ADVERTISEMENT

ജീവിച്ചിരിക്കുന്നു എന്ന് വായനക്കാർ വിശ്വസിച്ച സാങ്കല്പിക കഥാപാത്രങ്ങൾ കുറവാണ്, പക്ഷേ അങ്ങനെ വിശ്വസിക്കപ്പെടുന്ന ഒരു പ്രമുഖനാണ് ഷെര്‍ലക് ഹോംസ്. ഒരുപക്ഷേ ആർതർ കൊനാൻ ഡോയൽ എന്ന സ്രഷ്ടാവിനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഒരു പുസ്തകത്തിന്റെ എഴുത്തുകാരനെക്കാൾ കഥാപാത്രം അറിയപ്പെടുക എന്നത് ഹോംസിലൂടെയാണുണ്ടായത്. അതിനു കാരണം ആ കഥാപാത്രം വായനക്കാരുടെ ചിന്തകളിലുണ്ടാക്കിയ ഓളമായിരുന്നു. ഒരു കുറ്റം സംഭവിക്കപ്പെടുന്നു, അതിൽ ഇടപെടാൻ ഡോക്ടർ വാട്സനൊപ്പം ഡിറ്റക്ടീവ് ആയ ഷെർലക് ഹോംസ് ഇറങ്ങുന്നു. അയാളുടെ ബുദ്ധിയും തീവ്രമായ വേഗതയും അസാമാന്യമായ നിരീക്ഷണവും വാനോളം പ്രശംസിക്കപ്പെട്ടു. അതൊരു സീരീസ് കഥയായപ്പോൾ അത്തരത്തിലൊരാൾ ശരിക്കും ജീവിച്ചിരിപ്പുണ്ടെന്നു കരുതി വായനക്കാർ ഹോംസിന് കത്തുകളെഴുതാൻ തുടങ്ങി. ഒടുവിൽ കഥാപാത്രത്തിന്റെ ഭാരം സഹിക്കാനാകാതെയാവണം ഡോയൽ ഹോംസിനെ കൊലപ്പെടുത്തിയത്. എന്നാൽ പ്രേക്ഷകരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് അദ്ദേഹം ഹോംസിനെ പുനഃസൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. 

 

ഷെർലക് ഹോംസ് ഇന്നും വായനക്കാർക്ക് പ്രിയപ്പെട്ട കഥാപാത്രമാണ്. വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ പറ്റിയ പേരുമാണ്. അതിനു ശേഷം നിരവധി കുറ്റാന്വേഷകർ വന്നിട്ടുണ്ടെങ്കിലും ഹോംസിന്റെ സ്വീകാര്യത മറ്റാർക്കും അവകാശപ്പെടാനില്ല. മലയാളത്തിൽ വർഷങ്ങൾക്കു ശേഷം കോട്ടയം പുഷ്പനാഥ് എഴുതിയ പുഷ്പരാജ് എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തു. എത്ര വർഷങ്ങൾ കഴിഞ്ഞാലും പുഷ്പരാജ് വായിക്കപ്പെടുക തന്നെ ചെയ്യും. അതിനു ശേഷം മുപ്പതോളം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, മലയാളം കുറ്റാന്വേഷണ സാഹിത്യത്തിൽ തനത് ഇടം കണ്ടെത്തിയിരിക്കുന്നു. അങ്ങനെയൊടുവിൽ ഹോംസിനെപ്പോലെ സൂക്ഷ്മ ബുദ്ധിയും നിരീക്ഷണ പാടവവുമുള്ള മറ്റൊരു ഡിറ്റക്ടീവ് മലയാളത്തിലെത്തിയിരിക്കുന്നു. അലക്സി എന്നാണയാളുടെ പേര്. രഞ്ജു കിളിമാനൂരിന്റെ പ്രിയപ്പെട്ട കഥാപാത്രമായ അലക്സി ഇപ്പോൾ വായനക്കാരുടേതുമായി കഴിഞ്ഞിരിക്കുന്നു. 

 

അലക്സി കഥകൾ എന്ന ഒരുപിടി കുറ്റാന്വേഷണ കഥകൾ ഒരുപാടു വായനക്കാരുടെ ആശംസകളും അംഗീകാരങ്ങളും പരിഹാസങ്ങളും ഒക്കെ ഏറ്റു വാങ്ങിയിട്ടുണ്ട്. അലക്സി കഥകളുടെ അടുത്ത ഘട്ടമെന്ന നിലയിൽ അലക്സിയും അദ്ദേഹത്തിന്റെ സഹായി ജോണും ചേർന്നുള്ള അന്വേഷണം ഒരു നോവൽ ഫോർമാറ്റിൽ എഴുതിയ രഞ്ജുവിന്റെ പുതിയ പുസ്തകമാണ് ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും. 

 

ആന്റീക്സ് വിൽപ്പന ശാലയിലെ സുനിലിന്റെ കമ്പനിയിൽ ഒരു ദിവസം രാവിലെ ഒരു ചില്ല് ഗ്ലാസിൽ രണ്ടു മുറിഞ്ഞ വിരലുകൾ കാണപ്പെടുന്നു. എന്നാൽ അതാരാണ് അവിടെ കൊണ്ട് വച്ചത് എന്നു വെളിപ്പെടുത്താൻ തക്ക വിധത്തിലുള്ള യാതൊരു വിധ തെളിവുകളും അവിടെയുണ്ടായിരുന്നില്ല. സി സി ടിവി പോലും ഫാബ്രിക്കേറ്റ് ചെയ്യുന്ന അജ്ഞാതനായ ആ കൊലയാളി എവിടെയാണ് മറഞ്ഞിരിക്കുന്നത് എന്ന് കണ്ടു പിടിക്കാൻ അത്ര എളുപ്പമല്ല. ഒരേ രീതിയിൽ രണ്ടു പെൺകുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്, പക്ഷേ ഇവർക്ക് രണ്ടു പേർക്കും കടയുടമയായ സുനിലുമായി ബന്ധമോ പരിചയമോ ഇല്ല താനും. അവിടെയാണ് ഡിറ്റക്ടീവ് അലക്സിയും അദ്ദേഹത്തിന്റെ സുഹൃത്ത് ജോണും കേസ് ഏറ്റെടുക്കുന്നത്. 

 

ഹോംസിനെപ്പോലെ തന്നെ ചില ബോറൻ സ്വഭാവങ്ങൾ അലക്സിയ്ക്കുമുണ്ട്. സ്വന്തമായി അന്വേഷിക്കുന്ന കേസുകളിൽ സഹായി ജോണിനും അയാളുടേതായ ഇടങ്ങൾ കൊടുക്കുമെങ്കിലും അതിനപ്പുറം സത്യങ്ങൾ കണ്ടെത്തുകയും അതിന്റെ പേരിൽ കൂടെയുള്ളവരെ കൊച്ചാക്കുകയും ചെയ്യുന്ന സ്വഭാവം അലക്സിക്കുണ്ട്. ഒരു മിടുക്കനായ ആത്മവിശ്വാസമുള്ള കുറ്റാന്വേഷകന് ഇത്തരത്തിലുള്ള ചില സ്വഭാവങ്ങളുണ്ടാകുമെന്നു ഹോംസ് വായനക്കാരെ പഠിപ്പിച്ചിട്ടുമുണ്ടല്ലോ. എന്ത് തന്നെയായാലും വിജയം എല്ലായ്പ്പോഴും അലക്സിക്കൊപ്പമുണ്ട്. അതിലേയ്ക്ക് അയാളെത്തുന്ന വഴിയാണ് കൗതുകം. 

 

മോറിയർട്ടിയെപ്പോലെ കരുത്തുള്ള സ്ഥിരം കുറ്റവാളി തല്ക്കാലം അലക്സിയുടെ പിന്നാലെയില്ലെങ്കിലും അങ്ങനെയൊരാൾ വന്നുകൂടായ്‌കയില്ല. പക്ഷേ കേരളം പോലെയൊരു സംസ്ഥാനത്തിന്റെ ചില പരിധികൾ രഞ്ജുവിന്റെ നോവലിലുമുണ്ട്. അതിനെ നോക്കിക്കൊണ്ട് മാത്രമേ ഈ നാട്ടിൽ അങ്ങനെയൊരു അന്വേഷണം നടക്കുകയുമുള്ളൂ എന്നത് യാഥാർഥ്യവുമാണല്ലോ. എന്തിനാണ് ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും എന്ന പേര് പുസ്തകത്തിന് എന്ന് ചോദിച്ചാൽ, നോവലിന്റെ അവസാന അധ്യായമാണ് അതിനുത്തരം. അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമൊക്കെ അപ്പുറം ജോണിന്റെ ചുറ്റും ഉരുണ്ടു കൂടുന്ന ഒരു ലോകമുണ്ട്. അവിടെ കാലവും ദേശവും ഇല്ലാതാകുന്നു. മുൻപിൽ അന്വേഷണ കുതുകികളുടെ ത്വര മാത്രം ബാക്കി നിൽക്കുന്നു. ആ വായന ഒരു രോമാഞ്ചവുമായിത്തീരുന്നു. അലെക്സിയുടെ അന്വേഷണങ്ങൾ തുടങ്ങിയിട്ടേയുള്ളൂ, അയാളുടെ ആരാധകരുടെ എണ്ണം കൂടി വരുന്നു. ഇനിയും അലെക്സിയ്ക്ക് അന്വേഷണം തുടർന്നേ മതിയാകൂ. 

 

‘‘എന്റെ ബുദ്ധിയുടെ മൂന്നു മടങ്ങ് പ്രയോഗിച്ചാണ് ഞാൻ അലക്സിയെ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരുപാടു ഗവേഷണങ്ങളും ഇതിലുണ്ട്’’, എഴുത്തുകാരൻ രഞ്ജു കിളിമാനൂർ പറയുന്നു. അദ്ദേഹം നടത്തിയ ഗവേഷണങ്ങളുടെ പ്രതിഫലനം തന്നെയാണ് അലക്സിയെ ഇത്ര ജനപ്രിയനാക്കുന്നത്. ഭാവിയിൽ രഞ്ജു എന്ന പേരിനേക്കാൾ അലക്സി അറിയപ്പെട്ടേക്കാം, അതല്ലേ ഒരു എഴുത്തുകാരന് കിട്ടുന്ന ഭാഗ്യം! 

 

Content Summary: Sherlock Holmesum Murinja Viralukalum book written by Ranju Kilimanoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com