തിമിംഗലത്തിന്റെ പുറത്തു കയറിയിട്ടുണ്ടോ? പക്ഷികൾക്കൊപ്പം പറന്നിട്ടുണ്ടോ? ഇല്ലെങ്കിൽ റൊമേറോ വായിക്കൂ

romero-book
SHARE
ടി.എസ്. വിഷ്ണു

യൂണികോഡ് സെല്ഫ് പബ്ലിഷിങ്

വില: 70 രൂപ

സ്വപ്നങ്ങൾക്കെങ്ങനെയാണ് ജീവിപ്പിക്കാനാവുക എന്ന് ഒരു കഥ കൊണ്ടg പോലും മനുഷ്യരോട് പറഞ്ഞു കൊടുക്കേണ്ടതില്ല. അത് കാണുന്ന മനുഷ്യർക്ക് സ്വപ്നങ്ങളിലേക്കെത്താനുള്ള യാത്രയാണ് പലപ്പോഴും ജീവിതം. കുട്ടികൾക്കും മുതിർന്നവർക്കും സ്വപ്‌നങ്ങൾ വ്യത്യസ്തമായിരിക്കും. ആകുലതകളിൽ പെടാതെ നിറങ്ങളും അദ്‌ഭുതപ്പെടുത്തുന്ന ലോകങ്ങളും സ്വപ്നം കാണുന്ന കുട്ടികളും മുതിർന്നവരുമുണ്ട്. റോമെറോ ഒരേ സമയം സ്വപ്നം കാണുന്ന ഒരു കുട്ടിയുടെയും യുവാവിന്റെയും കഥയാണ്. ടി.എസ്. വിഷ്ണുവിന്റെ ആദ്യത്തെ പുസ്‌തമാണ് റോമെറോ. പേരിൽ സൂചിപ്പിക്കുന്ന പേരുള്ള കുട്ടിയുടെ സ്വപ്നങ്ങളുടെ കഥയാണ് പുസ്തകം പറയുന്നത്. ബാലസാഹിത്യമെന്ന വിലാസത്തിലാണ് റോമെറോ പുറത്തിറങ്ങിയിരിക്കുന്നത്. 

അടച്ചു വയ്ക്കപ്പെടുന്നത് തുറന്നു നോക്കാൻ പ്രായ ഭേദമന്യേ മനുഷ്യർക്ക് ഇഷ്ടമാണ്. നിഗൂഢതയോടുള്ള കൗതുകമാണ് വളർച്ചയുടെ കാതലും. ഇവിടെ റൊമേറോയിൽ ഒളിച്ചു വയ്ക്കപ്പെടുന്നത് ഒരു സ്വപ്നമാണ്. റോമെറോ കാണാതെ സ്വപ്നങ്ങളുറങ്ങുന്ന പെട്ടി മുത്തശ്ശി അടച്ചു വയ്ക്കുകയാണ്. അതിലേക്കവൻ പ്രവേശിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന ഭീതി കൊണ്ടാവണം മുത്തശ്ശി അങ്ങനെ ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു പോയ മുത്തശ്ശന്റെ ഓർമ്മകൾ അവനു കൂട്ടിനുണ്ട്. ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞനായിരുന്നു അവന്റെ മുത്തശ്ശൻ. അദ്ദേഹത്തിന്റെ സ്വപ്ന പെട്ടിയിലേക്കാണ് മുത്തശ്ശി പുറത്തു പോയൊരു പകലിൽ റൊമേറോ ഇറങ്ങിച്ചെല്ലുന്നത്. 

ഫാന്റസി കഥകൾക്ക് കുട്ടികളുടെ വായനയിലുള്ള സ്ഥാനം വളരെ വലുതാണ്. ഹാരിപോർട്ടർ സീരീസ് പോലെയുള്ള പുസ്തകങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നതും വായിക്കപ്പെടുന്നതും കോടികൾ മുടക്കി അതൊക്കെ സിനിമയക്കപ്പെടുന്നതും നമ്മൾ കാണുന്നുണ്ട്. കുട്ടികൾക്കൊപ്പം മുതിർന്നവരെയും അദ്‌ഭുതങ്ങളുടെ ലോകം കാണിക്കാൻ തക്ക കഴിവുണ്ട് മിക്ക ഫാന്റസി കഥകൾക്കും. ആലീസിന്റെ അദ്‌ഭുതലോകവും സിൻഡ്രല്ല കഥകളുമൊക്കെ ഇപ്പോഴും ഏതു പ്രായത്തിലുമുള്ള ആളുകൾ വായിക്കാനെടുക്കുന്നു എന്നതുകൊണ്ട് തന്നെ അവയുടെ പ്രസക്തി എടുത്തു പറയേണ്ടതുണ്ട്. റൊമേറോയും അത്തരത്തിലുള്ള പരമ്പരയാക്കപ്പെടാൻ പോകുന്ന ഒരു കഥയുടെ തുടക്കമാണ്. 

വളരെ ചെറിയ ഒരു പുസ്തകമാണ് റൊമേറോ. പത്ത് അധ്യായങ്ങളാണ് ഇതിലുള്ളത്. റൊമേറോ എന്ന ബാലനും അവന്റെ മുത്തശ്ശനും മുത്തശ്ശിയും സമൂറോ ഭൂതവുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങൾ. ഒളിപ്പിച്ചു വച്ച പെട്ടിയുടെ അദ്‌ഭുതങ്ങൾ നിറഞ്ഞ ലോകത്തെത്തുകയാണ് റൊമേറോ. അവിടെ അവനെ കുടുക്കാൻ സാമൂറോ എന്ന അപകടമുണ്ട്, പക്ഷേ രക്ഷിക്കാൻ അപ്പൂപ്പനുമുണ്ട് എന്നതാണ് ഒരേയൊരു ആശ്വാസം. പക്ഷേ അത്രയെളുപ്പമല്ല സമൂറോയുടെ കൊട്ടാരത്തിലെ കെണികളിൽ നിന്നും രക്ഷപ്പെടാൻ. അതൊക്കെ വിദഗ്ദമായി അപ്പൂപ്പന്റെ സഹായത്തോടെ റൊമേറോ അതിജീവിക്കുന്നുണ്ട്. 

കുറച്ചു കൂടി ആഴത്തിൽ റൊമേറോയെയും അവന്റെ ലോകത്തെയും വർണ്ണിക്കാൻ കഴിയുമായിരുന്നുവെന്നു തോന്നി. ഇപ്പോഴും ടോം സോളാറും അവന്റെ സാഹസിക യാത്രകളും അതുപോലെ ഹാരി പോട്ടറിന്റെ ലോകവുമൊക്കെ വായനക്കാരുടെ മനസ്സിൽ ഒരിക്കലും മങ്ങാതെ നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം അതിനു വേദിയൊരുക്കിയിരിക്കുന്ന ലോകമാണ്. കാഴ്ചയുടെ വർണനകളുടെ പ്രസരമാണ്. അവർ ഇടപെടുന്ന ഓരോ ഇടങ്ങളും വായനക്കാരന്റെയുള്ളിൽ ആഴത്തിൽ പതിയുന്നുണ്ടാകും, പിന്നീട് വായന അവസാനിച്ചാലും ഹാരി പോട്ടർ മാന്ത്രിക ലോകത്ത് നിന്നും പുറത്തിറങ്ങിയിട്ടില്ലാത്ത അനുഭവം സമ്മാനിക്കും. വളരെ ചെറിയ ഒരു പുസ്തകത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് റോമെറോ വായിക്കുമ്പോൾ ആ ഒരു വിശാലമായ കാഴ്ചയുടെ അനുഭവം നഷ്ടമാകുന്നുണ്ട്. പക്ഷേ അടുത്തൊരു ഭാഗത്തിലൂടെ അതിനെ വിഷ്ണുവിന് മറികടക്കാനാകും.

അടുത്ത ഭാഗത്തിനുള്ള തിരി ഇട്ടു വച്ചാണ് റൊമേറോ എന്ന ആദ്യ പുസ്തകം അവസാനിക്കുന്നത്. എല്ലാവർക്കുമുണ്ടാകും ഫാന്റസിയുമായി ബന്ധപ്പെട്ട ചില രസകരമായ സ്വപ്‌നങ്ങൾ. അതൊക്കെ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ നടക്കും എന്ന് വന്നാൽ എന്തൊരു രസമായിരിക്കും. പക്ഷികളോടൊപ്പം ആകാശത്തിൽ പറക്കാനും തിമിംഗലത്തിന്റെ പുറത്തു കയറി കടലിൽ നീന്താനും ഇഷ്ടപ്പെട്ട മൃഗങ്ങൾക്കൊപ്പം അറ്റമില്ലാത്ത ഒരിടത്ത് ഓടിക്കളിക്കാനും ഒക്കെ ഇഷ്ടപ്പെടാത്ത എത്ര പേരുണ്ടാകും? എന്നാൽ ഇത്തരം ഫാന്റസിയുടെ ലോകത്ത് നിന്നും ഗൗരവമായ ചിന്തകളുടെ ലോകത്തേയ്ക്ക് മനപൂർവമെന്നോണം നടന്നു പോവുകയാണ് മുതിർന്നവർ. ഒരിക്കലെങ്കിലും അങ്ങനെയാഗ്രഹിച്ചവരെ ആ പഴയ ആഗ്രഹങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നുണ്ട് റൊമേറോയുടെ സ്വപ്നക്കാഴ്ചകൾ. ഒടുവിൽ അവന്റെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന സ്വപ്നങ്ങളുടെ പെട്ടി മുത്തശ്ശി മാറ്റി വയ്ക്കുമ്പോൾ അവനതു കണ്ടെത്തിയേ മതിയാകൂ. അതിന്റെ പിന്നാലെ നടന്നു വീണ്ടും ആ ലോകത്തെത്തിയെ പറ്റൂ. അത്തരമൊരു യാത്രയിലേക്കുള്ള വഴിയിലാണ് റൊമേറോ. 

Content Summary: Romero book written by TS Vishnu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA