ADVERTISEMENT

പുള്ളിക്കറുപ്പൻ

മധുശങ്കർ മീനാക്ഷി

ഡിസി ബുക്സ്, കോട്ടയം

വില: 360 രൂപ

 

 

രണ്ടായിരത്തിയിരുപത്തൊന്നിന്റെ വായനവർഷം അവസാന താളുകൾ മറിക്കുമ്പോൾ അപ്രതീക്ഷിതമായി ചർച്ചകളിലേക്ക് ഉയർന്നുവന്ന നോവലാണ് മധുശങ്കർ മീനാക്ഷിയുടെ പുള്ളിക്കറുപ്പൻ. എഴുത്തുകാരന്റെ ആദ്യ നോവൽ എന്ന നിലയിലാണ് അത് അപ്രതീക്ഷിതമാകുന്നത്. കവിയും ചിത്രകാരനുമായിരുന്നയാൾ നോവലിലേക്കു ചുവടുവയ്ക്കുമ്പോൾ അതു പകരുന്ന വായനാനുഭവം തികച്ചും വ്യത്യസ്തമാണ്. കാവ്യാത്മകമായ കഥപറച്ചിലും അപരിചിതമായ കഥാഭൂമികയും അനന്തവൈചിത്ര്യങ്ങളുള്ള കഥാപാത്രങ്ങളെ വരച്ചിട്ടതിലെ മിഴിവുമാണ് ഈ നോവലിനെ ശ്രദ്ധേയമാക്കിയ ഘടകങ്ങളെന്ന് നിസ്സംശയം പറയാം. എന്നാൽ അതിനെക്കാളെല്ലാമുപരി ഈ നോവൽ അടയാളപ്പെടുത്തപ്പെടുന്നത് ഇതുവരെ മറ്റെവിടെയും എഴുതപ്പെട്ടിട്ടില്ലാത്ത ജന്തുലോകത്തിന്റെ നിറസാന്നിധ്യത്താലാണ്. മനുഷ്യരെപ്പോലെ വിചാരപ്പെടുന്ന പക്ഷിമൃഗാദികളുടെ ലോകം ഈ നോവലിനെ വേറിട്ടൊരു തലത്തിലേക്കുയർത്തുന്നു. ഒരർഥത്തിൽ ഇതിലെ കേന്ദ്രകഥാപാത്രം തന്നെ പുള്ളിക്കറുപ്പനെന്ന അങ്കക്കോഴിയാണ്. മനുഷ്യർക്കൊപ്പം ജീവിച്ച പക്ഷിമൃഗാദികളെക്കുറിച്ചാണോ, ജന്തുജാലങ്ങൾക്കൊപ്പം ഇടകലർന്നു ജീവിച്ച മനുഷ്യരെക്കുറിച്ചാണോ പറയുന്നതെന്ന സന്ദേഹമുയർത്തുന്നവിധം അവയുടെ സാന്നിധ്യം ഈ നോവലിൽ ഉയർന്നുനിൽക്കുന്നുണ്ട്്. ആ അർഥത്തിൽ ‘അമാനുഷ’വുമാണ്് ഈ നോവൽ.   

 

കാലവും ദേശവും

 

