ADVERTISEMENT

അപ് മാർക്കറ്റിങ് ഫിക്‌ഷൻ എന്നൊരു സാഹിത്യ വിഭാഗം തന്നെ ഈയിടെയായി നിലവിൽ വന്നിരിക്കുന്നു. പുസ്തക വിപണിയെ ഉയർത്തി നിർത്താൻ സഹായിക്കുന്ന തരം ഫിക്‌ഷൻ പുസ്തകങ്ങളാണ് ഇവ. ജനപ്രിയ സാഹിത്യ പുസ്തകങ്ങളെയാണ് ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. അതിൽപെട്ട പുതിയ പുസ്തകങ്ങളിലൊന്നാണ് അനൂപ് എസ്.പി.യുടെ ‘അന്വേഷണചൊവ്വ’ എന്ന നോവൽ. 

 

കുറ്റാന്വേഷണ സാഹിത്യമെന്ന ഴോണറിൽ വരുന്ന പുസ്തകം, പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ശൈലിയിൽനിന്ന് ഒരുപാട് വഴിമാറി നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഇത്തരം കൃതികൾക്ക് അപ് മാർക്കറ്റിങ് ഫിക്‌ഷൻ എന്നൊരു പേരും കൽപിക്കപ്പെട്ടിരിക്കുന്നത്. ജനപ്രിയ വിഷയങ്ങളിൽ സാഹിത്യ പരതയും കൂടി ചേർക്കപ്പെട്ടിരിക്കുന്നു ഇത്തരം രചനകളിൽ. 

 

അന്വേഷണച്ചൊവ്വ ഒരു അന്വേഷണമാണ്. ഇതേ പേരുള്ള ഒരു യൂട്യൂബ് ചാനൽ പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്ന അനന്ദു, നന്ദൻ, ധ്രുവൻ എന്നീ മൂന്നു സുഹൃത്തുക്കളിലൂടെയാണ് കഥ തുടങ്ങുന്നതും വികസിക്കുന്നതും. കുറ്റകൃത്യങ്ങളെ കണ്ടെത്തുകയും അന്വേഷിക്കുകയുമാണ് അന്വേഷണച്ചൊവ്വയുടെ ലക്ഷ്യം. പക്ഷേ ഇതുവരെ യൂട്യൂബ് ചാനലിനെ കിടിലം കൊള്ളിക്കുന്ന ഒരു ക്രൈം സ്റ്റോറി അവർക്ക് ലഭിച്ചിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് യാദൃച്ഛികമായി രമ്യയുടെ മരണം അവർക്ക് വീണു കിട്ടുന്നത്. ആ മരണത്തെ പിന്തുടരാൻ തീരുമാനിക്കുകയാണ് മൂന്നു പേരും. 

 

അനന്ദു എന്ന മുപ്പത്തിയഞ്ചുകാരന്റെ ജീവിതത്തിലേക്ക് സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നതോടെയാണ് ആ മൂന്നു സുഹൃത്തുക്കളുടെയും ജീവിതം മാറാൻ തുടങ്ങുന്നത്. വിവാഹം ഒരു സ്വപ്നവും ആവശ്യവുമായി മാറിയ അനന്ദുവിന്‌ സ്റ്റെല്ലയുമായുള്ള സമാഗമം പ്രതീക്ഷയായിരുന്നു. എന്നാൽ ഒരുപാട് നിഗൂഢതകളുള്ള സ്റ്റെല്ലയെ സുഹൃത്തുക്കൾ ആദ്യം മുതൽ തന്നെ അത്ര വിശ്വസിക്കുന്നില്ല. എന്താണ് സ്റ്റെല്ലയുടെ ജീവിതത്തിലെ രഹസ്യങ്ങൾ? അത് എങ്ങനെയാണ് മൂന്നു സുഹൃത്തുക്കളുടെ ജീവിതത്തെ അടിമുടി ഉടച്ചുവാർക്കുന്നത്? രമ്യയുടെ മരണവുമായി ഇനിലെന്താണ് ബന്ധം? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരവുമാണ് ഈ കഥയിലെ അന്വേഷണങ്ങൾ. 

