ADVERTISEMENT

ഇത്രയും വിചിത്രസ്വഭാവമുള്ള ജനതയെ ലോകത്ത് മറ്റെവിടെയും കാണാനാകില്ല. മരണഭയമില്ലാത്തവർ. കളവ് കുലത്തൊഴിലാക്കാൻ ദൈവം അനുഗ്രഹം കൊടുത്തവർ. ഇത്തരത്തിലുള്ളവർ ദ്രാവിഡ ദേശത്തേ കാണൂ. വീര്യത്തിലും കളവിലും മികച്ചവരായ തമിഴ്‌നാട്ടിലെ മറവ സമുദായം. മരണ ഭയമില്ലാത്തവർ എന്നു പറയുന്നതിനു ചരിത്രത്തിന്റെ പിൻബലമുണ്ട്. അതേ ചരിത്രത്തെ വർത്തമാനത്തിലേക്കു പുനരാനയിക്കുകയല്ല മറവായനം എന്ന നോവൽ. മറ്റൊരു വർത്തമാനത്തെ സൃഷ്ടിക്കുകയാണ്. ചരിത്രത്തിനൊപ്പം നിൽക്കുമ്പോൾ തന്നെ മറ്റൊരു ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമമാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്. 

 

മറവ സമുദായത്തിലെ സ്ത്രീകൾ പണ്ടുകാലത്ത് അനുഷ്ഠിച്ചിരുന്ന ഒരു അചാരമുണ്ട്. മുടിഞ്ഞനില. ഭർത്താവ് യുദ്ധത്തിൽ മരിച്ചാൽ ഭാര്യ ഓടി യുദ്ധക്കളമണയും. കണവന്റെ മരണം ഉറപ്പായാൽ അവൾ ഭർത്താവിന്റെ ശരീരത്തോട് മുടിഞ്ഞനില പൂകും. മരിച്ച കണവന്റെ നെഞ്ചോടു മുലയും തലയോടു തലയും ചേർത്തുവച്ച് അവൾ അവനെയണഞ്ഞു കിടക്കും. അവന്റെ ശരീരം പുഴുക്കുമ്പോൾ അവളും പെരും പുഴു ഏറ്റുവാങ്ങും. വെള്ളവും ഭക്ഷണവും ഇല്ലാതെ കണവന്റെ ശരീരത്തിലെ പെരും പുഴുക്കൾക്ക് സ്വന്തം ശരീരവും തിന്നാൻ കൊടുത്ത് അവൾ കിടക്കും. കണവന്റെ ശരീരം തിന്നാൻ വന്ന കഴുകൻമാരെയും എഴുപാറുകളെയും കിടന്ന കിടപ്പിൽ ആട്ടിയോടിച്ച് മരണം വരെയും അവൾ ആ ശരീരത്തെ കാക്കും. ഒടുവിൽ സ്‌നേഹിച്ചു കൊതി തീരാത്തതിനാൽ സ്ത്രീ പുരുഷനെ അനുഗമിക്കും. അന്ത്യയാത്രയിൽ അവനോടൊപ്പം പോകും. ദാമ്പത്യബന്ധങ്ങൾക്ക് അത്രയ്ക്കു മൂല്യമുണ്ടായിരുന്നു അക്കാലത്ത്. അനാചാരങ്ങളെ ന്യായീകരിക്കുകയായിരുന്നില്ല അവർ. സംഘകാലത്ത് തമിഴ്‌നാട്ടിൽ സ്ത്രീകൾ ഉടന്തടി ചാടണമെന്നോ മുടിഞ്ഞ നില പൂകണമെന്നോ ആരും നിർബന്ധിച്ചിരുന്നുമില്ല. ഭർത്താവിനൊടുള്ള സ്‌നേഹം നിമിത്തം ധീരരായ സ്ത്രീകൾ ചെയ്യുന്നതായിരുന്നു അതൊക്കെ. സ്ത്രീകൾ മാത്രമേ അതൊക്കെ ചെയ്യുമായിരുന്നുള്ളൂ എന്നതു മറ്റൊരു കാര്യം. പുരുഷന് ആ ധീരത ചിന്തിക്കാൻ പോലുമാകില്ല. അങ്ങനെയുള്ള മറവത്തികളെ പെറ്റ കുലമാണ് മുക്കുലം. ഒരുവനെ സ്‌നേഹിച്ചാൽ ജൻമം തീരുന്നതുവരെയും അവനൊപ്പം കാണും. അതു കള്ളുകുടിയനായാലും കള്ളനായാലും ചെലവിനു കൊടുക്കാത്തവനായാലും സഹിക്കും. മറവന്റെ നിഷ്ഫലമായിപോകുന്ന വീരത്തത്തിന് ദൈവം കൊടുത്ത വരദാനമാണ് ഓരോ മറവത്തിയും എന്നു പറയാം. 

