ADVERTISEMENT

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തി അധികാരം പിടിച്ച കാര്യം വിവരിക്കുന്ന പി.ആര്‍. മാധവപ്പണിക്കരുടെ 'ഐക്കോയ് ചിപ്പിന്റെ മരണം' എന്ന ശാസ്ത്ര കഥ 2000 ത്തില്‍ ആണ് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതപ്പെടുത്തുന്നു. അതുപോലെ, ഭാവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പ്രവചിക്കുന്നതില്‍ അത്രമേല്‍ പ്രാധാന്യമുള്ള ഒന്നായി തീരുകയാണ് ശാസ്ത്ര സാഹിത്യം എന്നതിനാല്‍ ഗൗരവമുള്ള വായനക്കാരന്‍ ഈ മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുക തന്നെ വേണ്ട സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. പക്ഷെ, പലര്‍ക്കും ശാസ്ത്ര സാഹിത്യം എന്താണെന്നു തന്നെ അറിയില്ല. അത്തരക്കാര്‍ക്കും, ഈ ശാഖയെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്ന എഴുത്തുകാര്‍ക്കും, ശാസ്ത്ര സാഹിത്യ പ്രേമികള്‍ക്കും പോലും വിഷയത്തെക്കുറിച്ച് മികച്ചൊരു ആമുഖം നല്‍കുകയാണ് ഡോ. അര്‍ച്ചന എ.കെ എഴുതിയ 'ശാസ്ത്ര നോവല്‍ മലയാളത്തില്‍ ചരിത്രം, വികാസം പരിണാമം' എന്ന പുസ്തകം. പേരു സൂചിപ്പിക്കുന്നതു പോലെ ഈ കൃതി മലയാളത്തിലെ ശാസ്ത്ര സാഹിത്യത്തെക്കുറിച്ചു മാത്രമല്ല അന്വേഷിക്കുന്നത്, മറിച്ച ആഗോള തലത്തിലെ കൃതികളും, സിനിമകളും, സീരിയലുകളും വരെ പരാമര്‍ശിച്ചു പോകുന്നു എന്നത് ഈ പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 

 

 

വരും കാലത്ത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സാഹിത്യ ശാഖ

ഇന്ന് ലോകത്ത് ഏറ്റവും പ്രാധാന്യമുള്ള കലാ മേഖലയാണ് ശാസ്ത്ര ഫിക്ഷന്‍ എന്ന് ചരിത്രകാരനും ലോകം ബഹുമാനിക്കുന്ന ധിഷണാശാലിയുമായ യുവാള്‍ നോവ ഹരാരി, 'ഗീക്‌സ് ഗൈഡ് ടു ദി ഗ്യാലക്‌സി' പോഡ്കാസ്റ്റിന്റെ 325-ാം എപ്പിസോഡില്‍ പറയുന്നു. വരുന്ന പതിറ്റാണ്ടുകളില്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോടെക്‌നോളജി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതില്‍ ശാസ്ത്ര കഥകള്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റി അദ്ദേഹം ഊന്നിപ്പറയുന്നുമുണ്ട്. 

 

 

