ADVERTISEMENT

മനുഷ്യരാണെന്ന് അവകാശപ്പെടുമ്പോൾ തന്നെ സ്വയം വിലയിരുത്താൻ ശേഷിയുള്ളവരെങ്കിലും മനുഷ്യത്വത്തിലേക്കുള്ള യാത്രയിലാണ്. മനുഷ്യൻ എന്ന പദത്തെ അർഥപൂർണമാക്കുന്ന വ്യക്തികളാകാൻ. സവിശേഷമായ വ്യക്തിത്വങ്ങളായിത്തീരാൻ. ഗുണവിശേഷങ്ങളാണ് ഓരോ വ്യക്തിയെയും വ്യത്യസ്തരാക്കുന്നത്. പൂർണ മനുഷ്യരാക്കുന്നതും. ഗുണങ്ങൾ ഏതൊക്കെയെന്ന് ആർക്കാണ് അറിയാത്തത്. എന്നാൽ, വഴിയറിയാമങ്കിലും വഴി തെറ്റാനാണ് എല്ലാവരുടെയും വിധി. ശരിയായ വഴി അറിഞ്ഞിട്ടും തെറ്റായ വഴിയിലൂടെ സഞ്ചരിക്കേണ്ടിവരിക. ലക്ഷ്യത്തിനു പകരം മാർഗങ്ങളിലൂടെ അലയുക. ഒരിക്കലും ലക്ഷ്യത്തിൽ എത്തിച്ചേരാതിരിക്കുക. ലക്ഷ്യം എത്തുന്നില്ല എന്നതിനേക്കാൾ വലിയ ദുരന്തം അതേക്കുറിച്ചുള്ള അറിവാണ്. കഴിയുമായിരുന്നിട്ടും പാഴാക്കിയ അവസരങ്ങളെക്കുറിച്ചുള്ള ഓർമ. ഒടുവിൽ, എത്തേണ്ടിടത്തെത്താതെ എങ്ങുമെത്താതെ അവസാനിക്കുകയും. പശ്ചാത്താപത്തിന്റെ ഉമിത്തീയിൽ നീറിനീറിയുള്ള ജീവിതം. കുറ്റബോധത്തിന്റെ കുരിശിൽ പിടഞ്ഞുള്ള നിമിഷങ്ങൾ. അന്ത്യത്തിനുവേണ്ടിയുള്ള ഹതാശമായ കാത്തിരിപ്പ്. ഇനിയൊരു അവസരം ഇല്ലല്ലോ എന്ന ദുരന്തജ്ഞാനം. ഒരിക്കൽപ്പോലും മരിക്കില്ലെന്നതുപോലെ ജീവിക്കുന്ന മനുഷ്യർ അവസാനത്തെ നിമിഷത്തിൽ ഒരു നിമിഷം പോലും ജീവിച്ചില്ലല്ലോ എന്ന ദുഖത്തോടെയാണു കണ്ണടയ്ക്കുന്നത്. ഇതേ ദുരന്തം വീണ്ടും വീണ്ടും ആവർത്തിക്കുന്നു. മോചനമില്ലാത്ത ഈ നിരർഥകതയും ദുരന്തവും തന്നെയാണ് ജീവിതം എന്ന മഹാകാവ്യം. 

 

ഒരു കുട്ടിക്കഥയെക്കുറിച്ച് എഴുതുമ്പോൾ ഇത്രമാത്രം തത്വചിന്തയുടെ ആവശ്യമുണ്ടോ എന്നു തോന്നാം. എന്നാൽ, ഇനിയും ഏറെ പറയാനുണ്ട് എന്നതാണ് യാഥാർഥ്യം. ഇത് കുട്ടിക്കഥ മാത്രമല്ല, ജീവിതം മാത്രമല്ല, ജീവിതത്തെക്കുറിച്ചുള്ള അഗാധമായ ജ്ഞാനവുമാണ്. അങ്ങനെയാണെങ്കിൽ ഇത് കുട്ടികൾക്ക് എങ്ങനെ മനസ്സിലാകാൻ എന്നൊരു സംശയം സ്വാഭാവികം. അവിടെയാണ് ഈ കുട്ടിക്കഥ ലോക ക്ലാസിക്കായി മാറുന്നത്. ബാലനോവൽ ഇതിഹാസമായി മാറുന്നത്. ഒരുപക്ഷേ ഇങ്ങനെയൊരു കൃതി ഇതുമാത്രം.

