ADVERTISEMENT

നമ്പൂതിരിയുടെ മലയാളം അദ്ദേഹത്തിന്റെ രേഖകൾ പോലെ, അപ്പുറം കാണാം. കെ.ജി. ശങ്കരപ്പിള്ളയുടെ ഈ നിരീക്ഷണത്തിൽ തെല്ലും പതിരില്ലെന്നു ബോധ്യമാവും രേഖകളിലൂടെ കടന്നുപോകുമ്പോൾ. തെളിമലയാളത്തിന്റെ ശുദ്ധിയും വെൺമയും. എഴുത്തുഭാഷയല്ല. അച്ചടിഭാഷയുമല്ല. കോലായ ചർച്ചയുടെ മട്ട്. രസിച്ചങ്ങനെ പറയുകയാണ്. തീരരുതേ എന്ന് പ്രാർഥിച്ചുപോകുന്ന പ്രസാദാത്മകത്വമുണ്ട് ഓരോ വാക്കിലും വരിയിലും. രേഖാചിത്രങ്ങൾ കൂടിയാകുമ്പോൾ ബഹുകേമം എന്നുതന്നെ പറയേണ്ടിവരും.

 

ആത്മകഥയിലെ 28-ാം അധ്യായത്തിൽ നമ്പൂതിരി പറയുന്നത് പ്രണയമാണ്. മുൻപ് ബഷീർ എഴുതിയിട്ടുണ്ട്, പ്രണയം ഏതാനും വരികളിൽ. ഗദ്യകവിതയിൽ. ആ പൂവ്, രക്തനക്ഷത്രം പോലെ കടും ചുവപ്പായ പൂവ് എന്തു ചെയ്തു എന്ന ചോദ്യത്തോടെ. പിന്നീടിപ്പോഴാണ് അത്തരമൊരനുഭൂതി നൽകുന്ന എഴുത്തിലൂടെ കടന്നുപോകുന്നത്. ഓരോ വാക്കും നക്ഷത്രമാവുന്ന അനുഭൂതിപ്രപഞ്ചം. ഓരോ വരിയും നിവർത്തിയിടുന്ന നിലാവിന്റെ നീലവാനം.

 

എന്റെ ഓരോ കാര്യത്തിലും വല്ലാത്ത സ്വാതന്ത്ര്യവും ശ്രദ്ധയും എടുക്കുന്നതായി തോന്നി. തോന്നലല്ല, ശരിയായിരുന്നു എന്നു വെളിപ്പെട്ടു. എന്നോട് ഇഷ്ടം കൂടിത്തുടങ്ങി. ഒരുദിവസം കയ്യിൽ ഒരു കടലാസ് തന്നു. പ്രേമലേഖനം. വായിച്ചുകഴിച്ച് അടുപ്പിലിട്ട് കത്തിച്ചുകയളയണമെന്ന് പ്രത്യേകം സൂചനയുണ്ട്. ഞാനത് കുറേ ദിവസം കയ്യിൽവച്ചു.

കേട്ട ഗാനം മധുരതരം. കേൾക്കാനിരിക്കുന്നതോ അതിമധുരം എന്നമട്ടിൽ വായിച്ചുപോകാവുന്ന ഈ തെളിച്ചമാണ് നമ്പൂതിരിയുടെ ആത്മകഥയായ രേഖകളെ സവിശേഷമാക്കുന്നത്. മലയാളത്തിന്റെ സ്വന്തം രേഖാചിത്രകാരന്റെ ആത്മകഥ. ഈ കഥയിൽ ഞാൻ എന്ന വാസുദേവൻ നമ്പൂതിരിയുണ്ട്. എന്നാൽ ഇല്ല താനും. എത്രയെത്ര പ്രതിഭകളും പ്രഗത്ഭരുമാണ് ഈ കഥകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു കാലഘട്ടം അപ്പാടെ ഇറങ്ങിവരുന്ന പ്രതീതി. അവരെ കണ്ടും പരിചയിച്ചും അവരിലൊരാളായും നമ്പൂതിരിയും. എന്നാൽ, സ്വന്തം ചിത്രത്തിനു മിഴിവ് കൊടുക്കാൻ അദ്ദേഹം മിനക്കെടുന്നില്ല. എന്നാൽ,  തന്നെ വിസമയിപ്പിച്ച ഓരോരുത്തരെയും വർണക്കൂട്ടുകളിൽ വർണിച്ചിട്ടുമുണ്ട്. കൂടുതൽ പറയേണ്ടതില്ല. പറഞ്ഞതിൽ നിന്ന് ഒരു വാക്കുപോലും മറ്റാനുമാവില്ല. സൂക്ഷം, സുന്ദരം ഈ ആത്മകഥ എന്ന രേഖകൾ.