 

മറവായനം എന്ന നോവലിലൂടെ ദീപു ഈ ഐതിഹ്യത്തെ തികച്ചും വ്യത്യസ്തമായി കണ്ടെടുക്കുന്നുണ്ട്. ഐതിഹ്യത്തിനു പകരം യാഥാർഥ്യത്തെ സൃഷ്ടിക്കുന്നുമുണ്ട്. കാലത്തെയും ദേശത്തെയും പദവിയെയും പണത്തെയും അതിലംഘിച്ചാണ് ഐതിഹ്യം യാത്ര ചെയ്യുന്നത്. യാഥാർഥ്യമായി മാറുന്നതും. 

 

കള്ളനെ സർഗ്ഗവിരൽ കൊണ്ട് തൊട്ടിട്ടുള്ളവരൊക്കെ നിഗൂഢമായ ആനന്ദങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഉള്ളിൽ ഒരു മഹാ കള്ളനും കള്ളിയും ജാഗരൂകമായിരിക്കുന്ന മനുഷ്യൻ എന്ന വിചിത്രപ്രതിഭാസത്തിന്റെ നിലനിൽപു തന്നെ കള്ളത്തരങ്ങൾ കൊണ്ടാണെന്ന തോന്നലാണ് നോവലിന്റെ രചനാപശ്ചാത്തലം. കളവ് കുലത്തൊഴിലായി സ്വീകരിച്ച ജനവിഭാഗങ്ങളെ തേടിയിറങ്ങി, കള്ളൻമാരെയും തിരുട്ടുഗ്രാമക്കാരെയും കണ്ടെത്തുകയായിരുന്നു. മണൽത്തരികളിൽ പോലും കഥകളുറഞ്ഞുകിടക്കുന്ന തമിഴ്‌നാട്ടിലൂടെ യാത്ര ചെയ്ത് കണ്ടെത്തിയ ചോരശാസ്ത്രവും അതിന്റെ പ്രയോക്താക്കളും നോവൽ വായനയെ സമൃദ്ധമാക്കുന്നു. എന്നാൽ, കേവലം കള്ളൻമാരുടെ ലോകത്തിൽ മാത്രം കുടുങ്ങിക്കിടക്കാതെ, സമാന്തരമായി മറ്റൊരു കഥ പറയുന്നുമുണ്ട്. ഒപ്പം ഒരു വിമത ശാസ്ത്രം നിർമിക്കുന്നുമുണ്ട്. 

 

ആവശ്യത്തിലുള്ളതിൽ കൂടുതൽ സ്വന്തമാക്കുന്ന ഓരോ വ്യക്തിയും കവർച്ച തന്നെയല്ലേ ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ ശതകോടീശ്വരൻമാരും തിരുട്ടുഗ്രാമക്കാരും തമ്മിലുള്ള വ്യത്യാസമെന്നതാണ്. തിരുട്ടുഗ്രാമക്കാർ കള്ളൻമാർ ആയിരിക്കും. എന്നാൽ അവർക്കും അടിയുറച്ച പാരമ്പര്യവും ചരിത്രവും വിശുദ്ധ ഗ്രന്ഥങ്ങളുമുണ്ട്. പ്രമാണങ്ങളുണ്ട്. പത്തു കൽപനകളുണ്ട്. ഡോക്ടറോ ഐഎഎസുകാരനോ എംഎൽഎ യോ ആരുമാകട്ടെ. കുലത്തിന്റെ വിശ്വാസങ്ങൾ അവരെ പിന്തുടരുന്നു. അതിൽ നിന്നു കുതറിമാറുക അത്ര എളുപ്പം സാധിക്കുന്ന അധ്വാനമല്ല. 

 

ചോരശാസ്ത്ര എഴുത്തിനു മാത്രമല്ല വായനയ്ക്കും ഫലശ്രുതിയുണ്ട്. എഴുതുന്നയാൾക്കും വായിക്കുന്നയാൾക്കും ചോരഭയമോ വൻകവർച്ചയോ സംഭവിക്കാം. സൂക്ഷിക്കുക. വായിക്കുന്ന ഏതു വ്യക്തിയും ചിലപ്പോൾ കൊള്ളചെയ്യപ്പെട്ടേക്കാം. 

 

Content Summary: Maravayanam book written by Deepu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com