ADVERTISEMENT

കുറുമശ്ശേരി എന്ന ദേശത്തെ മുൻനിർത്തി അവിടെത്തെ ജ്ഞാനദീപം വായനശാലയെ പശ്ചാത്തലമാക്കി സമകാല രാഷ്ട്രീയത്തിലെ പ്രധാന അടരുകളെ ആവിഷ്കരിക്കുന്ന നോവലാണ് രാജേഷ് എം.ആർ. എഴുതിയ ജ്ഞാനദീപം വായനശാല. തിരുവള്ളുവർ, വൈലോപ്പിള്ളി, ക്രിസ്ത്യൻ മെറ്റ്സ്, അയ്യപ്പപ്പണിക്കർ, നാരായണ ഗുരു, പണ്ഡിറ്റ് കെ.പി.കറുപ്പൻ, സഹോദരൻ അയ്യപ്പൻ, ഗാന്ധിജി, ബ്രെഹ്ത്, കുമാരനാശാൻ എന്നിങ്ങനെ നിരവധി പേരുടെ വചനങ്ങളെ താക്കോൽ വാക്യങ്ങളായി ഉദ്ധരിച്ച് മുപ്പത്തിരണ്ട് അധ്യായങ്ങളിലായി അതിദീർഘ സംവാദങ്ങളിലൂടെ വായനക്കാരനെ സഞ്ചരിപ്പിക്കുന്ന നോവലാണിത്.

 

എറണാകുളം ജില്ലയിലെ കുറുമശ്ശേരി എന്ന ഗ്രാമത്തിന്റെ ചരിത്ര വീഥികളിലൂടെ സഞ്ചരിച്ച് എഴുതിയ ചരിത്ര നോവലല്ല ജ്ഞാനദീപം വായനശാല. എഴുത്തുകാരന്റെ നാടിന്റെ പൈതൃകം എന്തെന്നറിയാനുള്ള ഒരന്വേഷണം ഈ നോവൽ ലക്ഷ്യം വയ്ക്കുന്നില്ല. ചെറുകാട് ഒരിക്കൽ പറഞ്ഞു. ‘‘എന്റെ മുരിങ്ങയുടെ ചോട്ടിൽ നിന്നു കൊണ്ടു മാത്രമേ എനിക്ക് ആകാശത്തെ കാണാൻ കഴിയൂ.’’ തീർച്ചയായും കുറുമശ്ശേരിയുടെ ചരിത്രമായി ഈ കൃതിയെ കാണേണ്ടതില്ല. എഴുത്തുകാരന്റെ ഭാഷയിൽ പറഞ്ഞാൽ നാട്ടിലെ ഒരു വായനശാലയെ കേന്ദ്രമാക്കി മുന്നോട്ടു പോകുന്ന ഒരു ദിവസത്തെ സാങ്കല്പിക കഥയാണിത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തോടുള്ള സംവാദമാണ് രാജേഷ് എം.ആർ. നടത്തുന്നത്.

 

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ ആ ദിനം പുലരാതിരുന്നാൽ എന്താണ് സംഭവിക്കുന്നത്? രാജ്യത്താകെ പടരുന്ന അന്ധകാരത്തെ വായനശാലയിലെ സംവാദങ്ങളിലൂടെ ഇവിടെ ആഖ്യാനം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ നാളങ്ങൾ കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻഗാമികൾ വായനശാല തുടങ്ങിയത്. വായനശാലാ വാർഷികത്തെ കേവലം കലാപരിപാടികൾ നടത്തൽ മാത്രമല്ല, ആശയ പ്രചാരണത്തിനുള്ള ദിനം കൂടിയായി കാണുന്ന ശിവനാണ് വായനശാലാ സെക്രട്ടറി. സ്വാതന്ത്ര്യദിനത്തിന്റെ അന്ന് നേരം പുലരാത്തതിനെ, സൂര്യൻ ഉദിക്കാത്തതിനെ വർഗീസിന്റെ അമ്മ മേരിക്കുട്ടി അന്തിക്രിസ്തുവിന്റെ വരവായി കാണുന്നു. മനുഷ്യരെല്ലാം മോശമാകുമ്പോഴാണ് ലോകത്തിന്റെ അന്ത്യം കുറിക്കാൻ ഇരുട്ടിന്റെ രാജാവ്, അന്തിക്രിസ്തു വരുന്നതത്രേ.