സ്വാതന്ത്ര്യത്തിനു തൊട്ടുമുൻപും പിൻപുമുള്ള കാലഘട്ടമാണ് ഈ നോവലിൽ കടന്നുവരുന്നത്. എന്നാൽ സ്വാതന്ത്ര്യത്തിന്റെയെന്നല്ല, പുറംലോകത്തിന്റെ അലയൊലിയൊന്നും കാര്യമായി കടന്നുവന്നിട്ടില്ലാത്ത ഊരുവാസികളുടെ ലോകമാണത്. ആന്ധ്ര, തമിഴ്നാട് അതിർത്തിയിലെ ഉമയാൾപുരം, നല്ലുഗൊണ്ട, മസിനബെള്ളി എന്നിങ്ങനെയുള്ള പ്രദേശങ്ങളിലെ ഊരുകളിലെയും മലമടക്കുകളിലെയും ജീവിതമാണിതിൽ. മഞ്ജക്കുടിമേട്, അളകാനല്ലൂർ, മൂക്കുന്നിമല, കൂവപ്പുഴ, ബേഡകമല, നൽച്ചിന്തുറൈ മല തുടങ്ങിയ യഥാർഥത്തിലുള്ളതും ഭാവനയിൽ രൂപപ്പെട്ടതുമായ ഭൂപ്രദേശങ്ങളെ ഇടകലർത്തിയുണ്ടാക്കിയ ഭാവനാദേശം തന്നെയാണ് കഥ നടക്കുന്നയിടം. ഇന്നത്തെ തെലങ്കാനയിലെ രാജമണ്ഡ്രിയിൽനിന്ന് കുടിയേറിയവരാണ് ഇവരിലൊരു വിഭാഗം. പശുവളർത്തൽ മുതൽ കൊല്ലപ്പണിയും കുശവപ്പണിയും വരെ വ്യത്യസ്തമായ തൊഴിലുകൾ ചെയ്യുന്നവരാണവർ. അതിനപ്പുറം തമിഴ്നാട്ടിലെ ഊട്ടിയും അവിടെ കുടിയേറിയ ബ്രിട്ടീഷുകാരും അവരുടെ കുതിരപ്പന്തയങ്ങളുമൊക്കെ കടന്നുവരുന്നു. സായ്പൻമാരുടെ കുതിരകളെ പരിപാലിക്കുന്നവരും അവയ്ക്ക് ലാടം പണിയുന്ന കൊല്ലൻമാരും അവരുടെ മൃഗയാ വിനോദങ്ങളിൽ വഴികാട്ടികളായും ചിലപ്പോഴൊക്കെ ഇരകളായും ഒപ്പം കൂടുന്നവരുമായി ഈ ദേശത്തെ മനുഷ്യർ കടന്നുവരുന്നു. അവരുടെ ഭാഷപോലും തമിഴിനു പ്രാമുഖ്യമുള്ള, കന്നഡയും മലയാളവുമൊക്കെ കലർന്ന സങ്കരമൊഴിയാണ്.

 

സ്വാതന്ത്ര്യത്തിനു മുൻപായാലും ശേഷമായാലും സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നു പിന്തള്ളപ്പെട്ട ആദിവാസി, ദലിത്, ഗോത്രസമൂഹങ്ങളുടെ ജീവിതത്തിലെ പായാരങ്ങളും പരിദേവനങ്ങളും അന്തഃസംഘർഷങ്ങളും ആത്മാഭിലാഷങ്ങളുമാണ് ഈ നോവലിന്റെ ഭൂമികയെന്ന് ഡോ. രാധ കയറാട്ട് നോവൽ പഠനത്തിൽ നിരീക്ഷിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ അതിന്റെ ഒച്ചപ്പാടുകളിൽനിന്ന് ദുരെ മാറി, തങ്ങളുടേതു മാത്രമായ വിശ്വാസങ്ങളിലൂന്നി മുന്നോട്ടുപോയ ഊരുനിവാസികൾ എങ്ങനെയാകും പ്രതികരിച്ചിട്ടുണ്ടാവുക എന്ന ചിന്തയിൽനിന്നാണു നോവലിന്റെ പിറവിയെന്ന് മുഖവുരയിൽ മധുശങ്കറും പറയുന്നുണ്ട്. ഏതായാലും സ്വാതന്ത്ര്യസമരം മലമടക്കുകളിലേക്ക് ദൂരെനിന്നിറങ്ങിവരുന്ന മുദ്രാവാക്യങ്ങളുടെ നേർത്ത അലയൊലിയായേ നോവലിൽ കടന്നുവരുന്നുള്ളൂ. നോവലിലെ പ്രധാന കഥാപാത്രമായ പരുന്ത് വാറുണ്ണിക്കുപോലും ജയിലിൽ നിന്ന് പരോളിലിറങ്ങുമ്പോൾ അത് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആനുകൂല്യമാണെന്നു മനസ്സിലായിട്ടില്ല. മൂവർണക്കൊടിയുമായി ഭാരതിയാരുടെ പാട്ടുകൾ പാടി തോട്ടത്തിലേക്കുള്ള ഒറ്റയടിപ്പാതയിലൂടെ നിരനിരയായി വരുന്ന സ്ത്രീകളോട് വാറുണ്ണി ചോദിക്കുന്നത് ഇന്തക്കൊടി എന്ത കോവിൽ സാമിയിത്... നീങ്കെ പാടറ പാട്ട് എന്ത സിനിമാ പാട്ട്... ? എന്നാണ്.

