ലോകം കീഴടക്കിയ 39 സിനിമകൾ, ഇതിഹാസ സൃഷ്ടികളുടെ ജന്മ രഹസ്യങ്ങൾ

the-cinema-of-satyajit-ray
SHARE
ഭാസ്‌കർ ചതോപാധ്യായ

വെസ്റ്റ്‌ലാൻഡ് പബ്ലിക്കേഷൻസ്

വില 499 രൂപ

വീട് ആണ് ഒരു കുട്ടിയുടെ ലോകം, ഒരേയൊരു ലോകം. അവിടെ നിന്ന് അകലെയായിരിക്കുക എന്നതാണ് ഏറ്റവും വലിയ ദുഖം. കാണാൻ ആഗ്രഹിക്കുന്നതും കേൾക്കാൻ കൊതിക്കുന്നതും കൂടെയായിരിക്കണം എന്നു വിചാരിക്കുന്നതും അച്ഛനും അമ്മയും സഹോദരങ്ങളും മാത്രം. ലോകത്തെ കുട്ടി കാണുന്നത് വീട്ടിൽ ഇരുന്നാണ്. വീട് പ്രപഞ്ചം പോലെ വിശാലവും ലോകം ഗ്രാമം പോലെ ചെറുതും. എന്നാൽ കൗമാരത്തിൽ കുട്ടിയുടെ കാഴ്ചപ്പാടുകൾ മാറുന്നു. വിശാലമായ ലോകത്തിലേക്കുള്ള വഴികൾ വിളിക്കാൻ തുടങ്ങുന്നു. ആ വിളി കേട്ട് പുറത്തേക്കിറങ്ങാൻ ഹൃദയം തുടിക്കുന്നു. അതുവരെ ഭദ്രമെന്നു കരുതിയ ബന്ധങ്ങളുടെ ചരടുകൾ ദുർബലമാകുന്നു. ചിലതൊക്കെ പൊട്ടുന്നു. മാടിവിളിക്കുന്ന ലോകത്തേക്ക് കുതിച്ചിറങ്ങുന്ന കൗമാരം. 

1955 ൽ പുറത്തിറങ്ങിയ സത്യജിത്ത് റേയുടെ ആദ്യ ചിത്രം പഥേർ പാഞ്ചലി ഗ്രാമത്തിന്റെയും വീടിന്റെയും കഥയായിരുന്നെങ്കിൽ തൊട്ടടുത്ത വർഷം റലീസ് ചെയ്ത അപരാജിതോ, അപു എന്ന കുട്ടിയുടെ കൗമാരത്തിന്റെ കഥയാണ്. ലോകം വലുതാണെന്നും ഗ്രാമവും വീടും ചെറുതാണെന്നും കണ്ടെത്തുന്ന കൗമാരത്തിന്റെ കഥ. നഗരത്തിലെ സ്‌കൂളിൽ നിന്ന് കുടുംബവീട്ടിലേക്ക് അപു വരുന്ന രംഗമുണ്ട് അപരാജിതോയിൽ. അപ്പഴേക്കും അപുവിന് ചിറുകുകൾ മുളച്ചിരുന്നു. ഗ്രാമത്തിൽ ഇഴയുന്ന പുഴുവായിരുന്നു ആ കുട്ടിയെങ്കിൽ ഇപ്പോൾ സൂര്യനുനേരെ പോലും പറക്കാൻ വെമ്പുന്ന ആവേശത്തിന്റെ ഉടമയാണവൻ. ഗ്രാമത്തിലെത്തി അമ്മയെ കാണുമ്പോഴും അപുവിന്റെ മനസ്സിൽ നഗരമാണ്. എത്രയും വേഗം നഗരത്തിരക്കുകളിലേക്കു മടങ്ങണമെന്ന മോഹം. അമ്മയ്ക്ക് മകനെ കണ്ടു കൊതി തീരുന്നില്ല. ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും മകന് വേണ്ടതെല്ലാം ഒരുക്കിക്കൊടുത്ത് അവനെ കൺനിറയെ കാണുകയാണ് അമ്മ. മകനോ വേഗം നഗരത്തിലേക്കു പോകാനുള്ള തിടുക്കത്തിലും. ഈ സംഘർഷം ചിത്രീകരിച്ച രംഗം മാത്രം മതി സത്യജിത്ത് റേ എന്ന സംവിധായകന്റെ പ്രതിഭ മനസ്സിലാക്കാൻ.

