ADVERTISEMENT

മലയാളിയുടെ മാറിപ്പോകുന്ന ജീവിതരീതികളും വീക്ഷണങ്ങളും ചിന്താഗതികളും അടിസ്ഥാനമാക്കി സമകാലിക കേരളത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുകയാണ് ടി.വി.സജിത്. ഓരോ കാലഘട്ടത്തിനും പറയാന്‍ ഓരോ കഥയുണ്ടാകും. അല്ലെങ്കില്‍ ഓരോ കഥയും ആ കാലഘട്ടത്തെ അടയാളപ്പെടുത്തിക്കൊണ്ടായിരിക്കും എഴുതപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിനു പോയ അനുഭവങ്ങള്‍ ബഷീറിന്റെ കഥകളില്‍ കടന്നുവന്നത് ആ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. എംടിയുടെ കഥകളിലും അദ്ദേഹം കടന്നുപോന്ന കാലഘട്ടവും ജീവിത രീതികളും പ്രതിഫലിക്കുന്നു. കാലം എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ജീവിതരീതികളും മാറുന്നു. ഇതേ മാറ്റം കഥാഖ്യാനത്തിലും കടന്നുവന്നിരിക്കുന്നു. കാലത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് കഥ പറയുക എന്നത് ബുദ്ധിമുട്ടായിരിക്കും. ‘ഭൂമി പിളരും പോലെ’ എന്ന കഥാസമാഹാരം കേരളത്തിന്റെയും മലയാളികളുടെയും നിലവിലെ അവസ്ഥയിലേക്കുള്ള ചൂഴ്ന്നിറങ്ങലാണ്.

 

കേരളവും മലയാളികളും ഒട്ടനവധി പ്രശ്‌നങ്ങളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. മുന്‍പില്ലാത്തവിധം പ്രകൃതിയും രൗദ്രഭാവം പുറത്തെടുത്തിരിക്കുന്നു. ശാന്തസുന്ദര കേരളം എന്ന് അഭിമാനിച്ചിരുന്ന നമ്മുടെ നാട്ടില്‍ വന്നുപോയ മൂല്യച്യുതികളും വികലമായ ചിന്താഗതികളും ഏതെല്ലാം രീതിയിലാണ് സമൂഹത്തില്‍ വേരുപടര്‍ത്തിയിരിക്കുന്നതെന്ന് ഈ സമാഹരത്തിലെ കഥകളിലൂടെ വ്യക്തമാകുന്നു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടര്‍സംഭവമായിരിക്കുകയാണ്. കവളപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലമാണ് നഗ്നമാതൃത്വം എന്ന കഥയിലൂടെ പറയുന്നത്. ഉരുള്‍പൊട്ടല്‍ സംഭവിച്ച ആ രാത്രിയില്‍ അതേ ഇടത്ത് ഭീകരമായ മറ്റൊരു സംഭവംകൂടി നടക്കുന്നു. ജീവനും കൊണ്ട് ഓടുന്നതിനിടെ ചേറില്‍ പൂണ്ടുപോയവരെ മാത്രല്ല നഗ്നമാതൃത്വം എന്ന കഥയില്‍ കാണാന്‍ സാധിക്കുക.

 

ജാതി-മത-വര്‍ഗീയ ചിന്തകള്‍ മുന്‍പത്തെക്കാളും സമൂഹത്തില്‍ വേരാഴ്ത്തിയിരിക്കുകയാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതും പഴിചാരുന്നതും പതിവാകുന്നു. പ്രക്ഷുബ്ധമായ ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ രണ്ട് വിശ്വാസ രീതികളെക്കുറിച്ച് സജിത് എഴുതുന്നത്. സ്വാതന്ത്ര്യ ജിഹാദ്, ശബരി സ്ത്രീ എന്നീ കഥകള്‍ അടുത്തിടെ നമ്മുടെ ഇടയിലുണ്ടായ ചില സംഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്. മതത്തിന്റെ പേരില്‍ ചെയ്തുകൂട്ടുന്ന, സംഭവിക്കുന്ന കാര്യങ്ങളെ വിവരിക്കുന്ന ഈ കഥകള്‍ നോവോടുകൂടിയേ വായിക്കാന്‍ സാധിക്കൂ. വിശ്വാസം എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. ഒരേ വിശ്വാസം വച്ചുപുലര്‍ത്തുന്നവരുടെ വ്യത്യസ്തമായ ജീവിതരീതികളും നാടിന് സംഭവിക്കുന്ന വിപത്തുകളെക്കുറിച്ചുള്ള ആശങ്കയുമാണ് ഈ കഥകള്‍.

 

സജിത്തിന്റെ കഥയിലെ കഥാപാത്രങ്ങളെ തപ്പി ദൂരെ എവിടേക്കും പോകേണ്ടതില്ല. നമ്മുടെ തൊട്ടടുത്തോ വിളിപ്പുറത്തോ കാഴ്ചപ്പുറത്തോ അവരുണ്ടാകും. ചിലപ്പോള്‍ നമ്മുടെ കുടുംബത്തില്‍ത്തന്നെ കാണും. ഭൂമി പിളരുംപോലെ എന്ന കഥാ സമാഹാരത്തില്‍ 15 കഥകളാണുള്ളത്. ഭാവനാ ലോകത്ത് കുറ്റിയറ്റു പറക്കുന്ന കഥകളൊന്നുംതന്നെ ഇക്കൂട്ടത്തിലില്ലെന്നു പറയേണ്ടി വരും. യാഥാര്‍ഥ സംഭവങ്ങളെ അല്‍പം മാറിനിന്ന് മറ്റൊരു വീക്ഷണ കോണിലൂടെ അവതരിപ്പിക്കുകയാണ് സജിത്. സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളുടെ മറ്റൊരു കാഴ്ചപ്പാട്. വേദനകളും നീറ്റലുകളും എഴുതുന്നതിനൊപ്പം തന്നെ ഹാസ്യത്തിന്റെ ചേരുവകളും ചില കഥകളില്‍ സജിത് ചേര്‍ത്തിരിക്കുന്നു.

 

അധികമൊന്നും ആലോചിച്ച് കാടുകയറേണ്ടതില്ലാത്ത, തെളിനീരുപോലെ ലളിത സുന്ദരമായ കഥകളാണ് ഭൂമി പിളരും പോലെ എന്ന സമാഹാരത്തില്‍. കഥകളെഴുതാന്‍ തിരഞ്ഞെടുത്ത വിഷയങ്ങളാകട്ടെ ഏറ്റവും പുതിയതും. അതിഭാവുകത്വം കലര്‍ത്താതെ നേരേ കഥ പറയുന്ന രീതിയാണ് സജിത്തിന്റേത്. ഒരു കഥ വായിച്ചു തീര്‍ന്നാല്‍ അടുത്ത കഥകൂടി വായിക്കാന്‍ വായനക്കാരനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. സോനുഷ ഒമേരയുടെ ചിത്രങ്ങളാണ് കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കുന്നത്. മലയാളത്തിലെ പുത്തന്‍ എഴുത്തുകാരില്‍ മറ്റാരുടേയും പാത പിന്തുടരാതെ സ്വച്ഛന്ദമായി സജിത് എഴുതുകയാണ്. 

 

Content Summary: Bhoomi Pilarum Pole book written by T.V. Sajith

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com