 

സിനിമാക്കഥ പോലെയാണിപ്പോൾ കാര്യങ്ങൾ എന്ന ഭാഗത്ത് സ്നോപിയേഴ്സർ, നയൻ, സൺഷൈൻ എന്നീ സിനിമകളുടെ പ്രമേയങ്ങൾ സംവാദവിഷയമാകുന്നുണ്ട്. യാഥാർഥ്യങ്ങളേക്കാൾ ഭാവനയുടെ ശക്തിയെപ്പറ്റിയും നോവലിൽ ചർച്ച ചെയ്യുന്നുണ്ട്. ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ, ഭൂമിയിലുള്ള മാറ്റങ്ങളെ നോക്കിക്കാണുവാനുള്ള ജനങ്ങളുടെ താൽപര്യം കുറഞ്ഞു കൊണ്ടിരിക്കുന്നു. 

 

അബൂബക്കറിന്റെ കഥ എന്ന ഭാഗത്തെ വിവരണമെല്ലാം കുറുമശ്ശേരി പശ്ചാത്തലമാക്കിയുള്ള ഭാവനാസൃഷ്ടി മാത്രമാണ്. കടമ്പനാട്ട് തറവാട്, പള്ളിയ്ക്കൽ കുന്ന്, ജ്ഞാനദീപം വായനശാലാ ചരിത്രം എന്നിവയെല്ലാം കല്പിതങ്ങൾ മാത്രമാണ്. ഇതു കൂടാതെ നോവലിൽ പല കഥകളും ഐതിഹ്യങ്ങളും പറയുന്നുണ്ട്. ഫാന്റസി പലർക്കും ഇഷ്ടമാകും. ചിലപ്പോഴൊക്കെ പലരും ഫാന്റസിയെ ചരിത്രമായും മനസ്സിലാക്കിയേക്കാം.

 

അറിവാണ് ലോകത്തിലെ ഇരുട്ടിനെ അകറ്റാനുള്ള ശക്തമായ ആയുധം. വെറും അറിവല്ല, തിരിച്ചറിവ്. അധികാര കേന്ദ്രങ്ങളെ വിമർശിക്കാനുള്ള അറിവ്. യുക്തിപൂർവം ചിന്തിച്ച് പ്രവർത്തിക്കാനുള്ള അറിവ്. ഇരുട്ടിലേക്കു പോയിക്കൊണ്ടിരിക്കുന്ന ജനത്തെ തിരിച്ചു കൊണ്ടുവരണം. വായനശാലയിലേക്ക് ആളുകളെ കൊണ്ടുവരണം. ഇത്തരത്തിലുള്ള നിരവധി വാചകങ്ങൾ ജ്ഞാനദീപം വായനശാലയെന്ന നോവലിനെ ചിന്തനീയങ്ങളാക്കുന്നു.

 

വായനശാല അടച്ചിടുന്നത് ശരിയല്ല. വായനക്കാരൻ തൊടുമ്പോഴാണ് പുസ്തങ്ങൾക്ക് ജീവൻ വയ്ക്കുന്നത്. ഓരോ പുസ്തകവും ഇന്നല്ലെങ്കിൽ നാളെ തന്നെത്തേടി ഒരു വായനക്കാരൻ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു. പുസ്തകങ്ങൾ വികാര, വിചാരങ്ങളാണ്. വായനക്കാരന്റെ മുന്നിൽ വായനശാല എപ്പോഴും തുറന്നിടണം. സർഗ്ഗാത്മക പ്രവർത്തനങ്ങളെ ഉപകരണമാക്കിക്കൊണ്ട് മനുഷ്യന്റെ അവബോധത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ് വായനശാലയിലൂടെ നടക്കേണ്ടത്. ജ്ഞാനദീപം വായനശാല അത്തരമൊരു സാംസ്കാരിക ഇടപെടലാണ് നടത്തുന്നത്.

 

Content Summary: Njana Deepam book written by  Rajesh M.R.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com