 

പിനോക്യോ എന്നാണ് കഥയുടെ പേര്. കാർലോ കൊലോദിയുടെ വിശ്വപ്രസിദ്ധമായ കുട്ടിക്കഥ. 1881- 1883 കാലത്ത് എഴുതപ്പെട്ട പിനോക്യോ എന്തെല്ലാമായി മാറിയിട്ടില്ല എന്നു ചോദിക്കുന്നതാകും നന്ന്. കോമിക് പുസ്തകങ്ങൾ. പോസ്റ്റ് കാർഡുകൾ. കലണ്ടറുകൾ. പോസ്റ്ററുകൾ. സംഗീതാവിഷ്‌കാരങ്ങൾ, സിനിമകൾ... അങ്ങനെയങ്ങനെ പുതിയ കാലത്തിനു സുപരിചിതമായ ഇമോജികൾ വരെ. ഇറ്റലി എന്ന നാടിന്റെ ജീവചരിത്രത്തോടു ചേർന്നു വിടർന്ന ഭാവന, ലോകത്തിന്റെ പ്രിയപ്പെട്ട പുസ്‌കമായി മാറിയ അതിശയകഥ. 2008 ൽ മിലാനിൽ നടന്ന പ്രദർശനത്തിൽ ഇറ്റാലിയൻ ഭാഷയിൽത്തന്നെ ഇറങ്ങിയ 242 പിനോക്യോ എഡിഷനുകൾ ഉണ്ടായിരുന്നു. ഇംഗ്ലിഷിൽ മാത്രം 60 ൽ അധികം. മറ്റു ലോകഭാഷകളിൽ 135 ൽ അധികം. എണ്ണമറ്റ മറ്റ് ആവിഷ്‌കാരങ്ങൾ വേറെയും. ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പരിഭാഷകൾ ഉണ്ടായിട്ടുള്ളതും ഈ കൃതിക്കു തന്നെ. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട പുസ്തകം.

പിനോക്യോ ഇതാദ്യമല്ല മലയാളത്തിൽ എഴുതപ്പെടുന്നത്. ബാല പ്രസിദ്ധീകരണങ്ങളിൽ മുമ്പു തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, മൂഴുനീള കഥയായി. സവിശേഷമായ ചരിത്രത്തിന്റെയും അടിക്കുറിപ്പുകളുടെയും അകമ്പടിയോടെ സമഗ്രമായ പിനോക്യോ ഇതാദ്യമാണ്.

 

വിവർത്തന പുസ്തകങ്ങൾ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ അവ വിവർത്തനങ്ങളാണെന്ന് വായനക്കാരെ ഓർമിപ്പിക്കും. വിവർത്തനം ചെയ്യാൻ കഴിയാത്തതെന്തോ അതാണു കവിത എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വാക്യത്തെയും. എന്നാൽ അനിത തമ്പി മൊഴിമാറ്റിയ പിനോക്യോ ഒരവസരത്തിൽപ്പോലും വിവർത്തന കൃതിയാണെന്ന മടുപ്പോ ചവർപ്പോ ഉണ്ടാക്കുന്നില്ല. നമ്മുടെ സ്വന്തം മലയാളത്തിലെ പ്രിയപ്പെട്ട കൃതി വായിക്കുന്ന അതേ ലാഘവത്തോടെ,. അനായാസതയോടെ, എന്നാൽ മനസ്സു നിറഞ്ഞു വായിക്കാവുന്ന കൃതി. തട്ടും തടവുമില്ലാത്ത ഭാഷ. ഒഴുകിയൊഴുതിപ്പോകുന്ന അനുഭൂതി. കഥയുടെ രസച്ചരട് ഒരിക്കലും പൊട്ടിപ്പോകുന്നുമില്ല.