 

അത്ര എളുപ്പത്തിലല്ല നോവലിൽ അന്വേഷണം പറഞ്ഞു പോകുന്നത്. വ്യക്തിയുടെ മാനസികവിക്ഷോഭങ്ങൾ എങ്ങനെ കുറ്റകൃത്യങ്ങളെ സ്വാധീനിക്കും എന്ന് ചില കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കാം. കുറ്റാന്വേഷണം എന്നത് നേർരേഖയിൽ പോകുന്ന ഒന്നല്ല, മറിച്ച് ഒരു കുറ്റകൃത്യത്തിലേക്ക് സ്വാഭാവികമായി എത്തുക, അതുവഴി അന്വേഷണത്തിന്റെ ഭാഗമാവുക, അത് തെളിയുന്നതോടെ രഹസ്യങ്ങളുടെ ഒരു കെട്ട് തന്നെ അഴിഞ്ഞു വീഴുക, ഇതാണ് ഇവിടെ സംഭവിക്കുന്നത്. പൊലീസ് അന്വേഷണം സമാന്തരമായി ഉണ്ടെങ്കിലും അനന്തുവിന്റെ ജീവിതത്തിലൂടെയാണ് മരണവും കണ്ടെത്തലും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ അപ് മാർക്കറ്റ് ഫിക്‌ഷൻ എന്ന സാഹിത്യ സങ്കേതം അന്വേഷണച്ചൊവ്വയിലൂടെ കരുത്താർജ്ജിക്കുന്നുണ്ട്. 

 

ലെസ്ബിയനിസം, ഗെയിസം തുടങ്ങിയ വിഷയങ്ങളെ ഏറ്റവും കൂടുതൽ വിഷയാധിഷ്ഠിതമായി സംസാരിക്കുന്ന കാലമാണ്. എന്താണ് അവസ്ഥ എന്നതു മനസ്സിലാക്കാനും അനുഭാവപൂർവം പെരുമാറാനും അംഗീകരിക്കാനുമാണ് സമൂഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്വേഷണച്ചൊവ്വയിൽ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും പുരോഗമന ആശയങ്ങളുടെ അതിരിൽ പോലും കയറി നിൽക്കാതെയുള്ള മനോഭാവമാണ് ഇതിലെ കഥാപാത്രങ്ങൾക്ക് എന്നുള്ളതാണ് നോവലിലെ സാമൂഹികമായ നിലപാടുകളെക്കുറിച്ച് പറയേണ്ടത്. കഥാപാത്രങ്ങളും എഴുത്തുകാരനും തമ്മിലുള്ള ഇരിപ്പുവശങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു, പക്ഷേ ഇപ്പോഴും ഈ വിഷയത്തിൽ അറിവുകേടുള്ള നിരവധി മനുഷ്യർ ചുറ്റുമുള്ളതു കൊണ്ടുതന്നെ കഥാഗതിയുടെ വഴികൾ തെറ്റെന്നു പറയാനാകില്ല. അതുകൊണ്ട് അന്വേഷണച് ചൊവ്വ ഒരു കുറ്റാന്വേഷണ നോവൽ എന്ന നിലയ്ക്കുമപ്പുറം ചർച്ചയ്ക്കുള്ള പ്രസക്തി ബാക്കി വയ്ക്കുന്ന ഒരു പുസ്തകവും കൂടെയാണ്. 

 

അനൂപ് എസ്.പി.യുടെ ആദ്യത്തെ പുസ്തകമാണ് അന്വേഷണച്ചൊവ്വ. പക്ഷേ ഒരു തുടക്കക്കാരന്റെ പതർച്ചകൾ ഒന്നുമേ എടുത്തു പറയാനില്ല. വ്യത്യസ്തമായ, തനതായ ശൈലിയിൽ ജീവിതവും അന്വേഷണവും പറഞ്ഞു പോകുന്നുണ്ട്. കുറ്റം ചെയ്യുക, അത് അന്വേഷിക്കുക എന്നതിനേക്കാൾ അതിലേക്ക് എത്തുന്ന സാഹചര്യമാണ് എഴുത്തിലുള്ളത്. അവസാന പേജു വരെ ആകാംക്ഷ നിറച്ച്, കുറ്റകൃത്യത്തെയും കുറ്റവാളിയെയും വായനക്കാരൻ പിന്തുടരും. കണ്ടു പഴകിയ രീതിയല്ല കൊലപാതക വിവരണത്തിലും അനൂപ് ഉപയോഗിച്ചിരിക്കുന്നത്.  പുതിയ കാല എഴുത്തുകാരും വായനക്കാരും പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമുള്ളവർ ആയതിനാൽ ഇത്തരം പുസ്തകങ്ങൾ വിപണിയിൽ ചലനമുണ്ടാക്കുമെന്നുറപ്പാണ്. 

 

Content Summary: Anweshana chovva book written by Anoop SP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com