ADVERTISEMENT

കുമ്പസാരം ദൈവത്തിനു മുന്നിലുള്ള മനുഷ്യന്റെ മനസ്സുതുറക്കലും ഏറ്റുപറച്ചിലുമാണ്. വിലാപത്തിന്റെ ശ്രുതിയാണതിന്. പാപചിന്തയും പശ്ചാത്താപവും പ്രായശ്ചിത്തവുമൊക്കെ എല്ലാ മതങ്ങളും പങ്കുവയ്ക്കുന്നതാണെങ്കിലും ക്രൈസ്തവ മതത്തിൽ മാത്രമാണ് പശ്ചാത്താപത്തിന് മനുഷ്യനും ദൈവത്തിനുമിടയിൽ പുരോഹിതനെന്ന ഇടനിലക്കാരനുള്ളത്. പാപങ്ങളിൽനിന്ന് മനുഷ്യരെ മോചിപ്പിക്കുന്ന പുരോഹിതന്റെ ആദിരൂപം കാണാനാവുക, മനുഷ്യകുലത്തിന്റെ പാപം സ്വയമേറ്റെടുത്ത യേശുവിൽ തന്നെയാണ്. ദൈവത്തിന്റെ ചെവിയും ചുണ്ടും ഹൃദയവുമാണ് കുമ്പസാരക്കൂട്ടിലെ പുരോഹിതൻ. അവിടെ പാപങ്ങളുടെ ഏറ്റുപറച്ചിൽ കേൾക്കുന്നതും പ്രായശ്ചിത്തം നിശ്ചയിക്കുന്നതുമെല്ലാം ദൈവം തന്നെയാണ്. കേട്ടുകേട്ടുകൊണ്ടിരിക്കേ, പാപങ്ങൾ കൊടുങ്കാറ്റായി തന്നിലേക്കും ഇരച്ചുകയറുമ്പോൾ ഇടറിപ്പോകാതെ നിൽക്കാനാവണേ, തന്റെ മുന്നിലെ വിലപിക്കുന്ന ആത്മാവിനെ പാപമോചനത്തിന്റെ വഴിയിലൂടെ നടത്താനാവണേ എന്നു പ്രാർഥിക്കുന്നവനാണു പുരോഹിതൻ. ഒട്ടും എളുപ്പമല്ലാത്ത ആ കർത്തവ്യമടക്കമുള്ള ഇടയദൗത്യത്തിന്റെ ആത്മീയവഴിയിലൂടെ വായനക്കാരനെ നടത്തുന്ന നോവലാണ് മാണി പയസിന്റെ നക്ഷത്രങ്ങളുടെ കുമ്പസാരം. മലയാള നോവലിന് ഏറെ പരിചിതമല്ലാത്ത ആത്മീയാന്തരീക്ഷം ഒരു നോവലിനു പശ്ചാത്തലമാകുന്ന അപൂർവത മാത്രമല്ല, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴപരിക്കാനാവാത്ത ബന്ധവും പുരോഹിതൻമാരുടെ ആത്മസംഘർഷങ്ങളും മതപരിവർത്തനവും ജാതീയതയുടെ അറുത്തുമാറ്റാനാവാത്ത വേരുകളുമൊക്കെച്ചേർന്ന് ഈ നോവലിനെ വ്യത്യസ്തമായ വായനാനുഭവമാക്കുന്നു.

 

അനനിയാസച്ചൻ, വിൻസെന്തിയോസച്ചൻ

 