ഇതുവരെ നോബല്‍ സമ്മാനം ലഭിക്കാത്ത പ്രമുഖ എഴുത്തുകരുടെ പട്ടികയില്‍ പേരുള്ള മിലാന്‍ കുന്ദെര തന്റെ 'ടെസ്റ്റമെന്റ്‌സ് ബിട്രേയ്ഡ്' എന്ന പുസ്തകത്തില്‍ യൂറോപ്പിലെ ആളുകളെ വിശേഷിപ്പിക്കുന്നത് 'നോവലിന്റെ മക്കള്‍' (children of the novel) എന്നാണ്. സാഹിത്യത്തില്‍ നിന്ന് ജീവിതം കടംകൊള്ളുന്നുണ്ട് എന്ന ആശയം ഊന്നിപ്പറയുകയായാണ് അദ്ദേഹം. പുതിയ ശാസ്ത്ര തത്വമോ കണ്ടെത്തലോ ഉണ്ടായാല്‍ ഉടനെ അതിനെക്കുറിച്ചുള്ള പ്രബന്ധം എടുത്തു പഠിക്കകയല്ല സാധാരണക്കാര്‍ ചെയ്യുക. പല ശാസ്ത്ര ആശയങ്ങളും സാധാരണക്കാര്‍ക്ക് ദഹിക്കണമെങ്കില്‍ അവ കഥകളിലൂടെ അവതരിപ്പിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ ലോകം ആകാംക്ഷയോടെയും ഉറ്റു നോക്കുന്ന, തലയോട്ടിക്കുള്ളില്‍ പിടിപ്പിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വികസിപ്പിച്ചു വരുന്ന 'ന്യൂറാലിങ്ക്' എന്ന ഉപകരണം അവതരിപ്പിച്ച സമയത്ത്, ടെക്‌നോളജി സാമ്രാട്ടായ ഇലോണ്‍ മസ്‌ക് പറഞ്ഞത്, 'ബ്ലാക് മിറര്‍' എന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ശാസ്ത്ര ഫിക്ഷന്‍ സീരിസിന്റെ ഒരു എപ്പിസോഡില്‍ കാണിച്ചതു പോലെയാണ് ഈ ടെക്‌നോളജി പ്രവര്‍ത്തിക്കുക എന്നാണ്. ചുരുക്കി പറഞ്ഞാല്‍ ശാസ്ത്രത്തെ അടുത്തറിഞ്ഞു മാത്രമെ മുന്നോട്ടു പോകാനാകൂ. വേണ്ട അനുപാതത്തില്‍ ശാസ്ത്രവും ഭാവനയും കൂടിക്കലരാത്ത കൃതികള്‍ കല്ലുകടി തന്നെയാണെന്നും സമ്മതിക്കുകയും വേണം.

 

 

പരമ്പരാഗത സാഹിത്യം ഊര്‍ജ്ജം വലിക്കുന്നത് മതം, സംസ്‌കാരം, തത്വചിന്ത, ചരിത്രം തുടങ്ങിയ താരതമ്യേന പരിചിതമായ മേഖലകളില്‍ നിന്നാണ്. അതേസമയം, ശാസ്ത്ര സാഹിത്യമാകട്ടെ ശാസ്ത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന മേഖലകളെ ഉള്‍പ്പെടുത്തി നടത്തുന്ന ആഖ്യാനങ്ങളാണ്. ഇത്രയും എഴുതിയത് ശാസ്ത്ര ഫിക്ഷന്റെ മേഖല ഇനിയുള്ള കാലത്ത് എത്ര പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നു പറയാനാണ്. ഇവിടെയാണ് ഡോ. അര്‍ച്ചന നടത്തുന്ന അന്വേഷണത്തിന്റെ പ്രാധാന്യം. തങ്ങള്‍ അനുഭവിക്കുന്ന ഒന്നുമായും ബന്ധിപ്പിക്കാന്‍ സാധിക്കാത്തിതിനാല്‍ പല സാധാരണ വായനക്കാരും ശാസ്ത്ര ഫിക്ഷന്‍ വായന വേണ്ടന്നുവച്ചവരാകാം. എന്നാല്‍, ഇത്തരക്കാര്‍ക്കു പോലും സയന്‍സ് ഫിക്ഷനെക്കുറിച്ചു വളരെ വ്യക്തത നല്‍കാന്‍ സാധിക്കുന്ന ഒരു പഠനമാണ് ഡോ. അര്‍ച്ചന നടത്തിയിരിക്കുന്നത്.   

 

 

ആമുഖം മുതല്‍ സൂചിക വരെ ഏകദേശം 160 പേജുകളിലായി ശാസ്ത്ര സാഹിത്യത്തെ സംബന്ധിച്ചുള്ള നിരവധി നിരീക്ഷണങ്ങളും, നിര്‍വ്വചനങ്ങളും, ഉദ്ധരണികളും അടക്കം ഉള്‍ക്കൊള്ളിച്ചാണ് ഡോ. അര്‍ച്ചന തന്റെ പുസ്തകം രചിച്ചിരിക്കുന്നത്. മത ഗ്രന്ഥങ്ങളില്‍ മുതല്‍ ആധൂനിക കൃതികളില്‍ വരെ ശാസ്ത്ര ആഖ്യാനമെന്ന വിശേഷണം ചാര്‍ത്തി നല്‍കാവുന്ന പല സന്ദര്‍ഭങ്ങളെയും കൃതികളെയും പോലും സ്പര്‍ശിച്ചു പോകുന്നുണ്ട് ഗ്രന്ഥകാരി. പുരാണങ്ങള്‍ മുതല്‍ സുപ്രധാന സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ഐസക് അസിമോവും ശാസ്ത്ര സിനിമകളും വരെ പരാമര്‍ശിക്കപ്പെടുന്നുണ്ട് പുസ്തകത്തില്‍. ഇതെല്ലാം ആര്‍ക്കും ശാസ്ത്ര സാഹിത്യത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്നവയാണ്. ശാസ്ത്ര സാഹിത്യ രചനയിലേക്ക് കടക്കാന്‍ താത്പര്യമുള്ളവര്‍ക്കും, ഇത്തരം സാഹിത്യം വായിക്കാന്‍ താത്പര്യമുള്ളവര്‍ക്കും മികച്ച മുഖവുരയാണ് ഈ പുസ്തകം എന്നും പറയേണ്ടിയിരിക്കുന്നു.

 

ആദ്യ അധ്യായത്തിന് പേരു നല്‍കിയിരിക്കുന്നത് 'ശാസ്ത്ര സാഹിത്യം: നിര്‍വചനങ്ങള്‍'  എന്നാണ്. 

 

ഇത്തരം ആഖ്യായികകളില്‍, 'ശാസ്ത്ര നിയമങ്ങള്‍ വളച്ചെടുക്കാം, വളച്ചൊടിക്കരുത്' എന്ന് പ്രമുഖ ശാസ്ത്ര സാഹിത്യ രചയിതാവും, ശാസ്ത്രജ്ഞനുമായ സി.ജി. രാമചന്ദ്രന്‍ നായരുടെ നിര്‍വ്വചനം അടക്കം പ്രതിപാദിക്കപ്പെടുന്നു. ഈ മേഖലയില്‍ ആഗോള തലത്തിലെ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരിലൊരാളായ ഐസക്ക് അസിമോവ് ശാസ്ത്ര രചനകളെ തരംതിരിക്കുന്ന രീതിയും വിവരിച്ചിട്ടുണ്ട്. ജോനതന്‍ സ്വിഫ്റ്റ് മുതല്‍ 'സ്റ്റാര്‍ ട്രക്ക്' സീരിയല്‍ വരെ ശാസ്ത്രത്തെ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ഡോ. അര്‍ച്ചന എഴുതുന്നുണ്ട്. 

 

 

രണ്ടാമത്തെ അധ്യായത്തില്‍ ഫ്യൂച്ചറോളജിയും ശാസ്ത്ര സാഹിത്യവും തമ്മിലുള്ള ബന്ധം വിവരിക്കുന്നു. എച്.ജി. വെല്‍സ്, അസിമോവ്, ആര്‍തര്‍ സി. ക്ലാര്‍ക്ക് തുടങ്ങിയവരുടെ രചനകളെ അധികരിച്ചാണ് ഈ അധ്യായം എഴുതിയിരിക്കുന്നത്. മൂന്നാമത്തെ അധ്യായത്തിന്, 'ശാസ്ത്രം:ആഖ്യാന ഭേദങ്ങള്‍' എന്നാണ് പേരിട്ടിരിക്കുന്നത്. മേരി ഷെലിയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ മുതല്‍ ശാസ്ത്ര സിനിമകളും ശാസ്ത്ര മാസികകളും വരെ ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതി വരച്ചിടുന്നു. നാലാം അധ്യായത്തില്‍ ഇന്ത്യന്‍ ശാസ്ത്ര സാഹിത്യത്തിന്റെ തനതു വഴികളെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഗ്രന്ഥകാരി ഉര്‍ജ്ജം ഉപയോഗിച്ചിരിക്കുന്നത്. ജഗദാനന്ദ റോയി 1879ല്‍ എഴുതിയ 'ശ്രുക്രനിലേക്ക് ഒരു യാത്ര' എന്ന ബംഗാളി കഥയോടെയാണ് ആധൂനിക ഇന്ത്യന്‍ ശാസ്ത്ര സാഹിത്യത്തിന്റെ തുടക്കമെന്ന് പുസ്തകം പറയുന്നു. അസാമിസ് എഴുത്തുകാരന്‍ ദിനേശ് ചന്ദ്ര ഗോസ്വാമി, മലയാളികള്‍ക്കു പോലും സുപരിചിതനായ ദുര്‍ഗ്ഗാപ്രസാദ് ഖത്രി, മറാത്തി എഴുത്തുകാരന്‍ കിരണാഞ്ചാ പ്രകാശ് തുടങ്ങിയവരുടെയൊക്കെ സംഭാവനകകളിലൂടെ കണ്ണോടിക്കാനും ഡോ. അര്‍ച്ചന മറക്കുന്നില്ല. അടുത്ത അധ്യായത്തിലാകട്ടെ ഇന്ത്യയിലെ ശാസ്ത്ര പ്രചരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മാറ്റിവച്ചിരിക്കുന്നു. ഇതില്‍ ഇന്ത്യന്‍ ശാസ്ത്ര സിനിമകളെക്കുറിച്ചും പരാമര്‍ശിക്കുന്നു. 

 

 

ആറാം അധ്യായത്തിലാണ് മലയാള ശാസ്ത്ര രചനകളിലേക്ക് എത്തുന്നത്. ആദ്യകാല സംസ്‌കൃത കൃതികള്‍ അടക്കം മലയാളത്തെ എങ്ങനെ സ്വാധീനിച്ചു എന്നു പരിശോധിച്ചാണ് പുസ്തകം മുന്നേറുന്നത്. വരരുചിയുടെ 'ചന്ദവാക്യം' എന്ന കൃതിയെ ആണ് ഇത്തരത്തിലുള്ള ആദ്യ പുസ്തകമായി പരിഗണിക്കുന്നത്. ''ആദ്യകാല മാസികകള്‍ ശാസ്ത്രപ്രചാരണത്തിനുള്ള മുഖ്യോപാധിയായിരുന്നു. ഭാഷാപോഷിണിയില്‍ (1892) ഐ.സി. ചാക്കോ, ടി.കെ. ജോസഫ്, കെ.എം. മാത്തുപ്പിള്ള, എസ്. സുബ്രഹ്മണ്യയ്യര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ ശാസ്ത്ര ലേഖനങ്ങളെഴുതി. ഭാഷാപോഷിണി സഭാചര്‍ച്ചകളില്‍ ശാസ്ത്രം മുഖ്യയിനമായിരുന്നു,'' ഡോ. അര്‍ച്ചന എഴുതുന്നു. തുടര്‍ന്ന് മലയാളത്തിലെ ശാസ്ത്ര പ്രചാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലും ഗ്രന്ഥകാരി ഏര്‍പ്പെടുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രസക്തിയും എടുത്തുകാണിക്കുന്നു. 

 

 

മലയാളത്തിലെ ആദ്യ ശാസ്ത്ര കഥ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'ദ്വാരക' (1893) ആണെന്നു പുസ്തകം പറയുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ വികെഎന്‍ എഴുതിയ 'ഓട്ടോമേഷന്‍' (1997), 'ഗുരുത്വാകര്‍ഷണം' (1997) എന്നീ കഥകള്‍ ശാസ്ത്ര സാഹിത്യ വിഭാഗത്തില്‍ പെടുത്താവുന്നവയാണെന്ന് ഗ്രന്ഥകാരി പറയുന്നു. തോമസ് ജോസഫിന്റെ 'നക്ഷത്രക്കുഞ്ഞ്' (1996), വൈശാഖന്റെ ഹോമോസാപ്പിയം 2 (2001), സക്കറിയയുടെ 'മന്ത്രവാദം' (2001) തുടങ്ങി പല കഥകളും മലയാളത്തില്‍  ശാസ്ത്ര സാഹിത്യച്ചുവയുള്ളവയാണെന്ന് ഡോ. അര്‍ച്ചന ചൂണ്ടിക്കാണിക്കുന്നു. മലയാളത്തിലെ ശാസ്ത്ര കവിതകള്‍, ലേഖനങ്ങള്‍, ബാലസാഹിത്യ കൃതികള്‍, അപസര്‍പ്പക കൃതികള്‍, ശാസ്ത്ര സിനിമകള്‍ എന്നിവയും പരാമര്‍ശിച്ചു പോകുന്നു. ഉത്തരാധൂനികതയും ശാസ്ത്ര സാഹിത്യവും തമ്മിലുള്ള ബന്ധം എടുത്തു കാണിക്കാനായി ഒരു അധ്യായം തന്നെ ഈ പുസ്തകത്തില്‍ മാറ്റിവച്ചിട്ടുണ്ട്. ജനിതക ഭാവനകളെക്കുറിച്ചു പറയാനാണ് മറ്റൊരു അധ്യായം. അന്യഗ്രഹ ഭാവനകള്‍, സൈബര്‍ നോവലുകള്‍, ഭ്രമാത്മകപരിസരങ്ങള്‍ തുടങ്ങിയവ പരിശോധിക്കാനായും പുസ്തകത്തില്‍ ഓരോ അധ്യായം വീതം മാറ്റിവച്ചിട്ടുണ്ട്. 

 

 

'ശാസ്ത്രവും സമൂഹവും സി. രാധാകൃഷ്ണന്റെ നോവലുകളില്‍' എന്ന അധ്യായത്തില്‍, മരീചിക (1984), സ്പന്ദമാപിനികളെ നന്ദി (1986) എന്നിവയില്‍ തുടങ്ങി, അദ്ദേഹത്തിന്റെ സാഹിത്യപരവും, അല്ലാത്തതുമായ സംഭാവനകളെക്കുറിച്ചുള്ള അന്വേഷണമാണ് അടങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നോവലുകളെക്കുറിച്ചു പഠിച്ച ഡോ. എം. ലീലാവതിയുടെ അഭിപ്രായങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയില്‍ ഒന്നാമത്തേത്, 'ശാസ്ത്രം എന്ന മതമായിരിക്കണം ഭാവിലേകത്തെ ഭരിക്കുന്നത് എന്നതാണ്'. റോബോട്ടിക്‌സ് മലയാളത്തില്‍ എന്നാണ് മറ്റൊരു അധ്യായത്തിന്റെ പേര്. 

 

 

ഇ.പി. ശ്രീകുമാറിന്റെ 'മാറാമുദ്ര' ആണ് മലയാളത്തിലെ ആദ്യ ശാസ്ത്ര നോവല്‍ എന്ന അവകാശവാദത്തെക്കുറിച്ചും പുസ്തകം പരാമര്‍ശിക്കുന്നു. ഈ പുസ്തകത്തിനെഴുതിയ ആമുഖത്തില്‍, ''ആഗോള കഥാ, നോവല്‍ സാഹിത്യത്തിലെ ഏറ്റവും അസാധാരണമായ ഭാവനയുടെ മേഖലയാണ് സയന്‍സ് ഫിക്ഷന്‍. ഇന്ത്യന്‍ സാഹിത്യത്തില്‍ പൊതുവിലും, മലയാളത്തില്‍ പ്രത്യേകിച്ചും സയന്‍സ് ഫിക്ഷന്‍ അതിന്റെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്,'' എന്ന് പ്രമുഖ പ്രസാധകനായ രവി ഡി.സിയുടെ നിരീക്ഷണവും ഗ്രന്ഥകാരി എടുത്തെഴുതുന്നു. നാനോസാങ്കേതികവിദ്യയും ക്രയോണിക്‌സ് സംവിധാനവും മലയാളത്തിനു പരിചയപ്പെടുത്തുന്ന ആദ്യ നോവലാണ് ജി.ആര്‍. ഇന്ദുഗോപന്റെ ഐസ്196oC (2005) എന്ന് പറയുന്നു. ആധൂനികതയുടെ അവസാനവും ഉത്തരാധൂനികതയുടെ പ്രാരംഭഘട്ടത്തിലുമാണ് മലയാളത്തില്‍ ശാസ്ത്രാഖ്യാനങ്ങള്‍ കൂടുതല്‍ സജീവമാകുന്നത്, ഡോ. അര്‍ച്ചന നിരീക്ഷിക്കുന്നു. ഓരോ അധ്യായത്തിനും ഒടുവില്‍ കൊടുത്തിരിക്കുന്ന കുറിപ്പുകളും, തന്റെ പുസ്‌കതത്തിനായി നടത്തിയ ഗവേഷണത്തില്‍ സഹായകമായ പുസ്തകങ്ങളെക്കുറിച്ചുള്ള വിഭാഗവും, അനുബന്ധവും, സൂചികയും അടക്കമുള്ള ഭാഗങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് വളരെ സഹായകമാകും. 

 

 

ആംഗല പുസ്തകങ്ങളുടെ പേരുകള്‍ എഴുതുമ്പോള്‍ ചിലയിടങ്ങളില്‍ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ക്ക് ക്യാപ്പിറ്റല്‍ ലെറ്റര്‍ നല്‍കാതിരിക്കുക, 16-ാം പേജില്‍ മേരി ഷെലിയുടെ കൃതിയെ ഫ്രാങ്കന്‍സ്റ്റീന്‍ എന്നു വിളിക്കുകയും, 36-ാം പേജില്‍ അത് ഫ്രാങ്കന്‍സ്റ്റൈന്‍ ആയി മാറുകയും ചെയ്യുക തുടങ്ങിയ ഒഴിവാക്കാമായിരുന്ന ചില എഡിറ്റിങ് പിഴവുകള്‍ ഗ്രന്ഥത്തില്‍ കാണാം. പരാമര്‍ശിക്കുന്ന കൃതികളെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ എഴുതിയിരുന്നെങ്കില്‍ എന്നോ, കൂടുതല്‍ ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്നോ ഒക്കെ തോന്നാമെങ്കിലും, ശാസ്ത്ര സാഹിത്യത്തെക്കുറിച്ച് മലയാളത്തില്‍ വന്നിരിക്കുന്ന മികച്ച ഗ്രന്ഥങ്ങളിലൊന്നാണ് 'ശാസ്ത്ര നോവല്‍ മലയാളത്തില്‍ ചരിത്രം, വികാസം പരിണാമം' എന്ന പുസ്തകം എന്നു പറയാതെ വയ്യ. ഈ വിഷയത്തെക്കുറിച്ച് കുറച്ചു പേജുകളില്‍ അറിയാന്‍ സാധിക്കുന്നു എന്നതു തന്നെ ഇതിന്റെ മികവുകളിലൊന്നാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 160 പേജുള്ള പുസ്തകത്തിന് 110 രൂപയാണ് വിലയിട്ടിരിക്കുന്നത്. 

 

English Summary : Shasthra novel boog Written by Dr Archana A K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com