ADVERTISEMENT

ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല; രാഷ്ട്രീയവും സമ്പത്തും വേദനയും വിജയവും ആഹ്ലാദവും വംശീയതയും പോരാട്ടവും പ്രതികാരവും കണ്ണീരും മരണവുമെല്ലാമാണ്. ലോകചരിത്രത്തില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു കളിയുമുണ്ടാകില്ല. കാല്‍ക്കീഴിലുരുളുന്ന പന്ത് പലപ്പോഴും ചരിത്രത്തിനു തന്നെ തിരുത്തലായും മാറിയിട്ടുണ്ട്. നർത്തകന്റെ താളബോധത്തോടെ പന്തിനു പിറകെ കളിക്കാര്‍ പായുമ്പോള്‍ പിടയ്ക്കുന്ന നെഞ്ചുമായി ഗാലറിയില്‍ കാണികള്‍ ഇരിപ്പുറയ്ക്കാതെ ആര്‍ത്തലയ്ക്കുന്നുണ്ടാകും. ദാരിദ്ര്യവും വേദനയും മറക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെ തെരുവുകളില്‍ കുട്ടികളും മുതിര്‍ന്നവരും പന്തുതട്ടിക്കളിച്ച കാലമുണ്ടായിരുന്നു. യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലെയും ആളുകളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ഫുട്‌ബോളിന്റെ ലോക വര്‍ത്തമാനം പറയുകയാണ് എം.എസ്. രാഖേഷ് കൃഷ്ണന്‍ ‘ഫുട്‌ബോള്‍ ഗ്യാലറി’യിലൂടെ.

 

യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലുമെല്ലാം പല രൂപത്തിലും പല ഭാവത്തിലും പന്തുതട്ടിക്കളിയുണ്ടായിരുന്നു. അവയിലേതാണ് ഫുട്‌ബോളിന്റെ ആദിരൂപമെന്ന് പറയാനാകില്ല. പല വഴികളിലൂടെ ഒഴുകിയൊഴുകിയെത്തി രൂപം മാറിയൊഴുകുന്ന നദിയെപ്പോലെയാണ് ഫുട്‌ബോള്‍ ചരിത്രം. 1903 ല്‍ ദക്ഷിണാഫ്രിക്കയില്‍ മഹാത്മാ ഗാന്ധി സ്ഥാപിച്ച ഫുട്‌ബോള്‍ ക്ലബ്ബിന്റെ കഥ മുതല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നെത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ താരമായി മാറിയ സൊഹിബ് ഇസ്‌ലാം അമിരിയുടെ ജീവിതം വരെ രാഖേഷ് കൃഷ്ണന്‍ വിവരിക്കുന്നു.

 

ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമുള്ളതല്ല, കാണാനും കൂടിയുള്ളതാണ്. മൈതാനത്ത് കളിക്കാരന്‍ അനുഭവിക്കുന്നതിനേക്കാളേറെ സമ്മര്‍ദം അനുഭവിക്കുന്ന കാഴ്ചക്കാരും ഫുട്‌ബോളിന്റെ ജീവസ്പന്ദനമാണ്. സംഗീതത്തെയും ഫുട്‌ബോളിനെയും ഒന്നായിക്കണ്ടത് ബോബ് മാര്‍ലിയായിരുന്നു. ലോകത്തിന്റെ മുഴുവന്‍ ആരാധാനപാത്രമായിരുന്ന ബോബ് മാര്‍ലി കടുത്ത ഫുട്‌ബോള്‍ പ്രേമിയായിരുന്നു. പ്രഫഷനല്‍ താരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന തരത്തില്‍ ബോബ് മാര്‍ലി പന്തിനു പിന്നാലെ പാഞ്ഞു. ഫുട്‌ബോള്‍ എന്നാല്‍ സ്വാതന്ത്ര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അഭിമുഖം തരണമെങ്കില്‍ തന്നോടൊപ്പം ഫുട്‌ബോള്‍ കളിക്കണമെന്ന് പത്രപ്രവര്‍ത്തകനോടു പറയുന്നതുവരെയെത്തിയ കളിഭ്രാന്തായിരുന്നു ബോബ് മാര്‍ലിക്ക്. ബോബ് മാര്‍ലി ഫുട്‌ബോള്‍ ആരാധകരുടെ ഒരു ഉദാഹരണം മാത്രമാണ്. ഫുട്‌ബോളിനെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന സാധാരണക്കാരുടെ കഥകള്‍ പലതും എഴുതപ്പെട്ടിട്ടുണ്ടാകില്ല. കളിക്കാര്‍ നടത്തുന്ന സുന്ദരമായ നീക്കങ്ങളെ നൃത്തം പോലെ മനോഹരമെന്നാണ് കമന്റേറ്റര്‍മാര്‍ വിശേഷിപ്പിക്കാറ്. നൃത്തം പോലെ കൃത്യമായി ചിട്ടപ്പെടുത്തിയ താളത്തിലല്ല ഫുട്‌ബോള്‍. പതിഞ്ഞും ചടുലമായും അതു പ്രവചനാതീതമായി മുന്നേറിക്കൊണ്ടിരിക്കും.