പ്രധാനമായും രണ്ടു വൈദികരുടെ ജീവിതവഴിയിലൂടെയാണ് നോവൽ ഇതൾ വിരിയുന്നത്. ജീവിതത്തിലും ആത്മീയതയിലും പ്രകൃതിയെ ആവാഹിച്ച അനനിയാസച്ചൻ എന്ന സന്ന്യാസ വൈദികനാണ് ഇതിൽ പ്രധാനി. അദ്ദേഹത്തിന്റെ ജീവിതകാലമാണ് നോവലിലെ കാലം. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന വിൻസെന്തിയോസച്ചൻ നോവലിന്റെ കാലഘട്ടത്തിനു മുൻപ് മരിച്ചുപോയയാളാണ്. പക്ഷേ അനനിയാസച്ചന്റെ ജീവിതത്തിലുടനീളം വെളിച്ചം വീശുന്ന വഴിവിളക്കാണദ്ദേഹം. അദ്ദേഹം തുടങ്ങിവച്ച വിമലാരാമമെന്ന, ക്രൈസ്തവ മതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ട പിന്നാക്കക്കാരുടെ കോളനിയാണ് സെമിനാരിക്കും പള്ളിമേടകൾക്കുമപ്പുറത്തുള്ള മനുഷ്യരുടെ പച്ചയായ ജീവിതത്തിന്റെ വേദിയാകുന്നത്. കാട്ടിൽനിന്ന് ഈറ്റവെട്ടി മുറവും കുട്ടയും നെയ്തുവിൽക്കുന്ന മനുഷ്യരാണ് അവിടെയുള്ളത്. അവിടേക്ക് വിൻസെന്തിയോസച്ചനിലൂടെ കടന്നുവരുന്നത് പുതുവേദം മാത്രമല്ല, കരുണയും വിദ്യയുടെ വെളിച്ചവും ആത്മബോധത്തിന്റെ ഉണർവുമൊക്കെയാണ്. കരുണയോടെ ആ ശ്രേഷ്‌ഠവൈദികൻ കൈപിടിച്ച സമൂഹത്തെ പക്ഷേ, സവർണ ക്രൈസ്തവർ അകറ്റിനിർത്തുന്നതിന്റെ കാഴ്ചകളും പിന്നീട് കാണാനാവുന്നുണ്ട്. പൗരോഹിത്യത്തെയും മതത്തെയും ആത്മീയതയെയും കഥയിലുടനീളം നല്ല വെളിച്ചത്തിൽ നിർത്തുന്ന നോവലിസ്റ്റ്, ഈ ഘട്ടത്തിൽ ആത്മവിമർശനത്തിന്റെ പാതകൾ കൂടി തുറന്നിടുന്നുണ്ട്. ദലിത് ക്രൈസ്തവരും അവരനുഭവിക്കുന്ന വിവേചനവും വിമർശനസ്വരമുയർത്താതെ തന്നെ, വിമലാരാമത്തിലെ മനുഷ്യരുടെ ജീവിതത്തിന്റെ പറച്ചിലിലൂടെ കാണിച്ചുതരാനാവുന്നത് ഈ നോവലിന് വ്യത്യസ്തമായൊരു വെളിച്ചം പകരുന്നുണ്ട്.

 

പ്രകൃതിയും മനുഷ്യന്റെ ആത്മാവും

 

മരങ്ങളും പുഴകളും പക്ഷികളുടെ ശബ്ദവും പഴങ്ങളുടെ സുഗന്ധവും ചാടിയോടുന്ന മുയൽക്കൂട്ടങ്ങളും ചിറകുവിടർത്തുന്ന മയിൽപ്പറ്റങ്ങളുമെല്ലാം നിറഞ്ഞുനിൽക്കുന്ന അഭൗമമല്ല, തികച്ചും ഭൗമമായ അന്തരീക്ഷത്തെ ഒരു പിൻതിരശ്ശീലയിലെന്ന പോലെ നോവൽ കൊണ്ടുനടക്കുന്നുണ്ട്. അനനിയാസച്ചൻ കുമ്പസാരം പോലും നടത്തുന്നത് പതിവു കുമ്പസാരക്കൂട്ടിലല്ല. പ്രകൃതിയുടെ മടിത്തട്ടിൽ, ഏതെങ്കിലും മരത്തിന്റെ ചുവട്ടിലാണ്. പ്രകൃതിയുടെ മുന്നിലും പ്രപഞ്ചത്തിന്റെ വിസ്തൃതിയിലും താൻ നിസ്സാരനാണെന്ന ബോധം ഉണർത്താൻ കൂടിയുള്ളതാണ് ആകാശം മേൽക്കൂരയായ ഈ തുറന്നിട്ട കുമ്പസാരക്കൂട്. 