 

വീണുപോയവരുടെ അങ്കത്തട്ട് 

 

ശേവക്കെട്ട് എന്ന കോഴിയങ്കത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ ആരംഭിക്കുന്നത്. സ്വന്തം ജീവിതത്തെ ഏതെങ്കിലും തരത്തിൽ അടയാളപ്പെടുത്താനുള്ള തിരസ്കൃതരായ മനുഷ്യരുടെ പിടച്ചിലുകളായിവേണം ഈ അങ്കങ്ങളെക്കാണാൻ. അടിച്ചമർത്തപ്പെട്ടവരെന്നല്ല, അരികിലാക്കപ്പെട്ടവരെന്നു വേണം ഈ ജനതയെ വിളിക്കാൻ. കാരണം, ഇവിടെ പ്രത്യക്ഷത്തിൽ ഈ ജനതയെ ആരും അടച്ചമർത്തുന്നില്ല. പക്ഷേ, അന്ധവിശ്വാസങ്ങളുടെ ഇരുട്ടിനെ സ്വയം പുതയ്ക്കുകയും കുലചിഹ്നങ്ങൾ സ്വയം നിശ്ചയിച്ച് അതിൽ അധമന്റെ ജൻമം ഏറ്റെടുക്കുകകയും പരിഹാസവും അവഗണനയും വിശപ്പുമൊക്കെ ഏറ്റുവാങ്ങുകയും ചെയ്യുന്ന മനുഷ്യരാണവർ. അവർക്ക് ആനന്ദത്തിന് അധികവഴികളേതുമില്ല. അതുകൊണ്ടാണ് അവരുടെ ജീവിതത്തിൽ കാമം പ്രധാന ചോദനയായി മാറുന്നത്. അവരുടെ പ്രണയങ്ങളുടെ പോലും അടിസ്ഥാനം മിക്കപ്പോഴും കാമമാണ്. സ്വാഭാവികമായും രതിയും വിരതിയും അതുണ്ടാക്കുന്ന പകയും നോവലിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ട്. 

 

നോവലിലെ പ്രധാന കഥാപാത്രമായ പരുന്ത് വാറുണ്ണി ഇവരിലൊരാൾ മാത്രമല്ല, മറ്റെല്ലാ ഇല്ലായ്മകൾക്കും പുറമേ, വാറുണ്ണി ശരീരം കൊണ്ടും തിരസ്കൃതനാണ്. ജന്മനാ ഒടിഞ്ഞുതൂങ്ങിയ തന്റെ ഇടതുകൈ കാരണം അവന് ജീവിതത്തിലുടനീളം പരിഹാസവും അവഗണനയും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. താൻ ജീവനുതുല്യം സ്നേഹിച്ച കനിമൊഴി തന്നെ നിരസിക്കുന്നതു പോലും തന്റെ ഒടിഞ്ഞ കൈ കാരണമാണെന്ന് അവൻ കരുതുന്നു. കനിമൊഴിയെ നഷ്ടമായി നാടുവിടുന്ന വാറുണ്ണി, താനറിയാതെ ചെയ്ത രണ്ടു കൊലപാതകങ്ങൾക്കും അറിഞ്ഞുചെയ്ത ഒരു കൊലപാതകത്തിനും രണ്ടു തവണയായി ശിക്ഷിക്കപ്പെട്ട് ദുർഗുണ പരിഹാര പാഠശാലയിലും പിന്നീട് ജയിലിലും എത്തുന്നുണ്ട്. അവിടെനിന്നിറങ്ങി വീണ്ടും ജീവിതമാരംഭിക്കുമ്പോൾ അവൻ ചേർത്തുപിടിച്ചു നടക്കുന്നത് പുള്ളിക്കറുപ്പനെന്ന അങ്കക്കോഴിയെയാണ്. അവന്റെ ഏറ്റവും വലിയ സ്വപ്നം അങ്കത്തട്ടിൽ വിജയിയായി നിൽക്കുക എന്നതാണ്. വാറുണ്ണി മാത്രമല്ല, നത്തുറുമാലും ഒറ്റക്കണ്ണൻ അരുവായ്മുഖവുമൊക്കെ ജീവിക്കുന്നതുതന്നെ ആണ്ടിലൊരിക്കലെത്തുന്ന ശേവക്കെട്ടിൽ അങ്കം കുറിക്കാനാണ്. അവിടെ മനുഷ്യർ മാത്രമല്ല, പുള്ളിക്കറുപ്പനും തീത്തെയ്യോനും വീശുപാണ്ഡ്യനും മുന്തിരിച്ചോപ്പനും പുള്ളിച്ചെമ്പനുമെന്നൊക്കെ പേരുള്ള അങ്കക്കോഴികളും ചിറകുവിടർത്തിപ്പറന്നും വീശുകത്തിയിൽ എതിരാളിയെ കുത്തിമലർത്തിയും മനുഷ്യരോളം പോന്ന പകയും വീറുമായി നിറഞ്ഞുനിൽക്കുന്നുണ്ട്. 

