ADVERTISEMENT

പച്ചമരക്കാട്ടിൽ പൂത്തുനിന്ന ഒറ്റ മരം പോലെയായിരുന്നു നാസി. കൊമ്പുകളിൽ മാത്രമല്ല, തടിയിലും വേരുകളിലും പോലും പൂക്കൾ. പേരിന് ഒരു ഇല പോലും ഇല്ലാതെ. എന്നും എല്ലായ്‌പ്പോഴും ആ മരം അങ്ങനെതന്നെ എന്നു തോന്നിപ്പിച്ചുകൊണ്ട്. നേരത്തേയും ആ മരം കാട്ടിൽ ഉണ്ടായിരുന്നിരിക്കാം. പൂത്തിട്ടും കായ്ച്ചിട്ടുമുണ്ടായിരിക്കാം. എന്നാൽ, ഇതുപോലെ, ഇത്ര ഇടതൂർന്ന് പൂക്കൾ ഒരിക്കലും ഉണ്ടായിട്ടില്ലെന്നുറപ്പ്. നാസി ഇതാദ്യമല്ല സ്‌നേഹിക്കപ്പെടുന്നത്. സ്‌നേഹിക്കുന്നത്. സ്‌നേഹിക്കുന്ന വ്യക്തിക്കുവേണ്ടി വീടും നാടും പോലും ഉപേക്ഷിക്കുന്നത്. എന്നാൽ, ഇത്തവണ എല്ലാം പുതുതായിരുന്നു. ഇതാദ്യമായി അടിമുടി പൂത്ത മരം പോലെ നാസിയും പൂത്തുതളിർത്തു. ആത്മഹർഷത്തിൽ പുളകിതയായി. മുഖം സന്തോഷം കൊണ്ടു തിളങ്ങി. കണ്ണുകൾ പ്രകാശനാളങ്ങളായി. നടക്കുമ്പോൾ നൃത്തം ചെയ്യുകയാണെന്നുപോലും തോന്നിപ്പിച്ചു. മനസ്സു നിറയെ സ്‌നേഹം. എന്നാലോ, അവളാകുന്ന മരത്തിലെ പൂക്കൾക്കു കാരണക്കാരനായ സോളിനെ കാണാനേ ഇല്ലായിരുന്നു. സോൾ എന്ന സോളമനെ. അയാളെക്കുറിച്ച് അവസാനം കേട്ട കാര്യങ്ങൾ അത്ര ആഹ്ലാദിപ്പിക്കുന്നതുമായിരുന്നില്ല. തിനിക്കു പ്രണയത്തിൽ നിന്നു പുറത്തുകടക്കണം എന്നാണയാൾ പറഞ്ഞത്. കൊല്ലുന്ന പ്രണയത്തിൽ നിന്ന്. (ഏതു പ്രണയമാണോ ആവോ കൊല്ലാത്തത്). എന്നാൽ അതുപോലും നാസിയെ വിഷമിപ്പിച്ചില്ല. താൻ ആരെയും കെട്ടിയിടുന്നില്ലെന്ന് അവൾക്കറിയാമായിരുന്നു. പറഞ്ഞ വാക്കുകളെക്കുറിച്ച് ഓർമിപ്പിച്ചില്ല. 

 