 

യൂറോപ്യന്‍മാര്‍ കൊണ്ടുവന്ന ഫുട്‌ബോളിനെ നിറഞ്ഞ മനസ്സോടെയാണ് ബ്രസീലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും സ്വീകരിച്ചത്. കറുത്ത വര്‍ഗക്കാര്‍ക്കും സങ്കരവര്‍ഗക്കാര്‍ക്കുമെല്ലാം അത് വിമോചനത്തിന്റെ പുതിയ പ്രത്യയശാസ്ത്രമായിരുന്നു. അതിനെ അവര്‍ മനസ്സു നിറഞ്ഞ് സ്വീകരിച്ചു. സ്വന്തം സംസ്‌കാരത്തിന്റെ ചൂടും ചൂരും കൊടുത്ത് അവരതിനെ തങ്ങളുടേതാക്കി മാറ്റി. 1986 ല്‍ അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുമ്പോള്‍ അതിനു വലിയ രാഷ്ട്രീയ മാനം കൂടിയുണ്ടായിരുന്നു. ബ്യൂനസ് ഐറിസ് മുതല്‍ മലപ്പുറത്തെ മങ്കടയില്‍ വരെ ആരാധകരുള്ള അര്‍ജന്റീനയ്ക്ക് പിന്നീടൊരിക്കലും ലോകകപ്പില്‍ ഒന്നു തൊടാന്‍ പോലും സാധിച്ചില്ലെന്നത് ആരാധകരുടെ നീറ്റലായി അവശേഷിക്കുന്നു. ഇത്തരം വിജയങ്ങളുടെയും വേദനകളുടെയും ഇടയിലൂടെ ഉരുണ്ടുകൊണ്ടേയിരിക്കുന്ന പന്തിനെ വിവിധ കോണുകളില്‍നിന്ന് നോക്കിക്കാണുകയാണ് രാഖേഷ് കൃഷ്ണന്‍.

 

ഐവറി കോസ്റ്റ് 2005 ല്‍ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ രാജ്യത്ത് ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു. ദിദിയര്‍ ദ്രോഗ്ബയെന്ന കളിക്കാരന്‍ ഐവറികോസ്റ്റിലെ ജനങ്ങളോട് അപേക്ഷിച്ചു: ‘ക്ഷമിക്കൂ.. ക്ഷമിക്കൂ... ക്ഷമിക്കൂ. ദയവായി ആയുധങ്ങള്‍ താഴെ വയ്ക്കൂ.’ ദ്രോഗ്‌ബെയുടെ പ്രസംഗത്തെ നെഞ്ചോടു ചേര്‍ത്ത ജനം സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചു. പിന്നേയും ദ്രോഗ്ബ അദ്ഭുതങ്ങള്‍ കാണിച്ചുകൊണ്ടിരുന്നു. ഐവറികോസ്റ്റിലെ ജനങ്ങള്‍ ദ്രോഗ്ബയുടെ സ്പര്‍ശനത്തിനായി കൊതിച്ചു. അവര്‍ക്ക് അയാള്‍ അദ്ഭുതങ്ങള്‍ കാണിക്കുന്ന ദൈവമായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഫുട്‌ബോള്‍ ദൈവങ്ങളുടെ എണ്ണം കൂടുതലാണ്. മെസ്സിയിലും ക്രിസ്റ്റ്യാനോയിലും വരെ എത്തിനില്‍ക്കുന്നു ഈ ദൈവിക സങ്കല്‍പം. ഇത്രത്തോളം ‘ദൈവ’ങ്ങളുള്ള മറ്റൊരു കായിക വിനോദമുണ്ടോ എന്നത് സംശയമാണ്.  