 

കോഴിയങ്കം അവഗണിക്കപ്പെട്ട മനുഷ്യരുടെ പോരാണെങ്കിൽ വിജയിച്ച മനുഷ്യരുടെ പോരാണ് കുതിരപ്പന്തയങ്ങൾ. അവിടെ പെരിയസ്വാമി ഗൗണ്ടറും മരുതമലൈ മുതലിയാരും മോർഗൻ സായ്പുമൊക്കെയാണ് അങ്കം കുറിക്കുന്നത്. അവരുടെ ആഘോഷങ്ങൾക്കിടയിൽ കുതിരക്കാരായും കാഴ്ചക്കാരായും മോട്ടുലാലും ഗുണയുമൊക്കെയുണ്ട്. ഇടയ്ക്ക് ജെല്ലിക്കെട്ടുകളെക്കുറിച്ചും പറഞ്ഞുപോകുന്നുണ്ട്. ആണ്ടിലൊരിക്കൽ അരങ്ങേറുന്ന ഈ അങ്കങ്ങൾക്കപ്പുറം, ആണ്ടോടാണ്ടു നീളുന്ന പകയും അവയെ ചുറ്റിപ്പറ്റി വളരുന്ന സംഘർഷങ്ങളും അവിടെ കടന്നുവരുന്ന മനുഷ്യരുടെ പ്രണയവും കാമവുമൊക്കെയാണ് കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്. 

അങ്കം പോലെ പ്രധാനമാണ് വിശ്വാസവും. അതു പലപ്പോഴും ഇരുട്ടുപുതച്ച അന്ധകാരത്തിലേക്കാണ് ഈ ജനതയെ നയിക്കുന്നത്. മലദൈവങ്ങളും അവർക്കുവേണ്ടി അനുഷ്ഠിച്ചുപോരുന്ന ആഭിചാരങ്ങളും മദ്യവും മൃഗബലിയും മന്ത്രവാദവും ആസുരപൂജകളുമൊക്കെ ഇവിടെ കടന്നുവരുന്നു. ഏഴു നൂറ്റാണ്ടു ജീവിച്ചിട്ടും പക തീരാത്ത മുരശുപാണ്ഡിയും പണ്ടാരമുത്തപ്പനും ഭൈരവനും അവർ സൂക്ഷിക്കുന്ന മറുപിള്ള നിറച്ച ചീനഭരണികളുമൊക്കെ വരച്ചിടുന്ന ഇരുട്ടിന്റെ ലോകം അത്രമേൽ പരിചിതമല്ലാത്ത വായനാനുഭവമാണു നൽകുന്നത്. 

 

കഥാപാത്രങ്ങളുടെ അനന്തവൈചിത്ര്യം

 

ഫെയ്സ്ബുക്കിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോൾ ഈ നോവലിനെ വായനക്കാരോടടുപ്പിച്ചത് കഥാപാത്രങ്ങളുടെ അനന്തവൈചിത്ര്യമാണ്. ശ്രീകൃഷ്ണ ആലനഹള്ളിയുടെ കന്നഡ നോവൽ ‘ഭുജംഗയ്യന്റെ ദശാവതാരങ്ങളെ’ ഓർമിപ്പിക്കുന്നതാണ് ഇതിലെ കഥാപാത്ര വൈചിത്ര്യവും അവരുടെ പെരുമാറ്റരീതികളും കഥ നടക്കുന്ന ദേശവും. കഥാപാത്രങ്ങളുടെ പേരുകളിൽ തന്നെയുണ്ട് ഈ വൈചിത്ര്യം. പരുന്ത് വാറുണ്ണിയും വേലാണ്ടിമൂത്താറും അഘോരിയും പാവാട മാണിക്യവും ഒറ്റച്ചെവിയൻ ചെമ്പായവും ജയിലർ അസുരവേലും ചന്ദിരുവും മൊദ്ദമെരുകും മരുന്നും പച്ചമത്താപ്പും കിരാതനഞ്ചുവേലും മുരശുപാണ്ടിയും ഭൈരവനും പണ്ടാരമുത്തപ്പനും രസിക റെഡ്ഢിയും അലോഷിയുമൊക്കെ ഇവരിൽ ചിലർമാത്രം. 