 

കാർലോ കൊലോദി, പിനോക്യോ ആദ്യം തന്നെ സമ്പൂർണ കഥയായി എഴുതുകയായിരുന്നില്ല. കുറച്ചെഴുതി പ്രസിദ്ധീകരിച്ചു നിർത്തിയതാണു പലവട്ടം. എന്നാൽ കഥയുടെ ബാക്കിക്കുവേണ്ടി കുട്ടികൾ മാത്രമല്ല മുതിർന്നവരും മുറവിളി കൂട്ടിയതോടെ കൊലോദിക്കു വീണ്ടും വീണ്ടും പിനോക്യോയിലേക്കു മടങ്ങിപ്പോകേണ്ടിവന്നു. എഴുതിവന്ന കഥ പൂർത്തിയാക്കേണ്ടിവന്നു. അങ്ങനെ ലോകത്തിന് കാലത്തെ അതിജീവിക്കുന്ന ഒരു ഇതfഹാസം കൂടി ലഭിച്ചു.

 

പിനോക്യോയുടെ ഓരോ അധ്യായത്തിന്റെ തുടക്കത്തിലും ഒന്നോ രണ്ടോ വരിയിൽ കഥ പറയുന്നുണ്ട്. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എഴുത്തുകാരൻ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും വായിച്ചg പൂർത്തിയാക്കാതിരിക്കാൻ കഴിയുന്നില്ല എന്നതാണ് മറ്റൊരു അദ്ഭുതം. കഥ അറിഞ്ഞുകൊണ്ടാണു വായിക്കുന്നത്. എന്നാലും കൗതുകത്തിലും ഉൽകണ്ഠയ്ക്കും കുറവില്ലാതെ ആകാംക്ഷയോടെയും ഉദ്വേഗത്തോടെയും ഓരോ അധ്യായവും വായിക്കുന്നു.

 

അടിമുടി നിഷ്‌കളങ്കത നിറഞ്ഞുനിൽക്കുന്നു ഈ മരപ്പാവയുടെ കഥയിൽ. അതാണു കുട്ടികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതും. എന്നാൽ നിഷ്‌കളങ്കതയ്ക്കപ്പുറം ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട അറിവ് ഓരോ വാക്കിലും വാക്യത്തിലും പകർന്നുതരാനും കാർലോ കൊലോദിക്കു കഴിയുന്നു. അതത്ര ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെയാണ് കാലാതീതമായ ക്ലാസ്സിക്കായി പിനോക്യാ നിലനിൽക്കുന്നതും ഇന്നും പ്രിയപ്പെട്ട പുസ്തകമാകുന്നതും. അദ്ഭുതലോകത്തെ ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, റോബിൻസൺ ക്രൂസോയെപ്പോലെ... ഒരുപക്ഷേ, അവരേക്കാളെല്ലാം അധികം പിനോക്യോ മനസ്സിന്റെ ഭാഗമാകുന്നു. ലാളിത്യത്തോടെ, സ്‌നേഹത്തോടെ, വിസ്മയത്തോടെ ജീവിതത്തിന്റെ ഭാഗമാകുന്നു.

 

നല്ലവളായ ആ സ്ത്രീ ആദ്യമൊക്കെ താൻ അവന്റെ ആകാശനീലത്തലമുടിയുള്ള കൊച്ചുദേവതയല്ല എന്നു പറയാൻ ശ്രമിച്ചു. പക്ഷേ, അവൻ തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നു മനസ്സിലാക്കfയപ്പോൾ ഇനി അഭിനയം തുടരണ്ട എന്നു തീരുമാനിച്ച് അവർ ഒടുവിൽ സ്വയം വെളിപ്പെടുത്തി.

 

എടാ കൊച്ചുതെമ്മാടീ, പാവച്ചെറുക്കാ, നീ എന്നെ എങ്ങനെ തിരിച്ചറിഞ്ഞു? 

സ്‌നഹത്തിന്റെ ശക്തികൊണ്ട് എന്റെ ഹൃദയം പറഞ്ഞുതന്നു.

പിനോക്യോ സ്‌നേഹത്തെക്കുറിച്ചാണു പറയുന്നത്. സ്‌നേഹത്തിന്റെ ശക്തിയെക്കുറിച്ച്. ഹൃദയത്തിന്റെ ഭാഷയിൽ. മറ്റൊരു കൃതിക്കും പറഞ്ഞുതരാൻ കഴിയാത്ത രീതിയിൽ.

വായിക്കാം. ശുപാർശ ചെയ്യാം. വീണ്ടും വീണ്ടും വായിക്കാം ഈ പിനോക്യോ കഥ.

 

Content Summary: Pinocchio Novel by Carlo Collodi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com