വാഗ്ദാനങ്ങളെക്കുറിച്ചോർത്ത് വിഷാദിച്ചില്ല. എന്തേ വരാത്തതെന്നും കാത്തിരിക്കുകയാണെന്നും പരിഭവിച്ചുമില്ല. തന്നിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയെ എന്തിന് മറ്റെവിടെയെങ്കിലും തിരയണം. തന്നെത്തന്നെ നോക്കുന്ന കണ്ണുകളെ കാണുന്നില്ലെന്ന് നടിക്കണോ. തന്നെക്കുറിച്ചു മാത്രം വിചാരിക്കുന്ന ഹൃദയത്തിന്റെ തുടിപ്പ് അറിയാതിരിക്കണോ. ആ പ്രാണനിൽ കുറിച്ചിട്ട വാക്കുകൾ വായിച്ചിരിക്കുമ്പോൾ ജീവിതം സന്തോഷഭരിതം. ആനന്ദപൂർണം. തുറിച്ചുനോക്കിയ കണ്ണുകളെ അവഗണിച്ചു. സഹതപിച്ച മുഖങ്ങളിലേക്കു നോക്കിയതേയില്ല. ജീവിതത്തിൽ ലക്ഷ്യം നേടിയിരിക്കുന്നു എന്ന സന്തോഷമായിരുന്നു. സന്തോഷവതിയാണെന്നല്ല, ഭൂമിയിലെ ഏറ്റവും സന്തോഷവതി. ഏറ്റവും തീക്ഷ്ണമായി സ്‌നേഹിക്കെട്ടപ്പെട്ടതിന്റെ  അനുഭൂതിയിൽ ആദ്യം പുഷ്പിച്ച മരമായും പിന്നെ പൂക്കൾ മാത്രം നിറഞ്ഞ മരമായും മാറി. ദൂരെ നിന്നു നോക്കിയാൽ ഒരൊറ്റ പൂ എന്ന തോന്നിപ്പിക്കുന്ന മരം. അങ്ങനെ ഒരു മരമുണ്ടോ. അങ്ങനെ ഒരാൾ സ്‌നേഹിക്കപ്പെടുമോ. അസാന്നിധ്യത്തിലും നിറയുന്ന സ്‌നേഹത്തിന്റെ ആത്മവിനിവേദനം. സ്വയം സമർപ്പണ ഗീതകം. 

 

നാസി വ്യത്യസ്തയാകുന്നത് സ്‌നേഹം തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്യുന്നതിലെ ആഹ്ലാദം കൊണ്ടാണ്. അവൾ ഒറ്റപ്പെട്ട കഥാപാത്രമല്ല. 1950 കളിൽ ജീവിച്ചിരുന്ന മൂന്നു പെൺകുട്ടികൾ ജീവിച്ചിരുന്ന വീട് അവൾ സന്ദർശിക്കുന്നുണ്ട്. അവിടെവച്ച് അവരുടെ ആത്മാക്കളോട് സംസാരിക്കുന്നുണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ അവർ അവരുടെ കഥ പറയുന്നുമുണ്ട്. പ്രായമേറെയായിട്ടും അവിവാഹിതകളായി ജീവിച്ച മൂന്നു പെൺകുട്ടികളും സ്‌നേഹം യാഥാർഥ്യമാക്കാൻ വീട് ഉപേക്ഷിച്ച നാസിയും. പെൺകുട്ടികളുടെ വീട് വലുതാവുകയാണ്. ഒരു നാടും പ്രവിശ്യയും രാജ്യവും കടന്ന് ലോകത്തിലേക്ക്. വികസ്വരമാവുന്ന സ്‌നേഹം പോലെ. ആ കാഴ്ചയുടെ സന്തോഷവും താളവും ലയവും തീവ്രതയുമാണ് പെൺകുട്ടികളുടെ വീട് എന്ന നോവലിനെ വ്യത്യസ്തമാക്കുന്നത്. ഹെർബേറിയം എന്ന നോവലിനു ശേഷമുള്ള സോണിയ റഫീക്കിന്റെ ശ്രദ്ധേയ രചനയെ എണ്ണപ്പെട്ടതാക്കുന്നതും. 

 

ചരിത്രവും വർത്തമാനവുമുണ്ട് പെൺകുട്ടികളുടെ വീട്ടിൽ. ചരിത്രത്തിന്റെ ക്രൂര യാഥാർഥ്യങ്ങൾ വർത്തമാനത്തോട് ഏറ്റുമുട്ടുകയല്ല, മുഖാമുഖം നിന്ന് കഥ പറയുകയാണ്. ആ കഥയിൽ യുഎഇയുടെ ചരിത്രവും വർത്തമാനവുമുണ്ട്. കേരളത്തിന്റെ സമകാലിക സാഹചര്യങ്ങളുണ്ട്. മറ്റൊരാൾക്കുവേണ്ടി ഒരു എഴുത്തുകാരൻ എഴുതിയ നോവലും മറ്റാരും പറയാത്ത കഥയുമുണ്ട്. പുരുഷന്റെ മനസ്സും പെണ്ണിന്റെ ഹൃദയവുമുണ്ട്. വിരഹത്തിന്റെ ചൂടും സമാഗമത്തിന്റെ സന്തോഷവുമുണ്ട്. എല്ലാറ്റിലും ഉപരി, തോൽപിക്കപ്പെടാത്ത, തകർക്കപ്പെടാത്ത, വഞ്ചിക്കപ്പെടാത്ത സ്വയം സമ്പൂർണമായ സ്‌നേഹവുമുണ്ട്. 