 

എന്നാൽ ഇവരെക്കാളെല്ലാം ഉയർന്നുനിൽക്കുന്നവരാണ് നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ. പ്രണയമായാലും പകയായാലും പുരുഷന്റെ ജീവിതത്തോടു കൊരുക്കപ്പെട്ടവരാണ് ഇവരിലേറെയും. പക്ഷേ, ആ കുരുക്കിൽനിന്നു കുതറിമാറി ഉയർന്നുനിൽക്കുന്നൊരു കഥാപാത്രവും കൂട്ടത്തിലുണ്ട്. ഈ നോവലിലെ ഏറ്റവും തിളക്കമാർന്ന സ്ത്രീ കഥാപാത്രമായ പൊൻമഞ്ജരി. ആഭിചാരപൂജ ചെയ്ത് നഗ്നനായി പുഴയിലേക്കു നടക്കുന്ന പണ്ടാരമുത്തപ്പനെ തുണിയുടുപ്പിക്കുമെന്ന് ഉറക്കെ പറയുന്ന പൊൻമഞ്ജരി തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ ശബ്ദം ആദ്യം കേട്ടുതുടങ്ങുന്നതും ജാഥയിൽ മുൻപേ നടക്കുന്നതും. ശത്രുവിനെ തേടിയെത്തുന്ന കാമുകന്റെ കത്തിമുനയിൽ അറ്റുതീരുന്ന കനിമൊഴിയും മുയൽക്കുഞ്ഞുങ്ങളോടൊപ്പം മറ്റൊരു മുയലായി പാഞ്ഞുനടക്കുന്ന സിന്ദൂരിയും ഒറ്റക്കൽ മുക്കുത്തിയണിഞ്ഞ വേദക്കനിയും രേവമ്മ മുത്തശ്ശിയും ശരീരത്തിന്റെയും സാരകത്തിന്റെയും വീര്യം കൊണ്ട് പുരുഷനെ വലിച്ചടുപ്പിക്കുന്ന സിവഗംഗയും താമരയും പഞ്ചമിയും മാർഗഴിയും മോർഗൻ സായ്പിന്റെ മൃഗയാവിനോദങ്ങളുടെ നിശ്ശബ്ദസാക്ഷിയായ ദൊരോത്തി മദാമ്മയുമൊക്കെ ഇവരിൽ ചിലർ മാത്രം. മനുഷ്യർ മാത്രമല്ല. അങ്കക്കോഴികളും മാർക്കും ഗുണയും സത്യയും സ്വാനും എന്നൊക്കെ പേരുള്ള കുതിരകളും മയ്ക്കറുമ്പൻ എന്ന എരുമയും വിത്തുകാളകളും രാക്ഷസ ഉറുമ്പുകളുമൊക്കെ വികാരവിചാരങ്ങളുള്ള കഥാപാത്രങ്ങളാകുന്നു. അവർ മനുഷ്യർക്കൊപ്പം നിന്ന് കഥപറയുന്നു.

 

കഥപറച്ചിൽ

 

കഥയ്ക്കും കാലത്തിനും ദേശത്തിനും അനുരൂപമായ കഥപറച്ചിലാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. കവിയുടെ ഗദ്യം സ്വാഭാവികമായും കാവ്യാത്മകമാകുന്നുണ്ട്. പക്ഷേ, ചീറിത്തെറിക്കുന്ന ചോരയും ശുക്ലം വടുകെട്ടിയ ജയിലിലെ പായയും ദുർമന്ത്രവാദികളുടെ ഇരുട്ടുമൂടിയ പാതാളഗുഹകളും രതിയുടെ ഒടുങ്ങാത്ത സാരകവീര്യവുമൊക്കെ കടന്നുവരുന്നിടത്ത് അത് രൗദ്രവുമാകുന്നുണ്ട്. നോവലിന്റെ സമഗ്രതയ്ക്കപ്പുറം ഓരോ അധ്യായവും ഒറ്റയ്ക്കു നിൽക്കുന്ന വായനാനുഭവമാണു സമ്മാനിക്കുന്നത്. ആത്യന്തികമായി അലിവിന്റെ ഭാഷ തന്നെയാണ് ഈ മനുഷ്യരുടെ ജീവിതകഥയെ അവരുടെ കാലത്തിലൂടെയും വിശ്വാസത്തിലൂടെയും വഴിനടത്തുന്നത്. 

 

Content Summary :  Pullikkaruppan Novel By Madhusanker Meenakshi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com