 

 

കരുവാട് വാസുദേവൻ നമ്പൂതിരിയെ ഇന്ന് മലയാളം അറിയില്ല. എന്നാൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അറിയും. ഇനിയും അറിയേണ്ടതുണ്ടു താനും. വരകളിലൂടെയാണ് അറിയേണ്ടത്. ഇനി വാക്കുകളിലൂടെയും അറിയാം എന്ന സൗകര്യമുണ്ട്. ഒരു ചിത്രകാരനായിക്കളയാം എന്നൊന്നും കുട്ടിക്കാലത്ത് തനിക്ക് തോന്നിയിട്ടില്ല എന്നദ്ദേഹം പറയുന്നുണ്ട്. ഇതേ വിയയവും സൗമ്യതയും ഇതാ ഇപ്പോഴും എപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ഒരു പക്ഷേ അതായിരിക്കും നമ്പൂതിരിയെ വിശ്വവിഖ്യാതരായ പ്രമുഖരുടെ പോലും സുഹൃത്തും പ്രിയപ്പെട്ടവനാക്കുമാക്കിയത്. മദ്രാസിൽ 10 വർഷത്തെ ചിത്രകലാഭ്യാസം 4 വർഷം കൊണ്ടാണ് വാസുദേവൻ പൂർത്തിയാക്കിയത്. ആദ്യ വർഷക്കാരൻ അവസാന വർഷ വിദ്യാർഥികൾക്കൊപ്പമിരുന്ന് പഠിച്ച് വിജയിച്ചു. അതേ അനായസത എന്നും ജീവിതത്തിൽ അദ്ദേഹത്തിന് കൂട്ടായിരുന്നു.

ഒരിക്കൽ വി.എം. നായർ നമ്പൂതിരിയോട് പറഞ്ഞു

 

‘അതേയ് നമ്പൂരീ, തരക്കേടൊന്നൂല്യ. ഈ സാഹിത്യകാരൻമാരെഴുതുന്നതു മുഴുവൻ കാര്യാക്കേണ്ട. അവർ കഥേലൊക്കെ വളരെ വിരൂപായിട്ടുള്ള പെണ്ണുങ്ങളെപ്പറ്റിയൊക്കെ പറയും. വരയ്ക്കുന്നത് നല്ല സുന്ദരികളെ വേണം. അവർക്കങ്ങ് പറഞ്ഞുപോയാ മതി. ഞങ്ങക്കിത് വിൽക്കണ്ടേ ?.’

 

ഈ വാക്കുകളിലെ നേരമ്പോക്കും നർമവും നമ്പൂതിരി കേട്ടു. അറിഞ്ഞു. മനസ്സിലാക്കി. തന്റെ വരയെ ഈ അഭിപ്രയം പരോക്ഷമായി സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. പിന്നെ, ഞാൻ വരച്ചവരെല്ലാം സുന്ദരിമാരായിത്തീർന്നു. അഴകും ആരോഗ്യമുള്ളവർ.

സാക്ഷാൽ വികെഎൻ ആണ് നമ്പൂതിരിയുടെ സ്ത്രീകളെക്കുറിച്ച് ഏറ്റവും വല്ല വാക്ക് പറഞ്ഞയാൾ. പറഞ്ഞത് വികെഎൻ തന്നെയാണെങ്കിലും ആ വാക്കുകളിൽ ഒട്ടുമില്ല അതിഭാവുകത്വം. തന്റെ കഥയ്ക്കു വരച്ച ഒരു ചിത്രത്തെക്കുറിച്ച് നമ്പൂതിരിക്ക് എഴുതിയ കത്തിലാണ് ആധുനിക കുഞ്ചൻ നമ്പ്യാർ  അഭിപ്രായം വ്യക്തമാക്കിയത്.

ചിത്രത്തിൽ കണ്ടത്ര കേമിയാണ് ചിന്നമ്മുവെങ്കിൽ അവളുടെ കർത്താവായ എനിക്ക് അവകാശപ്പെട്ടതല്ലേ കുലട. അവളെ ഇങ്ങോട്ട് അയച്ചുതരുമോ.

ഏതാനും വരകൾ കൊണ്ട് നമ്പൂതിരി തീർത്ത ചിത്രങ്ങളിൽ ആനുരാഗബദ്ധനായത് വികെഎൻ മാത്രമല്ല, മലയാളം തന്നെയാണ്. 

 

കഥകളെ, കവിതകളെ ഇത്രമാത്രം ആകർഷകമാക്കിയ മറ്റൊരു രേഖാചിത്രകാരനില്ല. ആത്മകഥയിൽ ഓർമയിൽ നിന്ന് നമ്പൂതിരി വരയ്ക്കുന്ന ചിത്രങ്ങൾക്ക് എന്തൊരു മിഴിവാണ്. അതു വാക്കുകളിലൂടെ വിശദമാക്കാനാവില്ല. അറിയുക തന്നെ വേണം. ചിത്രങ്ങൾ കണ്ട് ആസ്വദിക്കാനും വാക്കുകളുടെ മനോഹാരിതയിൽ ലയിക്കാനും ഒരുപോലെ അവസരമൊരുക്കുന്നു നമ്പൂതിരിയുടെ അപൂർവമായ ആത്മകഥ. വായിക്കേണ്ടതുമാത്രമല്ല ഈ പുസ്തകം. സൂക്ഷിച്ചുവയ്‌ക്കേണ്ടതുമാണ്. തൃശൂർ പൂരത്തിന്റെ തനിമ പോലെ തലമുറകളിലേക്കു കൈമാറേണ്ട സാംസ്‌കാരിക സ്വത്തു തന്നെ. കാലം ആദരവോടെ കൈ കൂപ്പുന്ന പ്രതിഭയുടെ കയ്യൊപ്പ്.

 

അടുത്തിടെ അകാലത്തിൽ വിടപറഞ്ഞ അനൂപ് രാമകൃഷ്ണനാണ് രേഖകൾ ഗംഭീരമായി അണിയിച്ചൊരുക്കിയത്. പുസ്‌തകം കയ്യിലെടുക്കുമ്പോൾ അറിയാതെ അനൂപിനെയും നമിച്ചുപോകും.

 

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ‘രേഖകൾ’ ഓൺലൈനായി വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Content Summary: Rekhakal autobiography of artist Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com