 

എല്ലാ ആത്മസംഘർഷങ്ങളിലും ശാന്തിയേകിയിരുന്ന ബുദ്ധൻ ചോദിച്ചു. വീട് എന്നേ ഉപേക്ഷിച്ചവൻ ഞാൻ. വീണ്ടും എന്തിനെന്നെ നീ വീട്ടുതടങ്കലിലാക്കി. ലോകം മറ്റൊരു വീടല്ലേ ? മറുപടിയായി ബുദ്ധൻ ചിരിച്ചു. 

പ്രിയപ്പെട്ട ബുദ്ധാ, വീട് ഉപേക്ഷിക്കാൻ എളുപ്പമാണ്. തിരിച്ചുപിടിക്കുന്നതാണു ദുഷ്‌കരം !

 

ഞാൻ പുസ്തകത്തെയല്ല, പുസ്തകങ്ങൾ എന്നെയാണു വായിക്കാറ്. ഓരോ പേജ് മറിയുമ്പോഴും കഥാപാത്രങ്ങൾക്കും കഥാകാരനും മുന്നിൽ ഞാൻ വെളിപ്പെട്ടുകൊണ്ടേയിരിക്കും. ഒടുവിൽ, സ്വകാര്യത നഷ്ടമായിത്തുടങ്ങുമ്പോൾ മെല്ലെ പുസ്തകം അടച്ചുവയ്ക്കും. മുന്നൂറു താളുകളിൽ വിടരുന്നൊരു നോവൽ വായിച്ചാൽ അതിനുള്ളിൽ എത്രായിരം കണ്ണുകളാവും എന്നെ ചുറ്റിയലയുക. വേണ്ട. വായിക്കണ്ട. സ്വൈര്യം കിട്ടുമല്ലോ. അങ്ങനുള്ള എന്റെ കൈകളിലേക്കാണ് ഈ കൊറിയർ വന്നെത്തുന്നത്. ഒരു പുസ്തകം. 

 

അതു വെറുമൊരു പുസ്തകമല്ല. 

നാസിയുടെ പുസ്തകമാണ്. നാസിയ ഹസ്സന്റെ സ്വന്തം നോവൽ. എന്നാൽ എഴുതിയത് നാസിയല്ല. സ്വയമെഴുതാത്ത സ്വന്തം നോവൽ വായിക്കാനും അനുഭവിക്കാനും ഭാഗ്യം കിട്ടിയ യുവതി. പുസ്തകത്തിന്റെ പിൻചട്ടയിൽ എഴുത്തുകാരിയുടെ ചിത്രമുണ്ട്. നാസിയയുടെ സ്വന്തം ചിത്രം. ദുബായ് ജുമൈറ ബീച്ചിലെ സായാഹ്നത്തിൽ ദൂരെ നിന്നടുക്കുന്ന കപ്പൽ നോക്കിനിൽക്കുന്ന നാസിയ. താഴ്ന്നുകൊണ്ടിരിക്കുന്ന സൂര്യന്റെ ഓറഞ്ച് നിറമാണു കവിളുകളിൽ. കടൽക്കാറ്റിൽ പാറുന്ന മുടിയിഴകൾ. കണ്ണുകളിൽ കാണുന്ന പ്രത്യേക പ്രകാശത്തിനുടമയാണ് ഈ ചിത്രം പകർത്തിയത്. അയാളാണു നാസിയ പറഞ്ഞ കഥ എഴുതിയത്. നാസിയയുടെ സ്വന്തം കഥയും ജീവിതവും. 

 

18-ാം വയസ്സിൽ ഇഷ്ടപ്പെട്ട പുരുഷനൊത്ത് ജീവിക്കാൻ വീട്ടിൽ നിന്നിറങ്ങിയാണ് നാസിയ യുഎഇയിൽ എത്തുന്നത്. എന്നാൽ അവിടെ ഒരു അദ്ഭുതം അവളെ കാത്തിരുന്നു. സോൾ എന്ന സോളമൻ. അവരുടെ പ്രണയത്തിൽനിന്നാണ് ആ പുസ്തകം രൂപപ്പെട്ടത്. ബൈത് അൽ ബനാത് എന്ന നോവൽ. നാസിയ ദുബായ് മെട്രോയിൽ ഇരുന്ന് സ്വന്തം പുസ്തകം രഹസ്യമായി വായിക്കാൻ തുടങ്ങവെ, നോവലിനുള്ളിൽ മറ്റൊരു നോവൽ തുടങ്ങുകയായി. 