നിശ്ചയിച്ചതിലും കുറച്ചുദിവസം കൂടി വിട്ടീൽ തങ്ങാൻ അപുവിനോട് അമ്മ സർബജയ അപേക്ഷിക്കുന്നുണ്ട്. ഒരു ദിവസം പോലും കൂടുതൽ തങ്ങാൻ അപു തയാറല്ല. സർബജയയ്ക്ക് സങ്കടം നിയന്ത്രിക്കാനാകുന്നില്ല. അപുവാവട്ടെ അമ്മയുടെ കണ്ണുനീര് കണ്ടഭാവം പോലും നടിക്കുന്നില്ല. ട്രെയിൻ പിടിക്കാൻ അവൻ പോകുകയാണ്. വേഗം നഗരത്തിരക്കിൽ അലിയാൻ. സ്‌റ്റേഷനിലെത്തി ടിക്കറ്റ് എടുത്ത് പ്ലാറ്റ്‌ഫോമിൽ കാത്തിരിക്കുമ്പോഴും അപുവിന്റെ ഹൃദയം അസ്വസ്ഥമാണ്. വേഗം നഗരത്തിലെത്താനുള്ള വെമ്പലാണ് മനസ്സിൽ. ഗ്രാമവും വീടും പിൻവിളി വിളിക്കുന്ന അമ്മയും ആ മനസ്സിന്റെ കോണിൽപ്പോലുമില്ലെന്നു വ്യക്തം. അപുവിന്റെ ഹൃദയശൂന്യത പ്രേക്ഷകരെയും നൊമ്പരപ്പെടുത്തും. കിതച്ചുകൊണ്ട് ട്രെയിൻ എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം ട്രെയിൻ സ്റ്റേഷൻ വിടുന്നു. ശൂന്യതയാണ് അപ്പോൾ മനസ്സിൽ, അമ്മ സർബജയയുടെ മനസ്സ് പോലെ. പക്ഷി അകലേക്കു പറന്നുമറഞ്ഞ കൂട് പോലെ. എന്നാൽ, അടുത്ത രംഗത്തിൽ ഗ്രാമത്തിലെ വീട്ടിലേക്കു മടങ്ങിവരുന്ന അപുവിനെയാണു കാണുന്നത്. കണ്ണീര് തുടച്ചുമാറ്റി , സാരിത്തുമ്പു കൊണ്ട് മുഖം തുടച്ച് മകനെ കെട്ടിപ്പുണർന്ന് അമ്മ കാരണം തിരക്കുന്നു.  മകനെ കണ്ടുകൊണ്ടിരിക്കാനുള്ള മോഹത്തിനൊപ്പം അവൻ പഠിച്ച് ഉയർന്ന ജോലിയായി തിരിച്ചെത്തണമെന്നും അമ്മ ആഗ്രഹിക്കുന്നുണ്ടല്ലോ.  ട്രെയിൻ കിട്ടിയല്ല അമ്മേ.... സ്നേഹത്തിന്റെ കൈകൾക്കുള്ളിൽ ഒതുങ്ങിനിന്ന് അപു പറയുന്നു. മഹത്തായ കള്ളം. സ്നേഹനിർഭരമായ അസത്യം. 

സാങ്കേതികത്തികവോ സിനിമാ നിർമാണത്തിന്റെ സങ്കീർണതകളെ കീഴടക്കിയതിന്റെ കരുത്തോ അല്ല സത്യജിത്ത് റേ എന്ന ചലച്ചിത്രകാരനെ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ പ്രിയപ്പെട്ട സംവിധായകനാക്കിയത്. മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവ്. സംഭാഷണത്തിന്റെ പോലും സഹായമില്ലാതെ മനസ്സിലാക്കാൻ കഴിയുന്ന രംഗങ്ങൾ. ഭാഷ അപ്രസക്തം. വാക്കുകൾ നിരാധാരം. ഒന്നോ രണ്ടോ രംഗം കൊണ്ട് ഒരമ്മയുടെയും മകന്റെയും വിരുദ്ധവും എന്നാൽ സമാനവുമായ ലോകത്തെ കാണിക്കുകയാണ് അപരാജിതോ. റേയുടെ 39 സിനിമകളിൽ മാസ്റ്റർപീസ് എന്ന് ഇന്നും വാഴ്ത്തപ്പെടുന്നത്. മരുഭൂമിയിലേക്ക് ഒറ്റയ്ക്കു പോകേണ്ടിവന്നാൽ കയ്യിൽ കരുതുന്ന 10 സിനിമകളിൽ ഒന്ന് അപരാജിതോ ആയിരിക്കുമെന്നു പറഞ്ഞിട്ടിണ്ട് ബംഗാളിൽ നിന്നുതന്നെയുള്ള പ്രശസ്ത സംവിധായിക അപർണാ സെൻ.

ലോകം കീഴടക്കിയ സത്യജിത് റേയുടെ സിനിമകളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഭാസ്‌കർ ചതോപാധ്യായ എഴുതിയ സത്യജിത് റേയുടെ സിനിമ എന്ന പുസ്തകം. 39 അധ്യായങ്ങളിൽ ഓരോ സിനിമയെക്കുറിച്ചും വിശദമായി ചർച്ച ചെയ്യുന്നു. പ്രസിദ്ധ ചലച്ചിത്രകാരൻമാർ റേ എന്ന ചലച്ചിത്രകരനെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ദീർഘമായി സംസാരിക്കുന്നുമുണ്ട്. സത്യജിത് റേ നിഘണ്ടു എന്നു വിശേഷിപ്പിക്കാവുന്നതാണ് ഈ ഇംഗ്ലിഷ് കൃതി. സിനിമകളിൽ നിന്നുള്ള ദൃശ്യങ്ങളും പുസ്തകത്തിനു മാറ്റു കൂട്ടുന്നു. സത്യജിത് റേ എന്ന വിസ്മയ ചലച്ചിത്രകാരന്റെ മികച്ച സിനിമ കാണുന്നതുപോലെ ദൃശ്യസമ്പന്നവും മനസ്സ് നിറയ്ക്കുന്നതുമായ പുസ്തകം.

Content Summary: The Cinema of Satyajit Ray book by Bhaskar Chattopadhyay

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
;