ഇത് കരുണയുടെയും സ്നേഹത്തിന്റെയും കഥയല്ല, എരിയുന്ന പകയുടെ കഥ

simhathinte-kadha
SHARE
അഖിൽ കെ.

മാതൃഭൂമി ബുക്സ്

വില 270 രൂപ

അളന്നെടുത്ത വരകളും വർണങ്ങളും. ഓരോ വർണത്തിനും ഓരോ അർഥമെന്നപോലെ ഓരോ അധ്യായവും പുത്തൻ വായനാനുഭവം. തെയ്യത്തിന്റെ മുഖത്തെഴുത്തു പോലൊരു നോവലാണ് അഖിൽ കെ എഴുതിയ ‘സിംഹത്തിന്റെ കഥ.’ പേരിലെ ഗർജ്ജനം ആസ്വാദനത്തിലും അനുഭവപ്പെടുന്നു. ഒതുക്കത്തോടെയുള്ള ആഖ്യാനശൈലി, കഥാതന്തു, കഥാപരിസരം, എല്ലാം നോവലിനെ വേറിട്ടതാക്കുന്നു.  മലബാറിന്റെ നാട്ടുഭാഷാ വഴക്കവും സംസ്കാരവുമൊക്കെ കഥയുടെ ജെസിബി കൊണ്ടു കോരി വായനക്കാരന്റെ മനസ്സിലേക്കിടുകയാണ് അഖിൽ കെ.

ത്രില്ലർ നോവലുകൾ മലയാളിക്ക് പുതുമയല്ല. എന്നാൽ, കലയിലും സാഹിത്യത്തിലും വിപ്ലവത്തിന്റെയും പരീക്ഷണത്തിന്റെയും കാലമാണ് ഇത്. അത്തരത്തിലൊരു പരീക്ഷണമാണ് ‘സിംഹത്തിന്റെ കഥ’യും. ത്രില്ലർ പരിവേഷത്തിൽ നാട്ടിൻപുറത്തെയും സാധാരണ ജീവിതങ്ങളെയും ഐതിഹ്യങ്ങളെയും സംസ്കാരത്തെയും സംയോജിപ്പിച്ചാൽ കിട്ടുന്ന വ്യത്യസ്ത അനുഭവമാണ് നോവൽ നൽകുന്നത്. 

എട്ടുനാട്ടിലെ സാധാരണക്കാരായ ആദിയുടെയും ശരവണന്റെയും കഥ പറഞ്ഞു തുടങ്ങുന്ന നോവൽ, ഏഴിമലയ്ക്ക് സമീപം കാണാതായ പട്ടാളക്കാരന്റെയും യുവതിയുടെയും കഥയിലേക്ക് വണ്ണാത്തിപ്പുഴ പോലെ ഒഴുകുകയാണ്. സംഭവങ്ങളെ മുഷിപ്പിക്കാത്ത വിധം ചേർത്തുകെട്ടുന്നതാണ് നോവലിന്റെ വിജയം. ഓരോ സംഭവവും മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു. സന്ദർഭോചിതമായി പറഞ്ഞുപോകുന്ന ഐതിഹ്യങ്ങളും എഴുത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്.

ഒരേ കാലത്ത് രണ്ട് വ്യത്യസ്ത ഇടങ്ങളിൽ നടക്കുന്ന സംഭവങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ചിന്തകളിൽ പഴമ മണക്കുന്ന നന്തനാരും കാട്ടിയും കങ്കാണിയുമൊക്കെ കഥാപാത്രങ്ങളായി വന്നുപോകുമ്പോൾ വായനക്കാരന് പതിറ്റാണ്ടുകൾക്ക് മുൻപ് പാടിപ്പതിഞ്ഞ കഥയെന്നു തോന്നും. പക്ഷേ ഇത് പുതിയകാലത്തിന്റെ നോവലാണ്. കഥ നടക്കുന്നത് രണ്ടായിരത്തി ഇരുപതിലും. എകർമലയും എട്ടുനാടും കടന്ന് ഏഴിമലയിലെ നേവൽ ബേസിലേക്കും എയർഫോഴ്സ് ക്യാമ്പിന്റെ ഏരിയ ഇലവനിലേക്കും കഥാപരിസരം മാറുമ്പോൾ പുതിയ കാലത്തേക്കുള്ള യാത്രയായി തോന്നും. 