 

മറ്റൊരു കളിക്കും ഫുട്‌ബോളിന്റെയത്ര മഹത്വം അവകാശപ്പെടാനാകില്ലെന്ന് ലോകചരിത്രത്തിന്റെ ഏടുകള്‍ മറിച്ചു നോക്കിയാല്‍ അറിയാന്‍ സാധിക്കും. പക്ഷേ എന്തോ, ഇന്ത്യയില്‍ ഫുട്‌ബോള്‍ ക്ലച്ച് പിടിച്ചില്ല. മൂന്നു ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥാപിച്ച ഗാന്ധിജി ഇന്ത്യയില്‍ എന്തുകൊണ്ട് ആ ഉദ്യമത്തിനു ശ്രമിച്ചില്ല എന്നതിനു വ്യക്തതയില്ലെന്ന് രാഖേഷ് കൃഷ്ണന്‍ പറയുന്നു. ഉപ്പിനെ വരെ രാഷ്ട്രീയ ആയുധമാക്കിയ ഗാന്ധിജി ഇന്ത്യയിലെ ഫുട്‌ബോള്‍ സാധ്യതകള്‍ പരിഗണിച്ചില്ലെന്നത് കൗതുകമാണ്. പട്ടിണിപ്പാവങ്ങള്‍ നിറഞ്ഞ രാജ്യത്ത് കായിക വിനോദങ്ങള്‍ ആര്‍ഭാടമാണെന്ന് അദ്ദേഹം കരുതിയിരിക്കാം. ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം കൊളോണിയല്‍ കളികളാണെന്ന ചിന്തയായിരുന്നു അദ്ദേഹം പങ്കുവച്ചത്. ഗാന്ധിജിക്ക് ഇങ്ങനെ ഒരു അഭിപ്രായ പരിവര്‍ത്തനം ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്ന് ഫുട്‌ബോള്‍ രംഗത്ത് ഒതുങ്ങിപ്പോകുമായിരുന്നില്ലെന്നും രാഖേഷ് വിലയിരുത്തുന്നു.  

 

ഫുട്‌ബോളിന്റെ കടലുപോലെ കിടക്കുന്ന രാഷ്ട്രീയ, ചരിത്ര, വര്‍ത്തമാനങ്ങളുടെ സംക്ഷിപ്ത രൂപമാണ് ‘ഫുട്‌ബോള്‍ ഗ്യാലറ'ി’. കായിക വിനോദമെന്നതിനപ്പുറം രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിൽ ഫുട്‌ബോള്‍ എങ്ങനെയാണ് ഇടപെടലുകള്‍ നടത്തിയതെന്നതിനെക്കുറിച്ചുള്ള അന്വേഷണം. ഫുട്‌ബോള്‍ ഗ്യാലറിയിലെ 18 ലേഖനങ്ങള്‍ ഫുട്‌ബോളിന്റെ 18 മുഖങ്ങളാണ് അനാവരണം ചെയ്യുന്നത്. ഫുട്‌ബോള്‍ കളിക്കാനും കാണാനും മാത്രമുള്ളതല്ല എഴുതാനും കൂടിയുള്ളതാണെന്ന് ഈ പുസ്തകത്തിലൂടെ തെളിയിക്കപ്പെടുന്നു. അറിയപ്പെടാതെപോയ അനവധി സംഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയി, ഫുട്‌ബോള്‍ താല്‍പര്യമില്ലാത്തവരില്‍പോലും കൗതുകയും ഇഷ്ടവും ജനിപ്പിക്കാന്‍ ‘ഫുട്‌ബോള്‍ ഗ്യാലറി’ക്ക് സാധിക്കുന്നു.

 

Content Summary: Football Gallery book written by M S Rakhesh Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com