ജീവിതത്തിലുടനീളം അനനിയാസച്ചൻ പ്രകൃതിയെ പ്രാർഥന പോലെ കൂടെ കൊണ്ടുനടക്കുന്നുണ്ട്. ഒടുവിൽ അദ്ദേഹം വിൽപത്രത്തിൽ നിർദേശിച്ചതു പ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിച്ച് തനിക്കു പ്രിയപ്പെട്ട വൃക്ഷങ്ങളുടെ കടയ്ക്കൽ വിതറുന്നുണ്ട്. പ്രകൃതിയിൽ ലയിച്ച് ദൈവത്തിൽ വിലയം പ്രാപിക്കുക എന്ന ജീവിതാഭിലാഷമാണ് അനനിയാസച്ചൻ അവിടെ സഫലമാക്കുന്നത്.

 

കുമ്പസാരിപ്പിക്കുന്നവന്റെ കുമ്പസാരം

 

സെബാസ്റ്റ്യൻ എന്ന സൗമ്യനും ദൈവാഭിമുഖ്യമുള്ളവനുമായ കുട്ടി വൈദിക വിദ്യാർഥിയാകുന്നതു മുതൽ പൗരോഹിത്യ പരിശീലനത്തിന്റെ ഘട്ടങ്ങളോരോന്നും പിന്നിട്ട് ഇടയദൗത്യത്തിന്റെ പല വഴികളിലൂടെ നടന്ന് പ്രകൃതിയിലൂടെ ദൈവത്തിൽ വിലയംകൊള്ളുന്നതാണ് നക്ഷത്രങ്ങളുടെ കുമ്പസാരത്തിന്റെ കഥാഗതി. എന്നാൽ കുമ്പസാരമെന്ന കൂദാശയിലൂടെ ആ പുരോഹിതൻ ഏറ്റുവാങ്ങുന്ന ആത്മപീഡനത്തിന്റെ ആഴമാണ് ഈ നോവലിന്റെ ആത്മാവ്. പുറമേക്കു ശാന്തമായ ഒരു വൈദികജീവിതത്തിന്റെ അകത്ത് പൈശാചികതയും പ്രലോഭനങ്ങളും ദുരൂഹമരണങ്ങളും കുറ്റബോധവുമെല്ലാം വേട്ടയാടാനെത്തുന്നുണ്ട്. കടലാക്രമിക്കുന്ന കരയെന്നപോലെ വിശ്വാസം കുതിർന്നുവീഴുമ്പോഴും ഇടറിപ്പോകാതെ പിടിച്ചുനിൽക്കാൻ പണിപ്പെടുകയാണ് ഈ സന്ന്യാസി. 

 