 

ദുബായ് ക്രീക്കിനു സമീപമുള്ള ഗോൾഡ് സൂക്ക് കമ്പോളത്തിലെ അവിചാരിതമായ കാഴ്ചയാണ് വിമൻസ് മ്യൂസിയം എന്ന ചൂണ്ടുപലക. പെണ്ണുങ്ങൾക്കായി ഒരു മ്യൂസിയം. 1950 കളിൽ പണി കഴിപ്പിച്ചതാണ് ആ കെട്ടിടം. ബൈത് അൽ ബനാത് എന്നാണു പ്രദേശ വാസികൾ കെട്ടിടത്തെ വിളിച്ചിരുന്നത്. അവിവാഹിതരായ മൂന്നു സഹോദരിമാർ താമസിച്ചിരുന്ന വീട്. 2012 ൽ അത് വിമൻസ് മ്യൂസിയമായി. വീട്ടിൽ നിന്നിറങ്ങാൻ മടിച്ച പെൺകുട്ടികളുടെ വീടിന്റെ രൂപാന്തരം. 1950 കളിൽ ജീവിച്ചിരുന്ന മൂന്ന് അറബിപ്പെണ്ണുങ്ങളുടെ പ്രണയവും പിടപ്പും കലാപവും നാസിയ അറിയുന്നു. ഏറ്റവും പ്രിയപ്പെട്ടൊരാൾക്കൊപ്പം മ്യൂസിയത്തിൽ ആദ്യമായി പ്രവേശിച്ച നാൾ മുതൽ. എങ്ങനെയൊക്കെയോ അരനൂറ്റാണ്ടിലേറെ കടന്ന്, മൂന്നു പെൺകുട്ടികളുടെ ജീവിതം നാസിയയുടെ ജീവിതവുമായി കൂടിക്കലരുന്നു. കെട്ടുപിണയുന്നു. അതു നോവലായും നോവലിലെ ജീവിതമായും നോവലിനു ശേഷവും അവശേഷിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന നോവായും മാറുന്നു. 

 

1950 കളിലെ യുഎഇ ഇന്നു കഥകളിൽപ്പോലും അവിശ്വസനീയമായ നാടാണ്. മുത്തും പവിഴവും തേടാനിറങ്ങിയ ഭാഗ്യാന്വേഷികളുടെ കൊച്ചുതുരത്ത്. ലോകത്തെ അമ്പരിപ്പിച്ച അംബരചുംബികൾ ഉയരുന്നതിനു മുമ്പുള്ള നാട്. എണ്ണ എന്ന വരദാനം കണ്ടെടുക്കും മുമ്പുള്ള കാലം. എന്നാൽ കാലവും ചരിത്രവും നിവർത്തിയിടുന്ന പശ്ചാത്തലത്തിൽ നിന്ന് പെണ്ണിന്റെ വിധിയും നിയോഗവും 7 പതിറ്റാണ്ടിനുശേഷവും ദുരൂഹമായ വിധത്തിൽ മാറ്റമില്ലാതെ തുടരുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ മടിക്കുന്നു പെൺകുട്ടികൾ. വീട്ടിൽ നിന് എന്നെന്നേക്കുമായി ഇറങ്ങിത്തിരിക്കുന്നവർ പോലും മറ്റ് വീടുകളിൽ അഭയം തേടുന്നു. അഭയം നൽകേണ്ട വീട് തന്നെ തടവായി മാറുമ്പോൾ നിലവിളി പോലും നിശ്ശബ്ദമാക്കപ്പെടുന്നു. 

