ADVERTISEMENT

വേരുകൾ ഇലകളോടു ജലം ചോദിക്കും

ഇലകൾ മേഘങ്ങളോടും.

പിന്നെ പെയ്യാതിരിക്കാൻ അവയ്ക്കാവില്ലല്ലോ...

 

മണ്ണുടൽ എന്ന നോവൽ അവസാനിക്കുന്നത് ഈ വരികളോടെയാണ്. അവസാനപേജിൽ ഇങ്ങനെ വായിച്ചു പുസ്തകം മടക്കുമ്പോൾ ഒന്നുറപ്പിക്കാം.  ഇത് ഒരു അവസാനമല്ല. ഇലകൾ ചോദിക്കുമ്പോൾ പെയ്യുന്ന മഴപോലെ, മനസ്സിലേക്കു തണുപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതുമായ വാക്കുകളുടെ തുടർപ്പെയ്ത്തിന്റെ തുടക്കം മാത്രം. 

 

എല്ലാം അവസാനിച്ചെന്നു കരുതുന്നിടത്തു നിന്നു ദൂരേയ്ക്കു നോക്കുക. നമുക്കായി സ്നേഹജാലകങ്ങൾ  തുറന്നു കിടക്കുന്നു മുൻപിൽ. 

ജീവിതത്തിനും ജീവനും പുതുമയുള്ളൊരു ദർശനം പകരുന്നതാണു മണ്ണുടൽ പേജുകൾ. സഹജീവികളും കൂടപ്പിറപ്പുകളും ചുറ്റുവട്ടവുമായെല്ലാം  സ്‌നേഹത്തിന്റെ പുതുസമവാക്യങ്ങൾ രൂപീകരിക്കും  വായിച്ചു മുന്നേറും തോറും നമ്മുടെ ഉള്ളം. ജീവിതം എന്ന വിസ്മയത്തെ അതിന്റെ എല്ലാ സൗന്ദര്യങ്ങളോടെയും അവതരിപ്പിച്ചിട്ടുണ്ടു മണ്ണുടലിൽ ഗ്രന്ഥകാരൻ സിബി ജോൺ തൂവൽ.

 

എത്ര വലിയ ആൾക്കൂട്ടവും ചുറ്റുമുണ്ടെങ്കിലും നമ്മൾ ഏകരാണെന്നു പലപ്പോഴും തോന്നാറില്ലേ. വനത്തിനുള്ളിലെ ഒറ്റമരത്തിന്റെ ആ ഏകാന്തത? ഇളംകാറ്റുപോലും എത്തിനോക്കാത്ത ചില്ലകളുടെ ആ ഒറ്റപ്പെട്ടൽ. എന്നാൽ  നമ്മൾ അറിയുന്നതും അറിയാത്തതുമായി അനേകം കൂടപ്പിറപ്പുകൾ  നമുക്ക് ഈ പ്രപഞ്ചത്തിലുണ്ട്. നാമാരും ഒറ്റയ്ക്കല്ല.

 

നമുക്കു ചുറ്റും- കാട്ടിലും കടലിലും ആകാശത്തുമുണ്ടു ധാരാളം കൂടപ്പിറപ്പുകൾ. നാം കാണാറില്ലെന്നും അറിയാറില്ലെന്നും മാത്രം. ഇത്തരമൊരു പുതിയ സ്‌നേഹസമവാക്യത്തിൽ കോർത്തിണക്കിയതാണു മണ്ണുടലിന്റെ പേജുകൾ. മണ്ണിൽ നിന്നു വന്നവനാണു മനുഷ്യൻ എന്നാണു സങ്കൽപം. തിരികെ ഈ പ്രപഞ്ചത്തിലേക്ക് അലിയും. ജനനത്തിനും മരണത്തിനും ഇടയിലുളള കാലഘട്ടം. അതിൽ നാം എങ്ങനെ ജീവിക്കുന്നു. ജീവിതം എന്നു പേരിട്ടു വിളിച്ചു നാം ചെലവിട്ടു തീർക്കുന്ന ഏതാനും നിമിഷങ്ങൾ. ആദ്യശ്വാസത്തിനും അവസാന നിശ്വാസത്തിനും ഇടയിലുള്ള ചില നിമിഷങ്ങൾ.

ആ നിമിഷങ്ങളിലൂടെയുള്ള യാത്രയിൽ പരസ്പരം ലാളിക്കുകയും പ്രലോഭിപ്പിക്കുകയും വെറുക്കുകയും ചെയ്യുന്ന ജീവിതങ്ങളെ വരച്ചുകാട്ടുകയാണു മനോഹരമായ വരികളിലൂടെ മണ്ണുടൽ. കാവ്യാത്മകങ്ങളായ നിരവധി വരികളുണ്ട് മണ്ണുടലിൽ.

‘മറ്റെതോ തോട്ടത്തിലേക്കു പറിച്ചുനടാൻ 

നഴ്‌സറികളിൽ നട്ടുനനച്ചു വളർത്തുന്ന

തൈകളാണോ... പെൺകുട്ടികൾ...’

 

നോവലിൽ ഒരു കഥാപാത്രം ഇങ്ങനെ ചോദിക്കുന്നുണ്ട്. ഈ കാലഘട്ടത്തിൽ അനേകം പേർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യം. സാമൂഹിക പ്രസക്തമായ ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ മണ്ണുടൽ വായനക്കാരനു മുൻപിൽ ഉയർത്തുന്നു. കാലം കടന്നുപോകും തോറും കൂടുതൽ പ്രസക്തമാകുന്ന ചോദ്യങ്ങൾ.

 

‘വിത്തുകൾക്കും വാക്കുകൾക്കും വല്ലാത്ത സാമ്യമുണ്ട്. രണ്ടും എവിടെ നിന്നു വരുന്നെന്ന് അറിയില്ല എന്തായി തീരുമെന്നും...’

നോവലിൽ ഇങ്ങനെ വായിച്ചു കഴിയുമ്പോൾ ഒരുവേള നാം നിശബ്ദരാകും. വിത്തും വാക്കുകളും. മനുഷ്യൻ എന്ന ജീവിയുടെ ഭൂമിയിലെ ഓരോ നിമിഷവും ഇവ രണ്ടുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. വിത്തെറിഞ്ഞും വിള കൊയ്തുമുള്ള ജീവിതം. വാക്ക് എറിഞ്ഞും സ്‌നേഹം കൊയ്തുമുള്ള ജീവിതം. 

 

ജീവിതം ഇങ്ങനെ നിരവധി സമസ്യകളുടെ ഉത്തരം തേടലാണ്. പ്രതീക്ഷയോടെ എറിയുന്ന വിത്ത് എന്തായി തീരുമെന്നറിയാനുള്ള ആകാംക്ഷ. ആശംസയോടെയും ആഗ്രഹത്തോടെയും പറയുന്ന വാക്കുകൾ എന്തായി തീരുമെന്ന പ്രതീക്ഷ. നശിച്ചുപോകാം രണ്ടും, കല്ലിലും മുള്ളിലും വീണ്.

പരസ്പരം നന്മ ആശംസിച്ചും നേർന്നും മുന്നേറേണ്ട ജീവിതം ചിലപ്പോൾ ദുരാശകളുടെ മുള്ളുകൾക്കിടയിൽ വീണ വിത്തുപോലെയും ദുഷ്ടമനസ്സിൽ കൊളുത്തിയ വാക്കുപോലെയും ഉൾമുളകെട്ടു പോകാറുണ്ട്. പക്ഷേ, ജീവിതം... അതു മുളപൊട്ടി തളിരില വിരിച്ചു മുന്നേറുക തന്നെ വേണമല്ലോ. 

മണ്ണുടൽ ഇങ്ങനെ ജീവിക്കാൻ നമ്മളെ പ്രേരിപ്പിക്കും.

 

‘ഇഷ്ടമുള്ളതുപോലെ നടക്കുമ്പോൾ 

മനുഷ്യനും വന്യജീവിയാകും.

മേഞ്ഞുകൂത്താടി നടക്കുക, അത്രതന്നെ...’

മണ്ണുടലിലെ മനോഹരമായ മറ്റു ചില വാചകങ്ങളിൽ ഒന്നാണിത്. സൗകര്യങ്ങളുടെയും സുഖശീതളിമയുടെയും സങ്കൽപലോകത്തു മേഞ്ഞുകൂത്താടുന്ന മനുഷ്യന്റെ നിരവധി പ്രതിരൂപങ്ങളെ ഈ നോവലിൽ നിങ്ങൾക്കു കാണാം.

മനുഷ്യന്റെ ജീവിതവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ മനോഹരമായ ദർശനസങ്കൽപത്തിൽ അവതരിപ്പിക്കുന്ന നിരവധി വരികൾ നോവലിലുണ്ട്.

 

‘കരയിൽ ഇണചേരാൻ സാധിക്കാത്ത പുഴകൾ

ഒഴുകി കടലിലെത്തി കെട്ടിമറിയുന്നു;

അതാവാം തിരമാലകൾ...’

ഇതു വായിക്കുമ്പോൾ ജീവിതത്തിന്റെ ലളിത സുന്ദരസങ്കൽപങ്ങൾ വായനക്കാരന്റെ മനസ്സിൽ നിറയുക തന്നെ ചെയ്യും.

‘മനസ്സിലെ കനവ് മടിശീലയിൽ കരുതുന്ന

കനലിനു സമാനം.

രണ്ടും നീറികൊണ്ടിരിക്കും..’

ശരിയല്ലേ? ആഗ്രഹങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന കനവും ആളുന്നതു കൊണ്ടാണു ജീവിതം മുന്നോട്ടു പോകുന്നത്. തീരാത്ത ആഗ്രഹങ്ങളുടെയും  സ്വപ്‌നങ്ങളുടെയും നക്ഷത്രവിളക്കുകൾ ഉള്ളിൽ തെളിച്ച മണ്ണുടലായ മനുഷ്യൻ. മനുഷ്യന്റെ ആഗ്രഹങ്ങളെ ഇതിലും കൂടുതൽ ഭംഗിയായി എങ്ങനെ വിവരിക്കാനാവും. 

മടിശീലയിൽ കരുതുന്ന കനലിനു സമാനമായി എരിയുന്ന, പൊള്ളിക്കുന്ന ആഗ്രഹങ്ങൾ.

‘ഭൂമിയിൽ നമ്മൾ ജീവനോടെ ഉണ്ടെന്ന് ആദ്യം നമ്മോടു പറയുന്നത് വിശപ്പ് ആണ്. അതിലൊരു പ്രകൃതി നിയമമുണ്ട്. മറ്റൊരാളെ ഊട്ടിയ കൈകൾക്കു പട്ടിണിയുണ്ടാവില്ല...’

 

കൂടുതൽ വായിക്കാൻ വിശപ്പ് തരുന്ന ആശയങ്ങളും കഥാപാത്രങ്ങളും കൊണ്ടു സമ്പന്നമാണു മണ്ണുടൽ. പരസ്പരം ഭക്ഷണവും സ്‌നേഹവും പങ്കിട്ടു മുന്നേറുന്ന ജീവിതത്തിന്റെ കഥ. ദുരാഗ്രഹങ്ങളുടെയും ദുരാശയുടെയും തീച്ചുളയിൽ വെന്തു നീറുന്ന ജീവിതങ്ങളുടെ കഥ. അതാണു മണ്ണുടൽ.

സിബി ജോൺ തൂവൽ രചിച്ച നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നതു തൃശൂർ കറന്റ് ബുക്‌സ് ആണ്. പ്രമുഖ ബുക് ഷോപ്പുകളിലും ഓൺലൈൻസൈറ്റുകളിലും  പുസ്തകം ലഭിക്കും.

 

Content Summary: Mannudal, book written by Siby John Thooval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com