിട്ടുണ്ട് എന്തിനു വേണ്ടി ജനിച്ചെന്ന്. ജീവിച്ചെന്ന്. ഇനി മരിക്കണമെന്ന്.

 

ജനിച്ചതിനു നന്ദി , ജീവിക്കുന്നതിനും. പിന്നെ ഇഷിഗുറെയെ വായിക്കാൻ കഴിഞ്ഞതിന്. ആ വേദന പങ്കുവയ്ക്കാൻ കഴിഞ്ഞതിനും. 

 

Content Summary: Never Let Me Go book written by Kazuo Ishiguro 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com