സാത്താൻ ഇടിമിന്നൽ പോലെ നിലംപതിക്കുന്ന അനുഭവമാണ് കുമ്പസാരിക്കാൻ എത്തുന്നവനും കുമ്പസാരിപ്പിക്കുന്നവനും ഒരേസമയം ഉണ്ടാവേണ്ടതെന്ന് അനനിയാസച്ചൻ പറയുന്നുണ്ട്. എന്നാൽ മകനിൽനിന്ന് ഗർഭിണിയാകേണ്ടിവന്ന അമ്മയുടെ കുമ്പസാരം അനനിയാസച്ചന്റെ ആത്മാവിനേറ്റ ആഘാതമായിരുന്നു. ഒടുവിൽ എല്ലാ ശ്രമങ്ങൾക്കുമൊടുവിലും ആ അമ്മയെയും ഭർത്താവിനെയും മകനെയും ജീവനൊടുക്കിയ നിലയിൽ കാണുന്നതോടെ തനിക്ക് ആ ആത്മാക്കൾക്ക് പാപമുക്തി നൽകാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം അനനിയാസച്ചനെ സദാ വേട്ടയാടുന്നു. പിന്നീട് അതൊരു കൊലപാതകമായിരുന്നെന്ന് അറിയുമ്പോഴും അച്ചന് വേവലാതികളിൽനിന്ന് പൂർണമായ മുക്തി ലഭിക്കുന്നില്ല. തനിക്കൊപ്പം സെമിനാരിയിലുണ്ടായിരുന്ന ബ്രദർ അബ്രഹാമിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടത് ഒരാത്മഹത്യയായിരുന്നെന്ന അറിവും അദ്ദേഹത്തിന് ഏറെ വൈകിയാണ് ലഭിക്കുന്നത്. നിദ്രാടന രോഗമുണ്ടായിരുന്നയാൾ കിണറ്റിൽ വീണു മരിച്ചതല്ല, സെമിനാരിയിൽനിന്നു പിരിച്ചയയ്ക്കപ്പെടുമെന്നു വന്നപ്പോൾ ആത്മഹത്യ ചെയ്തതാണെന്ന അറിവും അനനിയാസച്ചനെ വേട്ടയാടുന്നു. ഈ ആത്മാക്കളെയൊന്നും തനിക്കു രക്ഷിക്കാനായില്ലെന്ന വേവലാതിയാണ് അദ്ദേഹത്തിന് ഒടുവിൽ ബാക്കിയാവുന്നത്. അതോടൊപ്പം തന്റെ ആത്മീയഗുരു ഏൽപ്പിച്ചുപോയ വിമലാരാമം എത്തിനിൽക്കുന്ന അവസ്ഥയും കുറ്റബോധത്തിനു കാരണമാകുന്നു. വിശ്വാസവും യുക്തിയും തമ്മിലുള്ള ഏറ്റുമുട്ടലും സന്ന്യാസത്തിന് ജീവിതതിരസ്കാരം അനിവാര്യമാണോ എന്നതുപോലുള്ള സന്ദേഹങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. പാപബോധവും പാപമോചനവും അപരന്റെ പാപങ്ങളുടെ പങ്കുവയ്പുമെല്ലാം കുഴമറിഞ്ഞ അനനിയാസച്ചനെന്ന സാത്വികനായ സന്ന്യാസിയുടെ ജീവിതാവസാനത്തിലെ ആത്മാവിന്റെ ഏറ്റുപറച്ചിലായി ഇവിടെ നോവൽ മാറുന്നു. ആ അർഥത്തിൽ നക്ഷത്രങ്ങളുടെ കുമ്പസാരമെന്ന ഈ നോവൽ കുമ്പസാരിപ്പിക്കുന്നവന്റെ കുമ്പസാരമാവുകയാണ്. 

 

വേറെയും ചിലർ

 

നോവലിന്റെ മുഖ്യഗാത്രത്തിലേക്ക് മിന്നൽപോലെ വന്നു മറയുന്ന ചിലർ കൂടിയുണ്ട്  ഈ നോവലിൽ. ആത്മീയതയുടെ ലോകത്തിനപ്പുറമുള്ള ജീവിതത്തെ നീറ്റൽപോലെ കാണിച്ചുതരുന്നവരാണവർ. പറച്ചേരിയെന്ന പറയ കോളനിയിലെ മനുഷ്യരെല്ലാം ഈയൊരു ഗണത്തിൽ വരുന്നവരാണ്. മറ്റെല്ലാവരും പുതുവിശ്വാസത്തിലേക്കു ജ്ഞാനസ്നാനം ചെയ്തു കയറുമ്പോഴും തന്റെ വിശ്വാസത്തെ മുറുക്കിപ്പിടിച്ച്, പുറത്തുനിന്നുള്ളവർക്ക് തിരിച്ചറിയാനാവാത്ത രഹസ്യഭാഷയായ ‘പൊറള്’ മാത്രം ഉരുവിട്ട് ആ ഭാഷയിൽ പാട്ടുകൾ പാടി കാളിയത്ത എന്ന വൃദ്ധസ്ത്രീ മാത്രം പിടിച്ചുനിന്നു. നിരാലംബയായ മനുഷ്യന്റെ പ്രതിരോധമായിരുന്നു അവരുടെ ജീവിതം. ഒടുവിൽ വിമലാരാമത്തിലെ പള്ളിയുടെ പണി പൂർത്തിയാകും മുൻപ് തന്റെ പൂജാവിഗ്രഹത്തെ ആലിംഗനം ചെയ്തു മരിച്ചുകിടക്കുന്ന കാളിയത്തയെയാണു കാണാനാവുന്നത്.

പറച്ചേരിയിൽ പിറന്നതിനാൽ സവർണ ക്രിസ്ത്യാനികൾ പ്രണയം നിഷേധിച്ച ദാനിയേലും അവന്റെ കാമുകി പിന്നീട് കന്യാസ്ത്രീയായി മാറിയ സലോമിയും ദലിത് ക്രൈസ്തവരോടുള്ള നീതിനിഷേധത്തിനെതിരെ പടനയിക്കുന്ന പൂമലയിൽ തങ്കച്ചനും അദ്ദേഹം രൂപം കൊടുക്കുന്ന സഭയുമൊക്കെ ചില വർത്തമാന യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. പൗരോഹിത്യവും തിരുവസ്ത്രവും ഉപേക്ഷിച്ച് ഉത്തരേന്ത്യയിലെ വിദൂരഗ്രാമത്തിലൊന്നിൽ മനുഷ്യർക്കിടയിൽ സേവനത്തിനിറങ്ങി ഒന്നിച്ചു ജീവിക്കുന്ന ജോസഫിനെയും മറിയത്തെയും അനനിയാസച്ചൻ പരിചയപ്പെടുന്നുണ്ട്. സംസാരമെല്ലാം കഴിഞ്ഞ് അവർ ഉറങ്ങാൻ പോകുമ്പോൾ ജോസഫ് ഒരു മുറിയിലേക്കും മറിയം മറ്റൊരു മുറിയിലേക്കുമാണു പോകുന്നത്. അവരപ്പോഴും സന്ന്യാസ ജീവിതം ഉപേക്ഷിച്ചിരുന്നില്ലെന്ന അറിവ്, നിർമലമായ ആത്മീയതയുടെ ഹൃദ്യമായ കാഴ്ചയാകുന്നുണ്ട്.

 

ഒരു സങ്കീർത്തനം പോലെ

 

ആത്മീയതയെ ആത്മീയമായിത്തന്നെ സമീപിക്കുന്ന രചനാരീതിയാണ് നോവലിസ്റ്റിന്റേത്. പൗരോഹിത്യത്തെ വിശ്വാസിയുടെ കണ്ണിലൂടെത്തന്നെയാണ് കാണുന്നതും. എങ്കിലും ചില ഇടർച്ചകളിലേക്കു കൂടി വെളിച്ചം വീഴ്ത്താനുള്ള ആർജവവും നോവലിസ്റ്റ് കാക്കുന്നു. ഭാഷയിലുമുണ്ട് ഒരു പ്രാർഥനാവചനത്തിന്റെ ലാളിത്യം. സങ്കീർണതകളേതുമില്ലാതെ, ഒരു സങ്കീർത്തനം കേൾക്കുന്നതുപോലെ വായിച്ചുപോകാവുന്നതാണ് ഈ രചന. ഏറെക്കുറെ അപരിചതമായ ഒരു ജീവിതമേഖലയിലേക്ക് വായനക്കാരനെ നയിക്കുക മാത്രമല്ല, അനനിയാസച്ചൻ കുമ്പസാരിക്കാൻ വന്നയാളെ മരങ്ങൾക്കിടയിലൂടെ കൂട്ടിക്കൊണ്ടുപോകുന്നതു പോലെ, നിശ്ശബ്ദമായി ആ ജീവിതവഴികളിലൂടെ വായനക്കാരനെ കൈപിടിച്ച് നടത്തുന്നുമുണ്ട് നോവലിസ്റ്റ്. 

 

Content Summary: Nakshathrangalude Kumbasaram book by Mani Pious

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com