 

മുറിച്ചുമാറ്റപ്പെട്ട ഹൃദയത്തിന്റെ വേദനയിലും ചിരിക്കുന്ന മുഖം മാത്രമാണ് ബാക്കിയാകുന്നത്. അതു നാസിയയുടെ മുഖം മാത്രമല്ല. എല്ലാ പെൺകുട്ടികളുടെയും മുഖം കൂടിയാണ്. പ്രണയം എന്ന ജീവശ്വാസത്തിനുവേണ്ടി പിടയുകയും ലഭിക്കാതെവരുമ്പോൾ ശ്വാസം മുട്ടുകയും മരീചിക പോലെ പ്രലോഭിപ്പിക്കുന്ന മുഖത്തിനു പിന്നാലെ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ കഥ. അല്ലെങ്കിൽ ഏതു പ്രണയമാണ് യാഥാർഥ്യം. എല്ലാ പ്രണയവും അവ്യക്തവും അദൃശ്യവും നിലനിൽപില്ലാത്തതുമല്ലേ. നിലനിൽപിനു വേണ്ടി നടത്തുന്ന കസർത്തുകളെയും ജീവിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങളെയും പ്രണയത്തിന്റെ പേര് വിളിച്ച് അപമാനിക്കുമ്പോഴും നാസി കാത്തിരിക്കുന്നു. ഈ പ്രണയത്തിൽ നിന്ന് എനിക്കു മോചനമില്ലേ എന്നതിശയിച്ച, പ്രണയച്ചങ്ങലയിൽ കുരുങ്ങാനും അതിൽനിന്ന് രക്ഷപ്പെടാനും ഒരേസമയം കൊതിച്ച സോളിനു വേണ്ടി. 

 

പ്രണയം ചങ്ങലയാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് സോണിയ റഫീക്കിന്റെ നോവൽ. ആകാശം പോലെ അതിരില്ലാത്തതാണെങ്കിലും അതെന്തേ മനുഷ്യരെ ചങ്ങലയിൽ തളയ്ക്കുന്നു. കടൽ പോലെ ആഴമെഴാത്തതെങ്കിലും എന്തേ ആർക്കും ഒന്നു മുങ്ങിക്കയറാൻ പോലും കഴിയാത്തത്. നിലാവു പോലെ സൗമ്യവും മൃദുലവുമെങ്കിലും പ്രണയം പരുക്കനാകുന്നതെന്തേ. എന്നും നിലനിൽക്കുന്ന വേദനമാത്രമാണത്, നാസിയ ഹർഷോൻമാദത്തോടെ അനുഭവിക്കുന്നതുപോലെ. 

 

സൗകര്യപ്രദമായ വീട്ടിൽ എല്ലാ സൗകര്യങ്ങളോടെയും സന്തോഷനിർഭരമായി ആസ്വദിച്ചുതീർക്കാനാവുന്നതല്ല പ്രണയം. എത്ര നീണ്ട കാത്തിരിപ്പിനുമൊടുവിലുള്ള സമാഗമത്തിൽ അലിഞ്ഞുതീരുന്നതുമല്ല. ആ ദാഹം ഒരിക്കലും ശമിക്കുന്നില്ല. എത്ര മഴ പെയ്തിട്ടും നിറയാത്ത കടലുപോലെ. വീടും തടവുമല്ല പ്രണയം. ആകാശവും ആഴിയുമല്ല. വെളിച്ചവും നിലാവുമല്ല. രാത്രിയും പകലുമല്ല. പൂ വിരിയുന്ന ശബ്ദം പോൽ നേർത്തതെങ്കിലും ഹൃദയം പിളർക്കുന്ന കഠാര പോൽ മൂർച്ചയേറിയത്. 

 

നാസിയ ലോകത്തിന്റെ കണ്ണിൽ കരടാണ്. വഴി പിഴച്ചവളാണ്. രണ്ടു വീട്ടിൽ നിന്നിറങ്ങിയിട്ടും വീടില്ലാത്തവളാണ്. അവളെ പരിഹസിക്കാം. കുറ്റപ്പെടുത്താം. എന്നാൽ ്അവഗണിക്കാനാവില്ല. നാസിയയോടു ചോദിക്കൂ... പ്രണയം എന്താണെന്ന്. 

 

നീ ഹാപ്പിയല്ലേ... അവൾ എന്റെ തോളിൽ കയ്യിട്ടു ചേർത്തുപിടിച്ചു ചോദിച്ചു. 

അതേ, ദ് ഹാപ്പിയസ്റ്റ് വുമൺ ഇൻ ദ് വേൾഡ്.

അതു മതി. അതു മാത്രം മതി.... 

 

Content Summary: Penkuttikalude Veedu book written by Sonia Rafeek 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com