എകർമലയും എട്ടുനാടും കോലങ്ങളും ബാലേട്ടന്റെ ചായക്കടയും നന്മയുടെ മാത്രം അടയാളങ്ങളല്ല. കരുണയും മാനുഷിക സ്നേഹവും നിറഞ്ഞ ആളുകളെ പറ്റിയുള്ള കഥയുമല്ല. മേലേരി പോലെ കനലെരിയുന്ന പകയുടെയും തകർത്തെറിയേണ്ട സാമൂഹിക ചിട്ടവട്ടങ്ങളുടെയും ഇരട്ടത്താപ്പിന്റെയും കഥയാണ്. അടിച്ചമർത്തപ്പെടലുകൾക്കൊടുവിൽ വേട്ടക്കാരനായി മാറേണ്ടി വരുന്ന ഇരകളുടെ കഥയാണ്. ‘‘കൊല്ലപ്പെട്ടവരോട് ചെയ്യുന്ന നീതിയാണ് ഒരു ജനത ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്’’ എന്ന ഒറ്റവരിയിൽ നോവലിന്റെ നീതി അടങ്ങിയിരിക്കുന്നു.

വ്യത്യസ്ത ഇടങ്ങളിലെ സംഭവങ്ങളെയും കഥാപാത്രങ്ങളെയും കോർത്തിണക്കി ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ഒറ്റക്കോലവും മേലേരിയും കൊടിയിലയും ഒക്കെ സംസ്കാരത്തിന്റെ ഭാഗമാക്കിയ എട്ടുനാടാണ് പ്രധാന കഥാപരിസരം. വർഷങ്ങളായി ഒറ്റക്കോലം കെട്ടിയാടിയ ചിണ്ടന്റെ അകാലമരണം നാടിനെയാകെ പിടിച്ചുകുലുക്കുന്നു. മണ്ണടിഞ്ഞ ചിണ്ടച്ഛന്റെ പകയുടെ ഗർജ്ജനം ഇന്നും ഗ്രാമത്തെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറം പലയിടങ്ങളിൽ പലരും ചിണ്ടനെ വീണ്ടും കണ്ടതായി പറയുന്നു. അതേസമയം, സമീപത്തുള്ള എയർഫോഴ്സ് ഏരിയ ഇലവനിൽ നിന്ന് ഒരു യുവതിയെയും ചെറുപ്പക്കാരനായ പട്ടാളക്കാരനെയും കാണാതാവുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളുടെ വായനാനുഭവമാണ് ‘സിംഹത്തിന്റെ കഥ.’

ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ച് കഥ മുന്നോട്ട് കൊണ്ടുപോകുന്ന ശൈലിയല്ല അഖിൽ സ്വീകരിച്ചിട്ടുള്ളത്. ഒന്നിലധികം കഥാപാത്രങ്ങളും കഥാപരിസരങ്ങളും പ്രാധാന്യത്തോടെ നോവലിൽ വന്നുപോകുന്നുണ്ട്. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നിടത്ത് ഏച്ചുകെട്ടലുകളുടെ ഭാരമില്ല, മുഷിപ്പിക്കുന്ന കഥാവഴികളും ഭാഷയുടെ ദഹിക്കാത്ത ഫലങ്ങളുമില്ല. കഥയിലൊരു പ്രധാനകണ്ണിയായി വന്നുപോകുന്ന ഡ്രൈവർ കഥാപാത്രം എഴുത്തുകാരൻ തന്നെയാണെന്നത് മറ്റൊരു കൗതുകം.

‘സിംഹത്തിന്റെ കഥ’ കൺമുന്നിൽ കാണുന്നവരുടെയും ആഘോഷിക്കപ്പെടുന്നവരുടെയും മാത്രം കഥയല്ല, കാണാതെ പോകുന്നവരുടെയും കേൾക്കാതെ പോകുന്ന ശബ്ദങ്ങളുടെയും കൂടിയാണ്. ‘‘ഈ വണ്ണാത്തിപ്പുഴ നിറയ്ക്കുന്നത് ഇതിന്റെ കൈവഴിയും മറ്റു പുഴകളും തോടും മാത്രമല്ല, മഴ കഴിഞ്ഞ് ഇതിന്റെ അതിരുകളിലെ ഇലകളിൽനിന്ന് ഉതിരുന്ന ചെറിയ തുള്ളികൾ കൂടെ ചേർന്നാണ്. അത് മനസ്സിലാക്കാത്തതാണ് നമ്മുടെ നാട്ടുകാരുടെ പ്രധാനപ്പെട്ട പ്രശ്നം...’’ എന്ന് ആദി ശരവണനോട് പറയുന്നതിൽ നോവലിന്റെ സാരാംശമുണ്ട്. നാട്ടുകാർ മനസ്സിലാക്കാത്തത് മനസ്സിലാക്കിക്കൊടുക്കാൻ ആദി മുന്നിട്ടിറങ്ങുന്നിടത്താണ് നോവലിന്റെ തുടക്കവും ഒടുക്കവും.

കലയെ സ്നേഹിക്കുന്ന ആർക്കും മനസ്സ് നിറയുന്ന വായനാനുഭവം പകരാൻ ‘സിംഹത്തിന്റെ കഥ’യ്ക്ക് കഴിയും.

Content Summary: Simhathinte Katha book written by Akhil K.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA